- Malayalam Daily News - https://www.malayalamdailynews.com -

റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്

rafaറഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ്. ബിസിനസില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണു ശുപാര്‍ശ ചെയ്തതെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സിന് അക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി അവര്‍ പറയുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു.

അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങള്‍ക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടു നിഷേധിച്ച ഇന്ത്യ, റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു. ഒലോന്ദാണോ ഇതു പറഞ്ഞതെന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു.

വാണിജ്യപരമായ തീരുമാനത്തില്‍ ഇന്ത്യയോ ഫ്രാന്‍സോ ഒന്നും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ആ തീരുമാനത്തില്‍ ഒരു പങ്കുമില്ല വക്താവ് അവകാശപ്പെട്ടു.

2015 ഏപ്രില്‍ 10നു പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.

പുതിയ വെളിപ്പെടുത്തലുണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോദി രാജ്യത്തെ വഞ്ചിച്ചെന്നും ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം 2012ല്‍ 590 കോടി രൂപയായിരുന്ന കരാര്‍ത്തുക 2015 ആയപ്പോള്‍ എങ്ങനെയാണ് 1690 കോടിയായതെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍.) ഒഴിവാക്കി പ്രതിരോധരംഗത്തെ തുടക്കക്കാരായ റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയെന്നാണു മോദിസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇതിനു ശക്തിപകരുന്നതാണു ഒളന്ദോയുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി എന്തുകൊണ്ടാണു റിലയന്‍സ് കരാറില്‍ ഉള്‍പ്പെട്ടതെന്നു വിശദീകരിക്കുന്ന രണ്ടുപേജ് വരുന്ന കത്ത് നേരത്തേ അനില്‍ അംബാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]