Flash News

കേരള സര്‍ക്കാറും റഫേല്‍ കച്ചവട വഴിയില്‍

October 1, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Kerala sarkarum raphael-1നാല് മദ്യനിര്‍മ്മാണശാലകള്‍ മന്ത്രിസഭപോലും അറിയാതെ അനുവദിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രളയക്കെടുതികളില്‍നിന്നുള്ള സംസ്ഥാനത്തിന്റെ അതിജീവനത്തെയും ഇടതുപക്ഷ – ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ മദ്യനയത്തെയും ഒരുപോലെ തകര്‍ക്കുന്നതാണ്.

എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയില്‍ സര്‍ക്കാറിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് എന്നിവര്‍ 2018 ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍ എന്നീ മാസങ്ങളിലെ വിവിധ തീയതികളിലായി ഇറക്കിയ ഉത്തരവിലാണ് നാല് സ്ഥാപനങ്ങള്‍ മദ്യനിര്‍മ്മാണ അവകാശം കേരളത്തില്‍ നേടിയത്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി ആരോപിക്കുകയുണ്ടായി. എക്‌സൈസ്മന്ത്രി ടി.പി രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയും ഇത് പുനരാലോചന ആവശ്യമില്ലാത്ത സര്‍ക്കാര്‍ തീരുമാനമാണെന്ന് ന്യായീകരിച്ചു.

Photo1അഴിമതിയുടെ പ്രശ്‌നം തല്‍ക്കാലമിരിക്കട്ടെ. സര്‍ക്കാര്‍ തീരുമാനത്തിനു മുഖ്യമന്ത്രി നല്‍കിയ ക്ലീന്‍ചിറ്റ് സംസ്ഥാന ഗവണ്മെന്റിന്റെ നയമാണോയെന്ന് സി.പി.എമ്മും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയും വിശദീകരിക്കാന്‍ ബാധ്യസ്തമാണ്. മദ്യ നിര്‍മ്മാണശാലകള്‍ അനുവദിച്ചെന്നത് വസ്തുതയാണെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി നാട്ടിലെ ആവശ്യത്തിന് ആനുപാതികമായി മദ്യം ഉല്പാദിപ്പിക്കാനാണ് പുതിയ തീരുമാനമെന്നുകൂടി വ്യക്തമാക്കി. മദ്യോല്പാദന ശാലകള്‍ക്കുള്ള മൂന്ന് അപേക്ഷകള്‍കൂടി പരിശോധനയിലാണെന്നും ഇനിയും അപേക്ഷകള്‍ വന്നാല്‍ പരിഗണിക്കുമെന്നുമാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്. നായനാര്‍ ഗവണ്മെന്റ് അധികാരത്തിലുണ്ടായിരുന്ന 99ല്‍ നൂറിലേറെ അപേക്ഷകള്‍ ഒരു സെലക്ഷന്‍ ബോര്‍ഡ് പരിശോധിക്കുകയും പരിഗണനയ്ക്കായി ഗവണ്മെന്റിനു മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒന്നിനും അനുമതി നല്‍കേണ്ടെന്നാണ് അന്ന് ഗവണ്മെന്റിനുവേണ്ടി നികുതികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റായ് ഉത്തരവിട്ടത്.

സി.പി.എമ്മിലോ ഭരണമുന്നണിയിലോ ചുരുങ്ങിയത് മന്ത്രിസഭയിലെങ്കിലുമോ ചര്‍ച്ചചെയ്ത് അംഗീകരിക്കാതെ മദ്യനയവുമായി ബന്ധപ്പെട്ട ഈ നിര്‍ണ്ണായക വിഷയത്തില്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാറിന്റേതായി നടപ്പിലാകുന്നതിന് വകുപ്പുമന്ത്രിയോ മന്ത്രിയെ പിന്താങ്ങി മുഖ്യമന്ത്രിയോ നടത്തിയ ന്യായീകരണത്തിന് അടിസ്ഥാനമില്ല.

ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പില്‍ മദ്യനയം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനപത്രിക അവതരിപ്പിച്ചാണ്. അതനുസരിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നതുപോലെ ഇഷ്ടാനുസരണം മദ്യലഭ്യത ഉറപ്പുവരുത്താനും മദ്യപരുടെ എണ്ണം കൂട്ടാനും അവരുടെ മദ്യാസക്തി പൂര്‍ത്തിയാക്കിക്കൊടുക്കാനും ഈ ഗവണ്മെന്റിന് ബാധ്യതയില്ല.

കാരണം, ഇടതു – ജനാധിപത്യമുന്നണി പ്രഖ്യാപിച്ച ഗവണ്മെന്റിന്റെ മദ്യനയം ഇപ്രകാരമാണ് : മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ – ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവത്ക്കരണ പ്രസ്ഥാനത്തിന് രൂപംനല്‍കും. ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയും സര്‍ക്കാറുമായുള്ള സഹകരണം ശക്തിപ്പെടുത്തും.

പക്ഷെ, ഭരണം മൂന്നാം വര്‍ഷത്തില്‍ എത്തിയിട്ടും ഇപ്പറഞ്ഞതൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, മദ്യലഭ്യത കൂടുതല്‍ ഉറപ്പുവരുത്താന്‍ കേരളത്തില്‍ മദ്യനിര്‍മ്മാണശാലകള്‍ അപേക്ഷ കിട്ടുന്നതിനനുസരിച്ച് യഥേഷ്ടം അനുവദിക്കാന്‍ നയം മാറ്റുകകൂടി ചെയ്തു സര്‍ക്കാര്‍. സര്‍ക്കാറിന്റെ നികുതി വരുമാനം കൂടുമെന്നും തൊഴിലവസരം കൂടുമെന്നും പുറത്തുനിന്നു വ്യാജമദ്യം വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. കേരളത്തില്‍ ഗുരുതരമായ സാമൂഹ്യ വിപത്തായി മദ്യം മാറിയിട്ടുണ്ടെന്ന് പറഞ്ഞവര്‍തന്നെ ആ വിപത്ത് സര്‍ക്കാര്‍ നടപടിയിലൂടെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നു.

മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാനത്തെ ജനങ്ങളാകെ ഒന്നിച്ചുനിന്നാല്‍ അതിജീവിക്കാമെന്നാണ് ആഗസ്റ്റ് 30ന് പ്രത്യേകം സമ്മേളിച്ച കേരള നിയമസഭയില്‍ ഭരണ – പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുകൊണ്ടുപോകേണ്ട സന്ദര്‍ഭത്തിലാണ് ഭരണഘടനാപരമായി മന്ത്രിസഭയിലോ ഇടതുമുന്നണിയില്‍ പോലുമോ ചര്‍ച്ച ചെയ്യാതെ മദ്യവര്‍ജ്ജനനയം മദ്യമൂട്ടല്‍ നയമായി സര്‍ക്കാര്‍ തിരുത്തി നടപ്പാക്കുന്നത്.

എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം? ചോദ്യമുയര്‍ത്തിയ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു ചിരിച്ച് സ്വന്തം ന്യായീകരണവുമായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും മുന്നോട്ടുപോകുന്നു. 1999നു ശേഷം 19 വര്‍ഷമായി സര്‍ക്കാറുകള്‍ ഇടതായാലും വലതായാലും കേരളത്തില്‍ ഡിസ്റ്റിലറിയോ മദ്യവാറ്റുകേന്ദ്രമോ അനുവദിച്ചിട്ടില്ല. ഇപ്പോള്‍ ഇത് അനുവദിക്കുന്നതിന് എക്‌സൈസ് കമ്മീഷണര്‍മാര്‍ പറഞ്ഞ ന്യായങ്ങളൊന്നും ഈ കാലയളവില്‍ സംസ്ഥാനത്ത് ഉയര്‍ന്നുവന്നിട്ടില്ല.

അതിനുമുമ്പ് കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ഒരു ഡിസ്റ്റിലറിക്ക് അനുവാദം നല്‍കിയതും അത് റദ്ദാക്കേണ്ടിവന്നതും 99ലെ വിനോദ് റായ് ഉത്തരവിനോടു ചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും ടി.പി രാമകൃഷ്ണന്‍ മന്ത്രിയും ഓര്‍ക്കേണ്ടതുണ്ട്. അന്ന് മന്ത്രിസഭായോഗത്തില്‍ അജണ്ടയാക്കിവെച്ചാണ് കെ കരുണാകരന്‍ ഡിസ്റ്റിലറിക്ക് അനുവാദം നല്‍കിയത്. ഇപ്പോള്‍ മേനിപറയുന്ന നികുതി വരുമാനവും തൊഴില്‍ സാധ്യതയും വിഷഭീതിയില്ലാത്ത മദ്യലഹരിയുമൊക്കെ അന്നത്തെ തീരുമാനത്തിനും ബാധകമായിരുന്നു.

പക്ഷെ, അന്ന് സി.പി.എം മുഖപത്രം ഒരു യുവകോണ്‍ഗ്രസുകാരന്‍തന്നെ ചോര്‍ത്തി നല്‍കിയ രേഖകള്‍ പുറത്തുവിട്ടാണ് ഡിസ്റ്റിലറി അനുവദിച്ചതിനെ തുറന്നുകാട്ടിയത്. മുഖ്യമന്ത്രി കെ കരുണാകരന്റെ സന്തതസഹചാരിയായ ഒരു ‘പാവം പയ്യന്റെ’ പേരിലാണ് ഡിസ്റ്റിലറി അനുവദിച്ചിരുന്നത്. അത് സ്വജനപക്ഷപാതമാണെന്നും സ്വന്തക്കാരന് നേട്ടമുണ്ടാക്കി മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണെന്നും പാര്‍ട്ടി മുഖപത്രവും പാര്‍ട്ടിയും വിമര്‍ശിച്ചു. ദേശാഭിമാനി വെളിപ്പെടുത്തലിന്റെ പിന്‍ബലത്തില്‍ നവാബ് രാജേന്ദ്രന്‍ മുഖ്യമന്ത്രി കരുണാകരനെതിരെ സത്യപ്രതിജ്ഞാ ലംഘനത്തിന് ഹൈക്കോടതിയെ സമീപിച്ചു. അപകടം മനസിലാക്കി മന്ത്രിസഭാ തീരുമാനം റദ്ദാക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി പറയുന്നതുപോലെ ശീലം നോക്കിയല്ല തെറ്റായ നടപടികളും അതിന്റെ പിന്നിലുള്ള കാണാമറയത്തെ അഴിമതികളും ചോദ്യം ചെയ്യേണ്ടത്, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ നയിക്കുന്നവര്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ചു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മദ്യനയംപോലെ ഒരു വിഷയം സാമൂഹ്യ വിപത്താക്കി തീര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ അടിയന്തരമായി തിരുത്തുന്നതില്‍ പ്രതിപക്ഷത്തിനു വടികൊടുത്ത് അടിവാങ്ങുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല.

ഇ.കെ നായനാരുടെയും വി.എസിന്റെയും പിണറായിയുടെയും നേതൃത്വത്തിലുള്ള ഗവണ്മെന്റുകള്‍ക്ക് പൊതുവായി ഒരു ഭരണനയമുണ്ട്. അത് പ്രതിപക്ഷവുമായി പരസ്പരം ബന്ധപ്പെട്ടതാണ്. അതിനു രൂപംകൊടുത്തത് 57ല്‍ അധികാരത്തില്‍വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭയാണ്. അന്ന് ഇ.എം.എസ് നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പ്രതിപക്ഷത്തിന്റെ ചുമതലയെപ്പറ്റി ഇങ്ങനെ പറഞ്ഞു:

‘ പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്മെന്റിനെ വിമര്‍ശിക്കുക. അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകളും ഗവണ്മെന്റു കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നുകാണിക്കുക. ഇതെല്ലാം ചെയ്യുന്നത് ഗവണ്മെന്റിനെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്യും.’

അതോടൊപ്പം ഇ.എം.എസ് ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ത്തു: ‘ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്മെന്റു ചെയ്യുന്ന തെറ്റുകള്‍ തിരുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി ആയിരിക്കണമെന്നും അതുകൊണ്ടുതന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവര്‍ ഓര്‍ക്കണം.’

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍ക്കൊള്ളേണ്ട നയപരമായ സുപ്രധാന തത്വവും പ്രയോഗവും മേല്‍പറഞ്ഞ വരികളിലുണ്ട്. ലോകത്താകെയുള്ള മനുഷ്യര്‍ പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിനുവേണ്ടി മനസ്സലിഞ്ഞും വെന്തുരുകിയും നിലകൊള്ളുമ്പോള്‍ ഇവിടെ അഴിമതിയുടെയും നയലംഘനങ്ങളുടെയും ഒരു ചുവടുവെപ്പുപോലും ഉണ്ടായിക്കൂട. നടപടിക്രമങ്ങളും അതിന്റെ സുതാര്യതയും ഗവണ്മെന്റ് ഉറപ്പുവരുത്തണം.

സമൂഹത്തില്‍ ഏറിവരുന്ന കുറ്റകൃത്യങ്ങള്‍ക്കും കുടുംബജീവിത തകര്‍ച്ചകള്‍ക്കും മറ്റെല്ലാ സമൂഹവിരുദ്ധ കൃത്യങ്ങള്‍ക്കും പ്രേരണയും പ്രചോദനവും ആവേശവുംപോലുമാകുന്നത് മദ്യമാണ്. ഏതാനും മദ്യനിര്‍മ്മാണ ശാലകളും അതിലൊന്നിന് പത്ത് ഏക്കര്‍ സ്ഥലവും ഈ നാട്ടില്‍ സര്‍ക്കാര്‍ പതിച്ചുകൊടുക്കുമ്പോള്‍ അഴിമതിയുടെ സാധ്യതയും വിളയാട്ടവും സംശയിക്കുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ അനുവദിച്ച നാല് സ്ഥാപനങ്ങളുടെ അടിവേരുകളിലേക്കും പശ്ചാത്തല വിവരങ്ങളിലേക്കും സൂക്ഷ്മമായി കടക്കാതെ കൂടുതല്‍ തല്‍ക്കാലം പറയാനാവില്ലെങ്കിലും.

എന്നാല്‍, പ്രാഥമികമായ നിരീക്ഷണത്തില്‍ വ്യക്തമാകുന്നത് ഉത്തരവാദിത്വത്തോടെ ഗവണ്മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധയ്ക്ക് ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബര്‍ 5ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം എറണാകുളം കിംഫ്ര വ്യവസായ പാര്‍ക്കില്‍ ബ്രുവറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനം ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമില്ലാത്തതാണെന്ന് കാണുന്നു. തന്നെയുമല്ല എട്ടുവര്‍ഷം പ്രായമുള്ള ഈ സ്ഥാപനം ദക്ഷിണ ഡല്‍ഹിയിലെ ഒരു മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന വാതക ഉല്പാദനവും വിതരണവുമായിമാത്രം ബന്ധമുള്ളതാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തില്‍ മദ്യനിര്‍മ്മാണത്തിന് കിംഫ്ര വ്യവസായ പാര്‍ക്കില്‍ പത്തേക്കര്‍ സ്ഥലം നേടി എത്തുന്നു എന്നത് ആശ്ചര്യകരമാണ്. കൃത്യമായി ജനങ്ങള്‍ക്കറിയേണ്ട വിഷയവുമാണ്. ഈ അപേക്ഷയടക്കം പരസ്യപ്പെടുത്താതിരുന്നിട്ടും അപേക്ഷ നല്‍കാനും അനുമതി നേടിയെടുക്കാനും കഴിഞ്ഞ മറ്റു സ്ഥാപനങ്ങളുടെയും ഇനിയും അപേക്ഷകള്‍ പരിഗണിക്കുന്നവരുടെയും വിശ്വാസ്യത ബോധ്യപ്പെടുത്തേണ്ടതുണ്ട്.

രാജ്യരക്ഷാ പടക്കോപ്പ് ഉല്‍ല്പാനങ്ങളുടെ ഹരിശ്രീപോലും അറിയാത്ത അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് റഫേല്‍ വിമാന കരാറില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞു. ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നു നാം പറയുന്നു. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുന്നു. അതേസമയം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തില്‍ ആര്‍ക്കും കൊടുക്കാത്ത മദ്യ നിര്‍മ്മാണശാലകള്‍ മന്ത്രിസഭപോലുമറിയാതെ പൊട്ടിമുളയ്ക്കുന്നു. അതിനുനേരെ നമുക്ക് കണ്ണടച്ച് കയ്യടിച്ച് പിന്തുണ നല്‍കാനാകുന്നതെങ്ങനെ? ഇത്രയും വെളിപ്പെട്ട സ്ഥിതിയില്‍ ഈ ഇടപാടു സംബന്ധിച്ചുള്ള അപേക്ഷകളും അപേക്ഷകരെക്കുറിച്ചുള്ള വിവരങ്ങളും ഏതെല്ലാം തലത്തില്‍ തീരുമാനമെടുത്തു എന്ന വിവരവും സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തണം. അതു പരിശോധിച്ചേ അഴിമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. അതിനുള്ള അവസരം സൃഷ്ടിക്കേണ്ട അടിയന്തര ബാധ്യത മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top