Flash News

ജനപ്രതിനിധികള്‍ നിഷ്ക്രിയരാകുമ്പോള്‍ ?

October 1, 2018

Supreme-COurt-and-Parliamentവിപ്ലവവിധികള്‍ പുറപ്പെടുവിച്ചതിന് സുപ്രീംകോടതിയെ ജനങ്ങള്‍ കൈയ്യടികൊണ്ട് മൂടുമ്പോള്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. ജനതയുടെ ഹിതമറിഞ്ഞ് അവര്‍ക്ക് ജനാധിപത്യപരവും സാമൂഹികവുമായ നീതി നടത്തിക്കൊടുക്കേണ്ട പാര്‍ലമെന്റ് ജുഡീഷ്യറിയ്ക്ക് മുമ്പില്‍ തലകുനിച്ച് നില്‍ക്കുകയാണ്. താന്‍ ചെയ്യേണ്ട പണി മറ്റൊരാള്‍ വന്ന് ചെയ്തതിന്റെ ചളുപ്പ് ജനപ്രതിനിധികള്‍ക്കുണ്ടാവേണ്ടതാണ്. എന്നാല്‍ സുപ്രീംകോടതിയുടെ വിധി ചരിത്രപരമെന്ന് പറഞ്ഞ് മുമ്പില്‍ നിന്ന് ആഘോഷിക്കുകയാണ്.

എന്തിനാണ് നമ്മുക്കൊരു പാര്‍ലമെന്റ്? പുതിയ നിയമം ഉണ്ടാക്കാനും കാലപ്പഴക്കം വന്ന നിയമങ്ങള്‍ പൊളിച്ചെഴുതാനും വേണ്ടിയുണ്ടായതാണ് പാര്‍ലമെന്റ്. എന്നാല്‍ ആ പണി നിയമം നടപ്പിലാകുന്നുണ്ടോയെന്ന് നോക്കേണ്ട ജുഡീഷ്യറി ചെയ്യേണ്ടി വരുന്നത് മഹാകഷ്ടമാണ്. ജനാധിപത്യത്തിലെ സ്വതന്ത്രമായ രണ്ട് തൂണുകളില്‍ ഒന്ന് ക്ഷയിക്കുകയും മറ്റേത് അതിന്റെ പണിയെടുക്കാന്‍ അവിടേയ്ക്ക് ചെരിഞ്ഞ് പോവുകയും ചെയ്താല്‍ ജനാധിപത്യത്തിന്റെ അവസ്ഥയെന്തായിരിക്കും! ഈ ചെരിവ് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ പതിവിന് വിപരീതമായി വിമര്‍ശനത്തിന് പകരം കൈയ്യടി വാങ്ങിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സുപ്രീംകോടതി. ഭരണകൂടം ചെയ്യുന്ന പ്രവര്‍ത്തികള്‍ പരിശോധിക്കുകയാണ് സുപ്രീം കോടതിയുടെ ചുമതല. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ജൂഡീഷ്യറിയ്ക്ക് പോകേണ്ടി വരുന്നുവെന്നത് ജനപ്രതിനിധികള്‍ കഴിവ് കേടാണ്. അവര്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. അവരുടെ വീഴ്ചയാണ്.

കഴിഞ്ഞ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ചരിത്രപരമായ പല വിധികളും സുപ്രീം കോടതി നടത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യത ഒരു പൗരന്റെ മൗലീക അവകാശമാണെന്ന് പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങുന്നു അവ. നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കി. പ്രകൃതി വിരുദ്ധ ലൈംഗികതകളില്‍ നിന്നും സ്വവര്‍ഗ്ഗ ലൈംഗികതയെ ഒഴിവാക്കി. ഇതോടെ പരസ്പരം സമ്മതത്തോടെയുള്ള ഏത് ലൈംഗിക ബന്ധവും കുറ്റകരമല്ലാതെ വന്നു. ആധാര്‍ എല്ലാത്തിനും അധാരമല്ലെന്ന് വിധിച്ചു. ആധാര്‍ നിര്‍ബന്ധമല്ലെന്നും പൗരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നും വിധിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രമായി ആധാറിനെ പരിമിതപ്പെടുത്തി. എഴുത്തുകാരന്‍ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ നിരോധിക്കാനുള്ള ഹര്‍ജി തള്ളിക്കളഞ്ഞു. എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സര്‍ഗശേഷിയും ഭാവനയും സംരക്ഷിക്കപ്പെടുമെന്ന് കോടതി ഉറപ്പു നല്‍കി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് സുപ്രീം കോടതി അരക്കിട്ട് ഉറപ്പ് നല്‍കി. സ്ത്രീകള്‍ ആരുടെയും അടിമയല്ലെന്നും സ്ത്രീയുടെ അധികാരി പുരുഷനല്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യമാണെന്ന് ഉറക്കെപ്പറഞ്ഞു. അവസാനം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധിയുമെത്തി. മതത്തിലൂന്നിയ പുരുഷാധിപത്യം വേണ്ടെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയുള്ളിടത്തോളം കാലം വിവേചനം വേവിക്കാന്‍ വെച്ച വെള്ളം തിളയ്ക്കില്ലെന്ന് തന്റേടത്തോടെ പ്രഖ്യാപിച്ചു.

