Flash News

മഹാ വിജ്ഞനും മസാല ദോശയും (നര്‍മ്മം)

September 6, 2018 , ജയന്‍ വര്‍ഗീസ്

masalaനാട്ടില്‍ നിന്ന് മഹാ വിജ്ഞന്റെ ആലോചന വന്നപ്പോള്‍ മറിയക്കുട്ടി കോരിത്തരിച്ചു പോയി. അമേരിക്കയില്‍ നഴ്‌സായിരിക്കുന്ന താന്‍ കുറെ കാശുണ്ടാക്കുന്നുണ്ട് എന്നത് ശരി, പക്ഷെ, മുപ്പത്തി നാല് പുസ്തകമെഴുതിയ ഒരു സാഹിത്യകാരന്റെ സാമൂഹ്യ സ്റ്റാറ്റസ് എന്താ?

കണ്ടാലും ആള് കേമന്‍. രണ്ടോ, മൂന്നോ ബിരുദാനന്തര ബിരുദങ്ങള്‍. നീളം അല്‍പ്പം കുറവാണെങ്കിലും, നാക്കിന് നല്ല നീളമുണ്ടല്ലോ ? അത് മതി.

താനുണ്ടാക്കുന്ന ഡോളറും, സാഹിത്യകാരന്റെ പ്രശസ്തിയും ചേര്‍ന്നുണ്ടാകാവുന്ന അടിപൊളിയന്‍ മാന്യത സ്വപ്നം കണ്ട് മറിയക്കുട്ടി സാഹിത്യകാരനെത്തന്നെ വിവാഹം കഴിക്കുകയും, അധികം താമസിയാതെ അമേരിക്കയില്‍ എത്തിക്കുകയും ചെയ്തു.

ആദ്യ ദിവസം തന്നെ മറിയക്കുട്ടി വച്ചുവിളന്പിയ വെസ്‌റ്റേണ്‍ ബീഫിലെ കാളക്കറിയും, ബ്രുക് ലിന്‍ ബ്രിഡ്ജിനടിയിലെ കിംഗ് ഫിഷ് കുടംപുളിക്കറിയും സാഹിത്യകാരന്‍ മാറ്റി വച്ചു.

“എനിക്ക് പുട്ടും, കടലക്കറീം വേണം.”

“ഈ രാത്രിയിലെവിടുന്നാ പുട്ടും, കടലക്കറീം” എന്ന് മറിയക്കുട്ടി ഉടക്കിയെങ്കിലും, ഭര്‍ത്താവായ സാഹിത്യകാരന്റെ അവസ്ഥയറിഞ്ഞപ്പോള്‍ അടങ്ങി.

ഇടയ്ക്കിടക്ക് തേങ്ങാപ്പീരയിട്ട് പുഴുങ്ങിയെടുക്കുന്ന അരിപ്പുട്ടും, അതില്‍ക്കുഴക്കുന്ന വറുത്തരച്ച കടലക്കറിയും കഴിക്കുന്‌പോളാണ്, തനിക്ക് എഴുതാനുള്ള പ്രചോദനം ഉണ്ടാവുന്നതെന്നും, തന്റെ ആശയങ്ങള്‍ പുട്ടിലെ തേങ്ങാപ്പീര പോലെ ഒളിഞ്ഞിരിക്കുന്നവയാണെന്നും സാഹിത്യകാരന്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍, സഹൃദയത്വമുള്ള മറിയക്കുട്ടിക്ക് കുറ്റ ബോധമുണ്ടായി.

അടുത്തുള്ള ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നിന്ന് ആവശ്യാനുസരണം പുട്ടും, കടലക്കറിയും കഴിച്ചു കൊള്ളൂവാനും, അതിന്റെ കുറവ് കൊണ്ട് എഴുത്ത് നിര്‍ത്തിക്കളയരുതെന്നും പറഞ്, ആവശ്യത്തിന് ബാങ്കില്‍ നിന്ന് പണമെടുത്ത് കൊള്ളുവാന്‍ അനുവദിച്ചു മറിയക്കുട്ടി ഒപ്പിട്ട ചെക്ക് ബുക്ക് ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.

റെസ്‌റ്റോറന്റില്‍ വച്ചാണ് സാഹിത്യകാരന്‍ യുവകവിയെ പരിചയപ്പെക്കുന്നത്. അയാള്‍ കഴിക്കുന്നത് മസാല ദോശയാണെന്നും, അരിമാവിന്റെ നേരിയ പാടയ്ക്കുള്ളില്‍ അതി വിദഗ്ധമായി ഒളിപ്പിച്ചു വച്ച് ചുട്ടെടുക്കുന്ന മസാല ദോശയാണ് അരിപ്പൂട്ടിലെ തേങ്ങാപ്പീരയെക്കാള്‍ ആഴത്തില്‍ ആശയങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുവാന്‍ പറ്റിയ സാധനമെന്ന് യുവകവി പറയുകയും ചെയ്തപ്പോള്‍, സാഹിത്യകാരന്‍ മസ്സാല ദോശയിലേക്ക് മാറുകയും, അതിലെ എരിവിനും, പുളിക്കും കൂട്ടായി നാട്ടിലെ തെങ്ങിന്‍ കള്ളിന് പകരം നല്ല മുന്തിയ തരം റഷ്യന്‍ വോഡ്ക അകത്താക്കിത്തുടങ്ങുകയും ചെയ്തു.

ബാങ്ക് ബാലന്‍സ് കുത്തനെ ഇടിയുന്നത് കണ്ട മറിയക്കുട്ടി വട്ടചിലവിനുള്ള പണമൊപ്പിക്കാനുള്ള ഒരു പണി കണ്ടെത്താന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. താന്‍ ആശയങ്ങള്‍ സൃഷ്ട്ടിക്കുന്നവനാണെന്നും, ദോശക്കുള്ളില്‍ ഒളിപ്പിച്ചു വച്ച മസ്സാല പോലെയാണ് തന്റെ ആശയങ്ങള്‍ എന്നും, അത് ചുമ്മാ ഞണ്ണുന്നവര്‍ തനിക്കു തിന്നാന്‍ തരണമെന്നും സാഹിത്യകാരന്‍ വാദിച്ചു. അവസാനം മറിയക്കുട്ടി നേരിട്ടന്വേഷിച് ഒരു ഡേലി സ്‌റ്റോറില്‍ ഹെല്‍പ്പറായി ജോലി തരപ്പെടുത്തിയെങ്കിലും, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കടയുടമ തന്നെ സാഹിത്യകാരനെ വീട്ടില്‍ ഡ്രോപ്പ് ചെയ്ത് മറിയക്കുട്ടിയെ ഏല്‍പ്പിച്ചു.

“സോറി സിസ്റ്റര്‍, ഒരക്ഷരം ഇഗ്‌ളീഷറിയില്ല.”

“അച്ചായാ, എന്താ ഇതൊക്കെ?”

“ഞാന്‍ മുപ്പത്തിനാല് പുസ്തകമെഴുതീത് മലയാളത്തിലാ. അതറിഞ്ഞു കൊണ്ടാ നീയെന്നെ കെട്ടിയത് ?”

“അപ്പൊ ബിരുദാനന്തര ബിരുദങ്ങള്‍?”

“അത് ബ്രിട്ടീഷ് ഇഗ്‌ളീഷാ. ഇവിടുത്തെ ഇഗ്‌ളീഷിന്റെ ആക്‌സെന്റ് വേറെയാ?”

പിന്നെ മറിയക്കുട്ടി ഒന്നും പറഞ്ഞില്ല. സാഹിത്യകാരന്‍ മുഴുവന്‍ സമയവും എഴുത്തു തന്നെയായി. യുവ കവിയുമായി അത്യന്താധുനിക സാഹിത്യ ചര്‍ച്ചകള്‍, റെസ്‌റ്റോറന്റില്‍ ചുട്ടൊഴിഞ്ഞ മസ്സാല ദോശകള്‍ക്കൊപ്പം കാലിയാക്കപ്പെട്ട മദ്യക്കുപ്പികള്‍, മുഴുവന്‍ സമയ എഴുത്തും, മുഴുവന്‍ സമയ മദ്യപാനവും.

മറിയക്കുട്ടി ക്ഷമയുടെ നെല്ലിപ്പലക കാണുകയായിരുന്നു. താന്‍ ജോലി കഴിഞ്ഞെത്തുന്‌പോള്‍ കുടിച്ചു ബോധമറ്റ് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞു ജനിക്കുമെന്നുള്ള ആശയും, അഭിലാഷവും മറിയക്കുട്ടിയില്‍ കെട്ടടങ്ങി. ചരടില്‍ കോര്‍ത്ത താലിയെന്ന നന്പര്‍ പ്‌ളേറ്റിന്റെ ഒറ്റ ബലത്തിന്മേല്‍ ചെക്കിങ് അക്കവ്ണ്ടില്‍ നിന്നും മദ്യക്കടയിലേക്കൊഴുകിപ്പോകുന്ന പതിനായിരങ്ങള്‍.!

താലിയുടെ പേരിലുള്ള ഈ കൂലിയില്ലാച്ചുമട് തന്റേടത്തോടെ മറിയക്കുട്ടി വലിച്ചെറിഞ്ഞു. “ഡിവോഴ്‌സ് !”

പണം കിട്ടാതായപ്പോള്‍ റസ്‌റോറന്റുകാരന്‍ മലയാളി അച്ചായന്‍ മസ്സാലദോശക്കച്ചവടം നിര്‍ത്തി. താമസിക്കാന്‍ ഒരു മുറിയന്വേഷിച്ച സാഹിത്യകാരനെ പഴയ സാഹിത്യചര്‍ച്ചാ സുഹൃത്തുക്കള്‍ കൈയൊഴിഞ്ഞു. റസ്‌റ്റോറന്റില്‍ കാണാതായ യുവകവിയെ തിരക്കിച്ചെന്നപ്പോള്‍ ഒരു വളിച്ച ചിരിയോടെ അയാള്‍ പറഞ്ഞു : ” ഞാന്‍ വീട്ടിലെ ഭക്ഷണത്തിലേക്ക് മാറി. ”

***** ***** ***** ***** ***** ***** ***** ***** ***** *****

നന്നാ വെളുപ്പിനേ വാതിലില്‍ തുടരെ മുട്ട് കേട്ടിട്ടാണ് യുവകവിയുടെ ഭാര്യ വാതില്‍ തുറന്നതു തന്നെ. അതാ നില്‍ക്കുന്നു നമ്മുടെ സാഹിത്യകാരന്‍. കയ്യിലൊരു പൊതിയുമുണ്ട്. രാത്രി ഉറങ്ങിയ മട്ടില്ല. മേലാകെ മഞ്ഞും, പൊടിയും.

“സാര്‍ വരണം…ഇരിക്കണം” യുവതി ഭവ്യമായി പറഞ്ഞു.

“വേണ്ട. അവനെവിടെ?”

“അച്ചായന്‍ നൈറ്റാ വന്നില്ല.”

“ഈ പൊതി അവനു കൊടുക്കണം. ഇത് അവനുള്ള ഒരവാര്‍ഡാ. അവന്റെ വാക്കു കേട്ട് ഇത് തിന്നാന്‍ തുടങ്ങിയത് മുതലാ എന്റെ കഷ്ടകാലം തുടങ്ങിയത്.”

ഇലപ്പൊതിയില്‍, അന്പരപ്പോടെ യുവതി കണ്ടു.. ആവി പറക്കുന്ന ഒരു മസ്സാല ദോശ !

വേച്ചു വേച്ചു വഴിയിലേക്കിറങ്ങുന്‌പോള്‍, സാഹിത്യകാരന്റെ മനസ്സില്‍ ഹെമിങ്‌വേയുടെ ‘കിഴവനും, കടലും ‘ നോവലായിരുന്നു. അതി സാഹസികമായ മല്‍സ്യ വേട്ടയില്‍ ഒന്നും നേടാനാവാത്ത കിഴവന്‍, ഇനി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അലറി നടക്കുന്ന സിംഹങ്ങളെ വേട്ടയാടിപ്പിടിക്കുന്നത് സ്വപ്നം കണ്ടുറങ്ങുന്നതോര്‍ത്തപ്പോള്‍ സാഹിത്യകാരന്‍ സ്വയം പറഞ്ഞു പോയി : ” ഇനി മദ്യ വര്‍ജ്ജനത്തിന് ഇറങ്ങാം.”

* കഥയും, കഥാ പാത്രങ്ങളും വെറും സങ്കല്പങ്ങള്‍ മാത്രം. ‘അത് ഞമ്മളാണ് ‘ എന്നും പറഞ് ആരും വന്നേക്കരുത് പ്ലീസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top