Flash News

ആ വയലിന്റെ ശബ്ദം നിലച്ചു; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്ക്കര്‍ അന്തരിച്ചു

October 1, 2018

newsrupt2018-10330bc6af-123b-4782-954e-a06c20277f23b2750152_e078_4eb5_84d6_93ed13661c79തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില ഭേദപ്പെട്ട് വരുന്നതോടെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്.

കാല്‍നൂറ്റാണ്ടോളം സംഗീതരംഗത്ത് സജീവമായിരുന്ന ബാലഭാസ്‌കര്‍ സിനിമകളെക്കാളേറെ നിരവധി സംഗീത ആല്‍ബങ്ങളിലൂടെയും ഫ്യൂഷന്‍ മ്യൂസിക്കിലൂടെയുമാണ് സംഗീതപ്രേമികള്‍ക്ക് ചിരപരിചിതന്‍. തിരുവനന്തപുരം സംഗീത കോളെജില്‍ അധ്യാപികയായിരുന്ന ശാന്തയുടെയും പോസ്റ്റ്മാസ്റ്ററായിരുന്ന ഉണ്ണിയുടെയും മകനായി 1978ലാണ് ബാലഭാസ്‌കര്‍ ജനിച്ചത്. സ്‌കൂള്‍ കാലഘട്ടത്ത് തന്നെ സംഗീതരംഗത്തുളള മികവ് പ്രകടിപ്പിച്ച ബാലഭാസ്‌കറിന്റെ ഗുരു അമ്മയുടെ സഹോദരന്‍ ബി ശശികുമാറായിരുന്നു.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നല്‍കി. ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോയായ കിലുക്കത്തിന് സംഗീതം നല്‍കിയതോടെ ബാലഭാസ്‌കറിന് തിരക്കേറുകയായിരുന്നു. പിന്നീടാണ് നിനക്കായ്, ആദ്യമായ്,ഓര്‍മ്മയ്ക്കായ് എന്നിങ്ങനെ മലയാളികള്‍ ഒരു കാലത്ത് നെഞ്ചേറ്റിയ പ്രണയ ആല്‍ബങ്ങളുടെ സീരിസുകള്‍ വരുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ പഠനകാലത്തിനിടെ രൂപീകരിച്ച കണ്‍ഫ്യൂഷന്‍ ബാന്റിലൂടെ നീ അറിയാന്‍ എന്ന സ്വതന്ത്ര്യ മ്യൂസിക് ആല്‍ബവും പുറത്തിറക്കി. ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലുമായി നിരവധി സ്റ്റേജ് ഷോകളാണ് ബാലഭാസ്‌കറും സംഘവും അവതരിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top