Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍) അദ്ധ്യായം 2

September 3, 2018

vyazhavattangalil banner- part2‘പ്രായമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന്‍ വേണ്ടി വരും, എത്ര രൂപ ചെലവാകുമെന്നറിയില്ല,’ അഡ്മിറ്റായ നിമിഷം മുതല്‍ അവളുടെ ഭര്‍ത്താവ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് അവളാണെങ്കിലും അതിന്റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

നഴ്‌സ്മാര്‍ ഭര്‍ത്താവിന്റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്.

‘പെണ്ണിനു കരിയര്‍ അല്ല വലുത്, കുടുംബമാണ്, അതുകൊണ്ട് ജോലിയില്‍ ഉയര്‍ന്നു പോകാന്‍ നില്‍ക്കാതെ ആദ്യമേ പ്രസവിക്കണമായിരുന്നു.’ അവര്‍ ഉപദേശിച്ചു.

Echmu 2017 (2)വിവാഹിതയായത് വൈകിയാണെന്ന് പറയുന്നതും മോശമല്ലേ? അതുകൊണ്ട് അവള്‍ ഒരു മറുപടിയും നല്‍കിയില്ല.

ഇനി ഇപ്പോള്‍ എന്തായാലും മുപ്പത്തഞ്ചു വയസ്സ് എണ്ണിയെണ്ണിക്കുറയ്ക്കാന്‍ കഴിയുമോ?

ഇല്ല. അവള്‍ മലവെള്ളം പോലെ കുത്തിയൊലിച്ചു വരുന്ന വേദനയെ പല്ലു കടിച്ച് സഹിച്ച് മൌനമായി കിടന്നു.

തൊട്ടപ്പുറത്തുണ്ടായിരുന്ന ഇരുപതുകാരി വേദന സഹിക്കാന്‍ തയാറല്ലെന്നും ഉടനെ സിസേറിയന്‍ വേണമെന്നും നിലവിളിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഒട്ടൂം സമയം കളയാതെ അതിനു തയാറായി.

വൈകുന്നേരമായിട്ടും പ്രസവ വേദന വേണ്ടത്ര തീക്ഷ്ണമാകുന്നില്ലെന്ന് നഴ്‌സുമാര്‍ പരവശരായി , സിസേറിയന്‍ വേണ്ടി വരുമെന്നും വയറ്റിലുള്ളത് പെണ്‍ കുട്ടിയായതുകൊണ്ടാണ് ഇത്ര ബുദ്ധിമുട്ടുണ്ടാവുന്നതെന്നും അവര്‍ പലപാട് പറഞ്ഞു.

പെണ്‍കുട്ടി പിറന്നേക്കുമോ എന്ന ആശങ്ക അവളുടെ ഭര്‍ത്താവിന്റെ മുഖത്ത് കാളിമയുണ്ടാക്കി.

പക്ഷെ, വൈകീട്ട് ഏഴു മണി നാല്‍പതു മിനിറ്റായപ്പോള്‍ അവള്‍ തികച്ചും സ്വാഭാവികമായി പ്രസവിച്ചു. അതും ഒരു ആണ്‍കുഞ്ഞിനെ തന്നെ.

രണ്ടേകാല്‍ കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പൂര്‍ണ വളര്‍ച്ചയുള്ള ഒരു ആണ്‍കുഞ്ഞായിരുന്നു അത്.

ഗര്‍ഭകാലത്തെ നിരന്തരമായ നടപ്പും അനവധി നിലയുള്ള കെട്ടിടങ്ങള്‍ പരിശോധിക്കുന്ന ജോലിയുമെല്ലാം ചേര്‍ന്ന് നല്‍കിയ വ്യായാമം അവളെ , മുപ്പത്തഞ്ചു തികഞ്ഞിട്ടും സിസേറിയനില്‍ നിന്ന് ഒഴിവാക്കിയെടുത്തു എന്ന് വേണം കരുതാന്‍…

വ്യായാമം ചെയ്യുന്നത് ഏതു പ്രായത്തിലും നല്ലതു തന്നെ .

