ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായി വിലങ്ങ് ഒരുക്കി വെക്കേണ്ട; ചോദ്യം ചെയ്യാനാണെങ്കില്‍ മാത്രം പോലീസുമായി സഹകരിക്കാമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ മന്‍‌ദീപ് സിംഗ് സച്ച്ദേവ്

franco-830x412ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡന കേസില്‍ കേരള പോലീസിനു മുമ്പാകെ ഹാജരാകണമെന്നുള്ള സമന്‍സ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ് സച്ച്ദേവ്. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ ബിഷപ്പ് പൊലീസുമായി സഹകരിക്കുമെന്നും കസ്റ്റഡിയില്‍ എടുക്കാനാണ് ഉദ്ദേശമെങ്കില്‍ ജാമ്യത്തിന് നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സുപ്രിം കോടതി വരെ പോകാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബിഷപ്പിനെ കേസില്‍ കുടുക്കാനാണ് ശ്രമം. നാളെ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തിയതിന് ആര് ഉത്തരവാദിത്തം പറയും’, മന്‍ദീപ് ചോദിച്ചു. ഈ മാസം 19ന് ഹാജരാകണമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പൊലീസ് സമന്‍സ് അയച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതേസമയം അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം കോടതി തളളി. പരാതിക്കാരിയായ കന്യാസ്ത്രീ കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്.

കേസിൽ പൊലീസിന്റെ ഇതുവരെയുളള അന്വേഷണ പുരോഗതി റിപ്പോർട്ട് അടങ്ങിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. “അറസ്റ്റല്ല, തെളിവാണ് പ്രധാനം. അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുമ്പോൾ കുറ്റസമ്മത മൊഴി മാത്രം പോര. തെളിവുകളാണ് വേണ്ടത്. അറസ്റ്റടക്കമുളള കാര്യങ്ങൾ പൊലീസിന് തീരുമാനിക്കാം. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ല. 19 ന് ബിഷപ് ഹാജരായ ശേഷം 24 ന് കേസ് വീണ്ടും പരിഗണിക്കാം എന്നും കോടതി പറഞ്ഞു.

പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇന്നലെ ഐജി വിജയ് സാഖറെയും ഇത് തന്നെയാണ് പറഞ്ഞത്. കേസ് റജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തോളമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ കേസിൽ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും വളരെ പഴയ കേസായതിനാൽ ഇതിൽ ഏറെ ബുദ്ധിമുട്ടുകളുണ്ടെന്നും പൊലീസ് കോടതിയോട് പറഞ്ഞു.

പരാതിക്കാരിയും സാക്ഷികളുമായ കന്യാസ്ത്രീകളുടെയും സുരക്ഷയ്ക്കായി ശക്തമായ നടപടികൾ കൈക്കൊണ്ടതായി പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം കോടതി നീതി നിഷേധിക്കുന്നതായാണ് തുടർച്ചയായ ആറാം ദിവസവും ഈ വിഷയത്തിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചത്.

ഇതിന് മുൻപ് ഓഗസ്റ്റ് 13 നാണ് കേരള ഹൈക്കോടതിയിൽ അന്വേഷണ സംഘം സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്ന് പൊലീസ് നിലപാട് അറിയിച്ചത്. എന്നാൽ പിന്നീട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ മടങ്ങി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എന്തുകൊണ്ടാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കോട്ടയം ഡിവൈഎസ്‌പി എസ്.സുഭാഷ് ഇതുവരെയുളള കേസിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment