തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ വിപുലമായ സൗകര്യമൊരുക്കുന്നു; ഒക്ടോബര്‍ 17 മുതല്‍ സ്ത്രീകള്‍ക്ക് ശബരിമലയിലെത്താമെന്ന് ദേവസ്വം ബോര്‍ഡ്

newsrupt2018-09eb2223b0-fc19-49e3-a2c5-0f7287c1b3bcsabarimala_temple_0_0ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് തന്നെ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ തയ്യാറെടുത്ത് ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ പതിനേഴിനാണ് തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നത്. ഇതിന് മുമ്പെ മുന്നൊരുക്കങ്ങള്‍ നടത്താനായി ബുധനാഴ്ച ബോര്‍ഡ് യോഗം ചേരും.

തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ 17ന് വൈകിട്ട് ശബരിമല നട തുറക്കും. അന്ന് മുതല്‍ സ്ത്രീകള്‍ക്ക് സന്നിധാനത്ത് എത്താം. അതേസമയം വിധി സംബന്ധിച്ച് നിയമോപദേശം തേടി ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാര്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ ക്ഷേത്ര പ്രവേശന ചട്ടങ്ങളില്‍ മാറ്റം വരുത്തും. ഒക്ടോബര്‍ മൂന്നിന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തുടര്‍നടപടികള്‍ ആലോചിക്കും. സ്ത്രീകള്‍ എത്തുമ്പോള്‍ ഒരുക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

നവംബറില്‍ മണ്ഡലകാല പൂജയ്ക്കായി നട തുറക്കും മുമ്പ് പമ്പയിലെ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുളള തീവ്ര ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്.

പ്രായഭേദമന്യേ സ്ത്രീകള്‍ കൂടി ശബരിമലയില്‍ എത്തുന്നതോടെ തിരക്ക് നിയന്ത്രിക്കാനായി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പൊലീസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ദര്‍ശനസമയം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം.

കേരളത്തിലെ മുഴുവന്‍ വനിത പൊലീസുകാരെയും ശബരിമലയില്‍ വിന്യസിച്ചാലും സുരക്ഷക്കായി കൂടുതല്‍ ജീവനക്കാരെ കണ്ടെത്തേണ്ടിവരുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

മണ്ഡല മകരവിളക്ക് കാലത്ത് ഒരു ദിവസം ശരാശരി ഒരു ലക്ഷം പേര്‍ ശബരിമലയിലെത്തുന്നൂവെന്നാണ് പൊലീസിന്റെ കണക്ക്. 17 മണിക്കൂര്‍ വരെ ശ്രീകോവില്‍ തുറന്ന് ദര്‍ശന സൗകര്യം ഒരുക്കും. ഒരു മിനിട്ടില്‍ 75 പേര്‍ വീതം പതിനെട്ടാംപടി ചവിട്ടിയാല്‍ ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് വരെ ദര്‍ശനത്തിന് അവസരം ലഭിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം.

സ്ത്രീകള്‍ കൂടിയാകുമ്പോള്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം മുപ്പത് ശതമാനം വരെ വര്‍ധിച്ച് ഒന്നേകാല്‍ ലക്ഷമായേക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ ക്യൂ സംവിധാനത്തിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഇവരെ ഉള്‍ക്കൊള്ളുക വലിയ വെല്ലുവിളിയാകും.

ഇത് മുന്‍കൂട്ടി കണ്ടാണ് ഒരു ദിവസം പരമാവധിയെത്തുന്നവരുടെ എണ്ണം എണ്‍പതിനായിരത്തില്‍ താഴെയായി ചുരുക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇതിനായി ഓണ്‍ലൈനായും നേരിട്ടും ദര്‍ശന തീയതി ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും എങ്കില്‍ അതാത് ദിവസം വരുന്നവര്‍ക്ക്‌ അന്ന് തന്നെ മടങ്ങാനാവുന്ന തരത്തില്‍ തിരക്ക് ക്രമീകരിക്കാമെന്നും പൊലീസ് പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment