Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രഹസ്യ ജീവിതം അമ്പരപ്പിക്കുന്നത്; കോടിക്കണക്കിനു രൂപയുടെ ആസ്തിയെക്കുറിച്ചും അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു

September 18, 2018

bishop-1കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുള‍യ്ക്കലിന്‍റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം തുടങ്ങുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റുമാണ് ഈ വിഷയം അന്വേഷിക്കുക. ബിഷപ്പിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിദേശത്തു നിന്ന് വൻതോതില്‍ പണം എത്തുന്നതിനെക്കുറിച്ചും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനും ബിഷപ്പിന്‍റെ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറും.

കൊട്ടാര സദൃശ്യമായ അരമന, ബംഗളൂരു നഗരത്തില്‍ ബംഗ്ലാവ്, സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല എന്നിങ്ങനെ ബിഷപ്പിന്‍റെ രഹസ്യ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണം.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും തീവ്ര സ്വഭാവമുള്ള ചില ക്രിസ്ത്യന്‍ സംഘടനകള്‍ വഴി പണമെത്തുന്നുവെന്നാണ് ആരോപണം. ഇത്തരത്തില്‍ ലഭിക്കുന്ന പണംകൊണ്ട് ബിഷപ്പ് പല സംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ബിഷപ്പിന്‍റ അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സഭ അന്വേഷണം നടത്തണമെന്ന് വൈദികര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചുകൊണ്ടുള്ള ചോദ്യാവലി തയാറാക്കല്‍ തുടരുകയാണ്. കോട്ടയത്ത് മൂന്നിടത്തായാണ് പൊലീസ് സജ്ജീകരണങ്ങള്‍ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചെന്നും ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ്.

ഇതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ് ആയതിനുശേഷം തിരുവസ്ത്രം ഉപേക്ഷിച്ചവരുടെയും മൊഴിയെടുക്കുന്നുണ്ട്.

ബിഷപ് നാളെ ചോദ്യം ചെയ്യലിന് അന്വേഷണസംഘടത്തിന് മുന്നില്‍ ഹാജരാകും. ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബിഷപ് കത്തയച്ചിരുന്നു. കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കരിക്കാന്‍ സമയം വേണം. കേസിനായി പലതവണ കേരളത്തില്‍ പോകേണ്ടി വരുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫാ. മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കേരള പൊലീസ് ബിഷപ്പിന് ഒരുക്കുന്നത്. കേരളത്തില്‍ യാത്ര പൊലീസ് കാവലിലായിരിക്കും. ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ. ചോദ്യം ചെയ്യല്‍ എവിടെവെച്ച് വേണമെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ ഇന്ന് കേരളത്തില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ശ്രമം

കൊച്ചി: ലൈംഗീകാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. ബിഷപ്പിനെ നാളെ അന്വേഷസംഘം ചോദ്യം ചെയ്യാനിരിക്കെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും ബിഷപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

കന്യാസ്ത്രീയെ പരമാവധി ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. കന്യാസ്ത്രീക്ക് തന്നോട് വ്യക്തി വിരോധമായിരുന്നു. മഠത്തിലെ ശല്യക്കാരിയായിരുന്നു കന്യാസ്ത്രീ. താന്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ കഥ മെനയുകയാണ്. നിരവധി തവണ അവരെ ശാസിച്ചിട്ടും അവര്‍ നേരെയായില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ ബിഷപ്പ് ആരോപിച്ചിരിക്കുന്നത്.

അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top