Flash News

മോഹന്‍ലാലിന് ഒരു തുറന്ന കത്ത്: പി.ടി. പൗലോസ്

September 25, 2018 , പി.ടി. പൗലോസ്

mohanlalinu kathu banner-1

പ്രിയ മോഹന്‍ലാല്‍:

ഞാനുള്‍പ്പടെ കോടിക്കണക്കിന് മലയാളി സഹൃദയരെ ആകര്‍ഷിച്ച താങ്കളുടെ ഈ വ്യക്തിപ്രഭാവം ഇന്നിന്റെ സൃഷിടിയല്ല. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സര്‍ഗ്ഗവാസനകളെ രൂപപ്പെടുത്തുവാന്‍ ഇന്നലെകളിലെ താങ്കളുടെ കഠിനപ്രയത്‌നവും മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളും ആസ്വാദകരായ ഞങ്ങളുടെയെല്ലാം പതിറ്റാണ്ടുകള്‍ ആയുള്ള സ്‌നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒക്കെ ആകെത്തുകയാണ്. താങ്കള്‍ വളര്‍ന്നു വലുതായ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ച അഭിമാനത്തില്‍ ഞാനൊരിക്കല്‍ എഴുതി ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന ഇതിഹാസമാണ് മോഹന്‍ലാലെന്ന്. ചിത്രം, കിരീടം, ആറാം തമ്പുരാന്‍, ദേവാസുരം അങ്ങനെ നൂറു കണക്കിന് ചലച്ചിത്രങ്ങളില്‍ ഇന്ദ്രജാലം സൃഷ്ടിച്ച അഭിനയകലയുടെ അത്ഭുതഭാവുകത്വമാണ് മോഹന്‍ലാലെന്ന്. മലയാളിമനസ്സുകളില്‍ കിരീടവും ചെങ്കോലുമായി ഉപവിഷ്ടനായ സര്‍ഗകലകളുടെ തമ്പുരാനാണ് മോഹന്‍ലാലെന്ന്. ആ പേനകൊണ്ട് തന്നെ ഇപ്പോള്‍ ഇതെഴുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. പക്ഷെ, എന്റെ മനസാക്ഷിയോട് ഞാന്‍ നീതി പുലര്‍ത്തണമെങ്കില്‍, ഒരെഴുത്തുകാരനെന്ന നിലയില്‍ സമൂഹത്തോട് അല്‍പ്പം പ്രതിബദ്ധത ഉണ്ടെങ്കില്‍ എനിക്കിതെഴുതാതെ വയ്യ.

PT Pauloseതാങ്കളുടെ ബ്ലോഗിലൂടെ ഞാന്‍ വായിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നാം തിയതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ദര്‍ശനം കിട്ടിയതു മുതല്‍ താങ്കള്‍ ഏതോ മാസ്മരിക വലയത്തിനുള്ളില്‍ വട്ടം ചുറ്റുകയാണെന്ന്. അദ്ദേഹത്തിന്റെ സാമീപ്യത്തില്‍നിന്ന് പുറപ്പെട്ട പോസിറ്റീവ് തരംഗം ഒരിക്കലും വിട്ടുപോകാത്ത ഒരു സ്വര്‍ഗീയ അനുഭൂതിയായി ഇപ്പോഴും താങ്കള്‍ക്ക് അനുഭവപ്പെടുന്നു എന്ന്. പ്രധാനമന്ത്രിയെ കണ്ടത് താങ്കളുടെ പിതാവ് വിശ്വനാഥന്‍നായരുടെ പേരില്‍ ഉള്ള വിശ്വശാന്തി ട്രസ്റ്റിന്റെ പരിപാടിയെപ്പറ്റി സംസാരിക്കാന്‍ ആയിരുന്നെങ്കില്‍ പോലും താങ്കളുടെ ഉള്ളില്‍ അള്ളിപ്പിടിച്ച പോസിറ്റീവ് എനര്‍ജി എന്ന ദുരാത്മാവിനോട് താങ്കളുടെ പിതാവിന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. കാരണം മോദി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന 2002 ല്‍ ഹിന്ദു മുസ്ലീം വര്‍ഗീയ കലാപത്തിന്റെ ആളിക്കത്തുന്ന അഗ്‌നിയിലേക്ക് തിളയ്ക്കുന്ന എണ്ണ ഒഴിക്കുക ആയിരുന്നില്ലേ അന്നത്തെ ഗുജറാത്തു മുഖ്യമന്ത്രി, അതെ ഇന്നത്തെ പ്രധാനമന്ത്രി. അന്ന് ആയിരക്കണക്കിന് സ്ത്രീകളെ പത്തും പതിനൊന്നും വയസ്സായ പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പൂര്‍ണ നഗ്‌നരാക്കി തെരുവീഥികളിലിട്ട് കൂട്ടബലാത്സംഗം ചെയ്ത്, അവരുടെ മാറിടങ്ങള്‍ ഛേദിച്ച് ആ രക്തത്തില്‍ ത്രിശൂലം മുക്കി അവരുടെ ഗുഹ്യ ഭാഗങ്ങളില്‍ ഹൈന്ദവ ചിഹ്നങ്ങള്‍ വരച്ചില്ലേ ? ലൈംഗിക അവയവങ്ങള്‍ അറുത്തും വികൃതമാക്കിയും അവരെ ഗുജറാത്തിന്റെ തെരുവീഥികളില്‍ കൂട്ടംകൂട്ടമായിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചില്ലേ ? പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തിക്കയറ്റി സ്പന്ദിക്കുന്ന ശിശുവിനെ ശൂലത്തുമ്പില്‍ പുറത്തെടുത് ആര്‍ത്തട്ടഹസിച്ച ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് ഇന്ന് ഇന്ദ്രപ്രസ്ഥത്തിലെ പോസിറ്റീവ് എനര്‍ജിയുടെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ്. അന്ന് ത്രിശൂലത്തില്‍ പിടഞ്ഞുതീര്‍ന്ന പിഞ്ചുശിശുവിന്റെ അസ്വസ്ഥയായ ആത്മാവ് ദുസ്വപ്നമായി വന്ന് താങ്കളുടെ ഉറക്കം കെടുത്തും.

mohanlalമോഹന്‍ലാല്‍, താങ്കള്‍ക്ക് അറിയാമല്ലോ ഭാരതത്തിന്റെ ഭരണഘടന ഒരു പ്രത്യേക രാഷ്ട്രീയ മത വിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ലന്ന് . വിഭിന്ന സംസ്‌കാരങ്ങള്‍ സമന്വയിച്ച മണ്ണാണിത്. ഇവിടുത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്തിയാനിയേയും മറ്റു മതസ്ഥരെയും ഒന്നായിക്കണ്ട മതേതരത്വത്തിന്റെ ഭരണവ്യവസ്ഥയാണ്, ഭാരതത്തിന്റെ വിശുദ്ധമായ നിയമപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന. ” എന്നെ തെരുവിലെ വിളക്കുമരത്തില്‍ കെട്ടിത്തൂക്കി നിശ്ചലമാക്കിയാല്‍ പോലും ഞാനെന്റെ അനുയായികളെ ഒറ്റിക്കൊടുക്കില്ല ” എന്നുറക്കെ പറഞ്ഞ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ബി. ആര്‍. അംബേദ്ക്കറുടെ പ്രിയപ്പെട്ട ദളിതരെ ബീഫ് തിന്നതിന്റെ പേരില്‍ ഹരിയാനയുടെ തെരുവുകളില്‍, ഗുജറാത്തിന്റെ തെരുവുകളില്‍ എന്തിന് ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളിലെ ഇടവഴികളില്‍ അടിച്ചു കൊല്ലപ്പെടുന്നു. ജുനൈദ് തന്റെ അച്ഛനും അമ്മയ്ക്കും പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ തന്റെ ഗ്രാമത്തില്‍ നിന്നും ഡല്‍ഹിക്കു പോയതാണ്. അവന്‍ തിരിച്ചു വീട്ടില്‍ എത്തിയില്ല. പതിന്നാലു വയസ്സുകാരന്‍ മജ്‌ലൂ മന്‍സാരി തന്റെ സഹോദരിമാര്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും ജീവിക്കാനുള്ള വക തേടി ഒരു കാളയെയും കൊണ്ട് ചന്തയിലേക്ക് പോയതാണ്. അവനെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഇവരുടെ ആത്മാക്കളെല്ലാം ദുരാത്മക്കളായി ഈ പുണ്ണ്യഭൂമിയില്‍ ചുറ്റിത്തിരിയുമ്പോള്‍ താങ്കളിലെ പോസിറ്റീവ് തരംഗം നെഗറ്റിവായി തണുത്തുറഞ്ഞു മഞ്ഞുകട്ടയാകില്ലേ ?

അവസാനമായി എനിക്കൊന്നേ പറയാനുള്ളു. നമ്മളിന്ന് വളരെ അപകടകരമായ ഒരു ദുര്ഘടസന്ധിയിലാണ് . ഗോമാംസഭോജനം എന്ന പാപത്തിനപ്പുറം, ആദ്യം കാണുന്ന അന്യമതസ്ഥരെ അരിഞ്ഞുവീഴ്ത്തുക എന്ന അജണ്ടയുമായി ദേശീയതയുടെ വക്താക്കളായ കരിന്തേളുകള്‍ നമ്മുടെ ഇടയില്‍ പതിയിരുപ്പുണ്ട്, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ “മഹാത്മാഗോഡ്‌സെ” യുടെ പടം വയ്ക്കാന്‍.

തല്‍ക്കാലം നിര്‍ത്തട്ടെ ! എന്ന്, താങ്കളുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഈയിടെ സംഭവിച്ച പ്രേക്ഷക മനസ്സിനെ അള്ളിപ്പിടിക്കാന്‍ കെല്പില്ലാതെ പോളിയോ വന്ന കാലുകളുള്ള “നീരാളി” വരെ കണ്ട ഒരാസ്വാദകന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top