ഈ വിധികളെല്ലാം പ്രഖ്യാപിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന് പലവട്ടം അവസരം കിട്ടിയതാണ് നിയമ നിര്‍മ്മാണം നടത്താനും പാളിച്ചകള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനും. സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കണമെന്ന് ലോക്‌സഭയില്‍ പലവട്ടം ആവശ്യപ്പെട്ട ശശി തരൂര്‍ എംപിയെ കൂകി വിളിച്ചും ജനപ്രതിനിധികള്‍. ബ്രീട്ടീഷുകാര്‍ കളഞ്ഞിട്ടുപോയ ഈ കിരാത വ്യവസ്ഥ കെട്ടിപ്പിടിച്ചിരിക്കുന്നത് മതിയാക്കൂ എന്ന് പലതവണ കോടതിയും സര്‍ക്കാനോട് പരോക്ഷമായി ആവശ്യപ്പെട്ടു. കേട്ടഭാവം നടിച്ചില്ല. 2013ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377ലെ ഒരു വ്യവസ്ഥയും ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ പോലും ആവശ്യമെങ്കില്‍ പാര്‍ലമെന്റിന് അത് തിരുത്താമെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഭരണകൂടം വെറുതെയിരുന്നു. തുടര്‍ന്ന് വിഷയം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒരു നിലപാടുമില്ലെന്നും കോടതിയ്ക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാമെന്നും പറഞ്ഞ് ബിജെപി സര്‍ക്കാര്‍ കൈ കഴുകി. അതേസമയം വിവാഹേതര ബന്ധം കുറ്റകരമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിവാഹബന്ധത്തിന് ഒരു പവിത്രതയുണ്ടെന്നും ആ പവിത്രത നിലനിര്‍ത്താന്‍ അതില്‍ പങ്കാളിയാകുന്നവരുടെ മൗലിക അവകാശങ്ങള്‍ തച്ചുടയ്ക്കാമെന്നും ബിജെപി സര്‍ക്കാര്‍ നിലപാടെടുത്തു. അധികാരവും വോട്ട് ദ്രുവീകരണവും മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത് പക്ഷേ ജനാധിപത്യ ഇന്ത്യയുടെ താല്‍പ്പര്യമല്ല, മനുഷ്യ പുരോഗതിയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇടുങ്ങിയ ചിന്താഗതിയാണ്. ഭരണഘടനയ്ക്ക് പുല്ലുവില കല്‍പ്പിക്കാത്ത നിലപാടാണ്.

പാര്‍ലമെന്റിലെ പുരോഗമന നിലപാടുകാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടികള്‍ പോലും ഒരു നിലപാടെടുക്കാന്‍ അറയ്ക്കുമ്പോള്‍ യാതൊരു മടിയും കൂടാതെ സുപ്രീംകോടതി നിലപാടെടുത്തു. ഭൂരിപക്ഷത്തിന്റെ നിലപാടിനായി കാത്തിരിക്കാന്‍ സുപ്രീം കോടതിയ്ക്കും കഴിയുമായിരുന്നില്ല. കാരണം വിഷയം ഒരു വിഭാഗം ആളുകളുടെ മൗലിക അവകാശത്തെ സംബന്ധിക്കുന്നതായിരുന്നു. അവിടെ സംസ്‌കാരത്തിനോ സാമൂഹിക സദാചാരത്തിനോ സ്ഥാനമില്ല. ഇവിടെ വിലയുള്ളതും വാഴ്ത്തപ്പെടേണ്ടതും ഭരണഘടനയാണ്. വിധികര്‍ത്താക്കള്‍ പോലും ഇത്തരം വാഴ്ത്തുപാട്ടുകള്‍ക്ക് അര്‍ഹരല്ല. കാരണം വേട്ടയാടുന്നവര്‍ക്ക് മുമ്പിലേക്ക് ഒരു വിഭാഗം ആളുകളെ ഇട്ടുകൊടുക്കുന്ന തരത്തിലുള്ള വിധികളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ നിയമത്തെ ലഘൂകരിച്ച വിധിയുണ്ടായത് വിപ്ലവവിധികള്‍ പുറപ്പെടുവിച്ച അതേ സുപ്രീം കോടതിയില്‍ നിന്നു തന്നെയാണെന്നതാണ് വൈരുദ്ധ്യം.

സിബിഐ പ്രത്യേക കോടതി ജഡ്ജി വിഎച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന് വിധിച്ചതും സുപ്രീംകോടതി തന്നെ. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെ ഉത്തരവിട്ടു. മുന്നിലെത്തിയ കേസില്‍ തങ്ങള്‍ നീതി നടത്തിത്തരില്ലെന്ന് വ്യക്തമാക്കിയതു മാത്രമല്ല, മറ്റൊരും നീതി നടപ്പിലാക്കരുതെന്ന് കല്‍പ്പിക്കുക കൂടി ചെയ്തു സുപ്രീംകോടതി.

അതിനാല്‍ ചില ആളുകളുടെ നിലപാടുകളെയും കാഴ്ചപ്പാടുകളെയും ആശ്രയിച്ച് നീതിയുടെ തുലാസ് അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കും. ഈ തുലാസില്‍ സത്യത്തിന്റെ പക്ഷത്ത് തൂക്കം കൂടണമെങ്കില്‍ പാര്‍ലമെന്റിന് നിലപാടുകളുണ്ടാകണം, ജനാഭിപ്രായം പറയണം. അല്ലാതെ പ്രയാസമുള്ള വിഷയങ്ങള്‍ കോടതിയുടെ തലയില്‍ കെട്ടിവെച്ച് ഓടിയൊളിക്കുകയല്ല വേണ്ടത്. കോടതിയുടെ വിധികള്‍ ന്യായാധിപന്‍മാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറി മറിയാം. തിയേറ്ററുകളിലെ ദേശീയ ഗാന വിഷയത്തില്‍ ആദ്യം ദേശസ്‌നേഹം പഠിപ്പിച്ച സുപ്രീം കോടതിയ്ക്ക് പിന്നീട് തിരുത്തേണ്ടി വന്നത് പോലും ഉദാഹരണം.

സുപ്രീം കോടതിയില്‍ നിന്നും ഇപ്പോള്‍ പെട്ടെന്ന് എന്തുകൊണ്ടാണ് ഇത്രയധികം വിപ്ലവകരമായ വിധികള്‍ ഉണ്ടായത്? വിരമിക്കാന്‍ പോകുന്ന ചീഫ് ജസ്റ്റിസിന് അവസാന കാലത്ത് ബോധോദയമുണ്ടായതാണോ? ഒരിക്കലുമല്ല, സുപ്രീം കോടതിയിലെ നീതികേടുകള്‍ ചൂണ്ടിക്കാട്ടി, മുതിര്‍ന്ന ജഡ്ജിമാര്‍ ചരിത്രത്തിലാദ്യമായി ജനമധ്യത്തിലേക്ക് ഇറങ്ങി വന്നത് ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോള്‍ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുക പോലും ചെയ്തു. ഓരോ കേസിലും പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി വിധി പുറപ്പെടുവിക്കാന്‍ പര്യാപ്തമായ ജഡ്ജിമാരെ വെച്ച് ബെഞ്ച് രൂപീകരിക്കുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ പ്രധാന ആരോപണം. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി അഭിഭാഷകര്‍ തന്നെ വലിയ അഴിമതി ആരോപണവും ഉന്നയിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടു. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കേണ്ട സുപ്രീം കോടതി അതില്‍ നിന്നെല്ലാം വ്യതിചലിച്ചതോടെ ശക്തമായ പ്രതിഷേധം രാജ്യമെമ്പാടും ഉണ്ടായി. ഈ വിശ്വാസ്യത തിരിച്ചുപിടിയ്ക്കാനാണ് ഇപ്പോഴത്തെ ഈ വ്യഗ്രത. എന്നിട്ടും മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസിലും ആധാര്‍ കേസിലും സുപ്രീം കോടതി പുലര്‍ത്തിയ ജാഗ്രത രാജ്യം കണ്ടതാണ്. അതിനാല്‍ സുപ്രീം കോടതിയ്ക്ക് കൈയ്യടിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുന്നത് നല്ലാതായിരിക്കും.

ഇവിടെ ഭരിക്കേണ്ടതും നിലപാടെടുക്കേണ്ടതും മാറ്റങ്ങളുണ്ടാക്കേണ്ടതും ജനപ്രതിനിധികളാണ്. വോട്ട് മാത്രം ലക്ഷ്യമിട്ട് അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന നയം ജനപ്രതിനിധികള്‍ മാറ്റണം. ശരിയാണ് പാര്‍ലമെന്റിന് സമ്മര്‍ദ്ദങ്ങളുണ്ട്. കോടതിയ്ക്ക് ആരുടെയും വോട്ട് വേണ്ടല്ലോ. ആ സമ്മര്‍ദ്ദങ്ങളെ പക്ഷേ നിയന്ത്രണങ്ങളാക്കേണ്ടതുണ്ടോ? ഓരോ പൗരന്റെയും സ്വാകാര്യത ഊറ്റിയെടുക്കുന്ന ആധാര്‍ ബില്ലിനെ മണി ബില്ലാക്കി അവതരിപ്പിച്ച് നിയമാക്കിയെടുത്ത ഭരണകൂടത്തില്‍ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കരുതെന്ന് അറിയാം. എങ്കിലും ഭരണപക്ഷം അധികാരം നിലനിര്‍ത്താന്‍ വേണ്ട വിഷയങ്ങള്‍ മാത്രമെടുത്ത് വളഞ്ഞ വഴികളിലൂടെ നടപ്പാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനെങ്കിലും കഴിയേണ്ടതല്ലേ? ജനങ്ങളുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാനും സമനീതിയും ലിംഗനീതിയും ഉറപ്പുവരുത്താനും ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യത്തിലും പാര്‍ലമെന്റിലും ഇനിയും കെട്ടുപോകാത്ത വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അത് ജനപ്രതിനിധികള്‍ തകര്‍ക്കരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top