ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ സെപ്ടംബര്‍ സമ്മേളനം 9-ാം തീയതി ഞായര്‍ 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ കേരളാ കിച്ചന്റെ മീറ്റിംഗ് ഹാളില്‍ നടത്തപ്പെട്ടു. തോമസ് കളത്തൂര്‍ അവതരിപ്പിച്ച ‘സന്തോഷത്തിന്റെ സമവാക്യങ്ങള്‍’ എന്ന പ്രബന്ധമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ജി. പുത്തന്‍കുരിശ് ആയിരുന്നു മോഡറേറ്റര്‍.
സമ്മേളനത്തിന്റെ തുടക്കമായി അടുത്ത സമയത്ത് അന്തരിച്ച ഇന്ന്ത്യയുടെ മുന്‍ പ്രധാനമന്ത്രി വാജ്പയ്, പ്രശസ്ത കവി ചെമ്മനം ചാക്കൊ, കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ മരണപ്പെട്ടവര്‍ക്കും വേണ്ടി ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് മൗനമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മണ്ണിക്കരോട്ടിന്റെ ഹൃസ്വമായ ആമുഖ പ്രസംഗത്തെ തുടര്‍ന്ന് തോമസ് കളത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. “കുട്ടികളുടെ മനസ്സ് ചിത്രശലഭങ്ങളെപ്പോലെ പാറി സന്തോഷിക്കാന്‍ കഴിയുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സമൂഹത്തെ ഒരുക്കാന്‍ നമുക്കു കഴിയണം. അപ്പോള്‍ അവരും അതേ പാത പിന്തുടരും. ജാതിയുടെയും മതത്തിന്റെയും മതില്ക്കെട്ടുകള്ക്കിള്ളില് അടച്ചിടാനുള്ള സാഹചര്യം ഉണ്ടാക്കരുത്. ഹിന്ദുവൊ ക്രിസ്ത്യാനിയൊ മുസല്മാനൊ ആയി വളരാതെ മനുഷ്യരായി അവര്‍ വളരട്ടെ.” കളത്തൂര്‍ അറിയിച്ചു.
ഈ സന്ദേശം സമൂഹത്തിനു മാറ്റം വരുത്താന്‍ കഴിയും വിധം വിജയപ്രദമാക്കുന്നതിന് കുടുംബത്തിനാണ് പ്രധാന ഉത്തരവാദിത്വം. കുടുംബത്തിന്റെ ഈ ഉത്തരവാദിത്വം പഴയതും പുതിയതുമായ സാഹചര്യങ്ങളും രീതികളും വിലയിരുത്തിക്കൊണ്ട് പ്രബന്ധകാരന് വെളിപ്പെടുത്തി. ജി. പുത്തന്‍കുരിശ് നിയന്ത്രിച്ച ചര്‍ച്ചയില്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നവര്‍ സജീവമായി പങ്കെടുത്തു. സദസ്യരുടെ വിഷയത്തോടനുബന്ധിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ചയ്ക്ക് തനതായ ഊര്‍ജ്ജം പകര്‍ന്നു. പ്രബന്ധത്തിന്റെ ശീര്‍ഷകവും വാചകഘടനയുമൊക്കെ ക്രിയാത്മകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന സാഹിത്യകാരനും കവിയുമായ ഈശൊ ജേക്കബ് എഴുതിയ ‘ഡേര്‍ട് ഈസ് നോട് എ ഡേര്‍ടി തിംങ്ങ്’ എന്ന ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. ചെളി നാം വിചാരിക്കുന്നതുപോലെ അത്രയ്ക്കും മോശമായ വസ്തു അല്ല, അത് നമ്മുടെ ജീവിതത്തില്‍നിന്നു പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ കഴിയാത്തവിധം കെട്ടുപുണര്‍ന്നു കിടക്കുന്നു. സദസ്യരുടെ ചിന്തയ്ക്ക് മാറ്റം വരുത്താനും അത് മറ്റൊരു തലത്തിലേക്ക് നയിക്കാനും ഈ കവിതയ്ക്ക് കഴിഞ്ഞെന്ന് എല്ലാവരും വിലയിരുത്തി. നാം കാണുന്ന നിസാരമെന്നു കരുതുന്ന വസ്തുക്കള്‍പോലും എപ്പോഴും നിസാരമായിരിക്കുകയില്ല, ആവശ്യം വരും, പ്രയോജനം ചെയ്യും എന്നൊക്കെ ഈ കവിത തെളിയിക്കുകയായിരുന്നു.
തുടര്‍ന്നുള്ള പൊതുചര്‍ച്ചയില്‍ എല്ലാവരും സജിവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന് മാത്തുള്ള, ഈശൊ ജേക്കബ്, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളില്‍, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply