- Malayalam Daily News - https://www.malayalamdailynews.com -

എസ്‌എഫ്‌ഐയുടെ ഭീഷണി; കാര്യവട്ടം ഗവ. കോളെജില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് മത്സരിക്കാന്‍ സാധിച്ചില്ല

flagതിരുവന്തപുരം: എസ്.എഫ്.ഐ സമ്മര്‍ദ്ദം മൂലം റിട്ടേണിംഗ് ഓഫീസര്‍ നോമിനേഷന്‍ ഫോം നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്ന് കാര്യവട്ടം ഗവ. കോളേജില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് നോമിനേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല. മത്സരിക്കാന്‍ തയ്യാറായ സമയം മുതല്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ഒന്നാം വര്‍ഷ ബയോകെമിസ്ട്രി വിദ്യാര്‍ത്ഥി മുഹ്സിന് നേരെ എസ്.എഫ്.ഐ ഭീഷണി ഉണ്ടായിരുന്നു. നോമിനേഷന്‍ നല്‍കാന്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡ് വേണമെന്നിരിക്കെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വം അത് പിടിച്ചുവാങ്ങി. പെണ്‍കുട്ടികളായ മുഹ്സിന്റെ നോമിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ നോമിനേഷന്‍ ഫോം അന്വേഷിച്ചു ചെന്ന ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് ഫോം നല്‍കാതെ തിരിച്ചയക്കുകയാണ് റിട്ടേണിംഗ് ഓഫീസര്‍ ചെയ്തത്. തന്റെ മകനെ ഭീഷണിപ്പെടുത്തുകയും ഐ.ഡി കാര്‍ഡ് പിടിച്ചുവാങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഹ്സിന്റെ രക്ഷിതാവ് പ്രിന്‍സിപ്പലിന് റാഗിംഗ് പരാതി നല്‍കിയിരുന്നു. മകന് ഇലക്ഷനില്‍ മത്സരിക്കാനുള്ള അവസരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നടപടി കൈക്കൊള്ളാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെത്തുടര്‍ന്ന് നോമിനേഷന്‍ ഫോം കൈപ്പറ്റാനായി മുഹ്സിന്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനമായ തിങ്കളാഴ്ച്ച ഓഫീസ് പരിസരത്ത് ചെന്നെങ്കിലും എസ്.എഫ്.ഐക്കാര്‍ തടഞ്ഞതിനാല്‍ അകത്തു കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ നോമിനേഷന്‍ ലഭിച്ചപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. മുഹ്സിന്‍ ഫോം പൂരിപ്പിച്ച് ഉടന്‍ ഓഫീസില്‍ എത്തിയെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് 2 മണിക്ക് സ്ഥലത്തെത്തി നോമിനേഷന്‍ സ്വീകരിക്കാനുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ചു.

എസ്.എഫ്.ഐ തിരക്കഥ പ്രകാരമാണ് കാര്യവട്ടം കോളേജില്‍ നോമിനേഷന്‍ പ്രോസസ് നടന്നത്. അവരില്ലാത്ത സംഘടനകളുടെ നോമിനേഷന്‍ പോകാതിരിക്കാന്‍ നാറിയ കളിയാണ് എസ്.എഫ്.ഐ നടത്തിയത്. ഇവരുടെ ജനാധിപത്യ വിരുദ്ധതയാണ് ഇത് തെളിയുക്കുന്നത്. എന്നാല്‍ ജനാധിപത്യ കാമ്പസ് കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ ഫ്രറ്റേണിറ്റി തുടര്‍ന്നും മുന്നിട്ടിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് മഹേഷ് തോന്നക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇലക്ഷനില്‍ മത്സരിക്കുകയെന്ന തന്റെ ന്യായമായ അവകാശം തടഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മത്സരിക്കാനുള്ള അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഹ്സിന്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]