ഭീമമായ നഷ്‌ടം സംഭവിച്ചിട്ടും വ്യവസായിയായ എന്‍.എ. മുഹമ്മദ് കുട്ടി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌തു

NA Muhammed Kutty handing over the cheque to Industries Minister EP Jayarajan
പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ എന്‍.എ. മുഹമ്മദ് കുട്ടി വ്യവസായ മന്ത്രി ഇ.പി. ജയരാജന് ചെക്ക് കൈമാറുന്നു

തിരുവനന്തപുരം (05-09-2018) : പ്രളയക്കെടുതിയില്‍ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായിട്ടും കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള മഹാദൗത്യത്തില്‍ പങ്ക് ചേര്‍ന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എന്‍.എ. മുഹമ്മദ് കുട്ടി (മമ്മുട്ടി). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളമാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. അദ്ദേഹം തുക വ്യവസായ മന്ത്രി ഇ.പി. ജയരാജന് ബുധനാഴ്ച്ച കൈമാറി.

മുഹമ്മദ് കുട്ടി മാനേജിംഗ് ഡയറക്ടറായ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ക്ച്ചേഴ്സിന് പ്രളയക്കെടുതിയില്‍ പ്രാഥമിക കണക്കെടുപ്പ് പ്രകാരം ഏകദേശം 45 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഒന്നായ കളമശ്ശേരിയിലെ ഏലൂരില്‍ 25 ഏക്കറിലാണ് ഫാല്‍ക്കണ്‍ പ്രവര്‍ത്തിക്കുന്നത്.

നവ കേരളത്തിന് വേണ്ടി: മുഹമ്മദ് കുട്ടി

“ഒന്നില്‍ നിന്നും വീണ്ടും ആരംഭിക്കേണ്ട അവസ്ഥയിലാണ് കമ്പനി. ആധുനിക മെഷീനുകള്‍, കമ്പ്യൂട്ടറുകള്‍, ഗോഡൗണുകള്‍ തുടങ്ങി പലതും വെള്ളത്തില്‍ നശിച്ചു. പെട്രോള്‍ പമ്പ് പൂര്‍ണമായും മുങ്ങി. നിരവധി തൊഴിലാളികള്‍ക്ക് വീട് നഷ്‌ടമായി. കൂടാതെ 35 കോടി രൂപയുടെ ഇറക്കുമതി/കയറ്റുമതി ഉത്പന്നങ്ങളും, ഭക്ഷ്യവസ്തുക്കളുമാണ് പ്രളയത്തില്‍ നശിച്ചത്. എന്നാലും നവകേരളം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റൊന്നും ആലോച്ചില്ല. ഇത് നവ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചെറിയ ശ്രമം മാത്രമാണ്” എന്‍സിപിയുടെ ദേശീയ സെക്രട്ടറി കൂടിയായ മുഹമ്മദ് കുട്ടി പറഞ്ഞു.

മുഹമ്മദ് കുട്ടി നേതൃത്വം നല്‍കുന്ന എന്‍എഎംകെ ഫൗണ്ടേഷനും പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കും. സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു പരമാവധി സഹായങ്ങള്‍ അവര്‍ക്ക് എത്തിക്കും അദ്ദേഹം അറിയിച്ചു.

ഫാല്‍ക്കണില്‍ വെള്ളം കയറുന്ന സമയത്ത് മലപ്പുറം വളാഞ്ചേരിയിലെ ഇ.എം.എസ്. സാന്ത്വന കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 350 ഓളം നിര്‍ധനര്‍ക്ക് പുതപ്പുകള്‍, തോര്‍ത്ത് എന്നിവയടങ്ങുന്ന മഴക്കാല കിറ്റ് വിതരണം ചെയ്യുകയായിരുന്നു മുഹമ്മദ് കുട്ടി.

സര്‍ക്കാര്‍ ഇടപെടണം

കേരളത്തിലെ വ്യാപാര, വാണിജ്യ, വ്യവസായ മേഖലയ്ക്ക് പ്രളയം മൂലം സംഭവിച്ച കനത്ത നഷ്ടത്തെപ്പറ്റി മുഹമ്മദ് കുട്ടി വ്യവസായ മന്തി ഇ.പി. ജയരാജനുമായി ചര്‍ച്ച നടത്തി. വ്യാപാരികള്‍ക്ക് നികുതി ഇളവും, ലോണുകളുടെ കാലയളവ് നീട്ടുന്ന കാര്യവും പരിഗണിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന വെയര്‍ഹൗസുകളില്‍ ടണ്‍ കണക്കിന് കെട്ടിക്കിടക്കുന്ന അഴുകിയ ഭക്ഷ്യ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന് നിയമങ്ങള്‍ ലഘൂകരിച്ച്, വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment