പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന ന്യായീകരിക്കാന്‍ കേന്ദ്രം ഇറക്കിയ കണക്കുകള്‍ പൊളിച്ചടുക്കി കോണ്‍ഗ്രസ്

modi-1-856x412പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യത്ത് ബന്ദും പ്രതിഷേധവും ശക്തമായതോടെ ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട ന്യായീകരണ പോസ്റ്റിന്റെ പെള്ളത്തരം തുറന്നുകാട്ടി കോണ്‍ഗ്രസ്. ബിജെപി ഐടി സെല്‍ പുറത്തുവിട്ട ഔദ്യോഗിക ട്വീറ്റിന് മറു ട്വീറ്റിട്ടാണ് കോണ്‍ഗ്രസ് പൊള്ളവാദം പൊളിച്ചടുക്കിയത്. ഇതോടെ ബിജെപിയുടെ ഗ്രാഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹമാണ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് ബിജെപി ആദ്യം രംഗത്തെത്തിയത്. ഇന്ധനവിലവര്‍ദ്ധനവിന്റെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി ഐടി സെല്‍ പുറത്തു വിട്ടത്.

2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പെട്രോള്‍ വിലയില്‍ 75.8 ശതമാനം വര്‍ധനയുള്ളത്, 2014-2018 കാലയളവായപ്പോള്‍ 13 ശതമാനമായി കുറഞ്ഞു എന്ന് സ്ഥാപിക്കുന്ന ഗ്രാഫ് പക്ഷെ, പെട്രോള്‍ വില ഇടിഞ്ഞതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതേ രീതിയില്‍ ഡീസല്‍ വില വര്‍ധനവിനെ കുറിച്ചുള്ള ഗ്രാഫിലും സമാന പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഒന്ന് 2004 മുതലുള്ള പെട്രോള്‍ വിലയുടെയും മറ്റൊന്ന് ഡീസലിന്റെയും. അതില്‍ പറയുന്നത് 2014 മുതല്‍ 2018 കാലയളവില്‍ പെട്രോള്‍ വിലയില്‍ 13 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നാണ്.

അതേസമയം 2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 75.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും. ഡീസലിനും സമാനമായ അവസ്ഥയാണ് ഗ്രാഫില്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍,അല്‍പ്പ സമയത്തിനകം തന്നെ ഇതിലെ പൊള്ളത്തരമാണ് കോണ്‍ഗ്രസ് പൊളിച്ചടുക്കി. ബി.ജെ.പിയടെ ഗ്രാഫുകള്‍ക്ക് കൂടുതല്‍ വ്യക്തതയുള്ള മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യു.പി.എ കാലത്തെ ആന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയും അന്നുണ്ടായ പെട്രോള്‍-ഡീസല്‍ വിലയിലെ വര്‍ധനവും ചിത്രീകരിക്കുന്ന ഗ്രാഫ്, മോദി അധികാരത്തിലേറിയ 2014 മുതല്‍ 2018 കാലയളവില്‍ ആന്താരാഷ്ട്ര വിപണിയില്‍ 34 ശതമാനം വിലയിടിവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പക്ഷെ 13 ശതമാനം വര്‍ധനവാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റിലെ ഗ്രാഫില്‍ വ്യക്തമാക്കുന്നു.

ഇന്ധനവില കൂടിയതും രൂപയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ തമ്മിലടിപ്പിച്ചതുമാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്രമോദി പാവങ്ങളെ മറക്കുകയാണ്. കര്‍ഷകരെ മറക്കുകയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ നേട്ടമുണ്ടായത് 20 വ്യവസായികള്‍ക്ക് മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

അതേസമയം, ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. അടിക്കടി വില ഉയരുന്നതില്‍ സര്‍ക്കാരിന് പങ്കില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ പിന്തുണച്ചില്ല. ഇത് കോണ്‍ഗ്രസിന്‍േറയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും ശക്തി ചോര്‍ത്തി. ജനങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ അക്രമം അഴിച്ചു വിടുകയാണെന്നും കേന്ദ്ര മന്ത്രി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ പെട്രോള്‍ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എക്‌സൈസ് തീരുവയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രണ്ടു രൂപ കുറച്ചിട്ടുണ്ട്. ഇനിയും നികുതി കുറക്കാന്‍ സാധിക്കുകയില്ല. സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ അഭ്യാര്‍ത്ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനു വേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പൊതുജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധന താല്‍ക്കാലികമാണെന്നു ബോധ്യമുള്ളത് കൊണ്ടാണ് ഭാരത ബന്ദിനോട് പുറം തിരിഞ്ഞു നിന്നതെന്നും അദേഹം പറഞ്ഞു.

ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിനും 15 പൈസയുമാണ് കൂട്ടിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.05 രൂപയായി. തുടര്‍ച്ചയായ 17-ാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.26 രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 80.87 രൂപയും കൊല്‍ക്കത്തയില്‍ 83.75 രൂപയും ചെന്നൈയില്‍ 84.07 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ഡല്‍ഹിയില്‍ 72.97 രൂപയും കൊല്‍ക്കത്തയില്‍ 77.47 രൂപയും മുംബൈയില്‍ 77.15 രൂപയുമായി വര്‍ധിച്ചു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.19 രൂപയായപ്പോള്‍ ഡീസലിന് 78.14 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76.88 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83.11 രൂപയും ഡീസലിന് 77.15 രൂപയുമാണ് ഇന്നത്തെ നിരക്ക്.

പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് നികുതി കുറക്കണം, ജിഎസ്ടിക്ക് കീഴില്‍ ഇന്ധവില കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ എക്‌സൈസ് തീരുവ കുറക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രധാന റവന്യൂ വരുമാനമാണ് പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള നികുതി. കഴിഞ്ഞ നാലര വര്‍ഷത്തില്‍ 12 ലക്ഷം കോടിയാണ് ഇതില്‍ നിന്നും സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നികുതി കുറച്ചാല്‍ അത് സര്‍ക്കാരിന്റെ ധന മാനേജ്‌മെന്റിനെ ബാധിക്കുമെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment