ഐ‌എസ്‌ആര്‍‌ഒ ചാരക്കേസില്‍ നിര്‍ണ്ണായക വിധി; 50 ലക്ഷം രൂപ നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം നല്‍കണം; സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം; പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ്

nambi and supremeന്യൂഡല്‍ഹി: ഒടുവില്‍ നമ്പി നാരായണന് നീതി ലഭിച്ചു. ഐ‌എസ്‌ആര്‍‌ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ മനഃപ്പൂര്‍‌വ്വം കുടുക്കിയതാണെന്ന ധ്വനിയോടുകൂടിയാണ് സംസ്ഥാന സര്‍ക്കാരിനേയും അന്നത്തെ ഡിജിപി സിബി മാത്യൂസിനേയും സിബി‌ഐയെയും രൂക്ഷഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചത്. 32 പേജുള്ള വിധിന്യായത്തില്‍ പൊലീസ് നടപടികള്‍ ദുരുദ്ദേശപരമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 50 ദിവസം നമ്പി നാരായണന് കസ്റ്റഡിയില്‍ യാതനകള്‍ അനുവഭിക്കേണ്ടി വന്നത്. പൊലീസ് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. സിബിഐ അന്വേഷണത്തില്‍ തന്നെ അറസ്റ്റിനെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ച്ചപ്പാടില്‍ കാണേണ്ട കാര്യമല്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി നടപടി ലളിതവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

നമ്പി നാരാരായണനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതിന് തടസമില്ല. കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ചപ്പാടില്‍ കാണേണ്ട കാര്യമല്ല.ഭൂതകാലത്തെ എല്ലാ മഹത്വംവും വെടിഞ്ഞ് അറപ്പുണ്ടാക്കും വിധമുള്ള പെരുമാറ്റം നമ്പി നാരാരായണന് നേരിടേണ്ടി വന്നു.

പൊലീസ് സ്റ്റേഷന്റെ നാലു ചുമരിനകത്തോ ലോക്കപ്പിലോ ആയ ആളുടെ മാനസിക പീഡനവും പരിഗണിക്കണം. ശാരീരിക വേദനകള്‍ മാത്രമല്ല, മാനസിക പീഡനവും പരിഗണിക്കപ്പെടണം. ഒരാളുടെ പ്രശസ്തി എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്പി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പൊലീസിന്റെ അമിത ബലപ്രയോഗം സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി ഇതേപ്പറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്.

ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വയ്കാമെന്ന പൊലീസിന്റെ നിരുത്സാഹ കാര്യമായ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നു.

മാനസികമായ പീഡനത്തിന് വിധേയമാക്കുമ്ബോള്‍ ഒരാളുടെ അന്തസിന് ആഘാതം എല്‍ക്കുകയാണ്. വകാതിരിവില്ലാത്ത നടപടിയിലൂടെ തന്റെ ആത്മാഭിമാനം കുരിശിലേറ്റിയെന്നു ഒരാള്‍ക്ക് തോന്നുമ്ബോള്‍ ഒരു മനുഷ്യന്‍ നീതിക്കായി കേഴുകയാണ്. പൊതു നിയമ വകുപ്പുകള്‍ പ്രകാരം അപ്പോള്‍ നഷ്ടപരിഹാരം അനുവദിക്കാം. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി സ്യൂട്ട് ഉണ്ടെങ്കിലും ഭരണഘടനാ കോടതിക്ക് പൊതു നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സമില്ല.

നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷനു അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയത് മുന്‍ ഡിജിപി സിബി മാത്യൂസ്: നമ്പി നാരായണന്‍

nambi1ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണ്ണായക വിധിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുന്‍ ഡിജിപി: സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്ന് നമ്പിനാരായണന്‍ പറഞ്ഞു. എന്തുചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്.

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് ശിക്ഷ തന്നെയാണ്.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്. അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു . കേന്ദ്ര,സംസ്ഥാന പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്.

വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ ഡിജിപി: സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമെന്ന് മുന്‍ ഡിവൈഎസ്പി ജോഷ്വ പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണവുമായി അറിയാവുന്ന കാര്യങ്ങള്‍ പങ്കിടാന്‍ തയാറാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. സിബി മാത്യൂസുമായി അടുപ്പമുള്ളത് ആര്‍ക്കാണെന്ന് അന്വേഷിച്ചാല്‍ മാത്രം മതി. അത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാകുമെന്നും പത്മജ പറഞ്ഞു.

വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

ummenഐഎസ്ആര്‍ഒ ചാരക്കേസിലെ വിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ, നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന കരുണാകരന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment