ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; ബിഷപ്പ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മിഷണറീസ് ഓഫ് ജീസസ്; മുഖ്യമന്ത്രിയെ ഡല്‍ഹി കേരളാ ഹൗസില്‍ ചെന്നു കണ്ട് നിവേദനം നല്‍കി

bishopകന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മിഷണറീസ് ഓഫ് ജീസസിലെ അനുയായികള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പ് നിരപരാധിയാണെന്നും അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ വിശദമാക്കി. കേസ് അന്വേഷണത്തില്‍ യോജിപ്പില്ലെന്നും മിഷണറീസ് ഓഫ് ജീസസ് സഭ വ്യക്തമാക്കി. അന്വേഷണത്തില്‍ യോജിപ്പില്ലെന്ന് വ്യക്തമാക്കിയ സന്യാസിനികള്‍ അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് സഭ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിച്ചു.

അന്വേഷണത്തില്‍ പക്ഷപാതം ഉണ്ടെന്ന ഗുരുതര ആരോപണമാണ് സന്യാസിനി സഭ ഉയര്‍ത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണസംഘം പക്ഷപാതരമായി പെരുമാറുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

ഇതിനിടെ ബിഷപ്പ് നിരപരാധിയെന്ന് പ്രഖ്യാപിക്കുന്ന സന്യാസിനി സമൂഹം അന്വേഷണ ഉദ്യോഗസ്ഥരെയും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെയും കുറിച്ച് അധിക്ഷേപാര്‍ഹമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട് വാര്‍ത്താ കുറിപ്പുകളിലൂടെ. നേരത്തെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്കെതിരായി ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതും മിഷനറീസ് ഇന്‍ ജീസസ് എന്ന ജലന്ധര്‍ ബിഷപ്പിന് കീഴിലുളള കന്യാസ്ത്രീ സഭയായിരുന്നു. ഇതുവരെ വന്നിരുന്ന വാര്‍ത്താക്കുറിപ്പുകള്‍ ടൈപ്പ് ചെയ്തവയായിരുന്നുവെങ്കില്‍ ബിഷപ്പിനെ നിരപരാധിയായി പ്രഖ്യാപിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പ് കൈകൊണ്ട് എഴുതിയതാണ്. മിഷനറീസ് ഇന്‍ ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇത് പറയുന്നത്. മദര്‍ ജനറലിന് പുറമെ രണ്ട് കന്യാസ്ത്രീകൾ കൂടെ ഇതില്‍ ഒപ്പിട്ടിട്ടുണ്ട്.

“അകാരണമായി പ്രതിയാക്കപ്പെട്ട നിരപരാധിയായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ഥന” നടത്തുമെന്ന് മിഷനറീസ് ഇന്‍ ജീസസ് സന്യാസ സമൂഹം അറിയിച്ചു. ഇന്ന് സന്യാസ സമൂഹം ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാര്‍ഥന നടത്താനാണ് ആഹ്വാനം ചെയ്തിട്ടുളളത്. ‘നിരപരാധിയായ അഭിവന്ദ്യ മാര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതിലും ജയില്‍വാസം അനുഭവിക്കേണ്ടി വന്നതിലും എംജെ കോണ്‍ഗ്രിഗേഷന്‍ കാരണമായതില്‍ അതീവ ദുഃഖവും തീരാത്ത വേദനയും പ്രകടിപ്പിക്കുകയും അഭിവന്ദ്യ പിതാവിനോടും ഈ ലോകത്തോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ദൈവം ഞങ്ങളോടു ക്ഷമിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഈ പാപക്കറയുടെ പരിഹാരത്തിനായി എംജെ കോണ്‍ഗ്രിഗേഷന്‍ ഒന്നടങ്കം ബുധനാഴ്ച ഉപവസിച്ച് അഭിവന്ദ്യ പിതാവിനായി പ്രാര്‍ഥിക്കുകയാണ് ‘ വാര്‍ത്താറിപ്പില്‍ പറയുന്നു.

എംജെ കോണ്‍ഗ്രിഗേഷനെ ബോധപൂര്‍വമായ അജണ്ടയോടുകൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുവാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന വാര്‍ത്താക്കുറിപ്പ് മുന്‍കൂര്‍ അനുവാദമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ പല മഠങ്ങളിലും കടന്നുകയറി ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. ബിഷപ്പിനെതിരേ നിലവില്‍ തെളിവുകളൊന്നുമില്ലെന്നു പറയുന്ന സന്യാസ സമൂഹം ബിഷപ്പിനെ പുറത്തിറക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബിഷപ്പിനെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും പറയുന്നു.

ബിഷപ്പിനെതിരേ പരാതിയുള്ളവര്‍ അതാതു ജില്ലകളിലെ പൊലീസിന് പരാതി നല്‍കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പോലീസ് നിര്‍ദേശം ആശങ്കയുണ്ടാക്കുന്നതാണ്. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നു പറയുന്ന പത്രക്കുറിപ്പ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ള കന്യാസ്ത്രീകള്‍ നേരത്തേ അറിഞ്ഞുവെന്നു പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ആരോപിക്കുന്നു.

എംജെ കോണ്‍ഗ്രിഗേഷന്റെ കുറവിലങ്ങാട് മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും രാത്രി രണ്ടുമണി വരെ ചിരിച്ച് ഉല്ലസിച്ച് ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മഠത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും പറയുന്ന വാര്‍ത്താകുറിപ്പില്‍ സന്യാസിനി സമൂഹം ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ കൂടുതല്‍ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും കുറ്റപ്പെടുത്തുന്നു.

അസമയത്തും അനുവാദമില്ലാതെയും മഠങ്ങളിലെത്തുന്ന പൊലീസിന്റെ നീക്കം മൂലം സത്യം പറയാനായി ഇറങ്ങിയ പലരും പിന്നോട്ടുപോയെന്നും മിക്കവരും മാനസിക അസ്വസ്ഥത മൂലം അതിനുള്ള ചികിത്സ തേടിയെന്നും പത്രക്കുറിപ്പ് ആരോപിക്കുന്നു. സത്യം ഒരു ദിവസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ അനുകൂലിക്കുന്ന തരത്തിലുള്ള യാതൊരു പരാമര്‍ശങ്ങളും ഇല്ലായെന്നതും ശ്രദ്ധേയമാണ്.

Print Friendly, PDF & Email

Related News

Leave a Comment