Flash News

കര്‍ത്താവിന്റെ മണവാട്ടികള്‍ കണ്ണീരോടെ ഹൈക്കോടതി ജംഗ്ഷനില്‍; നീതി ലഭിക്കും വരെ സമരം ഉപവാസമെന്ന്

September 9, 2018

kanyaബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ രോഷം ഉപവാസ സമരത്തിലേക്ക് നീങ്ങി. കുറവിലങ്ങാട് മഠത്തില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍. പരാതി നല്‍കിയിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം ഹൈക്കോടതി ജംങ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത ശേഷം കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്തലല്ലാതെ കേസില്‍ ഒന്നും നടക്കുന്നില്ല . സഭയും സര്‍ക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു. സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. കര്‍ത്താവിന്റെ മണവാട്ടിമാരുടെ മാനത്തിനിട്ട വില പത്തേക്കര്‍, വീ നീഡ് ജസ്റ്റിസ്, പൊലീസ് നീതി പാലിക്കുക, ഞങ്ങളുടെ ജീവന്‍ അപകടത്തില്‍ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് സിസ്റ്റര്‍മാര്‍ സമരത്തിന് എത്തിയത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സഭയ്‌ക്കെതിരെ സമരവുമായി രംഗത്തുവരുന്നത്.

കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞത് :

നീതി ലഭിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകും. ഒരുപാട് സഹിച്ചാണ് പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവര്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഭീഷണിയുണ്ട്. സഭയെ പോലെ സാമ്പത്തികാവസ്ഥ ഉള്ളവരല്ല ഞങ്ങള്‍. ഇട്ടിരിക്കുന്ന വസ്ത്രം മാത്രമാണുള്ളത്. സഭയില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്നും പ്രതീക്ഷയുമില്ല. എന്നാല്‍, എന്തു സംഭവിച്ചാലും നീതി കിട്ടുംവരെ മുന്നോട്ടുപോകും. മരിക്കേണ്ടി വന്നാല്‍ പോലും.

മഠത്തില്‍ ജോലി ചെയ്തിരുന്ന പയ്യനെ ഉപകരണമാക്കാന്‍ നോക്കി. ഫാദര്‍ എര്‍ത്തയില്‍ വന്ന് സംസാരിച്ചു. സോഫ്റ്റായിട്ട് ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്. ഇപ്പോള്‍, സഭ തന്നെ ഞങ്ങളെ തള്ളിയിരിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ സഭ വിട്ട് പോയിട്ടില്ല. സഭയുടെ അകത്തു നിന്നുതന്നെ ഞങ്ങള്‍ പൊരുതുകയാണ്. വിട്ടുപോകില്ല. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും.

സഭയ്ക്കകത്ത് തന്നെ ഞങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. പാലാ ബിഷപ്പ്, മാര്‍ ആലഞ്ചേരി, ഭഗല്‍പുര്‍ ബിഷപ്പ്, ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, റോമിലെ മൂന്ന് സ്ഥലത്തേക്ക് പരാതി നല്‍കിയിട്ടുണ്ട്. പോപ്പിനെയും സമീപിച്ചു. നീതി കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ റോമിന്റെ സ്റ്റേറ്റ് സെക്രട്ടറിയ്ക്കും പരാതി അയച്ചു. പരാതി നല്‍കിയിട്ട് എവിടെ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സഭയില്‍ നിന്ന് ഒന്നും ചെയ്തില്ലെങ്കിലും ഒരു വാക്കെങ്കിലും ഞങ്ങളോട് പറയാമായിരുന്നു. അന്വേഷിക്കാമെന്ന ഒരു മറുപടിയെങ്കിലും തരാമായിരുന്നു. അതുപോലും ഇത്രയും നാളായി ആരും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വരേണ്ട അവസ്ഥയുണ്ടായത്. പോപ്പിന് പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായിട്ടില്ല.

സമരം നടത്തുന്ന കന്യാസ്ത്രീകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശത്തോടും സിസ്റ്റര്‍മാര്‍ പ്രതികരിച്ചു. തങ്ങള്‍ എന്തു പരിശോധനയ്ക്കും തയ്യാറാണെന്നും എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് പി സി ജോര്‍ജല്ലെന്നും അവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സിസ്റ്ററെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനകാര്യം വ്യക്തമായതാണ്. എന്നിട്ടും നീതി കിട്ടിയിട്ടില്ല. എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ. അല്ലാതെ പി സി ജോര്‍ജല്ലല്ലോ തീരുമാനിക്കേണ്ടത് അവര്‍ വ്യക്തമാക്കി.

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്ന് കന്യാസ്ത്രീകള്‍; കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു

ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്ന് കന്യാസ്ത്രീകള്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് എസ് പി അഭിപ്രായം തേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തിൽ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ‌

നടപടികള്‍ വൈകുന്തോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്: ഫാ. പോള്‍ തേലക്കാട്ട്

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ നടപടികള്‍ വൈകുന്തോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ഫാ പോള്‍ തേലക്കാട്ട്. കന്യാസ്ത്രീകളുടെ കരച്ചില്‍ വേദനാജനകമാണ്. മനുഷ്യത്വ പൂര്‍ണമായ പെരുമാറ്റം എല്ലാവരോടും ഉണ്ടാകണമെന്നും ഫാദര്‍ ആവശ്യപ്പെട്ടു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top