സിസ്റ്റര്‍ സൂസന്റെ മരണം മറ്റൊരു അഭയ കേസായി മാറുമോ എന്ന് സംശയം; ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഠം അധ്കൃതരും പോലീസും ശമിക്കുന്നുവെന്ന് ആരോപണം

nunപത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം മറ്റൊരു അഭയ കേസായി മാറുമോ എന്ന സംശയം ബലപ്പെടുന്നു. സിസ്റ്ററുടെ മരണം ആത്മഹത്യയെന്ന വാദത്തില്‍ പൊലീസും മഠം അധികൃതരും ഉറച്ചു നില്‍ക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്.  മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചു പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക വിഷമത്തിലായിരുന്നെന്ന് സിസ്റ്ററിന്റെ സഹോദരി അറിയിച്ചു. കഴിഞ്ഞ 15 മുതല്‍ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സിസ്റ്റര്‍ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓര്‍മദിനത്തില്‍ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കല്‍ കോളജില്‍ ആദ്യം ചികിത്സ തേടിയത്.

കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇതിലൊന്നും ദുരൂഹത വേണ്ടെന്നാണ് മഠം അധികാരികള്‍ പറയുന്നത്. രോഗിയായതോടെ നിരാശയിലായിരുന്നു സൂസമ്മ. ഈ നിരാശയില്‍ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സിസ്റ്ററിന്റെ മരണ ദിവസം മഠത്തില്‍ കന്യാസ്ത്രീകള്‍ തീരെ കുറവായിരുന്നു. ഈ അസ്വാഭാവിക സാഹചര്യം പൊലീസിന് മുമ്പിലുണ്ട്. കൈത്തണ്ട മുറിച്ച ശേഷം കിണറ്റില്‍ ചാടിയെന്ന വാദം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരും ഉണ്ട്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണ് പൊലീസ്.

പരുമല ആശുപത്രിയില്‍ അഞ്ച് ദിവസം ചികിത്സയിലായിരുന്നു. കടുത്ത അസുഖങ്ങളില്ലെന്നു ബോധ്യപ്പെട്ടു തിരിച്ചയച്ചെങ്കിലും പിന്നീടു മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു കന്യാസ്ത്രീ. മരുന്നു വാങ്ങാന്‍ അടുത്ത ചൊവ്വാഴ്ച ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. സ്‌കൂള്‍ അധ്യാപിക സ്ഥാനത്തു നിന്നു വിരമിക്കാന്‍ നാലു മാസം മാത്രം ശേഷിക്കെയാണ് സിസ്റ്ററിന്റെ മരണം. എസ്എസ്എല്‍സിക്കു ശേഷം 1979ല്‍ മൗണ്ട് താബോര്‍ മഠത്തിലെത്തിയ സൂസമ്മ തുടര്‍പഠനം പൂര്‍ത്തിയാക്കി ആദ്യം പ്രൈമറി സ്‌കൂളിലും പിന്നീടു ഹൈസ്‌കൂളിലും അധ്യാപികയായി. കുണ്ടറ കിഴക്കേകല്ലട കൊടുവിള ചിറ്റൂര്‍ പരേതരായ ഇട്ടി കോശി – റാഹേലമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമത്തെയാളാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment