Flash News

അം‌പയര്‍ കാര്‍ലോസ് റാമോസിനെ അധിക്ഷേപിച്ചതിനും അച്ചടക്ക ലംഘനത്തിനു സെറീന വില്യംസിന് 17000 ഡോളര്‍ പിഴ വിധിച്ചു

September 10, 2018

SERENA-WILLIAMSയുഎസ് ഓപ്പണ്‍ ഫൈനലിനിടെ അം‌പയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനും മൂന്ന് തവണ അച്ചടക്ക ലംഘനം നടത്തിയതിനും സെറീന വില്യംസിന് 17000 ഡോളര്‍ പിഴ വിധിച്ചു. നവോമിയുമായുള്ള കഴിഞ്ഞ മത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴ ഈടാക്കുക.

റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക ഈടാക്കുക. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യുഎസ് ഓപ്പണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു. അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സെറീന ആരോപിച്ചു.

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു.

തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീനയുടെ താളം തെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വന്നു. ഇതോടെ അവര്‍ ദേഷ്യത്തോടെ റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതില്‍ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റ് കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.

സെറീനക്കെതിരായ നടപടിയെ കൂകലുകളോടെയാണ് യുഎസ് ഓപ്പണിലെ കാണികള്‍ വരവേറ്റത്. എന്നാല്‍, മത്സരശേഷം സമ്മാനദാനത്തിനിടെ ഒസാക്കയെ കൂകിയ കാണികളെ പിന്തിരിപ്പിക്കാന്‍ സെറീന മടി കാണിച്ചില്ല. നവോമിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടധാരണം കാണികളുടെ ഇടപെടല്‍ മൂലം അവതാളത്തിലാകരുതെന്നായിരുന്നു സെറീനയുടെ നിര്‍ദേശം.

റോള്‍ മോഡലിനെ തോല്‍പ്പിച്ചത് വിശ്വസിക്കാനാകാതെ നവോമി

Untitledതന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍, കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് എത്തിയതോടെ നവോമിയുടെ നിയന്ത്രണം നഷ്ടമായി. അവള്‍ പൊട്ടിക്കരഞ്ഞു. താന്‍ കരയുന്നത് ആരും കാണാതിരിക്കാന്‍ തല കുനിച്ചു നിന്ന് കണ്ണു തുടച്ചു.

ഗ്യാലറിയില്‍ നിന്നുമുയരുന്ന, സെറീനയ്‌ക്കെതിരായ അമ്പയറുടെ വിധിയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങളോ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം വിവാദത്തില്‍ മുങ്ങി പോയതിന്റേയോ വിഷമമായിരുന്നു നവോമിയുടെ കണ്ണു നനയിച്ചത്. ടെന്നീസ് കളിക്കാന്‍ തന്നെ കാരണമായ, ആരെ പോലെ ആകണമെന്ന് ചോദിക്കുമ്പോള്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞിരുന്ന ഉത്തരമായിരുന്ന, സെറീനയെന്ന ഇതിഹാസത്തെ പരാജയപ്പെടുത്തിയത് വിശ്വസിക്കാനാകാതെയായിരുന്നു അവള്‍ വിതുമ്പിയത്.

’24ാം ഗ്രാന്റ് സ്ലാം അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. പക്ഷെ കോര്‍ട്ടിലേക്ക് എത്തുമ്പോള്‍ ഞാന്‍ വേറൊരു വ്യക്തിയാണ്. അവിടെ ഞാന്‍ സെറീനയുടെ ആരാധികയല്ല. ഒരു ടെന്നീസ് താരത്തെ നേരിടുന്ന മറ്റൊരു ടെന്നീസ് താരം മാത്രമാണ്. പക്ഷെ നെറ്റിന് അരികെ വച്ച് അവരെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ വീണ്ടും ആ കുട്ടിയായി മാറി’ തന്റെ ഐഡലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ കരഞ്ഞതിനെ കുറിച്ച് 20 കാരിയായ ഒസാക്ക പറയുന്നു.

ആഷെ സ്‌റ്റേഡിയത്തില്‍ നവോമി നേരിട്ടത് സെറീനയെ മാത്രമായിരുന്നില്ല. ആര്‍ത്തലയ്ക്കുന്ന പ്രോ സെറീന ആരാധകരേയുമായിരുന്നു. ഓപ്പണിങ് സെറ്റില്‍ തന്നെ സെറീനയെ 4-1 ന് ഒസാക്ക തകര്‍ത്തു. പണ്ട് വില്യംസിനെ താരമാക്കിയ സെര്‍വ്വുകളുടെ നിഴല്‍ വീണതായിരുന്നു നവോമിയുടെ സെര്‍വ്വുകളും. പിന്നാലെ കോച്ചിങ് കോഡ് വയലേഷന്റേയും റാക്കറ്റ് അബ്യൂസിനും സെറീനയ്ക്ക് പെനാല്‍റ്റി കിട്ടിയതോടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നില്‍ക്കുകയായിരുന്നു ഒസാക്ക.

‘ എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് മനസിലായില്ല. ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്റെ ആദ്യ ഗ്രാന്റ് സ്ലാമായത് കൊണ്ട് ആകാംക്ഷയും ആവേശവും എന്നെ കീഴടക്കാന്‍ പാടില്ലായിരുന്നു. സെറീന ബെഞ്ചിന് അടുത്തേക്ക് വരികയും എന്നോട് തനിക്ക് പോയിന്റ് പെനാല്‍റ്റി കിട്ടിയെന്നു പറയുകയും ചെയ്തു. അവര്‍ക്ക് ഗെയിം പെനാല്‍റ്റി കിട്ടിയതും എനിക്ക് അറിയില്ലായിരുന്നു. ആ സമയമത്രയും ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ ‘ താരം പറയുന്നു.

അതേസമയം വിജയം ആഘോഷിക്കുന്നതിലെ നിസംഗതയ്ക്ക് മത്സരത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമായിരുന്നില്ലെന്നും നവോമി പറയുന്നു. ‘ വലിയ ആഘോഷങ്ങള്‍ എനിക്ക് പതിവില്ല. പിന്നെ ഇത് സത്യമാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല ‘ താരം പറയുന്നു. കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിന് അരികിലെത്തിയ നവോമിയ്ക്ക് പക്ഷെ നിയന്ത്രണം നഷ്ടമായി. കരയുന്ന നവോമിയെ സെറീന ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ഇത് ഇവളുടെ സമയമാണെന്നായിരുന്നു സെറീന പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top