കുഞ്ഞിന്റെ ള്ളേ..ള്ളേ എന്ന കരച്ചില്‍ അവളുടെ കാതില്‍ മുഴങ്ങുമ്പോള്‍ ലേഡി ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. ‘ മിടുക്കി , യൂ ഹാവ് ഡണ്‍ ഇറ്റ്. സ്വാഭാവിക പ്രസവത്തോളം വരില്ല, ഒരു സിസേറിയനും വാക്വം എക്‌സാട്രക് ഷനും ഒന്നും . കണ്‍ഗ്രാജുലേഷന്‍സ്. ‘

അവള്‍ ക്ഷീണത്തോടെ, തളര്‍ച്ചയോടെ, കിതപ്പോടെ മന്ദഹസിച്ചു.

അവളുടെ ഭര്‍ത്താവിനു കലി കയറുകയായിരുന്നു.

ഇങ്ങനെയുണ്ടോ ഒരു തള്ള ! കുഞ്ഞിനെ മുല കുടിപ്പിക്കാന്‍ അറിയാത്ത ഒരു ജന്തു .

അയാളും കണ്ടിട്ടുണ്ട് , പെറ്റെണീറ്റ് നാലാം ദിവസം ഒക്കത്ത് കൊച്ചിനേം എടുത്ത് മുലക്കണ്ണ് അതിന്റെ വായില്‍ തിരുകി ചുറുചുറുക്കോടെ വീട്ടുപണികള്‍ ചെയ്യുന്ന പെണ്ണുങ്ങളെ.

അയാള്‍ പല്ലു ഞെരിച്ചുകൊണ്ട് പ്രാകി.

‘ പണ്ടാരം, നിനക്കെന്തിനാണ് ഈ കറുത്ത് തടിച്ച മുലകള്‍ ? അത് പറിച്ചു കളയ്. കൂടെ ജോലി ചെയ്യുന്ന ആണുങ്ങളെ വശീകരിക്കാനാണോ അത് ഇങ്ങനെ വീര്‍പ്പിച്ചു വെച്ചിരിക്കുന്നത്?’

അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

മകന്റെ വായില്‍ ആ ഉപ്പുനീര്‍ വീണു.

മുലയില്‍ കുറച്ച് പാലുണ്ട്. പക്ഷെ, അവനു മതിയാകുന്നില്ല, അവന്‍ അടഞ്ഞ ശബ്ദത്തില്‍ ചിണുങ്ങിക്കരയുന്നു.

അയല്‍പ്പക്കത്തു താമസിച്ചിരുന്ന വൃദ്ധയായ ഒരു അമ്മൂമ്മയും അവളുടെ വീട്ടു വേലക്കാരിയും കുഞ്ഞിന്റെ പീഡിയാട്രീഷനും അവളെ സഹായിച്ചു.

അവള്‍ രണ്ട് ദിവസം പീഡിയാട്രിഷന്റെ ക്ലിനിക്കില്‍ പോയി അഡ്മിറ്റായി. അങ്ങനെ പാല്‍ കൊടുക്കാന്‍ പഠിച്ചു. മകനെ വേണ്ട രീതിയില്‍ മാറോട് ചേര്‍ത്ത് പിടിയ്ക്കുന്നതെങ്ങനെയെന്നും അവന്റെ ചോരിവായില്‍ മുലക്കണ്ണ് ആവശ്യമുള്ളത്രയും കടത്തിവെയ്കുന്നതെങ്ങനെയെന്നും അവള്‍ ശരിയായി മനസ്സിലാക്കി.

ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. തന്നെയുമല്ല മുല കുടിപ്പിക്കാന്‍ പ്രയാസമനുഭവിച്ച് അവരെ സമീപിക്കുന്ന പല സ്ത്രീകളേയും അവര്‍ അവളുടേ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു. അവള്‍ അവര്‍ക്കെല്ലാം ഫീഡിംഗ് ടീച്ചറായി.

വയറു നിറയെ മുലപ്പാല്‍ കിട്ടുവാന്‍ തുടങ്ങിയപ്പോള്‍ മകന്‍ മിടുക്കനായി , കരച്ചില്‍ നിറുത്തി. മെല്ലെ മെല്ലെ അവന്‍ അവളുടെ ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ആനന്ദമായി മാറി.

എങ്കിലും അവള്‍ക്ക് പ്രസവാവധി നല്‍കാന്‍ കമ്പനി തയാറായില്ല. നാലുമാസം ശമ്പളമില്ലാത്ത അവധി എടുക്കേണ്ടി വന്നു . ജോലി നഷ്ടപ്പെടാതിരുന്നത് ഭാഗ്യമെന്നായിരുന്നു അവളുടെ അന്നേരത്തെ വിചാരം.

അതുകഴിഞ്ഞ് ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞിനു മുലയൂട്ടാനായി ഉച്ചനേരത്ത് വീട്ടിലേക്ക് വരാന്‍ എന്തു മാര്‍ഗമെന്ന് അവള്‍ ചുഴിഞ്ഞാലോചിച്ചത്. സ്വന്തം പേരില്‍ കടമടയ്ക്കുന്ന കാറുണ്ടെങ്കിലും അത് ഭര്‍ത്താവിന്റെ പക്കലായിരുന്നുവല്ലോ. അവള്‍ക്ക് വണ്ടി ഓടിയ്ക്കാന്‍ അറിയുകയും ഇല്ല.

ഓഫീസിന്റെ മെയിന്‍ ഗേറ്റ് കടന്ന് റോഡിലൂടെ നടക്കുകയാണെങ്കില്‍ കുറഞ്ഞത് രണ്ട് കിലോ മീറ്ററെങ്കിലും നടന്നാലേ അവള്‍ക്ക് ഫ്‌ലാറ്റിലെത്താന്‍ പറ്റൂ. എന്നാല്‍ സൈറ്റിനകത്ത് കൂടി നടന്നാല്‍ പ്രധാന മതിലിനോട് ചേര്‍ന്നായിരുന്നു അവളുടെ ഫ്‌ലാറ്റ് നിലകൊണ്ടിരുന്നത്.

അവള്‍ കെട്ടിടം പണിക്കാരെ സ്വാധീനിച്ച് മതിലിന്റെ ഇഷ്ടികകള്‍ ഇളക്കിവെപ്പിച്ചു. അതിനുള്ളിലൂടെ നുഴഞ്ഞിറങ്ങി അതിവേഗം ഫ്‌ലാറ്റിന്റെ മുമ്പിലെത്തി അവനു മുലകൊടുത്ത് അതേ പോലെ മതില്‍ നുഴഞ്ഞു കയറി സൈറ്റിലും ഓഫീസിലും മടങ്ങിച്ചെന്നു.

അവന്‍ മതിയാകും വരെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു.. നാലാണ്ടെത്തും വരെ…

പിന്നെ അവനു മുലകുടി മടുത്തു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയുടെ മുലകളില്‍ മെല്ലെ കൈവെച്ചാലും അവനു ഉറക്കം വരാന്‍ തുടങ്ങി.. മുല കുടിക്കുന്നതിലെ സുരക്ഷിതത്വം അവനു അമ്മയുടെ മുലകളില്‍ ഒന്നു സ്പര്‍ശിച്ചാലും കിട്ടുമെന്നായി.

അവന്‍ ഒരു ആണ്‍കുട്ടിയായി വളരുകയായിരുന്നു.

അവനു നാലാണ്ടെത്തിയത് കുറിപ്പില്‍ എഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല.

അവളുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള്‍ . സ്‌നേഹമയിയായിരുന്നു. മകനെ അവള്‍ വാല്‍സല്യത്തില്‍ കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്‍കി.. കൊഞ്ചിച്ചു. അവന്റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു.

അമ്മ എന്ന നിലയില്‍ മകനെ ഓര്‍ത്ത് വല്ലാതെ ആധിയും വേവലാതിയും കൊള്ളേണ്ടി വന്നിരുന്നില്ല അവള്‍ക്ക് അക്കാലത്ത്.

അവളുടെ ജോലിയും അതിനോടനുബന്ധിച്ച ഉത്തരവാദിത്തങ്ങളും ജോലിയില്‍ നിന്ന് അവള്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങളും സമ്മാനങ്ങളും ഒന്നും തന്നെ അവളുടെ ഭര്‍ത്താവിനു പൊറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ ശമ്പളം വര്‍ദ്ധിക്കുന്നതും ജോലിയില്‍ അധികാരം കൂടുന്നതും അവള്‍ സ്വന്തം ജോലി മേഖലയില്‍ പ്രശസ്തയാകുന്നതും അയാളെ പരിഭ്രാന്തനാക്കുന്നുണ്ടായിരുന്നു.

അവള്‍ക്കൊപ്പം ശമ്പളവര്‍ദ്ധന ഉണ്ടാവാത്തത് അയാള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം ഓഫീസിനോട് കഠിനമായ വെറുപ്പും അവളുടെ ഓഫീസിനോട് അടങ്ങാത്ത പകയും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവള്‍ക്ക് ശമ്പളം കൂടുന്നത് അവളുടെ കഴിവു കൊണ്ടാണെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് നല്ല വൈമനസ്യമുണ്ടായിരുന്നു . അവള്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കൊപ്പം കൊഞ്ചിക്കുഴയുന്നുണ്ടാവുമെന്നും അവള്‍ക്ക് കിട്ടുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈക്കൂലിയായിരിക്കുമെന്നും അതുകൊണ്ടു തന്നെ അയാള്‍ ഉറപ്പിച്ചു.

അയാള്‍ക്കായിരുന്നു എന്‍ജിനീയറിംഗില്‍ അവളേക്കാള്‍ മാര്‍ക്ക് കൂടുതല്‍.. അയാള്‍ക്കാണ് ഫ്രിഡ്‌ജോ വാഷിംഗ് മെഷീനോ മിക്‌സിയോ പോലെയുള്ള വീട്ടുപകരണങ്ങള്‍ കേടു വന്നാല്‍ നന്നാക്കാന്‍ അറിയുക, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും അയാള്‍ക്ക് പച്ചവെള്ളം പോലെ ഹൃദിസ്ഥമാണ്, ബള്‍ബും ട്യൂബ് ലൈറ്റും ഒക്കെ മാറ്റിയിടാന്‍ അയാള്‍ക്കാണ് സാധിക്കുക. ഇതിനൊക്കെ പുറമേ അയാള്‍ കഴിവുറ്റ ബലവാനായ പുരുഷനാണ്. …. അവളേപ്പോലെ അബലയും ചപലയും ആയ വെറും ഒരു പെണ്ണല്ല.

അങ്ങനെ ഒരു സാധാരണ സ്ത്രീ സാധാരണ ചെയ്യുന്ന ജോലികള്‍ ഒന്നും ചെയ്യാതെ അതിനൊരു വീട്ടു വേലക്കാരിയെ നിയമിച്ച് വീട് നടത്തുന്നതിനോടും പുറത്ത് പോയി ഉദ്യോഗം ഭരിക്കുന്നതിനോടും അയാള്‍ക്ക് ഒട്ടും പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടിലെ ഓരോ നിസ്സാര വീഴ്ചയും അയാളെ അതിഭയങ്കരമായി രോഷം കൊള്ളിച്ചു.

ഊണിനു പപ്പടം ഇല്ലെങ്കില്‍ ..

തുണി മടക്കിയിട്ടിട്ടില്ലെങ്കില്‍…

പൈപ്പില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ടെങ്കില്‍ …

ജനല്‍ തുറന്ന് കിടക്കുന്നുണ്ടെങ്കില്‍ …

വാതില്‍ അടഞ്ഞു കിടക്കുകയാണെങ്കില്‍ ..

ചുരുക്കത്തില്‍ എന്തിനും ഏതിനും അയാള്‍ മീശപിരിക്കുകയും അവളോട് ചുമരില്‍ കയറാന്‍ കല്‍പിക്കുകയും ചെയ്യുന്ന പോലീസുകാരനായി.

ഓഫീസില്‍ നിന്ന് സമ്മാനമായി കിട്ടിയ ഒരു ഇലക്ട്രിക് തുന്നല്‍ യന്ത്രം അവള്‍, വീട്ടു സഹായി പെണ്‍കുട്ടിയ്ക്ക് കൈമാറിയത് അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. സഹായി പെണ്‍കുട്ടി തയിക്കാന്‍ ഇരിക്കുമ്പോഴൊക്കെ അയാള്‍ പ്രളയ ഭൈരവനെപ്പോലെ അലറി. അവളേയും അവളുടെ യജമാനത്തിയേയും കണ്ണുപൊട്ടുന്ന വിധത്തില്‍ ചീത്ത പറഞ്ഞു.  ഒടുവില്‍ ആ പെണ്‍ കുട്ടി പരാജയം സമ്മതിച്ചു. അവള്‍ ജോലി വിട്ട് പോവുകയാണെന്ന് ഒഴിഞ്ഞു.

അടുത്ത പെണ്‍ കുട്ടിയുടെ പേര് മില്‍തസ് എന്നായിരുന്നു. മില്‍തസിനെ അവള്‍ മിലി എന്ന് വിളിച്ചു.

മിലി ഒരു മാസമേ നില്‍ക്കാന്‍ തയാറായുള്ളൂ.

അടുത്തത് ആസ്സാംകാരിയായ ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീക്ക് ഓഫീസ് ജോലിക്കു പോകുന്ന അവളെ തീരെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് ഭര്‍ത്താവിനൊപ്പം ബിരുദമുണ്ടെന്നതും ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെന്നതും ആ വീട്ടുസഹായിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവളുടെ ഭര്‍ത്താവിനോട് മാത്രമേ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടുള്ളൂ.

എങ്കിലും മോനെ പെറ്റ് വീട്ടു വേലക്കാരുടെ കൈയില്‍ വലിച്ചെറിഞ്ഞു കൊടുത്ത് ജോലിക്കു പോകുന്ന അവളെ എന്നും അയാള്‍ ചീത്ത വിളിച്ചു. മകന്‍ ഉരുട്ടി മിഴിച്ച കണ്ണുകളുമായി അവളെ തുറിച്ചു നോക്കി. അവന് ഒന്നും മനസ്സിലാകുന്ന പ്രായമായിരുന്നില്ലല്ലോ. പിന്നെ അവനു മുലകൊടുക്കുന്ന അവളെ വെറുത്തു തുടങ്ങാനുള്ള വിവരം അപ്പോള്‍ അവന് ആയിരുന്നുമില്ല.

‘അടിക്ക് നിന്റെ അമ്മയെ അടിക്ക്’ എന്ന് അയാള്‍ പറയുമ്പോഴൊക്കെ ‘ കുഞ്ഞിക്കൈ നിവര്‍ത്ത് അവന്‍ അമ്മയുടെ മുഖത്തടിച്ചു. ‘ കടിക്ക് നിന്റെ അമ്മയെ കടിക്ക് ‘എന്ന് അയാള്‍ പറയുമ്പോഴൊക്കെ അവന്‍ പാല്‍പ്പല്ലുകള്‍ കൊണ്ട് അവളെ കടിച്ചു . അതെല്ലാം ഒരു കളിയായി മാത്രമേ അവള്‍ അപ്പോഴൊക്കെയും എടുത്തുള്ളൂ. അവന്റെ മൃദുലമായ കുഞ്ഞിക്കൈകള്‍ കൊണ്ടുള്ള അടികളും പാല്‍പ്പല്ലുകള്‍ കൊണ്ടുള്ള കടികളും അവള്‍ക്ക് വിഷമമൊന്നും നല്‍കിയില്ല . അതില്‍ അപകടകരമായി എന്തെങ്കിലുമുണ്ടെന്ന് അവള്‍ക്ക് മനസ്സിലായതേയില്ല.

അയാളോട് തനിയെ ജോലി ചെയ്തു വീടു പുലര്‍ത്തു എന്നും അവള്‍ പണി രാജി വെച്ച് അയാള്‍ പറയുമ്പോലെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാമെന്നും അവള്‍ പറഞ്ഞു നോക്കി. വരുമാനം വളരെ ഗണ്യമായി കുറയുമെന്ന സത്യത്തിനു മുന്നില്‍ അവള്‍ ജോലിക്ക് പോകേണ്ടത് അയാളുടെയും ആവശ്യമായിരുന്നു. എങ്കിലും അത് അംഗീകരിക്കാന്‍ അയാള്‍ ഒരു കാലത്തും ഒരുക്കമായിരുന്നില്ല.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top