ഐഎപിസി ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

award (1)1അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍വംശജരായ അഞ്ചുപേരാണ് ഈവര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നതെന്ന് ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ഡോ: ജയ് എന്‍. സമ്പത്ത് (ഹുമാനിറ്റേറിയന്‍ ആക്ടിവിറ്റീസ്), പി.പി. ചെറിയാന്‍ ( മീഡിയ എക്‌സലന്‍സ്), സണ്ണി മറ്റമന (കമ്യുണിറ്റി സര്‍വീസ്), രാജന്‍ ചീരൻ ( ആര്‍ട്‌സ് ആന്‍ഡ് മീഡിയ), തങ്കമണി അരവിന്ദന്‍ (കമ്യുണിറ്റി സര്‍വീസ്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.

അറ്റ്‌ലാന്റയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍സിന് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ് ഡോ. ജയ് സമ്പത്ത്. ദക്ഷിണേന്ത്യയിലെ തിരുപ്പൂരില്‍ ജനിച്ച ഇദ്ദേഹം, 1972-ല്‍ അമേരിക്കയില്‍ എത്തും മുന്‍പ് ഈസ്റ്റ് പാകിസ്ഥാന്‍, ഉഗാണ്ട എന്നിവിടങ്ങളിലെ പിന്നോക്ക സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി തന്റെ മെഡിക്കല്‍ രംഗം ഉഴിഞ്ഞ് വച്ചിരുന്നു. പിന്നീട് യുഎസില്‍ എത്തിയ ഇദ്ദേഹം അറ്റ്‌ലാന്റയില്‍ എത്തും മുന്‍പ് അരിസോണയിലെ അപരിഷ്‌കൃതരായ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ജനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തമാണ്.

കേരളത്തിലെ സ്‌കൂള്‍, കോളജ് കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വ്യക്തിയാണ് പി.പി.ചെറിയാന്‍. റേഡിയോളജിയില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിലും വിദ്യാഭ്യാസം ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത ചെറിയാന്‍ ഇന്ന് ഡളസിലെ കൈന്റ്‌റഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരുന്നു. തന്റെ കോളജ് ദിനങ്ങളില്‍ പത്രങ്ങളിലും മാഗസിനുകളിലും ചെറിയാന്‍ എഴുതാറുണ്ടായിരുന്നു. കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി നിരവധി മാധ്യമങ്ങള്‍ക്ക് വേണ്ടി 2006 മുതല്‍ ഇദ്ദേഹം റിപ്പോട്ടിംഗ് നടത്തുന്നുണ്ട്. പല ഓണ്‍ലൈന്‍ മീഡിയകളുടെയും, പ്രിന്റ് മീഡിയകളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അഡൈ്വസറി ബോഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.

സണ്ണി മറ്റമന ഫ്‌ളോറിഡ ടാമ്പയിലെ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അദ്ദേഹം സംഘടനയുടെ അഡൈ്വസറി ബോഡ് ചെയര്‍മാനാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ടാമ്പ ചാപ്ടര്‍ റപ്രസെന്റേറ്റീവും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ അസോസിയേറ്റ് ജോയിന്റ് ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്‌കൂള്‍ കംമ്പ്യൂട്ടറൈസേഷന്‍ പ്രോഗ്രാമിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു അദ്ദേഹം.

രാജന്‍ ചീരൻ തന്റെ മാധ്യമ ജീവിതം ആരംഭിച്ചത് 1997-ല്‍ ഏഷ്യനെറ്റ് കേബിള്‍ വിഷനില്‍ ആങ്കറായിട്ടായിരുന്നു. പിന്നീട് അമേരിക്കയിലെത്തിയ രാജന്‍ അവിടെയും തന്റെ മാധ്യമ ജീവിതം തുടര്‍ന്നു. ഇന്ന് ഫ്‌ളവേഴ്‌സ് ടിവി, യുഎസ്എ റീജിയണല്‍ മാനേജരായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കലാസ്‌നേഹിയായ രാജന്‍ അമേരിക്കയിലെ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മിത്രാസ് ഫെസ്റ്റിവല്‍ ന്യുജഴ്‌സിയില്‍ ആരംഭിച്ചു. രാജൻ എഴുതി സംവിധാനം നിർവഹിച്ച ഷോര്‍ട്ട് ഫിലിം ‘ ദ എയ്ഞ്ചല്‍’ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. നിരവധി സാമൂഹിക സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ രാജന്‍ സജീവമാണിപ്പോള്‍.

തങ്കമണി അരവിന്ദന്‍ ഇരുപത് വര്‍ഷത്തിലേറെയായി നഴ്‌സിംഗ് ടീച്ചറായി പ്രവര്‍ത്തിച്ച് വരുന്നു. ആദ്യം ഇന്ത്യയില്‍ ടീച്ചിംഗ് ആരംഭിച്ച തങ്കമണി, ഇന്ന് ന്യുജഴ്‌സിയില്‍ നഴിസിംഗ് പ്രൊഫസറായി ജോലി ചെയ്യുന്നു. യുഎസ് സര്‍ക്കാരിന്റെ തോമസ് എഡിസണ്‍ സ്‌റ്റേറ്റ് മൈനോരിറ്റി നഴ്‌സ് എഡ്യുക്കേറ്റര്‍ ഗ്രാന്റ് പ്രോഗ്രാം അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയും തങ്കമണി ആയിരുന്നു. നിരവധി ഓള്‍ഡേജ് ഹോമുകള്‍ക്കും, സീനിയന്‍ സെന്റേഴ്‌സിനും വേണ്ടി പ്രവര്‍ത്തിച്ച ഇവരുടെ സേവനങ്ങള്‍ക്ക് നിരവധി പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ ന്യുജഴ്‌സിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള തങ്കമണി സംഘടനയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക,നാമം, കേരള അസോസിയേഷന്‍ ഓഫ് ന്യുജഴ്‌സി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടകളിലും ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. യുണൈറ്റഡ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദ്യതെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ഇവരായിരുന്നു.2018 ഓഗസ്റ്റിലെ ഡബ്യുഎംസി ഗ്ലോബല്‍ കോണ്‍ഫറസില്‍ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ച തങ്കമണി, ഇപ്പോള്‍ ഡബ്യുഎംസി ഗ്ലോബല്‍ ചെയര്‍പേഴ്‌സനും കൂടിയാണ്. കംമ്പാഷനേറ്റ് കെയറിന് നല്‍കുന്ന ഡെയ്‌സി അവാര്‍ഡ്, ബര്‍ണാബസ് ഹെല്‍ത്ത് കെയര്‍ നല്‍കുന്ന ജെയ്ന്‍ മെക്കാര്‍ട്ടര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

കമ്യൂണിറ്റിക്ക് വേണ്ടി സേവനം നടത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറസിന്റെ ഭാഗമായി ആദരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നു അവാർഡ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി.സഖറിയ പറഞ്ഞു. അറ്റ്‌ലാന്റാ എയര്‍പോട്ട് മാരിയട്ട് ഹോട്ടലില്‍ ഈ ആഴ്ച അവസാനം ഐഎപിസി നടത്തുന്ന അഞ്ചാം അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിന്റെ ഭാഗമായി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Print

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment