റഫേലില്‍ കുരുങ്ങി മോദി സര്‍ക്കാര്‍; മോദി അധികാര ദുര്‍‌വിനിയോഗം നടത്തിയെന്ന് മുന്‍ ബിജെപി കേന്ദ്ര മന്ത്രിമാര്‍ സിബി‌ഐയ്ക്ക് പരാതി നല്‍കി

aaf56b608b3db7fbb8b099f2c2098718പുകഞ്ഞു കൊണ്ടിരുന്ന റഫേല്‍ വിമാന വിവാദം മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണും. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനും എതിരെ പരാതിയുമായി സിബിഐയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിന് കീഴിലുള്ള ‘അധികാര ദുര്‍വിനിയോഗമാണ് പ്രധാനമന്ത്രിക്കെതിരെ ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ആക്രമണം മൂവരും കടുപ്പിച്ചിരുന്നു. 2015 ഏപ്രിലില്‍ ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനം വാങ്ങാനുള്ള കരാറുണ്ടാക്കിയത് പല മാനദണ്ഡങ്ങളും ലംഘിച്ചാണെന്ന് പത്രസമ്മേളനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഇവര്‍ ആവര്‍ത്തിക്കുകയുണ്ടായി.

റഫേല്‍ നിര്‍മ്മാതാക്കളായ ദസോ ഏവിയേഷനില്‍ നിന്നും 126 വിമാനം വാങ്ങാനുള്ള യുപിഎ കരാറില്‍ അട്ടിമറി നടത്തിയത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ സഹായിക്കാനാണെന്ന കോണ്‍ഗ്രസ് വാദം തന്നെയാണ് യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും പ്രശാന്ത് ഭൂഷണും ഉന്നയിക്കുന്നത്. 2015 മാര്‍ച്ച് മൂന്നിന് മോഡിയും അംബാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ച സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചര്‍ച്ചയ്ക്കിടെ പ്രതിരോധമേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രധാനമന്ത്രി തന്നോട് അഭ്യര്‍ത്ഥിച്ചെന്ന് അംബാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതിപ്രധാനമായ പ്രതിരോധമേഖലയേക്കുറിച്ച് പ്രധാനമന്ത്രി അനില്‍ അംബാനിയുമായി ചര്‍ച്ച നടത്തിയത് അങ്ങേയറ്റം അസാധാരണമാണ്. ആ സമയത്ത് ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങിയ 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അനില്‍ അംബാനി സിബിഐ അന്വേഷണം നേരിടുകയായിരുന്നു. അക്കാലത്ത് അംബാനിയ്ക്ക് പ്രതിരോധ മേഖലയില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അനില്‍ അംബാനിയ്ക്ക് നിക്ഷേപമോ താല്‍പര്യമോ ഇല്ലാതിരുന്ന ഇടപാടിനേക്കുറിച്ച് നിയമാനുസൃതമല്ലാത്ത സംഭാഷണമാണ് നടന്നത്.

കരാര്‍ സമയത്ത് അനില്‍ അംബാനിയുടെ കമ്പനികള്‍ പാപ്പരത്തത്തിന്റെ വക്കിലായിരുന്നു. തങ്ങള്‍ക്ക് കിട്ടാനുള്ള തുക ലഭിക്കാന്‍ കടക്കാര്‍ അംബാനിക്കെതിരെ നീക്കങ്ങള്‍ നടത്തുകയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന് തങ്ങളുടെ വിലപ്പെട്ട പല ആസ്തികളും വില്‍ക്കേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ മോഡിയും അംബാനിയും തമ്മില്‍ ഒരു ഗൂഢാലോചന ഉടലെടുക്കുകയാണുണ്ടായത്. മോഡി ഈ സാഹചര്യത്തിലൂടെ ‘അന്യായമായ മുതലെടുപ്പ്’ നടത്തി. ദസോ ഏവിയേഷന് പറക്കാന്‍ സജ്ജമായ സ്ഥിതിയിലുള്ള 36 റഫേല്‍ വിമാനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ പ്രധാനമന്ത്രി തന്റെ ഓഫീസ് ദുരുപയോഗം ചെയ്തു.

ഈ പ്രവൃത്തിയിലൂടെ തന്റെ പൊതുഉത്തരവാദിത്തത്തോട് അവിശ്വസ്തത കാണിച്ചു. ഈ ‘അന്യായ മുതലെടുപ്പ്’ മോഡിയുടെ അടുപ്പക്കാരനായ അംബാനിയിലേക്കാണ് എത്തിയത്. തന്റെ അധികാരം അന്യായമായി ഉപയോഗിച്ച് അംബാനിയെ പങ്കാളിയാക്കാന്‍ മോഡി ദസോയെ നിര്‍ബന്ധിക്കുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റഫേല്‍ ഇടപാടിന്റെ കാലാനുഗതമായ വിവരങ്ങള്‍ മൂവരും വ്യക്തമാക്കുന്നുണ്ട്. 126 വിമാനങ്ങള്‍ വാങ്ങിക്കാനുള്ള കരാര്‍ ആരോഗ്യകരമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരിക്കവേയാണ് മോഡി പുതിയ കരാറില്‍ ഒപ്പുവെച്ചതെന്നും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment