ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്

-modi-imran-khanപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ കത്തയച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും ഇമ്രാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്കുവേണ്ടി, ഭാവി തലമുറയ്ക്കു വേണ്ടി നമ്മള്‍ക്ക് സമാധാന ചര്‍ച്ച വീണ്ടും തുടങ്ങാമെന്നും, മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവെച്ച ആ സൗഹൃദം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കാമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. അതോടൊപ്പം ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചയും, കശ്മീര്‍ പ്രശ്നവും, സിയാച്ചിന്‍ പ്രശ്നവുമൊക്കെ ചര്‍ച്ചയ്ക്ക് വിധേയമാക്കാമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞമാസം പ്രധാന മന്ത്രിയായതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. അതേസമയം ഇന്ത്യാ പാകിസ്താന്‍ വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ യുഎന്‍ ജനറല്‍ അസംബ്‌ളിയില്‍ ഉണ്ടായേക്കുമെന്ന രീതിയില്‍ ചില ഊഹാപോഹങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. 2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണ്ണമായും തടസ്സപ്പെട്ടുപോയ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞു.

ഏഷ്യന്‍ ഉച്ചകോടിയുടെ ഭാഗമായിട്ട് സുഷമാ സ്വരാജ് 2015 ല്‍ ഇസ്ലാമാബാദിലേക്ക് പോയതായിരുന്നു ഇതിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരേയൊരു പരിപാടി. സമാധാനം, സുരക്ഷ, സിബിഎംഎസ്, ജമ്മുകശ്മീര്‍, സിയാച്ചിന്‍, സാമ്പത്തിക വാണിജ്യ സഹകരമണം, ഭീകരവാദം ഇല്ലാതാക്കല്‍, മയക്കുമരുന്ന് കടത്തു നിയന്ത്രണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍, മത ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഉണ്ടാകുമെന്ന രീതിയില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

അതേസമയം ഇന്ത്യ ലക്ഷ്യമാക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പാകിസ്താന്‍ മണ്ണ് വളക്കൂര്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തതാണെന്നതാണ് ഇന്ത്യയുടെ പക്ഷം. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും മോചിപ്പിച്ച് സമാധാനവും അഭിവൃദ്ധിയും കൈവരുത്തുന്നതിനായി നേരത്തേ നരേന്ദ്രമോഡി ഫോണിലൂടെ പങ്കുവെച്ച ആശയങ്ങളും ഇമ്രാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ സൈന്യവുമായി ശക്തമായി ബന്ധം നിലനിര്‍ത്തുന്ന ഇമ്രാന് കീഴില്‍ പാകിസ്താന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ശക്തമായ വിമര്‍ശനം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇമ്രാന്റെ ഈ വ്യത്യസ്തമായ നീക്കം. തന്നെയുമല്ല, അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാനെ പാകിസ്താന്‍ കഴുത്തറുത്ത് കൊന്ന് കണ്ണുകള്‍ ചൂഴ്ന്നെടുത്ത സംഭവത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ കത്ത് വന്നത്.

1-1bf655030a

പാകിസ്താനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ

ഡല്‍ഹി: ഇന്ത്യാ- പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിക്കുമെന്ന് സൂചന. ഇന്ത്യാ- പാക് ചര്‍ച്ച പുനഃരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരിക്കും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുക.

അതേസമയം കൂടിക്കാഴ്ച നടത്തുമെന്ന കാര്യം സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയുടെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്ന നിര്‍ദ്ദേശം കത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു.

പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ അംഗീകരിച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയിലെ അജണ്ടകള്‍ തീരുമാനിച്ചിട്ടില്ല. അതേസമയം കര്‍തര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍തര്‍പുര്‍ ഇടനാഴി തുറക്കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പാകിസ്താന്‍ സന്ദര്‍ശിച്ച പഞ്ചാബ് മന്ത്രി നവ്‌ജ്യോതിസിങ് സിദ്ദു കര്‍തര്‍പുര്‍ ഇടനാഴിയുടെ കാര്യത്തില്‍ പാകിസ്താന് അനുകൂലനിലപാടാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ ഇതുവരെയും ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News