വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടേയും മരണത്തിന് സമാനമായ മരണത്തിന് സാക്ഷിയാകേണ്ടി വന്ന എഴുത്തുകാരി തനൂജ ഭട്ടതിരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറല്‍

tanujaസംഗീത ലോകത്തിന് പുതിയ മാനങ്ങള്‍ കണ്ടുപിടിച്ച് വയലിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കര്‍ വിട വാങ്ങുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും അനുസ്മരിക്കുന്നത്. ബാലഭാസ്‌കറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷിയാകേണ്ടി വന്ന ഒരു അപകടത്തില്‍ തുടര്‍ന്നുണ്ടായ മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിവരിച്ചാണ് തനൂജാ ഭട്ടതിരിയുടെ കുറിപ്പ്. കാറപകടത്തെ തുടര്‍ന്ന് അമ്മയെയും അച്ഛനെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരണത്തിന് കീഴടങ്ങിയിരുന്നു, കുട്ടിയും ഏറെ താമസിയാതെ അച്ഛനോടൊപ്പം യാത്രയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ എല്ലാവരെയും കണ്ണീരണിയിപ്പിക്കുന്ന ഒന്നായിരുന്നു എന്ന് തനൂജ കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മറക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതല്‍ ഒഴിയാതെ. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടര്‍ന്ന് ആ ഭാര്യ ഭര്‍ത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരിച്ചിരിന്നു. കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസര്‍ മോര്‍ച്ചറിയില്‍ ആയിരുന്നു.

തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവില്‍ വെച്ച് അല്പം ബോധം വന്നപ്പോള്‍ ഭര്‍ത്താവിനെയും മകളെയും കുറിച്ച് തിരക്കി. മരണ വാര്‍ത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കള്‍ക്ക് നടത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാര്‍ത്ത അവളോട് പറഞ്ഞത്. പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവള്‍ കേട്ടെങ്കിലും യാഥാര്‍ത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ചപ്പോള്‍ അവള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കണ്ണീരിനൊടുവില്‍ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി. ആരോഗ്യ പ്രശ്‌നവും ഈ കാഴ്ച ഉണ്ടാക്കാന്‍ പോകുന്ന മാനസിക സമ്മര്‍ദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്‌നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവര്‍ ധൈര്യത്തോടെ പറഞ്ഞു.

സ്ട്രച്ചറില്‍ കിടന്നു കൊണ്ട് മോര്‍ച്ചറിക്കു വെളിയില്‍ ആരോ ഒരു ബന്ധു ഉയര്‍ത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിള്‍ അമ്മയുടെ കവിള്‍ തൊട്ടു. കരയാതെ അമ്മ കണ്ണുകള്‍ പരതി. സ്ട്രച്ചറില്‍ ഉയര്‍ത്തി ഭര്‍ത്താവിന്റെ ശരീരം കാണിച്ചു. അവള്‍ വിരലുകള്‍ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു. ചടങ്ങു നടത്തുമ്പോള്‍ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേര്‍ക്കും കൊതി മാറിയിട്ടില്ല. അവളൊരിക്കലും പേടിക്കയുമില്ല. എല്ലാവരും പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ത്രീ കണ്ണുകള്‍ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യര്‍ ഒരു ചെറിയ ജീവിതത്തില്‍ എന്തൊക്കെ സഹിക്കണം! .

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment