വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (അദ്ധ്യായം 4)

Vyazhavattam -4 banner1മകനെ സ്‌കൂളില്‍ വിടുന്നത് വലിയ പ്രയത്‌നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്‌കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ പണിക്കാരി ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്‌കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്റെ സ്‌ക്കൂളില്‍…അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേ ഏ സി യുള്ളൂ. അവിടേം ചൂട്… അവന്‍ ഇന്റര്‍ വെല്ലില്‍ ഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും അടുത്ത ക്ലാസ് തുടങ്ങുകയായി. മര്യാദയ്ക്ക് ചവച്ചിറക്കാനോ വെള്ളം കുടിയ്ക്കാനോ പറ്റില്ല.

പോണ്ടാ… പോണ്ടാ എന്ന് അവന്‍ എല്ലാ ദിവസവും രാവിലെ കരഞ്ഞുകൊണ്ട് ഉറക്കെ അലറും.

അവള്‍ നിര്‍ബന്ധിച്ച് ബലം പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ച് തയാറാക്കും. അവന്‍ പഠിയ്‌ക്കേണ്ടത് അവളുടെ മാത്രം ആവശ്യമായിരുന്നു. അവന്റെ പോലും ആയിരുന്നില്ല. അയാള്‍ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസപദ്ധതിയോട് എതിര്‍പ്പായിരുന്നു. അതുകൊണ്ട് അവന്‍ സ്‌കൂളില്‍ പോകണമെന്നോ പഠിയ്ക്കണമെന്നോ അയാള്‍ ഒരിയ്ക്കലും പറഞ്ഞില്ല. അച്ഛന്‍ പോകാന്‍ പറയുന്നില്ലല്ലോ പിന്നെ അമ്മ മാത്രം എന്തിനു നിര്‍ബന്ധിക്കുന്നു എന്നായിരുന്നു മകന്റെ രോഷം.

അവള്‍ തോറ്റു. എന്നും തല്ലിയും വഴക്കു പിടിച്ചും ‘ സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി മകനെ സ്‌ക്കൂളില്‍ വിടാന്‍ അറിയാത്ത നീയൊക്കെ ഒരു അമ്മയാണോ’ എന്ന് അയാള്‍ അവളെ ചീത്ത വിളിക്കുന്നത് കേട്ടും കുഞ്ഞിനെ സ്‌കൂളില്‍ വിടാന്‍ പറ്റുമോ?

Echmu 2018ടീച്ചര്‍മാരുടെ സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി. കാര്യങ്ങള്‍ മനസ്സിലാക്കി ക്ലാസ്സില്‍ അവര്‍ കൂടുതല്‍ കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പതുക്കെപ്പതുക്കെ പോവാന്‍ തയാറായി. എന്നാലും രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായിരുന്നു.

അവനെ പഠിപ്പിക്കാനുള്ള യുദ്ധം എന്നും അവള്‍ക്ക് മടുക്കാതെ നയിക്കേണ്ടി വന്നു. വൈകീട്ട് അവന്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അവന്റെ പണിക്കാരിചേച്ചി ഹോം വര്‍ക്കെല്ലാം ചെയ്യിച്ച് കളിക്കാന്‍ കൊണ്ട് പോകും.. അമ്മ ജോലികഴിഞ്ഞു വരുന്നത് അവന്‍ ഗ്രൌണ്ടില്‍ നിന്നേ കാണും. അപ്പോള്‍ അവന്‍ ചിരിക്കും. സ്വര്‍ഗ്ഗീയമായ ഒരു കാഴ്ചയായിരുന്നു അവള്‍ക്കത്.

അവന്‍ ആദ്യം കാണാതെ പഠിച്ച മൊബൈല്‍ നമ്പര്‍ അവന്റെ അമ്മയുടേതായിരുന്നു. ഏതുറക്കത്തിലും അതവനു തെറ്റാതെ പറയാന്‍ കഴിഞ്ഞിരുന്നു. എത്ര വയ്യെങ്കിലും അത് ഡയല്‍ ചെയ്യാനും കഴിഞ്ഞിരുന്നു. അമ്മ വരാന്‍ വൈകിയാല്‍ അവന്‍ ഉടനെ ഡയല്‍ ചെയ്യും …’ എന്താ വരാത്തത്? എപ്പോള്‍ വരും ? ‘ ഓരോ അയ്യഞ്ചു മിനിറ്റിലും വിളിക്കും…

എല്ലാ പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്കും കോണ്‍ഫ്രന്‍സുകള്‍ക്കും നടുവില്‍ അവന്റെ ഫോണ്‍ വിളി ഉയരും.

അമ്മ പറഞ്ഞ സമയത്ത് മടങ്ങിയെത്താത്തത് അവനോടുള്ള സ്‌നേഹക്കുറവാണെന്ന് അവന്‍ പതുക്കെപ്പതുക്കെ വ്യാഖ്യാനിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് സങ്കടം വരുമായിരുന്നു. അത് അവളുടെ ഓഫീസിലെ തിരക്കുകൊണ്ടാണെന്ന് അയാള്‍ ഒരിക്കലും അവനു പറഞ്ഞു തിരുത്തിക്കൊടുത്തതുമില്ല.അവള്‍ക്ക് ജീവിതത്തെ നേരിടാനുള്ള ഏറ്റവും വലിയ പ്രതീക്ഷയും പ്രചോദനവും അവന്‍ മാത്രമായിരുന്നുവെന്നത് അയാള്‍ക്ക് അസഹനീയമായ കണ്‍കുരുവായിരുന്നു അക്കാലങ്ങളില്‍.

അവളുടെ ജോലിത്തിരക്കോ ചുമതലകളോ ഒന്നും മനസ്സിലാക്കാന്‍ അവനു സാധിച്ചിരുന്നില്ല. അമ്മയെച്ചൊല്ലി അഭിമാനം കൊള്ളാന്‍ അച്ഛന്‍ ഒരു കാരണവും അവന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നില്ലല്ലോ. അവന്റെ കൂട്ടുകാരുടെ അമ്മമാരാണെങ്കില്‍ വീട്ടിലിരിക്കുന്നവരോ അല്ലെങ്കില്‍ ടീച്ചര്‍മാരോ ഓഫീസ് ജോലിക്കാരോ ആയിരുന്നു. അവരൊക്കെ നേരത്തെ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമായിരുന്നു. അതുകൊണ്ടു തന്നെ അമ്മ എന്നാല്‍ അവനു സേവനം ചെയ്യാനുള്ള ഒരു ജോലിക്കാരി മാത്രമാണെന്നും ജോലിക്കാരിക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നും പാടില്ലെന്നും പതുക്കെപ്പതുക്കെ പ്രഖ്യാപിക്കാന്‍ അവന്‍ ശീലിച്ചു.

‘അമ്മയ്ക്ക് എന്നോട് ഇഷ്ടമുണ്ടെങ്കില്‍ …’എന്ന ഉപാധി വെയ്ക്കല്‍ അവനു കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരുന്നത് അങ്ങനെയായിരുന്നു.

അവന് പഠിയ്ക്കാന്‍ മാത്രമല്ല, കളിയ്ക്കാനും താല്‍പര്യമുണ്ടാവണമെന്ന് അവള്‍ക്ക് ആശയുണ്ടായിരുന്നു. ചെസ്സ് കളിയ്ക്കാന്‍ അവനു വലിയ മിടുക്കുണ്ടെന്ന് അവള്‍ കണ്ടെത്തി. അതിനവള്‍ ഒരു സാറിനേയും ഏര്‍പ്പെടുത്തി. മൂവുകള്‍ ശീലിപ്പിക്കാന്‍..ഗെയിമുകള്‍ ഹോം വര്‍ക്കായി പഠിപ്പിക്കാന്‍.. സാറിനെ അവനു ഇഷ്ടമായിരുന്നു. അവന്‍ സാറിന്റെ വരവ് കാത്തിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് ആ ദുരിതമുണ്ടായത്.

അവന്റെ അച്ഛനും സാറുമായി വലിയ വഴക്കുണ്ടായി. സാറിനു ചെസ്സറിയില്ലെന്ന് അച്ഛനും തന്നെക്കാള്‍ കൂടുതല്‍ നന്നായി ചെസ്സ് കളിയ്ക്കാന്‍ വിശ്വനാഥന്‍ ആനന്ദിനു പോലും കഴിയില്ലെന്നും സാറും സിദ്ധാന്തിച്ചു. അതിനുശേഷം സാറിനെ കഴുത എന്ന് വിളിയ്ക്കാനാണ് അവന്റെ അച്ഛന്‍ മുതിര്‍ന്നത്. തന്നെയുമല്ല സാര്‍ വരുമ്പോള്‍ വാതില്‍ കൊട്ടിയടച്ച് അകത്തിരിക്കുന്നതായി അച്ഛന്റെ രീതി. അത് അവനു തീരെ ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അമ്മ ഒപ്പമിരിക്കണമെന്ന് അവന്‍ വാശി പിടിച്ചു.

അവള്‍ക്ക് വഴങ്ങാതിരിക്കാന്‍ പറ്റുമോ?

ഭര്‍ത്താവിനു അവളോട് ദേഷ്യപ്പെടാന്‍ മറ്റൊരു കാരണം കൂടി അങ്ങനെ കിട്ടി.

അച്ഛന്റെ പൂര്‍ണ നിസ്സഹകരണത്തിലും അവന്‍ ചെസ്സില്‍ മിടുക്കനായി. അവനു സ്‌കൂളില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന പേരുണ്ടായി .

എങ്കിലും ചെസ്സ് സാറിന്റെ പേരില്‍ നിത്യമുണ്ടായിക്കൊണ്ടിരുന്ന വഴക്കും ചീത്തവിളിയും അവളേയും മകനേയും സാറിനേയും ഒരുപോലെ മടുപ്പിച്ചു.

സാറിനും വാശിയായിരുന്നു, മകന്റെ അച്ഛനെ ബഹുമാനിക്കില്ലെന്ന്..

അങ്ങനെ അവന്റെ ചെസ്സ് പഠിത്തം സാറിന്റെ വരവ് നിലച്ചതോടെ അവസാനിച്ചു.

പിന്നെ അവള്‍ അവനെ കരാട്ടെ ക്ലാസ്സില്‍ ചേര്‍ത്തു. പണം ചെലവാക്കുന്നതില്‍ അയാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ, അവള്‍ക്കായിട്ട് ഒന്നും വേണമെന്ന് പറയാത്ത അവളുടെ ആ സന്യാസമനസ്ഥിതി അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് മകനായി ഫീസ് കൊടുക്കുന്നതില്‍ അയാള്‍ കുറച്ചു കാലം മൌനിയായി.

കരാട്ടെ അവനിഷ്ടമായി. അവളും അതില്‍ പങ്കെടുത്തു. അവനെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി ആരംഭിച്ചതാണെങ്കിലും അവള്‍ക്ക് കരാട്ടെ ക്ലാസ് സന്തോഷം നല്‍കി.

കരാട്ടെയും കുങ്ഫൂവും കളരിപ്പയറ്റുമൊക്കെ അനാവശ്യമായ ഏര്‍പ്പാടുകളാണെന്ന് അയാള്‍ വാദിച്ചു തുടങ്ങി. ഇന്നത്തെ ജനാധിപത്യ ലോകത്ത് അതിന്റെ ആവശ്യമില്ല. അതൊക്കെ രാജഭരണകാലത്താണ് വേണ്ടിയിരുന്നത്.

പിന്നെ എന്തു പഠിയ്ക്കാന്‍ പോകുമ്പോഴും ഉണ്ടാവുമല്ലോ അതിന്റേതായ ബുദ്ധിമുട്ടുകള്‍ . അവന്‍ ഒരു ചെറിയ ബുദ്ധിമുട്ട് അവതരിപ്പിച്ചാല്‍ ‘ എന്റെ മക്കളു പഠിയ്‌ക്കേണ്ട, ഇത്ര കഷ്ടപ്പെടണ്ട, നിന്റെ അമ്മയ്ക്ക് വട്ടായിട്ടാണ് നിന്നെ ഇതിനൊക്കെ വിട്ട് കഷ്ടപ്പെടുത്തുന്നത് ‘ എന്ന് എപ്പോഴും ആവര്‍ത്തിക്കുന്നതായിരുന്നു അയാളുടെ ശീലം.

മകനു അച്ഛന്‍ പറയുന്നത് കേട്ട് അമ്മയ്ക്ക് ശകലം വട്ടുണ്ടോ എന്ന സംശയവും അതനുസരിച്ച് മടിയും കൂടി വന്നു. അവന്‍ കരാട്ടേ ക്ലാസ്സില്‍ പോകാതെയായി.

അവള്‍ യുവരാജ് ക്രിക്കറ്റ് അക്കാഡമിയില്‍ മകനെ ചേര്‍ത്തു. അവിടെയുള്ള ഇന്‍സ്ട്രക്ടര്‍ മാര്‍ വിഡ്ഡികളാണെന്ന് അവിടെ പഠിക്കാന്‍ വരുന്ന കുട്ടികള്‍ അഹങ്കാരികളാണെന്ന് അയാള്‍ എന്നും പ്രഖ്യാപിച്ചുപോന്നു.

കൂടുതല്‍ മിടുക്കരായ കുട്ടികള്‍ അവിടെ ഉണ്ടെന്നറിഞ്ഞ് മകനും വിഷമമായി. അവരെ നേരിടാന്‍ അവനു ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. തന്നെയുമല്ല ഞാനെന്തിനു അവര്‍ക്കൊപ്പം കളിച്ച് തോല്‍ക്കണം എന്നായി അവന്റെ ചോദ്യം. കുട്ടികള്‍ ആണെങ്കില്‍ കറുത്തവന്‍ എന്നതുകൊണ്ടും കൈകാലുകളിലെ രോമങ്ങള്‍ കൊണ്ടും അവനെ സാധിക്കുമ്പോഴെല്ലാം കരടി എന്ന് വിളിച്ചു.

അവന്റെ അച്ഛന്‍ കൃത്യമായി അവളുടെ കറുത്ത നിറത്തേയും അവളുടെ ദേഹത്തുള്ള രോമങ്ങളേയും കാരണമായി അവനു വിശദീകരിച്ചു കൊടുത്തു.
അമ്മ വെളുക്കണമെന്ന് അവന്‍ വാശി പിടിയ്ക്കാന്‍ തുടങ്ങി. അമ്മയുടെ കൈകാലുകളില്‍ രോമങ്ങള്‍ കാണുമ്പോള്‍ അവനു അറയ്ക്കുന്നു എന്നുമവന്‍ പറഞ്ഞു. അമ്മ കാരണം അവന്‍ അനാവശ്യമായി അപമാനിതനാകുന്നു എന്ന സങ്കടം അവനില്‍ ആദ്യമായി ജനിച്ചത് അങ്ങനെയാണ്. അമ്മ ദളിതാണെന്നും അവന്‍ വിശ്വസിച്ചു. ദളിതാവുന്നത് അറപ്പുണ്ടാവേണ്ട ഒരു കാര്യമാണെന്ന് അയാള്‍ അവനെ ബോധ്യമാക്കിയിരുന്നു.

വെളുത്ത അച്ഛന്‍ എന്തിനു കറുത്ത ദളിത് അമ്മയെ കല്യാണം കഴിച്ചു എന്ന് അവന്‍ ചോദിച്ചപ്പോള്‍ അയാള്‍ സങ്കടത്തോടെ, വിങ്ങുന്ന തൊണ്ടയോടെ ആ കഥയും അവനു പറഞ്ഞുകൊടുത്തു.

മുപ്പത്തിനാലു വയസ്സായിട്ടും കല്യാണം നടക്കാതെ തലമുടീം നരച്ചു പൂപ്പല്‍ പിടിച്ചിരിക്കുകയായിരുന്നു അവന്റെ അമ്മ. കറുപ്പ് നിറവും ദളിതരുടെ മുഖച്ഛായയും ആയതുകൊണ്ട് ആരും അമ്മയെ കല്യാണം കഴിച്ചില്ല. അപ്പോള്‍ അച്ഛന് പാവം തോന്നി. എന്നു വെച്ച് അമ്മയ്ക്ക് ഭംഗിയുണ്ടെന്ന് പറയാനൊന്നും അച്ഛനു പറ്റില്ല. അച്ഛന്‍ കള്ളം പറയില്ല … എന്തു കാര്യത്തിനായാലും..പക്ഷെ, അമ്മയ്ക്ക് അച്ഛന്‍ ജീവിതം കൊടുത്തതിലുള്ള ആ നന്ദി ഇല്ല. കല്യാണത്തിനു ചൊല്ലുന്ന മന്ത്രങ്ങളില്‍ പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനോട് പെണ്ണ് എങ്ങനെയൊക്കെ കടപ്പെട്ടിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. അമ്മ അതൊന്നും ചെയ്യുന്നേയില്ല.

അവനു അച്ഛനോട് കഷ്ടം തോന്നി.. എന്തൊരു വലിയ നഷ്ടമാണ് അച്ഛനു പറ്റിയത്. അമ്മയ്ക്ക് കുറച്ചും കൂടി ഭംഗിയുണ്ടായിരുന്നെങ്കില്‍, നിറമുണ്ടായിരുന്നെങ്കില്‍ അവനേയും ആരും കരടി എന്ന് വിളിക്കില്ലായിരുന്നു. അവനും അവന്റെ അച്ഛനും ചുന്തരന്മാര്‍… ഉയര്‍ന്ന ജാതിക്കാര്‍… അമ്മ ചീത്ത … ദളിത.

അവന്‍ പതുക്കെപ്പതുക്കെ ക്രിക്കറ്റ് പഠിത്തം ഉപേക്ഷിച്ചു.

പിന്നെ അവള്‍ അവനെ നീന്തലിനു വിട്ടു. വെറുതേ വീട്ടില്‍ കുത്തിയിരുന്ന് ടി വിയും കണ്ട് ജങ്ക് ഫുഡും കഴിച്ച് ഒരു തൊളസൂറാനായി അവന്‍ മാറരുതെന്നായിരുന്നു അവളുടെ മോഹം. ഒപ്പം തന്നെ സ്‌കേറ്റിംഗും പരിശീലിപ്പിച്ചു.

നീന്തലില്‍ അവനു ശരിയ്ക്കും താല്‍പര്യമുണ്ടായിരുന്നു.

സ്‌കേറ്റിംഗില്‍ സബ് ജൂനിയര്‍ ലെവലില്‍ അവന്‍ ഗോള്‍ഡ് മെഡല്‍ നേടി.

അപ്പോഴേക്കും അയാള്‍ ജോലി ഒന്നും ചെയ്യാതായിരുന്നു. ഫുള്‍ റ്റൈം ഷെയര്‍ മാര്‍ക്കറ്റ് തന്നെ ശരണം. രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവാക്കി.. ഫേസ് ബുക്കില്‍ മറ്റൊരാളായി മാറി അയാള്‍ ലോകത്തിനു പല ഉപദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. ഫേസ് ബുക്കിനു അങ്ങനൊരു മെച്ചമുണ്ടല്ലോ. ഏതു കള്ളനും അതില്‍ സത്യസന്ധനായി പ്രത്യക്ഷപ്പെടാം. ഏതു കൊള്ളക്കാരനും ദാനധര്‍മിഷ്ഠനാകാം.

ഷെയര്‍ മാര്‍ക്കറ്റ് അതിസുന്ദരിയായ ഒരു പെണ്ണിന്റെ ആഴമേറിയ പൊക്കിള്‍ ചുഴി പോലെ അയാളെ ആസക്തിയില്‍ വലിച്ചു താഴ്ത്തിക്കൊണ്ടിരുന്നു. ആസക്തി ഏറും തോറും അതില്‍ ലാഭങ്ങള്‍ കുറഞ്ഞു വന്നു എന്ന് മാത്രമല്ല…

അയാള്‍ നിക്ഷേപിച്ച രൂപയും അവള്‍ കൊടുത്ത നാലു ലക്ഷം രൂപയും യാതൊരു ദയയുമില്ലാതെ ഷെയര്‍ മാര്‍ക്കറ്റ് അതിന്റെ അഗാധമായ പെരുംചുഴിയില്‍ മുക്കിക്കൊന്നു.

വിവരം അറിഞ്ഞപ്പോള്‍ അവള്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഇടിവെട്ടേറ്റതു പോലെ സ്തബ്ധയായി നിന്നു പോയി.

അവള്‍ കൊടുത്ത നാലു ലക്ഷം പോയെന്ന് മാത്രമേ അയാള്‍ അവളോട് പറഞ്ഞുള്ളൂ. അയാള്‍ സമ്പാദിച്ച പണം എത്ര നഷ്ടമായെന്ന് അയാള്‍ ഒരിക്കലും ഒരു കാലത്തും അവളോട് തുറന്ന് പറഞ്ഞില്ല.

അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പ്രൊഫഷണല്‍ ലൈഫില്‍ അവള്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഓരോ പടിയും കയറിയതെന്ന് അവള്‍ വിളിച്ചു പറഞ്ഞു.

വെറും ആയിരം രൂപ ശമ്പളത്തിനു ആദ്യം ട്രെയിനിംഗിനു നിന്ന ഓഫീസിനെപ്പറ്റിയും പെണ്ണായതുകൊണ്ട് സൈറ്റ് വര്‍ക്കിനു അനുയോജ്യയല്ല എന്ന് അവളെ ഒഴിവാക്കിയ, ഇന്ത്യ മുഴുവന്‍ പേരുകേട്ട കണ്‍സള്‍ട്ടന്‍സിയേയും പറ്റി പറയുമ്പോള്‍ അവള്‍ക്ക് വായ കയ്ച്ചു.

ഡ്രോയിംഗ് ട്രേസ് ചെയ്യുന്നതു മുതല്‍ ഫോട്ടൊകോപ്പി എടുക്കാനും ഡ്രോയിംഗ് മടക്കി വെയ്ക്കാനും വരെ പരിശീലിക്കേണ്ടി വന്ന വിവിധ ഓഫീസുകളിലെ അടിമ ജീവിതത്തെപ്പറ്റി അവള്‍ വിങ്ങിപ്പൊട്ടി.

സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ സൈറ്റില്‍ വര്‍ക് ചെയ്യാന്‍ ഒരു പെണ്ണിനൊരിക്കലും സാധിക്കില്ലെന്ന്, കോണ്‍ട്രാക്ടര്‍മാരെ നിലയ്ക്ക് നിറുത്താന്‍ കഴിയില്ലെന്ന് വമ്പ് പറഞ്ഞു അവളെ ചവുട്ടിത്താഴ്ത്തിയിരുന്നത് ഓര്‍മ്മിച്ച് അവള്‍ വേദനിച്ചു. അവള്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ പറ്റില്ലെന്നും വന്‍ കിട ഉയരങ്ങളും ആഴം കൂടിയ താഴ്ചകളും കോടികളില്‍ മറിയുന്ന തുകകളും കാണുമ്പോള്‍ പെണ്ണായ അവള്‍ക്ക് തലചുറ്റുമെന്നും ബോധക്കേടു വരുമെന്നും പരിഹസിച്ചവരെ പറ്റി വിളിച്ച് കൂവുമ്പോള്‍ വികാരഭാരം കൊണ്ട് അവളുടെ തൊണ്ടയിടറി.

ഒരു പെണ്ണിനു ഒരിയ്ക്കലും എന്‍ ജിനീയറിംഗില്‍ ആണിനൊപ്പം തിളങ്ങാന്‍ കഴിയില്ലെന്ന് ബെറ്റ് വെച്ച അവളുടെ സഹപ്രവര്‍ത്തകരെ സ്വന്തം അറിവു കൊണ്ട് കീഴ്‌പ്പെടുത്താന്‍ എത്രമാത്രം പ്രയത്‌നിക്കേണ്ടി വന്നുവെന്ന് അവള്‍ ഏങ്ങലടിച്ചു.

അങ്ങനെ ഒരടി മുന്നിലേക്കും രണ്ടടി പിന്നിലേക്കും വെച്ച് അവള്‍ മെല്ലെ മെല്ലെ പണിതുയര്‍ത്തിയ ഔദ്യോഗിക ജീവിതത്തിന്റെ വിയര്‍പ്പൂറുന്ന പ്രതിഫലമായിരുന്നു ആ നാലുലക്ഷം രൂപ. അതു തുലച്ചു കളഞ്ഞത് അവള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല.

അയാള്‍ ടി വിയി ല്‍ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്യുന്ന 500 രൂപ വിലയുള്ള സല്‍വാര്‍ കമ്മീസുകള്‍ മാത്രമേ അവള്‍ വിവാഹശേഷം ധരിച്ചിട്ടുള്ളൂ. അവള്‍ ഒരു മദ്യ സല്‍ക്കാരവും ലഞ്ചും അത്താഴവിരുന്നും ഹൈ ടീയും സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി പണം ധൂര്‍ത്താക്കീട്ടില്ല. തനിഷ്‌ക്ക് പോലെയുള്ള ചില സ്വര്‍ണക്കടകളിലെ ഇന്‍സ്റ്റാള്‍ മെന്റുകളില്‍ ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. അതും അവളുടെ കല്യാണത്തിനു വീട്ടില്‍ നിന്ന് കിട്ടിയതും എല്ലാം ചേര്‍ത്ത് ലോക്കറില്‍ വെച്ചിരിക്കുകയാണെങ്കിലും ലോക്കറിന്റെ താക്കോല്‍ അയാളുടെ പക്കലാണ്. ലോക്കറില്‍ അയാളുടെ പേരും ഉള്ളതുകൊണ്ട് അത് അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തുറക്കാം. മുപ്പത്തഞ്ചോ നാല്‍പതോ രൂപയുടെ അടിവസ്ത്രങ്ങള്‍ മാത്രമേ അവള്‍ ഉപയോഗിച്ചിട്ടുള്ളൂ. അവളൂടെ പോലെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അവളിപ്പോള്‍ ജോലി ചെയ്യുന്ന വലിയ കമ്പനിയില്‍ ആരും വരുന്നില്ല.
‘ മാഡത്തിനെന്തിനാണ് ശമ്പളം ?’ എന്ന് അവളുടെ സഹപ്രവര്‍ത്തകര്‍ തമാശയായും കാര്യമായും ചോദിക്കുമായിരുന്നു.

ഉറുമ്പ് ആഹാരം തേടുന്ന മാതിരി അവള്‍ സൂക്ഷിച്ചു സമ്പാദിച്ച ആ നാലു ലക്ഷം രൂപ ഇങ്ങനെ അപ്രത്യക്ഷമായതില്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി.

അവളുടെ കരച്ചിലും ഹിസ്റ്റീരിയയും ഒന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല. ആണുങ്ങളായാല്‍ ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടം വന്നെന്നിരിക്കും. അപ്പോള്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നതിനു പകരം അവളുടെ പൈസ നഷ്ടമാക്കി എന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയാണോ വേണ്ടത് ? അയാള്‍ കള്ളു കുടിയ്ക്കുകയോ പെണ്ണ് പിടിയ്ക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ.

അവള്‍ കോപം കൊണ്ട് വിറച്ചു.

ആയിരം രൂപ സേവ് ചെയ്തത്, അമ്മയ്ക്ക് പണം അയച്ചത് അതൊന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ലല്ലോ …പിന്നെ അവളും കള്ളു കുടിക്കുന്നില്ലല്ലോ…

അവളെ വാക്കുകള്‍ മുഴുമിക്കാന്‍ വിടാതെ അയാള്‍ അലറി . ‘ ജോലി ചെയ്ത് പണം സമ്പാദിച്ചാല്‍ മതി. അധികം സംസാരിച്ചാല്‍ നിന്റെ സെക്കന്റ് ക്ലാസ് എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് ഞാന്‍ കത്തിച്ചു കളയും. അവളുടെ ഒരു ഒടുക്കത്തെ എന്‍ജിനീയര്‍ കളി. ആണുങ്ങള്‍ക്കൊപ്പം കൊഞ്ചുന്നതൊക്കെ ഞാനറിയുന്നുണ്ട് ‘

മകന്‍ ഭയന്ന് നിറുത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോള്‍ അവള്‍ക്ക് നിശ്ശബ്ദയാകേണ്ടി വന്നു. അവനെ എത്ര നേരം കരയിക്കും? കുഞ്ഞല്ലേ അവന്‍ ? അയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആധിയും അവളെ കാര്‍ന്നു തിന്നു.

അവനെ ഒക്കത്തെടുത്ത് അവള്‍ അടുക്കളയിലേക്ക് നടന്നു. അവളെ നോക്കിക്കൊണ്ടിരുന്ന അനാഥപ്പെണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

( തുടരും )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment