സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പതിനെട്ടുകാരന്റെ മിന്നും പ്രകടനം; അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി മുംബൈ സ്വദേശി പൃഥ്വി ഷാ

pritvi-856x412സച്ചിന്‍ ടെണ്ടുൽക്കറുടെ അരങ്ങേറ്റ കാലത്തെ ഓര്‍മ്മിപ്പിച്ച് പ്രിഥ്വി ഷാ. രാജ്കോട്ടില്‍ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഈ 18 കാരന്‍ കാഴ്ചവെച്ചത്. 99 പന്തില്‍ 102 റണ്‍സ്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് പ്രിഥ്വി ഷാ.

പരിചയ സമ്പന്നരായ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പിന്നിലാക്കിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ പ്രിഥ്വി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് ഈ കൗമാരക്കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിന ക്രിക്കറ്റില്‍ ബാറ്റ് വീശുന്ന ലാഘവത്തോടെ കളിച്ച താരം സ്വന്തമാക്കിയത് മിന്നും ശതകമാണ്. പ്രിഥ്വിയുടെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 180 എന്ന ശക്തമായ നിലയിലാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന കാലം തൊട്ട് ഇന്ത്യയുടെ ഭാവിയെന്ന് വിലയിരുത്തിയ താരമായിരുന്നു പ്രിഥ്വി. എന്നാൽ ഇതുവരെ 14 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടുള്ളൂ. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയടിച്ച് ഞെട്ടിച്ച പ്രിഥ്വിക്ക് ഇന്നത്തെ ഇന്നിങ്സ് കരിയർ ബ്രേക്കാവുമെന്ന് ഉറപ്പ്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ പ്രിഥ്വി സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തായിരുന്നു ആദ്യ മത്സരത്തില്‍ തന്റെ ആഘോഷ വരവറിയിച്ചത്.

സച്ചിനുമായി പല കാര്യങ്ങളിലും സാമ്യമുള്ള താരമാണ് പ്രിഥ്വി. സച്ചിനെപ്പോലെ മുംബൈക്കാരനായ താരം പതിന്നാലാം വയസ്സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 330 പന്തില്‍ 85 ബൗണ്ടറികളും അഞ്ചു സിക്സും അടക്കം 546 റണ്‍സടിച്ച പ്രിഥ്വിയുടെ മാരത്തണ്‍ ഇന്നിങ്‌സ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനും ഇതേ ടൂര്‍ണമെന്റിലൂടെയാണ് അറിയിപ്പെട്ടു തുടങ്ങിയത്. ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ച സച്ചിന്റെ റെക്കോര്‍ഡ് പ്രിഥ്വി തകര്‍ത്തു. സ്‌കൂളില്‍ ഒതുങ്ങുന്നതായിരുന്നില്ല കൗമാരതാരത്തിന്റെ കുതിപ്പ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അത്ഭുതകരമായ ബാറ്റിങ് പ്രകടനമായിരുന്നു പിന്നീട്. പതിനേഴാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ 175 പന്തില്‍ 120 റണ്‍സടിച്ച് അരങ്ങേറി. ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനുമാണ് പ്രിഥ്വി. സച്ചിനാണ് പട്ടികയില്‍ ഒന്നാമന്‍.

അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പില്‍ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലായി 56.72 ശരാശരിയിലാണ് യുവതാരത്തിന്റെ റണ്‍ വേട്ട. ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ച്വറി നേടി. ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും പ്രിഥ്വി ആയിരുന്നു. ആറു മത്സരങ്ങളില്‍നിന്നും 261 റണ്‍സടിച്ച് അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും താരം നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗംഭീര പ്രകടനമായിരുന്നു താരത്തിന്റേത്. ദില്ലി ഡെയര്‍ ഡെവിള്‍സിനായി 9 ഇന്നിങ്സുകളില്‍ നിന്നായി 245 റണ്‍സടിച്ചു. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായാണ് കുഞ്ഞു പ്രിഥ്വി ഐപിഎല്ലില്‍ ശ്രദ്ധേയനായത്. ബാറ്റിംഗില്‍ സച്ചിന് സമാനമായ മികവ് കാണിക്കുന്ന പ്രിഥ്വിയുടെ പേരില്‍ മികച്ച റെക്കോര്‍ഡുകള്‍ ഉണ്ടാകുമെന്നതും ഉറപ്പാണ്. സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതെയുള്ള താരത്തിന്റെ മികവുറ്റ ബാറ്റിംഗിനെ പ്രശംസിച്ചുകൊണ്ട് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്ക് വോ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അഭിനനന്ദനവുമായി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment