Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

പമ്പയാറൊഴുകുന്ന നാട്ടില്‍ (കഥ)

September 7, 2018 , ജോണ്‍ ഇളമത

pampayarozhukunna1ആച്ചിയമ്മ മുട്ട അടവെച്ചു വിരിച്ച ഇരുപത്തിമൂന്ന് കോഴിക്കുഞ്ഞുങ്ങളില്‍ ശേഷിക്കുന്നത്, അമ്മു എന്ന എന്‍െറ അമ്മ പേരിട്ടുവിളിക്കുന്ന ഞാനും, എന്‍െറ സഹോദരനും മാത്രമാണ് പത്തനം‌തിട്ട ജില്ലയിലെ കടപ്ര മാന്നാര്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മയോടൊപ്പം ഞങ്ങള്‍, പൂവരശുകളുടെ ഇടയിലൂടെ നടന്ന് വീടിന്‍െറ മുറ്റം കടന്ന് തൈത്തെങ്ങളുടെ ഇടയിലൂടെ പമ്പാനദിക്കരയില്‍ എത്തിയപ്പോള്‍ തുള്ളിച്ചാടി. നുരഞ്ഞ് വെള്ളി നൂല്‍കമ്പികളിളക്കി അലകളെ തീരത്തേക്കെറിഞ്ഞൊഴുകുന്ന പുഴ. എന്തൊരു സന്തോഷം!

കൊക്കകോ, കൊക്കരക്കോ, കോ, കോ, കോ…….

ഞങ്ങളുടെ അമ്മ ആച്ചിയയമ്മയുടെ പിടക്കോഴി, അല്ലങ്കില്‍ തള്ളയായ അടക്കോഴിയുടെ ശബ്ദമുയര്‍ത്തിയുള്ള താക്കീത്, ഞങ്ങള്‍ക്ക് മത്രം മനസ്സിലാകുന്ന താക്കീത്! ഓടി ഒളിച്ചോ പുല്ലിനിടയിലും, ആറ്റുതീരത്തെ കരിമ്പിന്‍ കാട്ടിലും. ശബ്ദം ഞങ്ങള്‍ കേട്ടുതീരും മുമ്പ് മിഗ്‌വിമാനം പോലെ പറന്നു വന്ന പരുന്ത് ഞങ്ങളിലൊരാളെ റാഞ്ചിപറന്നു. നിലവിളി കൂട്ടിയതല്ലാതെ പാവം അമ്മക്കെന്തു കഴിയും! അങ്ങനെ ഒരോ ദിവസവും ഞങ്ങളില്‍ ഒരോരുത്തര്‍ അപ്രത്യക്ഷമായി. ഒടുവില്‍ ഞങ്ങള്‍ മൂന്നു പേരവശേഷിച്ചു. മൂത്തവളായ അമ്മു എന്ന ഞാനും, എന്‍െറ നേരെ ഇളയ സഹോരന്‍ അപ്പുവും, എന്‍െറ അമ്മ ലാളിച്ചു വളര്‍ത്തുന്ന ഏറ്റവും ഒടുവിലത്തെ കുഞ്ഞനിയത്തി കുഞ്ഞുമോളും.

അപ്പോഴാണ് ഇടിവെട്ടി മഴയാരംഭിച്ചത്. അമ്മ പറഞ്ഞു-ഇടവപ്പാതിയാ സാരമില്ല, ആച്ചിയമ്മ പൊടയരിതരും. ഓ, ഇനി കുറേക്കാലം പുറത്തിറങ്ങണ്ടാ. ഞങ്ങള്‍ മൂന്നേ മൂന്നുപേരല്ലേ, അമ്മേടെ ചിറകിനടിയില്‍ തിരക്കില്ല, കമ്പിളി പുതച്ച ചൂടും.വെജിറ്റേറിയനാണ് ഭക്ഷണമെങ്കിലുംനശിച്ച പരുന്തിനെ ഭയക്കേണ്ടതില്ലല്ലോ! പക്ഷേ മഴ നിന്നില്ല, പെരുമഴ, എങ്ങും പ്രളയം! ആച്ചിയമ്മ ടിവിക്കു മുമ്പിലിരുന്നു വാര്‍ത്ത ഇടക്കിടെ ഉച്ചത്തില്‍ വെച്ചു. എങ്ങൊക്കയോ ഉരുള്‍ പൊട്ടി. വീടും, മനുഷ്യരും ഒലിച്ചുപോയി. ഡാം തുറക്കുന്നു, ഇടുക്കി, മുല്ലപെരിയാര്‍, പിന്നെ എങ്ങാണ്ടൊക്കയോ. എന്തിന് പറയട്ടെ വീടിനു മുമ്പിലെ പമ്പ കലങ്ങി ഒഴുകി. ഉരുള്‍ പൊട്ടിയ ചെളിവെള്ളം. അതിലൂടെ ഒഴുകുന്നു കടപുഴകിയ മരങ്ങള്‍, ചത്ത മൃഗങ്ങള്‍! മനുഷ്യരുണ്ടാകുമോ എന്നാരു കണ്ടു എന്ന് ആച്ചിയമ്മ അടക്കം പറേണ കേട്ടു.

വീണ്ടും വീണ്ടും മഴ. നിലക്കാത്ത മഴ. ഓ, ആകാശം കിഴഞ്ഞു കിടക്കുകയാണോ ആച്ചിയമ്മ തലയില്‍ കൈവെച്ച് പ്‌രാകി. ഭര്‍ത്താവ് മരിച്ച ആച്ചിയമ്മേടെ ഏക ആശ്രയമായിരുന്നമകന്‍ കുട്ടപ്പായി പൊറപ്പെട്ട് പോയിട്ട് എവിടാന്ന് ഒരറിവുമില്ല.പെറംപോക്കിലെ പത്തുസെന്‍റില്‍ പഞ്ചായത്ത് വെച്ചുകൊടുത്ത ഓടിട്ട രണ്ടുമുറി പുരയില്‍ ഒന്ന് പശു തങ്കമ്മയുടേയും, ഞങ്ങളുടൈയുംവാസ്ഥലമാണ്. വെള്ളം കയറി കയറി മുറയില്‍ എത്തിയപ്പോള്‍ ആച്ചിയമ്മ ഞെട്ടി, എന്തൊരുവെള്ളപ്പൊക്കം, മലയാള മാസം തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്‍െറ കഥ, ആച്ചിയമ്മേടമ്മ പറഞ്ഞു കേട്ടിട്ടുള്ളതായി ആച്ചിയമ്മ ആണ്ടിലാണ്ടില്‍ വെള്ളം പൊങ്ങുമ്പേള്‍ അയല്‍ക്കാരോട്പറയുന്നത് എന്‍െറ അമ്മ കേട്ടിട്ടൊണ്ടന്ന് ഞങ്ങളോട് പറഞ്ഞു. അതെന്തോരു വെള്ളമാരുന്ന് ! അന്ന് തറവാട്ടി സമ്പത്തൊണ്ടാരുന്നു, പിന്നെ വലിയ കെട്ടുവള്ളോം. വെള്ളം പൊങ്ങിപൊങ്ങി പെരേടെ മേളി വന്നപ്പം കെട്ടുവള്ളത്തിക്കഴിഞ്ഞു ഒരാഴ്ച, നോഹിന്‍െറ പെട്ടകം പോലെ! ഇന്നോ പരിഷ്ക്കാരം വന്നു. ഒരുത്തനും വള്ളമില്ല. തൊണ്ണൂറ്റമ്പതിലേപ്പോലെ ഇപ്പോ വെള്ളം വന്നാ എല്ലാ അവനും ചത്തു തൊലേം!

അത് സംഭവിച്ചു തൊണ്ണൂറ്റൊമ്പതിനെ കടത്തിവെട്ടി. തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ. പനയമ്പാറു കാവിലെ യക്ഷിപോലെ കലക്ക വെള്ളം പതഞ്ഞൊഴുകുന്ന പമ്പ! ഗ്രാമത്തിലാക്കെ മൈക്കികൂടെ അനൗണ്‍സ്മന്‍റ്! ” ജനങ്ങള്‍ ഒഴിഞ്ഞു ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണം, പോകാത്തവരെ ബലമായി കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഇടുക്കി ഡാം തുറന്നു വിടുന്നു, ജലസംഭരണിക്കു താങ്ങാനാവാതെ പമ്പ കരകവിഞ്ഞ് കടപ്രേം മാന്നാറും, നിരണോം ഒക്കെ കഴുത്തറ്റം വെള്ളത്തി മുങ്ങാമ്പോണു” !

ആച്ചിയമ്മ കണ്ണുതുടച്ചു തേങ്ങി- ഞാനെങ്ങും പോകാം പോണില്ല, എന്‍െറ തങ്കമ്മേ ഉപേക്ഷിച്ച്, അവളു ഒമ്പതാം മാസം ചന എറക്കി നിക്ക്വാ, അവളു പോയാ ഞാനെങ്ങനെ ജീവിക്കും. പഞ്ചായത്തീന്ന് വായ്പ എടുത്തു വാങ്ങിച്ച പശുവാ! അപ്പോ ആച്ചിയമ്മ ഞങ്ങളെ തഴഞ്ഞു. തള്ള അടക്കോഴി പറഞ്ഞു ങാ, സാരമില്ല പെരപ്പൊറത്തു കൂടാം, ഒഴുക്കത്തു വരുന്ന പുഴുവിനേം കൊത്തിതിന്ന്. ചുരുക്കത്തി വെള്ളം മിനിട്ടു വെച്ചു പൊങ്ങി. വീടിനകത്ത് അരയറ്റം വെള്ളം. ആച്ചിയമ്മ നിലവിളിച്ചു- ഞാനെങ്ങും പോണില്ലേ, ഒമ്പതാം മാസം ചന എറക്കി നിക്കുന്ന തങ്കമ്മ പശൂനേം വിട്ട്! ഒടുവി അരയറ്റത്തീന്നും വെള്ളം വീണ്ടും പൊങ്ങി, ആച്ചിയമ്മേടെ നിലവിളീം പൊങ്ങി-ചുമ്മാ പറഞ്ഞതാണേ ആരലും വന്നൊന്ന് രക്ഷിക്കണെ, എനിക്കു ജീവന്‍ മതിയേ!! ആച്ചിയമ്മേടെ നിലവിളി ആ വഴി രക്ഷാപ്രവര്‍ത്തനുവുമായി വന്ന കടലിന്‍െറ മക്കള് മത്സ്യതൊഴിലാളികള് കേട്ടു. അവര്‍ വന്ന് ആച്ചിയമ്മേ വള്ളത്തേക്കേറ്റി കൊണ്ടു പോയി ദുരിതാശ്വാസ ക്യാമ്പിലേക്ക്!

അപ്പോഴും വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. പൊങ്ങിപൊങ്ങി പുരക്കു മുകളിലെത്തി. ഞങ്ങളും പുരയുടെ മേല്‍ക്കൂരയില്‍ തത്തിക്കയറി. തങ്കമ്മ പശൂന്‍െറ കാര്യം പറയേണ്ടതില്ലല്ലോ, പാവം വെള്ളത്തി മുങ്ങി പിടഞ്ഞു പിടഞ്ഞു ചത്തിരിക്കും. ഒഴുക്കത്ത് കമ്പുകളില്‍ ജീവരക്ഷാര്‍ത്ഥം വന്ന പുഴക്കളെയും, പഴുതാരകളെയും തിന്ന് ഞങ്ങള്‍ വിറച്ച് പുരമുകളില്‍ കഴിഞ്ഞു കൂടിയിരിക്കവേ അതു സംഭവിച്ചു. ആറ്റീന്നും കുത്തനെ വന്ന ഒറ്റ ഒഴുക്ക്. ആ ഒഴുക്കില്‍ എന്റെ അമ്മയും, അമ്മയുടെ ചിറകിനടിയില്‍ ഒളിച്ച ഇളയ സഹോദരി കുഞ്ഞുമോളും എങ്ങോട്ടോ ഒഴുകിപ്പോയി. ഞാനും എന്‍െറ സഹോദരനും കൈകോര്‍ത്ത് മരണം കാത്തു കിടന്നു. പെട്ടന്ന് ആരോ അയച്ച രക്ഷാകവചം കണക്കെ, രക്ഷാപ്രവര്‍ത്തനത്തിനിടെ ആച്ചിയമ്മയുടെ ഊരിപ്പോയ റബര്‍ ചെരിപ്പ് ഒഴുകി ഞങ്ങളെ മുട്ടി. ഒരുവിധത്തില്‍ ഞങ്ങള്‍ അതില്‍ പിടഞ്ഞു കയറി. ഒരു റബര്‍ വള്ളത്തിലെന്ന പോലെ ഞങ്ങള്‍ ഒഴുകി നടന്നു. കിണറിനു മുകളിലൂടെ, തെങ്ങിന്‍ തോപ്പിലൂടെ, പാടത്തിലൂടെ, ഒുവിലൊരു നിലക്കാത്ത പ്രവാവഹത്തിന്‍െറ നീരൊഴുക്കില്‍ കടപ്ര മാന്നാര്‍ ഗ്രാമം തന്നെ ഒന്നു ചുറ്റിക്കറങ്ങി. ദുരിതാശ്വാസം ഹെലികോപ്റ്ററില്‍ ഇരുന്നു വീക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളെപ്പോലെ ഇഷ്ടത്തിനൊത്തവണ്ണം ഭക്ഷണം ഞങ്ങളെ തേടിവന്നു, പുഴുവും, തേളും, ചിലന്തിയും പഴുതാരയും, ഇടക്കിടെ കൊച്ചു പരലുകളും.

ആ യാത്രില്‍ പലതരം കാഴ്ചകള്‍ കണ്ടു. ഹൃദയഭേദക കാഴ്ചകള്‍! ഒുഴുക്കില്‍പെട്ട പട്ടിയെ രക്ഷിക്കുന്ന മനുഷ്യര്‍, ഒഴുക്കില്‍ പെട്ട സ്ത്രീയെ രക്ഷിക്കുന്ന പട്ടികള്‍. ഉയര്‍ന്ന പ്രദേശങ്ങളിലെ പള്ളികളും, അമ്പലങ്ങളും, മോസ്ക്കുകളും നിറയെ അഭയാര്‍ത്ഥികള്‍, അവര്‍ക്കപ്പോള്‍ ജാതിയില്ല, മതമില്ല, ലിംഗമില്ല, അയിത്തമില്ല, ഒരമ്മ പെറ്റ മക്കള്‍ പേലെ. ഞാനോര്‍ത്തു-ങാ, സാരമില്ല, വെള്ളപ്പൊക്കം കഴിയുമ്പം പണ്ടത്തേപ്പോലായിക്കാളും! മറ്റൊരു കാഴ്ച ടെറസിന്‍ൈറ മുകളില്‍ കുടുങ്ങിയ ഒരു ഗര്‍ഭിണിയെ ഒരു ഹെലികോപ്ടര്‍ രക്ഷിക്കുന്നു, അവളുടെ ഒക്കത്ത് ഭയഭീതിയില്‍ വാവിട്ടുകരയുന്ന മൂന്നു വയസുകാരി.

എവിടയും ഫൈബര്‍ ഗ്ലാസ് വള്ളത്തില്‍ രക്ഷാപ്രവര്‍നം നടത്തുന്ന കടലിന്‍െറ മക്കള്‍!, ധീരന്മാര്‍ അവര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുന്നു, പ്രതിഫലേഛമന്യേ! അവരാണ്‌ യഥാര്‍ത്ഥ കൃസ്ത്യാനികള്‍. മുക്കുവനായിരുന്ന പത്രോസിന്‍െറ പിന്‍ഗാമികള്‍, ദൈവത്തിന്‍െറ സ്വന്തം പുത്രന്മാര്‍,അവരുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗ്ഗത്തിലേറട്ടെ.

സാവധാനം വെള്ളം താണു. വീണ്ടും ഞങ്ങള്‍ ഒഴുകി വീടിന്‍െറ മുറ്റത്തെ വലിയമാവിന്‍ കൊമ്പത്ത് ഞങ്ങളുടെ റബര്‍ ചെരുപ്പുവള്ളം ഉടക്കി നിന്നു. സൂര്യന്‍ പ്രകാശിച്ചു. വെള്ളമിറങ്ങിപൂര്‍ണ്ണമായും. കട്ടിചെളിയും ഉണങ്ങാന്‍ തുടങ്ങി. പുരയുടെ സ്ഥാനത്ത് പൊളിഞ്ഞ കരിങ്കല്‍ത്തറ മാത്രം. എല്ലാം എങ്ങോ ഒഴുകിപോയിരിക്കുന്നു, തങ്കമ്മ പശു ഉള്‍പ്പടെ. ആച്ചിയമ്മ തിരിച്ചു വന്നു, ദുരിതാശ്വാസ ക്യാമ്പീന്ന് ,തല്ലി അലച്ചു! ഞാനും, സഹോദരന്‍ അപ്പവും ആച്ചിയമ്മെയെ ആശ്വസിപ്പാക്കാനെന്നോണം താഴേക്കു പറന്ന് ആച്ചിയമ്മയുടെ പാദത്തില്‍ ചുംബിച്ചു. ആച്ചിയമ്മ ഞങ്ങളെ കാലുകൊണ്ട് തോണ്ടിയെറിഞ്ഞ് വലിയ വായില്‍ നിലവിളിച്ചു-എന്‍െറ എല്ലാം പോയെ, തങ്കമ്മ പശുവും എന്‍െറ വീടും!

ഞാന്‍ ഓര്‍ത്തു അല്ലേലും ആര്‍ക്കും വേണ്ടത്തവരാ ഞങ്ങള്‍, ചെറിയ രണ്ടു കോഴികുഞ്ഞുങ്ങള്‍, അങ്ങനെയാ എപ്പോഴും ചെറിയവരടെ കാര്യം! അപ്പോ ഞങ്ങടെ മുന്‍വശത്തെ ചെളീകൂടെ രണ്ടു മാന്യന്മാര് ഡാന്‍സ്കളിച്ച് നടന്ന്, ഒരുവന്‍ ഉറക്കെ പറേണകേട്ടു- ഇനിയാ പകര്‍ച്ചവ്യാധീം, ക്ഷാമോം വരാമ്പോണെ,അത് കഴിഞ്ഞ് നാടിന്‍െറ പുനര്‍നിര്‍മ്മാണം! അതിനാ മുഖ്യമന്ത്രീടെ ദുരിതാശ്വാസനിധി, അതിന് കഴിയാത്ത വിദേശി മലയാളി ഒക്കെ അവരോരടെ ഗ്രാമത്തി എന്തേലുമൊക്കെ സഹായം ചെയ്യട്ടെ!

അപരന്‍ പറേന്നകേട്ടു- കേട്ടോ കറിയാച്ചാ മറ്റൊരു കൃതി-മന്ത്രിമാരോരുത്തര്‌ വിദേശത്തോട്ട് പോകുന്നു, ദുരിതാശ്വാസം വര്‍ദ്ധിപ്പിക്കാന്‍! കേട്ടോ ലോന്നാച്ചാ,അതിനാത്തു വലിയ ലോജിക്കില്ല. കൊടുക്കാനുള്ള വിദേശി ഒക്കെ കൊടുത്തു, ഇനീം ഒള്ളപോക്ക് അടിച്ചു പൊളിക്കാനാ! കറിയാച്ചന്‍ പറഞ്ഞു-എങ്കിലും ആരെങ്കിലുമൊക്കെ കാണും, മന്ത്രിമാരുടെ കൂടെ നന്ന് ചെക്കേ പിടിച്ച് ഫോട്ടോ എടുക്കാന്‍ ഇതുവരെ അവസരം കിട്ടാതിരുന്നോര് !!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top