Flash News

ആ കളക്ടറെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല; ദുരിതാശ്വാസ കേന്ദ്രത്തില്‍ ചുമട്ടു തൊഴിലാളിയായി ഐഎ‌എസ് ഓഫീസര്‍

September 4, 2018

Kannanപ്രളയദുരന്തം വന്നപ്പോഴാണ് കേരളക്കാരുടെ മനുഷ്യത്വവും സഹകരണ മനോഭാവവും ലോകം തന്നെ കാണുന്നത്. ആ സഹകരണവും പരസ്പര സ്നേഹവും ആത്മാര്‍ത്ഥതയും കണ്ട് അന്തംവിടാത്തവർ ചുരുക്കമാണ്. അതുകൊണ്ടായിരിക്കാം ഇന്നും മറുനാട്ടുകാർ ആവർത്തിച്ച് പറയുന്നത് കേരളം എല്ലാ ദുരിതങ്ങളിൽ നിന്നും തിരികെ കയറുമെന്ന്. എങ്ങിനെയാണ് കേരളം അതിജീവിച്ചത്? ഒന്നിച്ച് നിന്നാണ്. ഏതെങ്കിലും തരത്തിലുളള വ്യത്യാസം ആർക്കും ഭാരമായി തോന്നാതെ എല്ലാവരും ഒരേ മനസോടെ പ്രയത്നിച്ച കാലമായിരുന്നു അത്. അത് തന്നെയാണ് ദാദ്ര നഗർഹവേലി ജില്ല കളക്ടർ കണ്ണൻ ഗോപിനാഥനും നടത്തിയത്. ദൂരെയൊരു നാട്ടിൽ ഔദ്യോഗിക തിരക്കുകളിലായിരുന്നു മലയാളിയായ ഈ യുവ ഐഎഎസ് ഓഫീസർ. എന്നാൽ നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ അവിടെ ഇരിപ്പുറച്ചില്ല, പാഞ്ഞെത്തി സ്വന്തം നാട്ടിലേക്ക്.

kannan2കാക്കനാട് കെബിപിഎസ് പ്രസ്സില്‍ വന്ന ലോറികളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുകയായിരുന്നു കഴിഞ്ഞ ദിവസം. ആലുവ താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ആണ് കെബിപിഎസ്സില്‍ നടക്കുന്നത്. കോളേജ് വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരുമായി നിരവധി പേർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സമയത്താണ് ഒരു സ്ത്രീ ‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്’ എന്നു വിളിച്ചു പറഞ്ഞത്. ചാക്ക് കെട്ടും തലച്ചുമടായി അയാൾ അകത്തേക്ക് പോയി. എല്ലാം കഴിഞ്ഞ് ഒടുക്കമാണ് ചുറ്റും കൂടിനിന്നവർ അദ്ദേഹം ഒരു ജില്ലയുടെ ഭരണാധികാരിയാണെന്നും സ്വന്തം നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഓടി വന്നതാണെന്നും അറിയുന്നത്.

2012 ഐഎഎസ് ബാച്ചുകാരനായ കണ്ണന്‍ ഗോപിനാഥന്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. അരുണാചൽ പ്രദേശ്, ഗോവ, മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഐഎഎസ് കേഡറിലാണ് ഇദ്ദേഹം. ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. 2017 ൽ ഐസ്വാളിലെ കലക്ടറായിരുന്നു.

മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷമാണ് സെപ്റ്റംബർ ഒന്ന് മുതൽ അദ്ദേഹം എറണാകുളത്തേക്ക് വന്നത്. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രഞ്ജാൽ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും അറിഞ്ഞത്.

ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായപ്പോഴും അധികമാർക്കും കണ്ണൻ ആരാണെന്ന് അറിയില്ലായിരുന്നു. എറണാകുളത്ത് വച്ച് ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും ഒരു ക്യാമറയിലും അദ്ദേഹം മുഖം കൊടുത്തില്ല. ഇന്നലെ വൈകുന്നേരം(സെപ്റ്റംബർ മൂന്ന്) അദ്ദേഹം ദാദ്ര നഗര്‍ ഹവേലിയ്ക്ക് തിരിച്ചുപോയി.

 

Kannan-Gopinadhan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top