Flash News

സിസ്റ്റര്‍ അനുപമ: സഭയെ വിറപ്പിച്ച സന്യാസിനി

September 23, 2018

anupama banner-1

“ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു കന്യാസ്ത്രീകളുടെ അനിശ്ചിതകാല സമരം. ഇതിന് ചുക്കാന്‍ പിടിച്ചത് സിസ്റ്റര്‍ അനുപമയും. പരാതി നല്‍കിയ കന്യാസ്ത്രീയുടെ അടുത്ത സഹപ്രവര്‍ത്തകയും വര്‍ഷങ്ങള്‍ നീണ്ട സൗഹൃദവും തന്നെയാണ് അവരെ സമരത്തിന്റെ മുന്‍നിര പോരാളിയാക്കിയത്.”

സന്യാസിനി സമൂഹത്തിനു തന്നെ ഭീഷണിയുയര്‍ത്തി അവരെ അടിമകളാക്കി വാണരുളിയ ഒരു ബിഷപ്പിനെതിരെ വിരല്‍ ചൂണ്ടുകയും ആ വിരല്‍ ചൂണ്ടല്‍ ഒരു സഭയ്ക്കെതിരെ തിരിഞ്ഞപ്പോഴുണ്ടായ ആത്മധൈര്യവും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയം വരിച്ചതിന്റെ ആഹ്ലാദത്തിന്റെ തിളക്കവുമാണ് അനുപമയുടെ കണ്ണുകളില്‍. ആ കണ്ണുകളില്‍ എന്തിനെയും നേരിടാനുള്ള ധൈര്യവും. സഭയുടെ ചട്ടക്കൂട് പൊട്ടിച്ചിറങ്ങി പീഡന ആരോപണം നേരിടുന്ന ബിഷപ്പിനെ അഴിക്കുള്ളിലാക്കിയ സമരനായിക. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ഇരയായ കന്യാസ്ത്രീയെ ഉള്ളിലിരുത്തി സഹപ്രവര്‍ത്തകരോടൊപ്പം 30 കാരിയായ അവര്‍ തെരുവിലിറങ്ങിയത്.

തന്റെ ആലയം കച്ചവടശാലയാക്കിയവരെ ചാട്ടവാറ് കൊണ്ട് അടിച്ചാണ് യേശുക്രിസ്തു പുറത്താക്കിയയത്. പ്രതിയെ ഒപ്പം നിര്‍ത്തി ഇരയെ തള്ളുകയായിരുന്നു കേരളത്തിലെ കത്തോലിക്കാ സഭ. നീണ്ട പോരാട്ടത്തിനൊടുവില്‍ അവര്‍ നീതിതേടിയുള്ള ആദ്യ ആദ്യ കടമ്പ കടന്നു. 14 ദിവസത്തെ സമരത്തിനൊടുവില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോള്‍ വിജയിച്ചത് ഇരയായ കന്യാസ്ത്രീ മാത്രമല്ല, സഭയ്ക്കുള്ളിലെ പീഡനങ്ങള്‍ സഹിച്ച് പുറത്തറിയിക്കാന്‍ പറ്റാതെ കഴിയുന്നവരുടെ പ്രതിനിധിയായ സിസ്റ്റര്‍ അനുപമ കൂടിയാണ്. പത്ത് വര്‍ഷത്തെ സഭാജീവിതത്തിനിടയിലെ അനുഭവങ്ങളുമായി മുന്നിട്ടിറങ്ങിയ പോരാളി.

Anupama

സിസ്റ്റര്‍ അനുപമ, പിതാവ് സമീപം

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സിസ്റ്റര്‍ അനുപമയ്ക്ക് ചെറുപ്പത്തിലേ കന്യാസ്ത്രീയാകണമെന്നായിരിന്നു ആഗ്രഹം. നാലു സഹോദരങ്ങളില്‍ ഇളയവള്‍. ബന്ധുവായ ഒരു വൈദികനാണ് ഇവരെ ജലന്ധറിലേക്ക് കൊണ്ടുപോയത്. നാലു വര്‍ഷത്തെ പഠനത്തിന് ശേഷം 2008 ഏപ്രില്‍ 15 ന് അനുപമ മിഷണറീസ് ഓഫ് ജീസസ് സഭയില്‍ അംഗമായി. പഞ്ചാബിലും കുറവിലങ്ങാടുമായി സേവനം.

മഠത്തില്‍ എത്തിയതിന് ശേഷം ബിരുദം പഠിച്ചു. തുടര്‍ന്നും പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഈ സംഭവങ്ങളെ തുടര്‍ന്ന് എംഎ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു.

