കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ബിഷപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. റിമാന്‍ഡില്‍ വിട്ട ബിഷപ്പിനെ പാലാ സബ്ജയിലിലേക്കായിരിക്കും കൊണ്ടുപോകുക.
കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നുണ്ട്. നിരപരാധിയാണ്, പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
ജയിലില്‍ ബിഷപ്പിന് അനുവദിച്ചത് പ്രത്യേക സൗകര്യങ്ങളൊന്നുമില്ലാത്ത മൂന്നാം നമ്പര്‍ സെല്‍; താമസം പെറ്റി കേസ് പ്രതികള്‍ക്കൊപ്പം
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നു പാലാ സബ് ജയിലിലേക്ക് മാറ്റി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ് ബിഷപ്പിനു അനുവദിച്ചത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ ഫ്രാങ്കോ മുളയ്ക്കലിനു കട്ടില് ലഭിക്കില്ല, പകരം പായ് വിരിച്ചു നിലത്തു കിടക്കേണ്ടിവരും. നിലവില്‍ രണ്ടു പെറ്റിക്കേസ് പ്രതികളാണ് മൂന്നാം നമ്പര്‍ സെല്ലിലുള്ളത്.
കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ സബ് ജയിലില്‍ എത്തിച്ചത്. ബിഷപ്പിനെ സബ് ജയിലിലേക്ക് കൊണ്ടുവന്ന സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഷപ്പിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ ബിഷപ്പ് ജാമ്യം തേടി വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്‍കിയെങ്കിലും, അതു പരിഗണിക്കുന്നതിനായി വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്ക് എതിരെ പ്രതികാരനടപടികള്‍ സ്വീകരിച്ച നടപടികള്‍ വിശ്വാസികള്‍ പിന്‍വലിപ്പിച്ചു. സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാനന്തവാടി കാരക്കാമല സെന്റ് മേരീസ് പള്ളിയില്‍ വിളിച്ച പാരിഷ് യോഗത്തിലേക്ക് ഭൂരിപക്ഷം വിശ്വാസികള്‍ തള്ളിക്കയറി നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ കൂടുതല്‍ അഭിമാനം എന്റെ സന്യാസ ജീവിതത്തിലില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. സമരം വിജയിച്ചതിന്റെ പിറ്റേ ദിവസം പള്ളിയിലെത്തിയ സിസ്റ്ററിനോട് വേദപാഠം, വിശുദ്ധ കുര്‍ബാന എന്നിവയില്‍ നിന്ന് സിസ്റ്ററിനോട് മാറി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് രൂപത വിലക്ക് ഏര്‍പ്പെടുത്തിയതെന്നും മദര്‍ സുപ്പീരിയറാണ് വിവരം അറിയിച്ചതെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു.
സിസ്റ്റര്‍ ലൂസിക്ക് എതിരെ തങ്ങള്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നായിരുന്നു മാനന്തവാടി രൂപത അറിയിച്ചത്. സന്ന്യാസി സമൂഹത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇടവക വികാരിയാണ് നടപടിയെടുത്തത് എന്നായിരുന്നു രൂപതയുടെ വിശദീകരണം.
എന്നാല്‍ തനിക്കോ രൂപതയ്ക്കോ സിസ്റ്ററിന് എതിരെ നടപടി സ്വീകരിക്കാനുള്ള അധികാരമില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും വികാരി പറഞ്ഞിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply