സെന്റ് ബേസില്‍ കണ്‍വന്‍ഷന്‍ രജത ജൂബിലി നിറവില്‍

Newsimg1_26441754അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് ഫ്രാങ്ക്‌ലിന്‍ സ്ക്വയര്‍ ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന കണ്‍വന്‍ഷനും ഗാനശുശ്രൂഷയും അതിന്റെ ചരിത്രവഴിയില്‍ അനുഗ്രഹീതമായ 25 വര്‍ഷങ്ങള്‍ പിന്നീട് രജതജൂബിലി ആഘോഷിക്കുകയാണ്. കേരളത്തിലെ പ്രളയക്കെടുതിയിലും സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായുടെ ആകസ്മിക വിയോഗവും കണക്കിലെടുത്ത് യാതൊരുവിധ ആര്‍ഭാടവും ആഘോഷവുമില്ലാതെ ലളിതമായ രീതിയില്‍ മാത്രം കൊണ്ടാടുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

1993 ല്‍ ഗാര്‍ഡന്‍ സിറ്റിയിലെ എപ്പിസ്‌കോപ്പല്‍ സഭയുടെ ഒരു ചാപ്പലില്‍ ആരാധന നടത്തിവരുമ്പോഴാണ് കേരളത്തിലെ സഭയുടെ സുവിശേഷ പ്രവര്‍ത്തനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കണ്‍വന്‍ഷന്‍ െ്രെകസ്തവ പാരമ്പര്യത്തിന്റെ ഒരു ഭാഗമായതിനാലും ന്യൂയോര്‍ക്കിലെ ദേവാലയങ്ങളില്‍ എങ്ങുംതന്നെ ഇല്ലാത്തതിനാലും ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനെപ്പറ്റി ചിന്തിച്ചത്. ഇടവക ജനങ്ങളില്‍ മുഖ്യപങ്കും മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ളവരായിരുന്നതിനാല്‍ മാക്കാംകുന്ന്, കല്ലൂപ്പാറ, കണ്‍വന്‍ഷനുകളുടെ ചുവടുപിടിച്ച് അതിന്റെ ഒരു ചെറുപകര്‍പ്പ് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍സിറ്റിയില്‍ ആരംഭിക്കാന്‍ ആഗ്രഹിച്ചു. അങ്ങനെയിരിക്കെ കേരളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ ഫാ.വര്‍ഗീസ് ജോണ്‍(ഇന്നത്തെ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി) ഈ ആഗ്രഹത്തെ പിന്തുണക്കുകയും പ്രഥമ കണ്‍വന്‍ഷന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തോടെ ആരംഭിക്കുകയും ചെയ്തു. ഇടവകയിലെ അനുഗ്രഹീതരായ ഗായകരുള്‍പ്പെട്ട ഗായക സംഘം ശ്രുതിമധുരമായി ആലപിക്കുന്ന ഗാനങ്ങളുടെ അകമ്പടിയോടെ കണ്‍വന്‍ഷന്‍ പുതിയ മാനം കവര്‍ന്നു. ക്രമേണ പ്രഗത്ഭരായ പ്രാസംഗികര്‍ നയിക്കുന്ന വചനപ്രഘോഷണവും ഗാനശുശ്രൂഷയും സമീപ ഇടവകകളിലെ ജനങ്ങളെയും ആകര്‍ഷിച്ചതോടെ ഗാര്‍ഡന്‍ സിറ്റി പള്ളിയുടെ വിശാലമായ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ മലങ്കരസഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ ‘ഗാര്‍ഡന്‍ സിറ്റി കണ്‍വന്‍ഷന്‍’ തനതായ പാദമുദ്ര പതിപ്പിച്ചു. വര്‍ഷം തോറും പ്രഗത്ഭരായ പ്രാസംഗികരാല്‍ നയിക്കപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ചതിന്റെ കൃതാര്‍ത്ഥതയോടെയാണ് ഈ സംരംഭം ജൂബിലിയുടെ നിറവില്‍ തിളങ്ങുന്നത്.

ലേബര്‍ഡേ വീക്കെന്റില്‍ തന്നെ ഈ കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിനു മറ്റൊരു ഉദ്ദേശം കൂടിയുണ്ട്, ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.തോമസ് പോള്‍ പറഞ്ഞു. കുട്ടികള്‍ക്കു സ്ക്കൂളിലും കോളേജിലും പോകുന്നതിനു മുമ്പ് അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി അവര്‍ക്കു വേണ്ടി ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി അനുഗ്രഹിക്കുകയും മാതാപിതാക്കളെ അല്പംകൂടി ആത്മീയമായി ഒരുക്കിയെടുക്കുകയും ചെയ്യുന്നതിനു സഹായകമായിട്ടാണ് ഈ കണ്‍വന്‍ഷന്‍ രൂപകല്‍പ്പന ചെയ്തത്. കണ്‍വന്‍ഷനു തുടക്കം കുറിച്ച അനുഗ്രഹീത പ്രഭാഷകന്‍ തന്നെ ജൂബിലിയിലും പ്രാസംഗികനാകുന്നതു ദൈവനിയോഗമായി ഇടവക ജനങ്ങള്‍ കരുതുന്നു. ആത്മീയപരമായ പല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ഫ്രാങ്കല്‍ന്‍ സ്ക്വയര്‍ സെന്റ് ബേസില്‍ ദേവാലയത്തില്‍ എല്ലാ ദിവസവും മുടങ്ങാതെ സന്ധ്യാപ്രാര്‍ത്ഥനയും ബുധനാഴ്ചയും വെള്ളിയാഴ്ചയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തിവരുന്നു. മാനസികമായി തളരുന്ന അവസരങ്ങളില്‍ വിശുദ്ധ ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതമൂലം താങ്ങു ലഭിക്കുവാന്‍ പലരും ഈ അവസരം പ്രയോജനപ്പെടുത്താറുണ്ട്. കേരളം പ്രളയഭീഷണിയിലായപ്പോള്‍ ഈ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുന്നവരുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിച്ചത് ഇതിനുദാഹരണമായി കണക്കാക്കപ്പെടുന്നു.

ആര്‍ഭാടങ്ങളില്ലാത്ത ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 1 ശനിയാഴ് ച വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തോടുകൂടി ആരംഭിക്കും. തുടര്‍ന്നുള്ള സെന്റ് ബേസില്‍ ക്വയറിന്റെ ഗാനശുശ്രൂഷയ്ക്കുശേഷം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹീത വചന പ്രഘോഷണം ഉണ്ടായിരിക്കും. 2ാം തീയതി ഞായറാഴ്ച അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും കുട്ടികള്‍ക്കു വേണ്ടിയുള്ള അദ്ധ്യയന വര്‍ഷ സമര്‍പ്പണ ശുശ്രൂഷയും എട്ടുമണിക്കുള്ള പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കും. പിന്നീട് വൈകീട്ട് 6 മണിക്ക് സന്ധ്യാപാര്‍ത്ഥനയും തുടര്‍ന്ന് ഗാനശുശ്രൂഷയും അഭിവന്ദ്യതിരുമേനിയുടെ സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ആശീര്‍വാദത്തോടും സ്‌നേഹവിരുന്നോടുംകൂടി ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ പരിപാടികള്‍ സമാപിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്‍വീനര്‍മാരായ തോമസ് ജോണ്‍, എ.ഓ.ബാബു, ഡോ.ബിനി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിയ്ക്കുന്നു. ദേവാലയത്തിന്റെ സെക്രട്ടറിയായി ഏബ്രഹാം വി.മാത്യുവും ട്രഷററായി അലക്‌സാണ്ടര്‍ മേലേതിലും സേവനം അനുഷ്ഠിക്കുന്നു.

Print Friendly, PDF & Email

Leave a Comment