Flash News

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോയത് യുപി‌എ സര്‍ക്കാരാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍

September 25, 2018

falന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ പേരില്‍ എന്‍‌ഡി‌എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍‌ഗ്രസ് ആരോപണങ്ങളുന്നയിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള തത്രപ്പാടിലാണ് പ്രതിരോധ മന്ത്രാലയം. മന്ത്രി നിര്‍മ്മല സീതാരാമന്റെ വിശദീകരണങ്ങളും രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ പ്രകടനങ്ങളും നിലനില്‍ക്കേ തന്നെ കൂടുതല്‍ വിശദീകരവുമായി നിര്‍മ്മല സീതാരാമന്‍. വ്യോമസേനയുടെ ആവശ്യപ്രകാരം 2007-ലാണ് യു‌പി‌എ സര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ക്കായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കുന്നത്. അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളായ റഫാല്‍ വാങ്ങാനുളള കരാറിലേക്ക് ഇന്ത്യ എത്തപ്പെടുന്നത് അങ്ങനെയാണ്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നതും യുദ്ധവിമാന ശേഖരം കൂട്ടാന്‍ വ്യോമസേനയെ നിര്‍ബന്ധിതരാക്കി. അങ്ങനെ ആദ്യം 2000ത്തില്‍ ആണ് ഇതു സംബന്ധിച്ച ചര്‍ച്ച കടന്നു വരുന്നത്. മധ്യവിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് – എംഎംആര്‍സിഎ) സേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കും വിശകലനത്തിനുമൊടുവില്‍ 126 വിമാനങ്ങള്‍ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി.

റഫാല്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, സൂപ്പര്‍ ഹോര്‍നെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെന്‍ എന്നിവ ടെന്‍ഡര്‍ സമര്‍പ്പിച്ചു. കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച റഫാല്‍ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിച്ചു. ഇതിനിടയില്‍ വിവിധ യുദ്ധവിമാനങ്ങളുടെ സവിശേഷതകള്‍ വ്യോമസേന നേരിട്ടു പരിശോധിച്ചു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ടു നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ റഫാലിലേക്കുള്ള നീക്കം അന്ന് വെറും ആലോചനയില്‍ മാത്രമായി ഒതുങ്ങി പോകുകയാണുണ്ടായത്. അതിന് തടസ്സമായ പ്രധാന കാരണമായത് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഇടപെടലാണ് എന്ന് നിലവിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ 126 റഫാല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിള്‍ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിനു മുന്‍പാകെ എത്തി. അതിനെ എതിര്‍ത്ത ധനമന്ത്രാലയം ഫയല്‍ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിര്‍ദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിന്‍ഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.

അതേസമയം യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാര്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചര്‍ച്ചകള്‍ തുടരാന്‍ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം കരാര്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാല്‍ മതിയെന്ന് ആന്റണി കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണു യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുന്നത്.

പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതോടെ, കരാറില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണു വിമാനങ്ങള്‍ വാങ്ങുന്നതെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ തങ്ങളുടെ പുതിയ കണക്കുകള്‍ നിരത്തി.

ഒരു വിമാനത്തിന് യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച തുക 570 കോടിയായിരുന്നു. ഇന്ത്യക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളുമില്ലാത്ത അടിസ്ഥാന വിലയാണിത് എന്നും. പൂര്‍ണ യുദ്ധസജ്ജമായ നിലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വാങ്ങുന്ന ഒരു വിമാനത്തിന്റെ വില 1670 കോടി രൂപയാണ്. യുപിഎ കാലത്ത് നിശ്ചയിച്ച വില അടിസ്ഥാനമാക്കി ആയുധങ്ങളും മറ്റു സംവിധാനങ്ങളും ചേര്‍ത്തിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞ കണക്കുകള്‍.

എന്നാല്‍ ആവശ്യം 126 വിമാനങ്ങള്‍ ആണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആരോപണവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി. അതിനും ഇന്നത്തെ പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കി. യുപിഎ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതി. പ്രതിവര്‍ഷം എട്ടു വിമാനങ്ങള്‍ മാത്രം നിര്‍മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളത്. ഈ സാഹചര്യത്തില്‍ 108 എണ്ണം നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. നിലവില്‍ പൂര്‍ണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യം നേരിടാം എന്നാണ് പ്രതിരോധ മന്ത്രാലയം കോണ്‍ഗ്രസിന് നല്‍കിയ മറുപടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top