ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം യജമാനന്മാരല്ല; എല്ലാവര്‍ക്കും തുല്യ നീതി; 180 വര്‍ഷം പഴക്കമുള്ള ഐപിസി 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

Constitution-bench-newന്യൂഡൽഹി: വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഇന്നത്തെ വിധി സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. സ്ത്രീകളെ അന്തസ്സോടെയല്ലാതെ കാണുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഭര്‍ത്താവ് ഭാര്യയുടെ യജനമാനനല്ല. തുല്യത ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. 497-ാം വകുപ്പ് വിവേചനപരമാണെന്ന് പറഞ്ഞ കോടതി വകുപ്പ് റദ്ദാക്കുകയും ചെയ്തു. 180 ലധികം വര്‍ഷം പഴക്കമുളള വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിവാഹമോചനത്തിന് സംശയത്തിന്റെ നിഴല്‍ കൂടാതെ ഇത് പ്രയോജനപ്പെടുത്താവുന്നതുമാണ് എന്നും ചരിത്രപ്രധാനമായ വിധി വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു മറ്റ് ജഡ്ജിമാര്‍.ബെഞ്ചിലെ ഓരോ ജഡ്ജിമാരും അവരവരുടെ വിധിന്യായങ്ങള്‍ വായിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലു വിധിപ്രസ്താവമാണ് ഉണ്ടായിരിക്കുന്നത്. ബെഞ്ചിലെ മുഴുവന്‍ അംഗങ്ങളും 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് പറഞ്ഞത്. പുരുഷമേല്‍കോയ്മയുടെ ഭാഗമായുള്ള പുരാതന വകുപ്പാണിതെന്ന നിരീക്ഷണവും കോടതി നടത്തി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നാണ് സുപ്രീംകോടതി ഭരണഘാടനാബെഞ്ച് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. വകുപ്പ് സ്ത്രീകളുടെ അന്തസിന് കളങ്കമാണെന്നും ഏകപക്ഷീയമാണെന്നും കോടതി വ്യക്തമാക്കി.

വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിനുളള കാരണമായി പല വ്യക്തിഗത നിയമങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ 497-ാം വകുപ്പ് പ്രകാരം വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കി നിലനിര്‍ത്തേണ്ടതില്ലെന്നും അത് കാലഹരണപ്പെട്ട നിയമമാണെന്നും അത് റദ്ദാക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അതിനോട് പിന്തുണച്ചുളള വിധിയാണ് ജസ്റ്റിസ് നരിമാന്‍ എഴുതിയത്. അതിനുശേഷം വിധി പറഞ്ഞ ഡിവൈ ചന്ദ്രചൂഡും 497-ാം വകുപ്പ് റദ്ദാക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. 497-ാം വകുപ്പ് തുല്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഭരണഘടന ഒരാള്‍ക്ക് നല്‍കുന്ന സ്വകാര്യത, മൗലികാവകാശം എന്നിവയുടെ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസിയിലെ 497-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ നരിമാൻ, എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2017 ഡിസംബറില്‍ മലയാളിയായ ജോസഫ് ഷൈനാണ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. പിന്നീട് ജനുവരിയില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാകുന്നത്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ക്കെതിരെ വകുപ്പ് ചുമത്താനാകില്ല. പുരുഷന്മാര്‍ മാത്രമാണ് കുറ്റവാളികളാവുക.

ഈ വകുപ്പ് പ്രകാരം ഭര്‍ത്താവിനെയാണ് ഭരണഘടന ഇരയായി കണക്കാക്കുന്നത്. പ്രതിയാകുന്ന ആളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ വകുപ്പ് ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്ത്രീകളെ ഭര്‍ത്താക്കന്മാരുടെ വ്യക്തിപരമായ സ്വത്തായി കാണുന്നതാണ് വകുപ്പെന്നാണ് കോടതി വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശിച്ചത്. എന്നാല്‍, 497-ാം വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്ത് വിവാഹ ബന്ധങ്ങള്‍ തകരാനേ ഇതുപകരിക്കൂവെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ജഡ്ജിമാരുടെ വിധിയിലെ പ്രധാനഭാഗങ്ങള്‍:

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍

വിവാഹേതര ബന്ധം മാത്രമായി കുറ്റകരമാകുന്നില്ല

വിവാഹമോചനത്തിന് സംശയത്തിന്റെ നിഴലില്ലാതെ ഇത് കാരണമാകുന്നതാണ്

പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി വിവാഹേതരബന്ധം പുലര്‍ത്തുന്നത് ഒരിക്കലും ക്രിമിനല്‍ കുറ്റമാകില്ല

ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍

എപ്പോഴും പുരുഷന്‍ പ്രലോഭിപ്പിക്കുന്നയാളും സ്ത്രീ ഇരയുമായിരിക്കില്ല

വിവാഹിതയായ സ്ത്രീയുമായി പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല

ഐപിസി 497 ലംഘിക്കേണ്ടതും റദ്ദാക്കേണ്ടതുമാണ്

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

സെക്ഷന്‍ 497 സ്ത്രീകളുടെ അന്തസിനെയും സ്വയംഭരണാധികാരത്തെയും ചോദ്യം ചെയ്യുന്നതാണ്

സമൂഹം പറയുന്നതു പോലെയല്ല സ്ത്രീ ജീവിക്കേണ്ടത്. സ്ത്രീകളെ പവിത്രമായ ഒരു വസ്തുവായി കണക്കാക്കേണ്ടതില്ല

497 അനുസരിച്ച് വിവാഹശേഷം സ്ത്രീയുടെ അധികാരം പുരുഷന് അടിയറവ് വയ്‌ക്കേണ്ടിവരുന്നു. ഇത് തുല്യാവകാശങ്ങളെ നിഷേധിക്കുന്നതാണ്.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര(ബഞ്ചിലെ ഏക വനിതാ ജഡ്ജ്)

പുരുഷന്മാരുടെ നിഴലായി ജീവിക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു

സെക്ഷന്‍ 497 സ്ത്രീകളോടുള്ള വിവേചനമാണ്

വിവാഹേതര ബന്ധം ആരോപിച്ച് പുരുഷനെ മാത്രം ശിക്ഷിക്കുന്ന രീതി മാറണം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment