Flash News

അഴിഞ്ഞു വീഴുന്ന എഴുത്താണികള്‍…കുഴഞ്ഞു വീഴുന്ന എഴുത്തുകാര്‍

September 6, 2018 , പി. ടി. പൗലോസ്

azhinjuഞാന്‍ കഴിഞ്ഞ ദിവസം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു തമാശ കേട്ടു. കേരളത്തില്‍ ഓഗസ്റ്റ് രണ്ടാം വാരം ഉണ്ടായ പ്രകൃതി ദുരന്തം മലയാളികള്‍ ബീഫ് തിന്നുന്നതുകൊണ്ടാണെന്ന്. പറഞ്ഞതോ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ അധിപന്‍ സ്വാമി ചക്രപാണി. ഞാനെന്ത് തിന്നണം, എന്തെഴുതണം, എന്തുടുക്കണം എന്ന് മറ്റാരോ തീരുമാനിക്കുന്ന ഒരു കെട്ട കാലത്തിന്റെ വാതില്‍പ്പടികളിലാണ് നാമിന്ന് ! ഇവിടെയാണ് സ്വതന്ത്ര ചിന്തയുടെയും ആവിഷ്ക്കാര സ്വതന്ത്ര്യത്തിന്‍റെയുമൊക്കെ പ്രസക്തി. നമ്മുടെ ജനാധിപത്യം എത്തപ്പെട്ട ഈ ദുര്‍ഘട സന്ധിയില്‍ സാംസ്കാരിക നായകന്മാര്‍ വിറങ്ങലിച്ചു നില്‍ക്കയാണ്. നമ്മള്‍ പഠിച്ചിട്ടുണ്ട് സാഹിത്യം ഒരു കണ്ണാടിയാണെന്ന്. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ ഒപ്പിയെടുക്കുന്ന കണ്ണാടി. പക്ഷെ, നമ്മുടെ എഴുത്തുകാര്‍ ആരുടെയോ താല്പര്യങ്ങളുടെ തടവറയിലാണ്. അതുകൊണ്ടാണ് സദാചാരത്തിന്റെ പേരില്‍ ഹരീഷിന് മീശ വടിക്കേണ്ടി വന്നതും.

PT Pauloseക്ഷേത്ര വിശുദ്ധിക്ക് വേണ്ടി മുറവിളി കൂട്ടുന്ന സദാചാരത്തിന്റെ അപ്പോസ്‌തോലരെ നമുക്ക് പോകാം ഒറീസ്സയിലെ കിയോന്‍ജാര്‍ ജില്ലയിലെ ഉള്‍ക്കാട്ടിലെ അതിപുരാതനമായ ഒരു ശിവക്ഷേത്രത്തിലേക്ക് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പത്രത്തിന് ഫീച്ചര്‍ എഴുതാന്‍ ഞാനവിടെ പോയിട്ടുണ്ട്. രണ്ടര മൂന്നടി ഉയരത്തില്‍ നിലത്തുറപ്പിച്ച ശിവലിംഗം ആണ് അവിടെ പ്രതിഷ്ഠ. സ്ത്രീകള്‍ക്ക് മാത്രമേ അവിടെ പൂജയും പ്രസാദവുമുള്ളൂ. പ്രായഭേദമന്യേ സ്ത്രീകള്‍ കുളി കഴിഞ്ഞ് ഈറനുടുത്ത് അടിവസ്ത്രമില്ലാതെ ശിവലിംഗം കവച്ചുകടന്ന് അപ്പുറത്തെത്തി പ്രസാദം വാങ്ങണം. കവച്ചുകടക്കുമ്പോള്‍ യോനീഭാഗം ശിവലിംഗത്തില്‍ ഉരസണം എന്നാണ് ക്ഷേത്രനിയമം. പതിറ്റാണ്ടുകളായി യോനിയുരസി കരിങ്കല്ലില്‍ തീര്‍ത്ത ശിവലിംഗത്തിന്റെ അഗ്രഭാഗം മാര്‍ബിള്‍ പോലെ മിനുസപ്പെട്ടിരുന്നതും എനിക്ക് കാണുവാന്‍ സാധിച്ചു, തൊട്ടപ്പുറത്ത് പുരുഷന്മാര്‍ക്ക് വികാരമുണരുന്നതും.

ക്ഷേത്ര മുറ്റത്ത് ഒരു സന്യാസി വേഷധാരി തന്റെ ലിംഗത്തില്‍ ശൂലം തുളച്ചുകേറ്റി പൂര്‍ണ നഗ്‌നനായി തപസ്സിരിക്കുന്നതും അതിനു ചുറ്റും കുറെ സുന്ദരികളായ തരുണീമണികള്‍ ലിംഗപൂജ നടത്തുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു. വേണമെങ്കില്‍ പോകാം ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കും കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലേക്കും. ബ്ലൂ ഫിലിമിനെ വെല്ലുന്ന രതിവൈകൃതങ്ങള്‍ ആണ് ചുമരുകളില്‍ കൊത്തിവച്ചിരിക്കുന്നത് . സ്കൂള്‍ കോളേജ് കുട്ടികള്‍ ആണ്‍ പെണ്‍ ഭേദമന്യേ സംഘമായി വന്ന് കാമശാസ്ത്രത്തിന്റെ പിതാവായ വാത്സ്യായന്‍ പോലും നാണിച്ചു തലകുനിക്കുന്ന കാമചേഷ്ടകള്‍ കണ്ടാസ്വദിക്കുന്നതും ഞാന്‍ കണ്ടു. ഇവരൊക്കെയാണ് ക്ഷേത്രവിശുദ്ധിയെ പറ്റി പറയുന്നത്. ക്ഷേത്രഭിത്തികള്‍ കുമ്മായം അടിക്കണോ ചരിത്രവും ക്ഷേത്രകലകളും സംരക്ഷിക്കണമോ ?

ചരിത്രം സംരക്ഷിക്കണമെങ്കില്‍ നൂറു വര്‍ഷം മുന്‍പുള്ള അടിസ്ഥാന വര്‍ഗമായ പുലയനെ അതുപോലെ അടയാളപ്പെടുത്തിയത് തെറ്റാണോ അവരുടെ സംസ്കാരത്തെ ആവിഷ്കരിച്ചതും തെറ്റായിരിക്കില്ലല്ലോ. പിന്നെ ആത്മീയസദാചാരങ്ങളോട് നീതി പുലര്‍ത്താത്ത വേദപുരാണങ്ങളിലെ ലൈംഗീകവൈകൃതങ്ങളെ വിശ്വാസത്തിന്റെ ശിരോലിഖിതമാക്കിയവരല്ലേ നമ്മള്‍.

അപ്പോള്‍ ദേവാലയ വിശുദ്ധിക്ക് അല്‍പ്പം മാറ്റ് കുറയില്ലേ ?

സമൂഹത്തില്‍ വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിച്ച നിലവിലിരുന്ന വ്യവസ്ഥിതിയെ തന്നെ മാറ്റുവാന്‍ കെല്‍പ്പുള്ള സാഹിത്യ സൃഷ്ടികള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ മനസ്സില്‍ ആദരപൂര്‍വം സ്മരിച്ചുകൊണ്ട് രണ്ടു വാക്കു കൂടി. വെള്ളക്കാരന്റെ കൗപീനം കഴുകാന്‍ തയ്യാറായ നപുംസകരുടെ ജന്മം ദേശീയതയുടെ വക്താക്കളായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമരത്തിരിക്കുമ്പോള്‍ കൂട്ടിക്കൊടുപ്പുകാരനും കള്ളക്കടത്തുകാരനും കരിഞ്ചന്തക്കാരനും അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇടം പിടിക്കും, അവര്‍ ഒത്തുകളിച്ചും ഒറ്റിക്കൊടുത്തും ഉണ്ടാക്കിയ കറുത്ത കോടികള്‍ അലക്കിവെളുപ്പിക്കാന്‍ . എവിടെയാണ് നമ്മുടെ സാംസ്കാരിക നായകന്മാര്‍ ? എവിടെയാണ് നിങ്ങള്‍ ?എവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം ? നിങ്ങളുടെ സര്‍ഗ്ഗവിശുദ്ധിയുടെ എഴുത്തോലകളില്‍ വര്‍ഗ്ഗീയതയുടെ വിഷപ്പല്ലുകളുമായി സര്‍പ്പസന്തതികള്‍ ഫണമാടിയപ്പോള്‍, നിങ്ങളുടെ അരപ്പട്ടയില്‍ തിരുകിയ മാനവസംസ്കാരത്തിന്റെ എഴുത്താണികള്‍ അഴിഞ്ഞുവീണതെന്തേ ?

മുഖം നഷ്ടപ്പെട്ട നിങ്ങള്‍, പ്രതികരണശേഷി നഷ്ടപ്പെട്ട നിങ്ങള്‍, ഭാഷ നഷ്ടപ്പെട്ട നിങ്ങള്‍ നിശബ്ദമായ ഒരു ഭാഷ തന്നെ സ്വന്തമാക്കി. അപ്പോള്‍ ജോസഫ് സാറിന്റെ കൈകള്‍ വെട്ടും. ശാലോമിമാര്‍ ഹ്രദയം പൊട്ടിമരിക്കും. സത്‌നാംസിങ്ങുമാരുടെ പ്രേതങ്ങള്‍ വഴിയോരങ്ങളില്‍ നിത്യകാഴ്ചയാകും. അഭയമാര്‍ കിണറുകളില്‍ എറിയപ്പെടും. വേദപാഠക്ലാസ്സിനു പോകുന്ന സ്രേയമാര്‍ കുളങ്ങളില്‍ പൊങ്ങും. ശ്രീനാരായണഗുരുവും വെള്ളാപ്പിള്ളിയും ഒരേ പോസ്റ്ററില്‍ ഒരേ വലിപ്പത്തില്‍ സാംസ്കാരിക കേരളത്തിന്റെ നെഞ്ചത്ത് തൂങ്ങിയാടും . അന്തപ്പുരങ്ങളിലും അരമനകളിലും അറപ്പില്ലാതെ അവിഹിതങ്ങള്‍ അരങ്ങേറും. സന്യാസിനിമാരുടെ മിണ്ടാമഠങ്ങളുടെ ഉരുക്കുവാതിലുകള്‍ ഞരക്കത്തോടെ തുറക്കപ്പെടും, അവിടെ അരമനയപ്പന്മാര്‍ പതിന്നാലോ അതിലപ്പുറമോ തവണ വിശുദ്ധജലം തളിക്കും. ബലിയര്‍പ്പിക്കുന്ന പുരോഹിതരുടെ അടിവസ്ത്രത്തിനുള്ളില്‍ ആയുധങ്ങള്‍ ഒളിപ്പിക്കും. മൃതദേഹങ്ങളോടുപോലും ആദരവില്ലാതെ സെമിത്തേരിയുടെ ഗേറ്റുകള്‍ അടയപ്പെടും. കുമ്പസാര രഹസ്യങ്ങള്‍ക്ക് ദൈവപുത്രന്മാര്‍ ചുമന്ന തെരുവില്‍ വിലയിടും. സത്യം പറയുമ്പോള്‍ പ്രവാചകനിന്ദ ആക്കി സഹജീവികളെ ചുട്ടുകരിക്കുന്ന ഭീകരമതമതിലുകള്‍ കെട്ടപ്പെട്ടുകൊണ്ടേയിരിക്കും. കാശിയും രാമേശ്വരവും ഗംഗയും യമുനയും ശബരിമലയും മലയാറ്റൂരും വേളാങ്കണ്ണിയും മക്കയും മദീനയുമൊക്കെ സാക്ഷി നിര്‍ത്തി മഹാപാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. മസ്ജിദുകള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ പണിയും. ക്ഷേത്രങ്ങളുടച്ച് മസ്ജിദുകളുയരും. ക്ഷേത്രങ്ങളും മസ്ജിദുകളും ഭക്തരുടെ രക്തത്തില്‍ മുങ്ങും. ആ രക്തത്തില്‍ കൈമുക്കി മൗനഭാഷാവിദഗ്ദര്‍ എഴുതും “ഞങ്ങള്‍ സാംസ്കാരിക നായകന്മാര്‍.”

സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ആണ് ഇവിടെ ആവശ്യം. ഒരു സാംസ്കാരിക പരിവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളു. അതിന് സ്വതന്ത്ര ചിന്തകരായ എഴുത്തുകാരുടെ കൂട്ടായ്മയാണ് വേണ്ടത്. അതാകട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നമ്മുടെ സ്വപ്നവും !!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top