ആകാംക്ഷാഭരിതമായ ദിവസങ്ങള്‍ക്കൊടുവില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തു; പാലാ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം

bishop-3കൊച്ചി: ആകാംക്ഷാഭരിതവും ദുരൂഹവുമായ ദിവസങ്ങള്‍ക്കൊടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ മൂന്നു ദിവസമായി അന്വേഷണ സംഘത്തിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയിരുന്നില്ല. തന്മൂലം അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു. അന്വേഷണ സംഘം നടപടികള്‍ തുടങ്ങി.വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ബിഷപ്പിനെ അറിയിച്ചത്. റിമാന്റ് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും.ബിഷപ്പിന്റെ ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി അഭിഭാഷകര്‍ ജാമ്യാപേക്ഷയും തയ്യാറാക്കി. തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ്. എസ്കോർട്ട് വാഹനം എത്താനും പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും അറിയിച്ചു.

പാലാ കോടതിയിലാണ് കേസ് ഉള്ളത്.പാലാ മജിസ്ട്രേറ്റ് ഇന്ന് അവധിയാണ്. അതു കൊണ്ട് വൈക്കം മജിസ്ട്രേറ്റിനു മുന്നിലായിരിക്കും ബിഷപ്പ് ഫ്രാങ്കോയെ ഹാജരാക്കുക. കോടതിയിൽ ഹാജരാക്കുമ്പോൾ ഫ്രാങ്കോ മുളക്കലിനെരണ്ടു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടും.

ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മൂന്നാം ദിവസം 10.30ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസ് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് അറിയിച്ചു. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി.

എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.

കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് രജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്ള്യു കാറിന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.

ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു. ചോദ്യം ചെയ്യലിന്റെ എണ്‍പത് ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ബിഷപ്പ് കുറ്റകാരനെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ബിഷപ്പിന്റെ അഭിഭാഷകര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനായി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കുറുവിലങ്ങാട്ടെ മഠത്തിലെത്തിയായിരുന്നു മൊഴിയെടുത്തത്.

ഇതിനിടെ ബിഷപ്പിനെതിരെ പൊലീസ് വ്യാജ മൊഴി എഴുതി വാങ്ങിയെന്ന ആരോപണവുമായി വീണ്ടും പി സി ജോര്‍ജ് രംഗത്തു വന്നു. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ അടുത്ത ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കി ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തി കാണിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്ന് കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നത് കണ്ടുവെന്ന വ്യാജമൊഴി എഴുതിവാങ്ങുകയാണ് പൊലീസ് ചെയ്തതെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജിന്റെ ആരോപണം.

ബിഷപ്പിന്റെ അറസ്റ്റ്: സമരപന്തലില്‍ ആഹ്ലാദപ്രകടനം

kanyaകന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തി. അതേസമയം. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി പൊലീസ് അറിയിക്കണമെന്ന് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് ആദ്യമായാണ് പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അഭിഭാഷകരേയും കന്യാസ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ഇക്കാര്യം അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment