റഷ്യയും ചൈനയുമായുള്ള ആയുധക്കരാറിന്റെ പേരില്‍ അമേരിക്കയും ചൈനയും കൊമ്പു കോര്‍ക്കുന്നു; പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ ചൈനയുടെ ഭീഷണി

us-war-china-russia-761450റഷ്യയും ചൈനയുമായുള്ള ആയുധക്കരാറിന്റെ പേരില്‍ ചൈനക്കെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത് ചൈനയെ ചൊടിപ്പിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന അമേരിക്കക്ക് കനത്ത ഭീഷണിയിലൂടെയാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫൈറ്റര്‍ ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളും റഷ്യയില്‍ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്തിയതാണു ചൈനയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് പ്രത്യാഘാതം ‘അനുഭവിക്കേണ്ടി’ വരുമെന്നും ചൈന വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള ‘സംഘര്‍ഷം’ ശക്തമായ സാഹചര്യത്തില്‍ വാഷിങ്ടനിലേക്കു പ്രതിനിധിയെ അയയ്ക്കാനിരുന്ന തീരുമാനവും ചൈന റദ്ദാക്കി.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഭരണകൂടം കനത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയ്ക്കു ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ വേണ്ടിയായിരുന്നു ചൈനീസ് ഉപ പ്രധാനമന്ത്രി ലിയോ ഹായെ യുഎസിലേക്കയ്ക്കാന്‍ ചൈന തീരുമാനിച്ചത്. ഇതിനിടെ ചൈനീസ് സൈനിക വിഭാഗത്തിലെ എക്യുപ്‌മെന്റ് ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിനും (ഇഡിഡി) അതിന്റെ തലവന്‍ ലി ഷാങ്ഫുവിനും യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. റഷ്യയുടെ പ്രധാന ആയുധ കയറ്റുമതിക്കാരുമായി ‘നിര്‍ണായക ഇടപാട്’ ഷാങ്ഫുവിന്റെ വകുപ്പ് നടത്തിയതാണ് യുഎസിന്റെ നീക്കത്തിനു കാരണം.

റഷ്യയില്‍ നിന്ന് സുഖോയ് എസ്‌യു-35 ഫൈറ്റര്‍ ജെറ്റുകളും ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് അയയ്ക്കാവുന്ന എസ്–400 മിൈസലുകളും വാങ്ങാനായിരുന്നു ഇഡിഡി തീരുമാനം. ചൈനീസ് പ്രതിരോധ വകുപ്പിനു കീഴിലാണ് ഇഡിഡി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ റഷ്യയുടെ മേല്‍ യുഎസ് ചുമത്തിയിരിക്കുന്ന ഉപരോധത്തെ ഖണ്ഡിക്കുന്നതാണു ചൈനീസ് തീരുമാനമെന്ന് യുഎസ് പറയുന്നു.

കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാംക്ഷന്‍സ് ആക്ട് (സിഎഎടിഎസ്എ-2017) പ്രകാരമാണ് യുഎസിന്റെ നടപടി. ക്രൈമിയ പിടിച്ചെടുക്കാനുള്ള നീക്കത്തിനും സൈബര്‍ ആക്രമണത്തിനും ഉള്‍പ്പെടെ റഷ്യയ്ക്കുള്ള ‘ശിക്ഷാനടപടി’യുടെ ഭാഗമായാണ് യുഎസ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതാദ്യമായാണ് ഈ നിയമം റഷ്യയല്ലാതെ മറ്റൊരു രാജ്യത്തിനു നേരെ യുഎസ് പ്രയോഗിക്കുന്നത്.

ഒന്നുകില്‍ നടപടി നീക്കുക, അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ ഒരുങ്ങുക എന്നായിരുന്നു ഇക്കാര്യത്തില്‍ ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് യുഎസിനു മുന്നറിയിപ്പു നല്‍കിയത്. ചൈനീസ് സൈന്യവും സംഭവത്തില്‍ അതീവരോഷം പ്രകടിപ്പിച്ചിട്ടുണ്ട്. പരമാധികാരമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ രാജ്യാന്തര നിയമപ്രകാരമുള്ള ഇടപാടുകളാണു ചൈനയും റഷ്യയും നടത്തിയിരുന്നതെന്ന് നാഷനല്‍ ഡിഫന്‍സ് മന്ത്രാലയം വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടാന്‍ യുഎസിനു യാതൊരു അവകാശവുമില്ല.

രാജ്യാന്തര ബന്ധങ്ങളെ ഇടിച്ചുതാഴ്ത്തും വിധമാണ് യുഎസിന്റെ പ്രവര്‍ത്തനം. ആധിപത്യം പ്രകടിപ്പിച്ചുള്ള ഇത്തരം നീക്കങ്ങള്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലും അവിടത്തെ സൈന്യം തമ്മിലുമുള്ള ബന്ധത്തില്‍ ഗുരുതരമായ വിധം കോട്ടം തട്ടാനിടയാക്കും. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് അനന്തരഫലം അനുഭവിക്കണമെന്ന ഭീഷണി സൈന്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

തിങ്കളും ചൊവ്വയുമായിരുന്നു ലിയോ ഹായുടെ യുഎസ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റേതായുള്ള ‘പിശകുകള്‍’ തിരുത്തിയാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്നാണു ചൈനയുടെ തീരുമാനം. യുഎസില്‍ നിന്നു ചൈനയിലേക്കുള്ള 20,000 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങളുടെ മേല്‍ കനത്ത തീരുവയാണ് ട്രംപ് ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളില്‍ പകുതിയോളം എണ്ണത്തിലും പത്തു ശതമാനത്തിന്റെ തീരുവ വര്‍ധനയാണു തിങ്കളാഴ്ച മുതല്‍ നിലവില്‍ വരിക. ഇതിനു പകരമായി യുഎസില്‍ നിന്ന് കയറ്റി അയയ്ക്കുന്ന 6000 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങളില്‍ ചൈനയും തീരുവ കൂട്ടിയിട്ടുണ്ട്.

എന്നാല്‍ ഇത്തരം പ്രതികാര നടപടി തുടരുകയാണെങ്കില്‍ തീരുവ ഇനിയും കൂട്ടുമെന്നാണു ട്രംപിന്റെ ഭീഷണി. അടുത്ത ഘട്ടത്തില്‍ 26,700 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങളിലായിരിക്കും ‘തീരുവ പ്രയോഗം’. ഇതോടെ ചൈനയില്‍ നിന്ന് യുഎസിലേക്കുള്ള ഏകദേശം എല്ലാ ഉല്‍പന്നങ്ങളിലും കനത്ത തീരുവ ചുമത്തപ്പെടും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകള്‍ ഫലം ചെയ്യില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.

ചൈനീസ് ഉല്‍പന്നങ്ങളുടെ മേല്‍ കനത്ത തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം തന്നെ യുഎസ് കൂടിക്കാഴ്ചയ്ക്കു തയാറല്ലെന്നു വ്യക്തമാക്കുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെയാണ് സംഘര്‍ഷം പരസ്പരമുള്ള പോര്‍വിളിയിലേക്കു നയിക്കും വിധം റഷ്യ–ചൈന ആയുധ കരാറിലുള്ള യുഎസിന്റെ ഇടപെടലും.

Print Friendly, PDF & Email

Related News

Leave a Comment