കുറവിലങ്ങാട് ഉള്ളപ്പോഴാണ് ജലന്ധറിലെ മഠത്തില്‍ മദറാക്കാമെന്ന നിര്‍ദ്ദേശത്തില്‍ അവിടേക്ക് പോയത്. ജലന്ധറില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള ഗുരുദാസ്പൂരിലെ കോണ്‍വെന്റിലേക്ക് അനുപമയെ സ്ഥലം മാറ്റി. ഈ അവസരത്തില്‍ ബിഷപ്പ് ഫ്രാങ്കോ സിസ്റ്റര്‍ അനുപമയെ വിളിച്ച് വരുത്തി. പരാതിക്കാരിയായ സിസ്റ്ററിന് എതിരെ പ്രസ്താവന എഴുതി നല്‍കണമെന്ന്‌ ഭീഷണിപ്പെടുത്തി. ഇവയെല്ലാം ചൂണ്ടിക്കാട്ടി മദര്‍ ജനറാളിനും സഭാ നേതൃത്വത്തിനുമെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

ഈ അനുഭവങ്ങള്‍ കൂടിയുള്ളത് കൊണ്ടാവണം സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ളവര്‍ സമരപന്തലിലേക്ക് എത്തിയത്.

Anupama2കുറ്റകൃത്യം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം 2016 ലാണ് സിസ്റ്റര്‍ അനുപമ കുറവിലങ്ങാട് മഠത്തിലെത്തുന്നത്. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ കന്യാസ്ത്രീയെ ചേര്‍ത്ത് നിര്‍ത്തുകയും ബിഷപ്പിന്റെയും കൂട്ടാളികളുടെയും ഭീഷണിയില്‍ പതറാതെ ഒപ്പം നില്‍ക്കുകയും ചെയ്തത് സിസ്റ്റര്‍ അനുപമയാണ്.

ക്രിസ്തുവിന്റെ മണവാട്ടികള്‍ സഭയെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. സഭാനേതൃത്വത്തില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സഹപ്രവര്‍ത്തകരമായി തെരുവിലേക്കിറങ്ങാന്‍ ധൈര്യം കാണിച്ചതും അനുപമ തന്നെ. തിരിച്ചു ചെന്നാല്‍ മഠത്തില്‍ കയറ്റുമോയെന്ന ഉറപ്പ് പോലുമില്ലാതെ സമരപന്തലിലേക്കിറങ്ങിയവരെ മുന്നില്‍ നിന്ന് നയിച്ചു. സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരും ധൈര്യം പകര്‍ന്ന് സമരത്തിനെത്തി. തുടര്‍ന്നങ്ങോട്ട് ഇന്ന് വരെ കാണാത്ത പോരാട്ടവീര്യത്തിന് കേരളം സാക്ഷ്യം വഹിച്ചു. ആദ്യ ദിവസങ്ങളില്‍ അഞ്ച് കന്യാസ്ത്രീകളോട് ഒപ്പം ഏതാനും പേരായിരുന്നുവെങ്കില്‍ 14ാം ദിവസത്തില്‍ അത് എണ്ണമറ്റതായി.

ഇരയായ കന്യാസ്ത്രീയുടെ പ്രതിനിധിയെന്ന നിലയില്‍, മാധ്യമങ്ങളോട് സംസാരിച്ചത് സിസ്റ്റര്‍ അനുപമയാണ്. മുന്‍പരിചയമില്ലാതിരുന്നിട്ടു കൂടി വസ്തുനിഷ്ഠമായും ഭയപ്പാടില്ലാതെയും കാര്യങ്ങള്‍ തുറന്നുപറയാന്‍ അവര്‍ക്കായി.

Anupama1സമരത്തിന് എതിരെ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളോടും പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരോടും ശാന്തത കൈവെടിയാതെ പക്വതയുടെ ഭാഷയില്‍ സിസ്റ്റര്‍ മറുപടി കൊടുത്തു.

തെരുവിലിറക്കിയത് തങ്ങളുടെ തന്നെ സന്ന്യാസി സമൂഹമാണെന്ന് പറയാനും അവര്‍ ഭയപ്പെട്ടില്ല. ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രതിഷേധിക്കുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ വ്യക്തമാക്കുകയാണ്.

പെണ്‍കരുത്തിനപ്പുറം സഭയുടെ ചട്ടക്കൂടില്‍ നിന്നും ധൈര്യത്തോടെ ഇറങ്ങുകയായിരുന്നു അവര്‍. ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുതെന്ന് പറയുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ച വേദനകള്‍ സന്തോഷത്തോടെ വലിച്ചെറിയുകയായിരുന്നു.

കേരളത്തിന് പുതിയൊരു സമരചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടുന്ന കന്യാസ്ത്രീകള്‍. അനുസരണ ശീലമാക്കിയ തങ്ങള്‍ അനുസരണക്കേട് കാണിച്ചിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അവര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയത്. ഒപ്പം മൂടിവെയ്ക്കപ്പെട്ട സത്യത്തെ പുറത്ത് കൊണ്ടുവന്ന ചാരിതാര്‍ത്ഥ്യത്തിലും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top