Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 3)

September 10, 2018

vyazhavattangalil-banner-part2-680x207കാറിന്റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാമെന്ന് അയാള്‍ക്കും അവള്‍ക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു.

കൂടിയ സാലറി സ്ലിപ് അവള്‍ക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്‌ലാറ്റിന്റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അയാളും മാറി.

സ്വന്തം വീട് എന്ന വിചാരം മകന്റെ കുഞ്ഞു മനസ്സിലും കയറിക്കൂടി. അവന്റെ വീട് അവന്റെ വീട് എന്ന് അവന്‍ സദാ പൊങ്ങച്ചപ്പെട്ടു.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍, അവരുടെ വീടുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറയുന്നതില്‍ അവന്‍ അനല്‍പമായ ആഹ്ലാദം കണ്ടെത്തി.

അവന്റെ ആ കുഞ്ഞു ആനന്ദവും കുഞ്ഞു പൊങ്ങച്ചവും അവളേയും അതിരറ്റ് സന്തോഷിപ്പിച്ചു.

അവളുടെ സന്തോഷം കാണുമ്പോഴെല്ലാം അവന്‍ പറഞ്ഞു. ‘ ഞാന്‍ അമ്മയുടെ മോനാണ്. അമ്മയുടെ മാത്രം മോനാണ്.’ പറച്ചിലിനു ബലം കിട്ടാന്‍ അവന്റെ കുഞ്ഞിക്കാലുകള്‍ തറയില്‍ അമര്‍ത്തിച്ചവിട്ടും . എന്നിട്ടും ബലം പോരെന്ന് തോന്നിയാല്‍ അവനുറക്കെ കരയും.

കുഞ്ഞല്ലേ..

അതുകൊണ്ടു തന്നെ അവളും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുമ്പോള്‍ അയാള്‍ അവനെയും കൂട്ടി കാറില്‍ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി. അവനെ കാണാതെ അവളുടെ ഹൃദയം തകരുമെന്നതായിരുന്നു അയാളുടെ പ്രതികാരം. കുറേ ഓടിക്കഴിയുമ്പോള്‍ അവന്‍ കാറിലിരുന്ന് ഉറങ്ങും. അപ്പോള്‍ എന്തോ ഒരു തരം പരാജയത്തിന്റെ രുചിയില്‍ അയാള്‍ അവനെ അടിയ്ക്കുമായിരുന്നു. …

അവനെ അയാള്‍ തെറികള്‍ പറഞ്ഞ് ശകാരിച്ചു. കഴുതേ … നിനക്കെന്തറിയാമെടാ , നിന്നെ എന്തിനു കൊള്ളാമെടാ അമ്മേടേ മോനേ? എന്നൊക്കെ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു.

അവര്‍ തമ്മില്‍ ഒരു തരം അസുഖകരമായ അകല്‍ച്ച ഉണ്ടാകുന്നുണ്ടായിരുന്നു. അത് അവള്‍ വേദനയോടെ തിരിച്ചറിയുന്നുമുണ്ടായിരുന്നു. അകല്‍ച്ച വര്‍ദ്ധിക്കരുതെന്ന് കരുതി അച്ഛനെപ്പറ്റി ഒന്നും കുറവായി മകനോട് പറഞ്ഞുപോകരുതെന്ന് അവള്‍ നിഷ്‌ക്കര്‍ഷ പാലിച്ചു. അവര്‍ തമ്മില്‍ വഴക്കുണ്ടായാല്‍ അതിനിടയില്‍ പെട്ട് ഞെരിയുന്നത് അവള്‍ തന്നെയായിരിക്കുമല്ലോ.

അവളുടെ അത്തരം കുലീനത ഭാവിയില്‍ ഗഹ്വരം പോലെയുള്ള വായ് പിളര്‍ത്തി കൂര്‍ത്തു മൂര്‍ത്ത ദംഷ്ട്രങ്ങളുമായി കടിച്ചു കീറാന്‍ വരുമെന്ന് അവള്‍ക്ക് മനസ്സിലായിരുന്നില്ല.

അച്ഛന്‍ ദേഷ്യപ്പെട്ടാലും അടിച്ചാലും അവന്‍ ഒരു കുട്ടി തന്നെയല്ലേ?നല്ല ശീലത്തില്‍ അച്ഛന്‍ എടുക്കുമ്പോള്‍ ഉമ്മകൊടുക്കുമ്പോള്‍ എണ്ണ തേപ്പിക്കുമ്പോള്‍ കുളിപ്പിക്കുമ്പോള്‍ മാമു കൊടുക്കുമ്പോള്‍ കൊഞ്ചിക്കുമ്പോള്‍ അവന്‍ ആ അടിയും തെറി വിളിയും അകല്‍ച്ചയും എല്ലാം മറക്കും. തന്നെയുമല്ല, അച്ഛനു കോപം വരുന്നത് അമ്മ കാരണമാണെന്നും അവനു പതുക്കെപ്പതുക്കെ മനസ്സിലായി വന്നു.

രക്തബന്ധമെന്നത് അങ്ങനെയാണെന്നാണല്ലോ വെപ്പ്.

അപ്പോഴാണ് അനാഥയായ ആ പെണ്‍കുട്ടി അവനെ നോക്കാന്‍ വന്നത്. അവള്‍ അടിമുടി ഒരു കലാകാരി കൂടിയായിരുന്നു.

അവള്‍ അവനു പടം വരച്ചുകൊടുത്തു. അവന്റെ ഒപ്പം ഡാന്‍സ് കളിച്ചു, പാട്ട് പാടി, ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു… മെല്ലെ മെല്ലെ അവള്‍ അവന്റെ ലോകം തന്നെയായി മാറി. അവന് അവളെന്ന് വെച്ചാല്‍ ജീവനായിരുന്നു. അവന്‍ മാത്രമല്ല അവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ എല്ലാ കുട്ടികളും അവളുടെ സുഹൃത്തുക്കളായി .

സ്വാഭാവികമായി അവള്‍ക്ക് വീഴ്ചകളും ഉണ്ടായിരുന്നു. ആ വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ യുദ്ധഭൂമിയാക്കി തീര്‍ത്തു.

കുഞ്ഞിനെ ആത്മാര്‍ഥമായി നോക്കുന്നതുകൊണ്ട് ആ അനാഥപ്പെണ്ണിന്റെ പാചകത്തിലെയും വീട്ടുജോലികളിലെയും എല്ലാ വീഴ്ചകളും അവളിലെ അമ്മ പൊറുത്തു. എന്നാല്‍ അയാളിലെ ഗൃഹനായകന് ഒന്നും പൊറുക്കുവാന്‍ കഴിഞ്ഞില്ല.

പരിപ്പില്ലാത്തത്,

നെയ്യ് കുറഞ്ഞു പോയത്,

പത്രം നേരെ ചൊവ്വേ മടക്കി വെയ്ക്കാത്തത്..

അങ്ങനെ എന്തിനും ഏതിനും വീട്ടീല്‍ വഴക്കായി.
ഉദ്യോഗം ഭരിയ്ക്കാന്‍ പോകുന്ന ഭാര്യയെ എന്തിനു കൊള്ളാമെന്ന് , നീ ഈ വീട്ടിനു വേണ്ടി എന്തു ചെയ്യുന്നുവെന്ന് അയാള്‍ ഭാര്യയെ നിശിതമായി ചോദ്യം ചെയ്തു. അയാള്‍ ചോദ്യം ചോദിക്കുന്നവനും അവള്‍ വിറച്ചുകൊണ്ട് ഉത്തരം പറയുന്നവളും ദുര്‍ലഭം മാത്രം ദേഷ്യപ്പെടുന്നവളും ആയിരുന്നു.

അവള്‍ ദേഷ്യപ്പെടുന്ന ദിവസം പാത്രങ്ങള്‍ അയാള്‍ വലിച്ചെറിഞ്ഞ് ഉടച്ചു. ജനലച്ചില്ലുകള്‍ തകര്‍ത്തു. പേപ്പറുകള്‍ വലിച്ചു കീറി. രാത്രി മുഴുവന്‍ വഴക്ക് കൂടി. പിറ്റേന്ന് ജോലിക്ക് പോകണമല്ലോ ഉത്തരവാദപ്പെട്ട ജോലിയാണല്ലോ അതില്‍ അബദ്ധം പറ്റരുതല്ലോ എന്ന ആധിയില്‍ അവള്‍ വഴക്കുകളും പേക്കൂത്തുകളും വലുതാക്കാതെ അയാളുടെ കാലു പിടിച്ച് ക്ഷമ പറഞ്ഞ് ജീവിയ്ക്കാന്‍ ശീലിച്ചു.

ദേഷ്യം വരാതിരിക്കാന്‍, വികാരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവാന്‍ എപ്പോഴും ദൈവത്തിനെ പ്രാര്‍ഥിച്ചു. പലതരം മന്ത്രങ്ങള്‍ ചൊല്ലി.

സദാ ദൈവത്തിനോട് ഓരോന്ന് യാചിച്ചുകൊണ്ടിരുന്നാല്‍ ദൈവം ഒന്നും തരില്ലെന്ന് അയാള്‍ അവളെ പരിഹസിച്ചു.

അത് കേട്ട് മകനും അവളെ കളിയാക്കി. ‘ അയ്യേ! കഷ്ടം. യാചകി അമ്മ ‘

അവള്‍ സമ്പാദിച്ചുകൊണ്ടു വരുന്നതിന്റെ കാല്‍ ഭാഗം പോലും അയാള്‍ക്ക് സമ്പാദിയ്ക്കാന്‍ അക്കാലത്ത് പറ്റിയിരുന്നില്ല.

അയാളുടെ അമ്മയ്ക്കും അച്ഛനും പണമയയ്ക്കുന്നതും അയാളുടെ സഹോദരിമാര്‍ക്ക് ഫ്രിഡ്ജും മിക്‌സിയും എയര്‍കണ്ടീഷണറും ഒക്കെ വാങ്ങിക്കൊടുക്കുന്നതും വേണ്ടപ്പോഴെല്ലാം അമ്പതിനായിരവും ലക്ഷവും ഒക്കെ നല്‍കുന്നതും അവളായിരുന്നു. അയാളുടെ കുടുംബക്കാരല്ലേ എന്തിനു കൊടുക്കണമെന്ന ചില സ്ത്രീകളുടെ സ്വഭാവത്തിലുള്ള പിച്ചത്തരം അവളുടെ അടുത്തു കൂടി പോലും പോയിരുന്നില്ല.

അവളുടെ ആ മനസ്ഥിതിയെ അഭിനന്ദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പകരം അതവളുടെ വലുപ്പവും അഹന്തയും പ്രദര്‍ശിപ്പിക്കാനാണെന്ന് അയാള്‍ ബഹളമുണ്ടാക്കി.

അവളുടെ മകന്‍ എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിക്കൊണ്ടിരുന്നു.

അനാഥപ്പെണ്ണിനു മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അയാള്‍ എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. കുഞ്ഞു മകന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു.

മകനെ അതിരറ്റ് സ്‌നേഹിക്കുന്ന അനാഥപ്പെണ്ണിനെ മകന്റെ അമ്മ സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ ?

അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും മകന്റെ അമ്മ സ്‌നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍ അനിയത്തിയാണോ എന്ന് ചോദിച്ചു. അനിയത്തി പോലെ ആവുകയായിരുന്നു അവള്‍ ശരിക്കും. അതിനെല്ലാം പുറമേ ആ അനാഥപ്പെണ്ണിനു ഭാര്യയോടാണ് അധികം കൂറെന്ന തോന്നലും വീട്ടിലെ പുരുഷനെ അരിശം കൊള്ളിച്ചു.

അപ്പൊഴേക്കും അയാള്‍ക്ക് സ്വന്തം ജോലിയില്‍ നല്ല വളര്‍ച്ച ഉണ്ടായിത്തുടങ്ങി. പണം നിറയെ കൈയില്‍ വരാന്‍ തുടങ്ങി.

ഫ്‌ലാറ്റിന്റെ കടം ബാക്കിയുണ്ടായിരുന്നത് അയാള്‍ ‘ ആണിനെപ്പോലെ’ അന്തസ്സായി ഒറ്റയടിയ്ക്ക് അടച്ചു തീര്‍ത്തു. അയാള്‍ക്ക് ഉത്തരവാദിത്തം വരികയാണല്ലോ എന്നും അവളുടെ തലയിലുണ്ടായിരുന്ന കടഭാരം ദയാപൂര്‍വം ഇറക്കിക്കൊടുത്തുവല്ലോ എന്നും കരുതി അവള്‍ അതിരറ്റ് സന്തോഷിച്ചു.

സ്വന്തം വീട്ടുകാരോടെല്ലാം പൊങ്ങച്ചപ്പെട്ടു. അല്ലെങ്കിലും അയാളുടെ ഓരോ കഴിവിനേയും അത് ഏതു മേഖലയിലുമാകട്ടെ എടുത്ത് എടുത്ത് പറഞ്ഞ് അയാളെ പുകഴ്ത്തുന്നത് അവളുടെ ശീലമായിരുന്നു. വലിയ സന്തോഷമായിരുന്നു.

അച്ഛന്‍ കടം തീര്‍ത്ത് ഫ്‌ലാറ്റ് സ്വന്തമാക്കിയെന്ന മകന്റെ കിളിക്കൊഞ്ചലില്‍ അഭിമാനം കൊണ്ട് അവള്‍ അവനെ വാരിയെടുത്ത് ഉമ്മവെച്ചു.

ജോലിയില്‍ ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട അച്ചടക്കം, ചുമതല, ഉത്തരവാദിത്തം എന്നതൊക്കെ നമ്മുടെ മേലുദ്യോഗസ്ഥരെ അനുസരിക്കുന്നതില്‍ മാത്രമല്ലല്ലോ. നമ്മുടെ കീഴുദ്യോഗസ്ഥരോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ കൂടിയല്ലേ…

അതയാള്‍ക്ക് സാധ്യമായിരുന്നില്ല.

കീഴെയുള്ള എന്തിനോടും അയാള്‍ക്ക് പരമ പുച്ഛമായിരുന്നു. തികഞ്ഞ അവജ്ഞയായിരുന്നു. എന്നാല്‍ മേലെയുള്ളതിനെ നേരിട്ട് പുച്ഛിക്കാനോ അവജ്ഞ കാണിക്കാനോ അയാള്‍ക്ക് ധൈര്യവുമുണ്ടായിരുന്നില്ല.

കീഴുദ്യോഗസ്ഥര്‍ ആരും തന്നെ വീട്ടു വേലക്കാരിയെപ്പോലെ അനാഥരായിരുന്നില്ലല്ലോ. അവര്‍ പോലീസില്‍ പരാതി കൊടുത്തു.

അയാള്‍ ഭയന്നു വിറച്ചു പോയി.എസ് എച്ച് ഓ ഒരു മുരട്ട് ശബ്ദത്തില്‍ ഫോണില്‍ വിളിച്ചപ്പോള്‍…

ഭാര്യയോട് ഒച്ചയെടുക്കാമെന്നല്ലാതെ പോലീസുദ്യോഗസ്ഥരോട് ഒച്ചയെടുക്കാന്‍ കഴിയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

അവള്‍ക്ക് അയാളെ പോലീസ് അടിയ്ക്കട്ടെ എന്നോ ചീത്ത വിളിയ്ക്കട്ടെ എന്നോ കരുതാന്‍ കഴിയില്ലല്ലോ. അവള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു ക്ലയന്റിനെ വിളിച്ച് അയാള്‍ വഴി എസ് പി യോട് സംസാരിക്കാനുള്ള വഴി കണ്ടുപിടിച്ചു.

ഭര്‍ത്താവ് പാവമാണെന്നും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാവാതെ പോലീസിന്റെ ഉപദ്രവത്തില്‍ നിന്ന് വിട്ടു കിട്ടണമെന്നും അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

എസ് പി യ്ക്ക് പാവം തോന്നിയിരിക്കാം. വലിയൊരു കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു സ്ത്രീ ഇങ്ങനെ ഭര്‍ത്താവിനുവേണ്ടി കിഴിഞ്ഞു കെഞ്ചുന്നത്..

എന്തായാലും അവളുടെ ഭര്‍ത്താവ് കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഭര്‍ത്താവിന്റെ കീഴുദ്യോഗസ്ഥര്‍ക്ക് അവളോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുണ്ടായെങ്കിലും…

കുടുംബജീവിതം നന്നാകാന്‍ ഭര്‍ത്താവിനെയല്ലേ ഭാര്യ സംരക്ഷിക്കേണ്ടത് , ഇനി അഥവാ അയാളുടെ പേരില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ കൂടി…

ജോലി ചെയ്ത് പണമുണ്ടാക്കുന്നതിലും ഒക്കെ വളരെ എളുപ്പം ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതാണെന്ന് അതിനോടകം അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ആയിരം വിഡ്ഡിച്ചോദ്യങ്ങള്‍ ചോദിക്കുന്ന ബുദ്ധിഹീനരായ കീഴുദ്യോഗസ്ഥരോട് സംസാരിക്കേണ്ട. അഹങ്കാരികളും മന്ദബുദ്ധികളും ആയ മേലുദ്യോഗസ്ഥരെ വണങ്ങേണ്ട. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാല്‍ മതി ഡി മാറ്റ് എക്കൌണ്ടിലൂടെ പണം ഇഷ്ടം പോലെ ബാങ്കില്‍ വന്നു നിറയും .

ചാര്‍ട്ടേട് എക്കൌണ്ടന്റ് അയാളെ ഉപദേശിച്ചു.

‘ ഇത് അബദ്ധമാണ്. നിങ്ങള്‍ക്ക് എന്‍ജിനീയറിംഗേ അറിയൂ. ഇത് വേറൊരു മേഖലയാണ്.. കൈ പൊള്ളാന്‍ എളുപ്പമാണ്. ഇതില്‍ പോകരുത്.’

ചാര്‍ട്ടേണ്ട് എക്കൌണ്ടന്റ് എന്ന മണ്ടനെ, അയാളുടെ അറിവില്ലായ്മയെ, ഭയത്തെ എല്ലാം അയാള്‍ പുച്ഛിച്ച് നിസ്സാരമാക്കി.

മകന്‍ അല്‍ഭുതപ്പെട്ട് നിന്നു. കമ്പ്യൂട്ടറിലൂടെ പണം കൊയ്യുന്ന അച്ഛനെ കണ്ട് പഠിയ്ക്കാതെ അമ്മ എന്തിനാണ് ഈ നശിച്ച ഓഫീസില്‍ പോകുന്നത്?

അമ്മ ഫ്രണ്ട്‌സിനൊപ്പം ഫണ്ണിനാണ് ഓഫീസില്‍ പോകുന്നതെന്ന് അയാള്‍ പതുക്കെപ്പതുക്കെ മകനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെയാണ് പോലീസുകാരെപ്പോലും അമ്മയ്ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ മെല്ലെ മെല്ലെ മകനെ ധരിപ്പിച്ചു.
എന്നാല്‍ ആ ഫണ്‍ എന്താണെന്ന് അവനു തിരിഞ്ഞില്ല.

അനാഥപ്പെണ്ണായ വീട്ടു വേലക്കാരിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം മറന്ന് അയാളോട് പറഞ്ഞു. ‘ ദൈവം ചോദിക്കും സാര്‍. ഇതിന് ദൈവം ചോദിക്കും’

അനാഥരുടെയും ദരിദ്രരുടെയും ശാപങ്ങളെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഭയം?

ഷെയര്‍ മാര്‍ക്കറ്റ് ഒരു അത്യാകര്‍ഷകമായ ഒരു പെരും ചുഴിയാണല്ലോ. ആദ്യം അയാള്‍ക്ക് ചില്ലറ വിജയങ്ങളുണ്ടായി.

അയ്യായിരം…അമ്പതിനായിരം. ഒരു ലക്ഷത്തിന്റെ ലാഭമുണ്ടായ ദിവസം അയാള്‍ അവളോട് നിര്‍ബന്ധമായി നാലു ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടാന്‍ പറഞ്ഞു.

ഒട്ടും സമ്മതമില്ലെങ്കിലും അയാളെ അനുസരിച്ച് അവള്‍ വഴക്ക് ഒഴിവാക്കി.

അതു കഴിഞ്ഞാണ് അവള്‍ ആയിരം രൂപയുടെ മാസം തോറുമുള്ള ചില ചില്ലറ സേവിംഗുകള്‍ തുടങ്ങിയത്. പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയില്‍ ചേര്‍ന്നത്. കമ്പനിയിലെ ഒരു സഹപ്രവര്‍ത്തകയുടെ അച്ഛനായിരുന്നു ഏജന്റ്. അദ്ദേഹത്തിനു കുറച്ച് കമ്മീഷന്‍ കിട്ടുമായിരിക്കും. അതൊരു നല്ല കാര്യമല്ലേ എന്നായിരുന്നു അവളുടെ ധാരണ.

അവളെ പെറ്റു വളര്‍ത്തി പഠിപ്പിച്ച അമ്മയ്ക്ക് മുപ്പത്തയ്യായിരം രൂപ അയച്ചത്. അമ്മയ്ക്ക് അവളങ്ങനെ ഒരിയ്ക്കലും കൃത്യമായി പണം അയച്ചിരുന്നില്ല. വല്ലപ്പോഴും ഇങ്ങനെ കുറച്ച് പണമയച്ചുകൊടുക്കും. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ….അതും എല്ലാ കൊല്ലവും അയയ്ക്കാറില്ല. അമ്മയ്ക്ക് അവള്‍ പണമയച്ചിട്ട് വേണ്ട ..കഴിഞ്ഞു കൂടാന്‍… അമ്മയ്ക്ക് നല്ല തുക പെന്‍ഷനുണ്ട്. മക്കളുടെ പണം ലഭിച്ചിട്ട് വേണം ജീവിയ്ക്കാനെങ്കില്‍ അവളുടെ അമ്മ ജീവിയ്ക്കുമായിരുന്നോ എന്നവള്‍ക്ക് നിശ്ചയമില്ല താനും.

അയാള്‍ക്ക് ഒരു തരത്തിലും പൊറുക്കാന്‍ കഴിഞ്ഞില്ല.

അവള്‍ ആരാണ് സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ … ?

എവിടെ നിക്ഷേപിയ്ക്കണം ആര്‍ക്ക് പണം കൊടുക്കണം എന്നൊക്കെ തീരുമാനിക്കാന്‍ അവള്‍ക്ക് എന്തവകാശം ?

സ്ത്രീകള്‍ ഒരിയ്ക്കലും പണം കൈകാര്യം ചെയ്യാനിടവരരുതെന്ന് അയാളുടെ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. വിവാഹിതയായ മകളില്‍ നിന്ന് പണം പറ്റുന്ന അവളുടെ അമ്മ …എത്ര നാണം കെട്ടവള്‍….ആ അമ്മയ്ക്ക് പണം നല്‍കുന്ന ഇവളും അതു പോലെ നാണം കെട്ടവള്‍ തന്നെ.

ആ വഴക്ക് തീരാനാണ് , അയാളറിയാതെ സാമ്പത്തിക ഇടപാടുകളൊന്നും അവള്‍ ചെയ്യാതിരിക്കാനാണ് അവളുടെ എ ടിം എം കാര്‍ഡും ചെക്കു ബുക്കും അയാള്‍ പിടിച്ചു മേടിച്ചത്. എല്ലാ മാസവും അവളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അയാള്‍ക്ക് ഈ മെയില്‍ ചെയ്യണമെന്നും അയാള്‍ ഉത്തരവിട്ടത്.

അതിനുശേഷം എപ്പോഴും അയാള്‍ അവളുടെ സമ്പാദ്യത്തേയും ബാങ്കിനേയും ചെലവുകളേയും പറ്റി അതീവ ശ്രദ്ധാലുവായിരുന്നു. എന്തു വാങ്ങാം എന്തു വാങ്ങാന്‍ പാടില്ല എന്നൊക്കെ അയാള്‍ തന്നെയാണ് പിന്നീട് തീരുമാനിച്ചിരുന്നത്.

അവള്‍ ഉള്ളു നിറയെ അമര്‍ഷം തിങ്ങിയിട്ടും അതിനും വഴങ്ങി.

‘ അമ്മ അച്ഛന്‍ പറയുന്നതെല്ലാം കേട്ട് നല്ല അമ്മയായി ജീവിച്ചാല്‍ നമ്മുടെ വീട്ടില്‍ വഴക്കുണ്ടാവില്ലെ’ന്ന് മോന്‍ പറഞ്ഞപ്പോള്‍ മാത്രം അവള്‍ക്ക് വലിയ വായില്‍ കരച്ചില്‍ വന്നു. അവള്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു. ‘ ഞാന്‍ അമ്മേടെ ചക്കരക്കുട്ടിയാണ്. ഞാന്‍ വലുതായിട്ട് ഷാരൂഖ് ഖാനെ പോലെ പണക്കാരനാകും. എന്നിട്ട് വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍ക്കെല്ലാം താമസിക്കാന്‍ വീടുണ്ടാക്കും. അമ്മ ആ കുട്ടികളെ ഒക്കെ സ്‌നേഹിച്ചു വളര്‍ത്തണം. ഞാന്‍ ഇടയ്ക്കിടെ വന്ന് അമ്മയെ കാണും. വരുമ്പോഴൊക്കെ അമ്മയ്ക്ക് കൈ നിറയെ പണം തരും. എപ്പോഴും ഫോണ്‍ വിളിക്കും. അങ്ങനെ നമ്മള്‍ രണ്ട് പേരും കൂടി കുറെ മക്കളെ നോക്കും..’

അഞ്ചാറു വയസ്സായ അവന്റെ സ്വപ്നങ്ങള്‍ ആകാശത്തേക്ക് ചിറക് വിരിക്കുന്നത് കണ്ട് അവള്‍ എല്ലാ വേദനകളും എല്ലാ അപമാനങ്ങളും മറന്നു.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top