പ്രളയ ഭൂവില്‍ “ഫോമാ വില്ലേജ്” ഒരുങ്ങുന്നു

Flier of FOMAA Village Projectകേരളത്തിന്റെ മഹാപ്രളയ ഭൂമിയില്‍ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കന്‍ മലയാളി കൂട്ടായ്മയാണ് ഫോമാ. അമേരിക്കന്‍ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം. മഹാ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി ഫോമയുടെ നേതൃത്വത്തില്‍ കേരളമണ്ണില്‍ ഒരു ഗ്രാമം ഒരുക്കുകയാണ്. മണ്ണും വീടും നഷ്ടപ്പെട്ടവര്‍ക്കായി മണ്ണും വീടും നല്‍കി ഫോമാ ഒരു നവ സംസ്‌കാരത്തിന് തുടക്കമിടുകയാണെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

കേരളത്തില്‍ രണ്ടു തവണയായി വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോള്‍ ഫോമയുടെ പ്രധാനപ്പെട്ട ഭാരവാഹികളും ,മുന്‍ ഭാരവാഹികളും നാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടന്ന് തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ സാധിച്ചിരുന്നു. നാല് ഘട്ടങ്ങളായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു.അഞ്ചാം ഘട്ടം എന്ന നിലയിലാണ് വീടുകളുടെ നിര്‍മ്മാണത്തെക്കുറിച്ചു ആലോചിച്ചത്. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുവാന്‍ തീരുമാനിച്ചപ്പോളാണ് ഫോമയുടെ കമ്മിറ്റി അംഗമായ നോയല്‍ മാത്യു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന നിലമ്പുരിനടുത്ത് പ്രളയത്തില്‍ മണ്ണ് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാനുള്ള ഭൂമി നല്‍കാമെന്ന് അദ്ദേഹം വാക്കു നല്‍കിയത്. ഫോമാ അംഗങ്ങളും അമേരിക്കന്‍ മലയാളികളും ഹര്‍ഷാരവത്തോടെയാണ് ആ നല്ല മനസിനെ സ്വീകരിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വീട് നഷ്ടപ്പെട്ടവര്‍ക്കായി ഭൂമിയും വീടും നല്‍കുന്നതിനെകുറിച്ചും ചില ആലോചനകള്‍ നടക്കുന്നുണ്ട്. പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങളെ ഇതിനോടകം റവന്യു അധികാരികളുടെ സഹായത്തോടെ ഫോമാ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ നാട്ടിലുള്ള ഫോമയുടെ പ്രവര്‍ത്തകര്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതു നിര്‍മ്മിച്ചു നല്‍കി നന്മയുടെ ഒരു ഗ്രാമം പണിയുവാന്‍ ആണ് ഫോമയുടെ ആഗ്രഹം. അതിനായുള്ള ഒരുക്കങ്ങളില്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.

നഷ്ടപ്പെട്ട ജീവനുകള്‍ നമുക്ക് തിരിച്ചു നല്‍കാനാവില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നമുക്കാവണം. അതിനു നിങ്ങളാല്‍ ആകുന്നത് ‘ഫോമയുടെ വില്ലേജ് പ്രോജക്ടിനായി’ നല്‍കുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൈസയ്ക്കും കണക്കുണ്ടാകും. ഫോമാ ഏറ്റെടുത്ത നടത്തിയ കാന്‍സര്‍ പ്രോജക്ട് പോലെ, ഒരു ബൃഹത്തായ പ്രോജക്ട് ഞങ്ങള്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കുകയാണ്. ഇതിനോടകം നല്ലവരായ ചില സുഹൃത്തുക്കളും അസോസിയേഷനുകളും നിരവധി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഫോമയ്ക്കൊപ്പം കൈകോര്‍ക്കുവാന്‍ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഫോമയുടെ പ്രവര്‍ത്തകര്‍ ഫോമാ വില്ലേജ് പ്രോജക്ടിന് ചുക്കാന്‍ പിടിക്കുകയാണ്.

ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോട് കേരളത്തിലെ ജനങ്ങളും, സര്‍ക്കാരും, അമേരിക്കന്‍ മലയാളികളും പ്രതീക്ഷയോടെ നോക്കുന്നതിന്റെ കാരണം ഫോമാ പ്രോജക്ടുകളുടെ സുതാര്യതയാണ്. ആ സുതാര്യതയാണ് ഫോമയുടെ ശക്തി. അത് അമേരിക്കന്‍ മലയാളികള്‍ ഫോമയ്‌ക്ക് മാത്രം നല്‍കിയ ഒരു അംഗീകാരമാണ്‌. ഫോമയുടെ കേരളത്തിനായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ സഹായിക്കുകയും, വില്ലേജ് പ്രോജക്ടിന് സഹായസഹകരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത നല്ലവരായ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, ഫോമയുടെ അഭ്യുദയകാംക്ഷികള്‍ക്കും നന്ദിയും സ്നേഹവും, കടപ്പാടും അറിയിക്കുന്നതെയായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment