
ലോക ഹൃദയദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്ക്കൂള് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഡോ. അബ്ദുല്‍ സമദ് എം.ഡി ഉദ്ഘാടനം ചെയ്യുന്നു
ദോഹ : ശാസ്ത്രീയമായ ഭക്ഷണ രീതികളും ആരോഗ്യകരമായ ജീവിത ശൈലികളും പിന്തുടര്ന്നാല് ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ഇത് സംബന്ധിച്ച വ്യക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കേണ്ടതുണ്ടെന്നും ഡോ. അബ്ദുല്‍ സമദ് അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്ക്കൂള് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്നമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂ. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവ വര്‍ജ്ജിക്കുക എന്നിവവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണക്രമങ്ങളും ശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയാരോഗ്യ സന്ദേശവുമായി നടന്ന മാരത്തോണ്‍, വിദ്യാര്‍ഥികള്‍ ഹൃദയത്തിന്റെ രൂപത്തില്‍ ചുമന്ന ടീ ഷര്‍ട്ടുകളുമായി ചെയ്ത പ്രതിജ്ഞ, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫര്‍സാന ടീച്ചറുടെ പ്രഭാഷണം എന്നിവയായിരുന്നു ദിനാചരണത്തിലെ പ്രധാന പരിപാടികള്‍. ഹൃദയസമാനമായ ബലൂണുകള്‍ പറത്തിയും ആരോഗ്യകരമായ ഹൃദയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടികളില്‍ സജീവമായും സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഹൃദയദിനം സജീവമാക്കി.

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്ക്കൂള് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്
മുഹമ്മദ് സനൂബ്, ഹിഷ്മ ഹംസ, യാസീന്‍ അഹ്മദ്, റസീന്‍, രിദ ഹനാന്, ഹുദ ജാബിര്‍, റിഹാസ് പി.കെ, ഹവ്വ യാസര്‍ എന്നീ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമുള്കൊള്ളുന്ന സമൂഹത്തിന് ഈ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്.
വ്യായാമ രഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികള്‍ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്നാണ് ലോകഹൃദയം നമ്മെ ഓര്‍മപ്പെടുത്തുന്നത്.
എന്റെ ഹൃദയം, നിന്റെ ഹൃദയം എന്ന ഈ വര്‍ഷത്തെ പ്രമേയം ഹൃദയ സംരക്ഷണത്തില്‍ പരസ്പരം സൂക്ഷിക്കേണ്ട ഗുണകാംക്ഷയാണ് അടയാളപ്പെടുത്തുന്നത്. സ്ക്കൂള് പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് സ്വാഗതവും എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply