
ഉരുൾ പൊട്ടൽ ബാധിച്ച മൂന്നാർ ആർട്സ് കോളജ്
പ്രളയദുരന്തത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും തകര്‍ന്ന പ്രദേശങ്ങളിലെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ ആരംഭിക്കണമെങ്കില്‍ പരിസ്ഥിതി പഠനം നടത്തിയതിനു ശേഷം മാത്രമേ നടക്കൂ എന്ന്. കനത്ത നാശം വിതച്ച ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രം കെട്ടിട നിർമ്മാണാങ്ങൾക്ക് അനുമതി നൽകിയാൽ മതിയെന്ന് ജില്ലാ ഭരണ സംവിധാനം വ്യക്തമാക്കുന്നു. ജില്ലയിലെ പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിൽ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പഠനത്തിന് ശേഷം മാത്രം വീടുവയ്ക്കാനും താമസിക്കാനും അനുവാദം നല്കിയാല് മതിയെന്ന നിലപാടുമായി ഇടുക്കി ജില്ലാ ഭരണകൂടം രംഗത്തു വന്നു.
നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും സ്ഥാവര ജംഗമ വസ്തുക്കൾ നഷ്ടമാവുകയും വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഉൾപ്പടെ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിലപാട്. വരുംകാലങ്ങളിലെങ്കിലും ദുരന്തം അകറ്റി നിർത്തുന്നതിന് വേണ്ടിയാണ് ജില്ലാ ഭരണകൂടെ ശക്തമായ പഠനവും നടപടിയും വേണമെന്ന് ആവശ്യപ്പെടുന്നത്.
ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശങ്ങളില്‍ ക്യാമ്പുകളില്‍ നിന്നു തിരിച്ചെത്തുന്നവര്‍ വീടുകള്‍ നിര്‍മിച്ചു താമസം തുടങ്ങാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നേരത്തെ വ്യക്തമാക്കുന്നത്. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടിയ വിവിധ പ്രദേശങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തിലുള്ള പഠനം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജീവന് ബാബു കെ പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വീണ്ടും താമസ യോഗ്യമാണോ, ഇവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ടോ തുടങ്ങിയ വിഷയങ്ങളാവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള അധികൃതര്‍ പ്രധാനമായും പഠനം നടത്തുക.

പ്രകൃതി ദുരന്തത്തെതുടർന്ന് മാവടിയിൽ മണ്ണിലേയ്ക്ക് താഴ്ന്ന പോയ വീട്
ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം ഈ മണ്‍സൂണ്‍ കാലത്ത് ഇടുക്കിയില്‍ 278 ഉരുള്‍പൊട്ടലുകളും 1800 മണ്ണിടിച്ചിലുകളുമാണുണ്ടായത്. ഇതില്‍ 19 വന്‍ ഉരുള്‍പൊട്ടലുകളിലായി 46 പേര് മരിക്കുകയും ഏഴുപേരേ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കിലോമീറ്റര്‍ റോഡും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നിലച്ചെങ്കിലും ഇടുക്കിയിലെ നെടുങ്കണ്ടത്തിന് സമീപമുള്ള മാവടി, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ വീടുകള്‍ താഴ്ന്നു പോകുന്നതും റോഡുകള്‍ക്കും കൃഷി ഭൂമികള്‍ക്കും വിള്ളല്‍ വീഴുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പഠനത്തിനെത്തുന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ ഈ പ്രദേശങ്ങളും സന്ദര്‍ശിച്ചേയ്ക്കും.
കേരളത്തിലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചു പഠിക്കാന്‍ അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ നിന്നുള്ള (എന്‍എസ്എഫ്) രണ്ടു ശാസ്ത്രജ്ഞര്‍ കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം തുടങ്ങി. ഇന്ന് വൈകുന്നേരം തൊടുപുഴയെത്തുന്ന സംഘം ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കും. കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സജിന്‍കുമാറിന്റെ നേതൃത്വത്തിലാണ് ശാസ്ത്ര സംഘം പഠനം നടത്തുക.
മിഷിഗണ്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തോമസ് ഉമ്മന്‍, യൂണിവേഴ്സിറ്റി ഓഫ് അര്‍ക്കാന്‍സാസിലെ പ്രൊഫസറായ ഡോ. റിക് കോഫ്മാന് എന്നിവരാണ് നാഷണല്‍ സയന്‍സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് കേരളത്തിലെത്തിയത്.
ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായതെന്നും വന്‍ ദുരന്തങ്ങള്‍ക്കു കാരണമായ ഉരുള്‍പൊട്ടലുകള്‍ എങ്ങിനെയാണ് സംഭവിച്ചതെന്നതു സംബന്ധിച്ചും സംഘം പഠനം നടത്തുമെന്ന് ഡോ.സജിന്‍കുമാര്‍ പറയുന്നു. ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്തുള്ള മാവടിയില്‍ വീടുകള്‍ താഴ്ന്നുപോയ പ്രദേശങ്ങളില്‍ സംഘം പ്രത്യേക പഠനം നടത്തും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply