എന്റെ തിമിര ശസ്ത്രക്രിയയും ഉത്ക്കണ്ഠകളും പുതിയ ലോകവും (ജോസഫ് പടന്നമാക്കല്‍)

a1 (2)ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ കണ്ണുകളില്‍ തിമിരം (ക്യാട്രാക്റ്റ്) വ്യാപിക്കുവാന്‍ തുടങ്ങിയിരുന്നു. തിമിരം, 2018 സെപ്റ്റംബറില്‍ പൂര്‍ണ്ണവികാസം പ്രാപിച്ചപ്പോള്‍ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. അതുവരെ ചെറുതും വലുതുമായ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഭാഗികമായി ഇടത്തെ കണ്ണിന്റെ കാഴ്ച തീര്‍ത്തും മങ്ങിയിരുന്നു. 2018 സെപ്റ്റംബര്‍ പതിനാലാം തിയ്യതിയായിരുന്നു ഇടത്തെ കണ്ണിന്റെ ഓപ്പറേഷന്‍. ഓപ്പറേഷനു ശേഷം ഇടത്തുകണ്ണില്‍ക്കൂടിയുള്ള കാഴ്ചകള്‍ തിളങ്ങിയും വലത്തെ കണ്ണ് ശസ്ത്രക്രിയ ചെയ്യാതിരുന്നതിനാല്‍ മങ്ങിയുമിരുന്നു. സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി വലത്തേക്കണ്ണിലും വിജയകരമായ തിമിര ശസ്ത്രക്രിയ ചെയ്തു.

Padanna41970 കളിലും അതിനുശേഷവും കുടിയേറ്റക്കാരായി വന്ന ഒന്നാം തലമുറയില്‍പ്പെട്ടവരില്‍ അനേകരുടെ കണ്ണുകളില്‍ തിമിര രോഗം പിടിപ്പെട്ടിരിക്കാം. തിമിരത്തെപ്പറ്റിയും ഗ്ലോക്കോമയെപ്പറ്റിയും മുമ്പ് ഞാനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തിമിരത്തിനുള്ള തയ്യാറെടുപ്പോടെ ഭീതിയുടെ നിഴലില്‍ പരിഭ്രാന്തിയോടെ ഞാന്‍എഴുതിയ ഒരു ലേഖനമായിരുന്നു, അത്. കണ്ണിന്റെ സര്‍ജറിയില്‍ ആകുലരായവര്‍ക്ക് എന്റെ ഈ ലേഖനം ഊര്‍ജവും ആശ്വാസവും പകരട്ടെയെന്ന ഉദ്ദേശ്യത്തിലാണ് തിമിരത്തെപ്പറ്റി രണ്ടാമതും ഒരു ലേഖനം തയ്യാറാക്കാന്‍ നിര്‍ബന്ധിതനായത്. ഇത് മെഡിക്കല്‍ വിഷയങ്ങളെ സംബന്ധിച്ചുള്ള ആധികാരികമായ ഒരു ലേഖനമല്ല. വെറും അക്കാഡമിക്ക് വിഷയങ്ങള്‍ മാത്രം പഠിച്ചിട്ടുള്ള ഞാന്‍ മെഡിക്കല്‍ വിഷയങ്ങളില്‍ പ്രാവിണ്യം നേടിയിട്ടുമില്ല. തിമിരമുള്ളവര്‍ അവരുടെ സംശയങ്ങള്‍ മുഴുവന്‍ ഒരു ഡോക്ടറെ സമീപിച്ച് മനസിലാക്കേണ്ടതുമുണ്ട്. ഈ ലേഖനം അവര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശമായിരിക്കുമെന്നും കരുതുന്നു.

രണ്ടു കണ്ണുകളിലുമുള്ള തിമിര (ക്യാട്രാക്റ്റ്) ശസ്ത്രക്രിയകള്‍ക്കുശേഷം കാര്‍മേഘങ്ങള്‍ നീങ്ങി, തിളങ്ങുന്ന സുന്ദരമായ ഒരു ലോകം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായും തോന്നി. വാസ്തവത്തില്‍ മനസും ഹൃദയവും ഒരുപോലെ പ്രകൃതിയുമായി ലയിച്ചുവോയെന്നും തോന്നിപോവുന്നു. ലോകം തന്നെ വീണ്ടും പുതുമയാര്‍ന്നതായി അനുഭവപ്പെടുന്നു. നിറങ്ങള്‍ പല വര്‍ണ്ണങ്ങളായി ഏതോ കലാകാരന്റെ ഭാവനയില്‍ നെയ്‌തെടുത്തതായും സാക്ഷ്യം വഹിക്കുന്നു. ഹരിതക പച്ച നിറഞ്ഞ ചെടികളും പൂക്കളും ഇലകളും ഇന്ന് കൂടുതല്‍ സൗന്ദര്യാത്മകമാണ്. ആകര്‍ഷകവുമാണ്. ഇനി മതിയാവോളം ഈ പ്രകൃതിയും സൗന്ദര്യവും എന്റെ കണ്ണുകളില്‍നിന്ന് മായാതിരിക്കട്ടെയെന്നും അഭിലഷിക്കുന്നു.

തിമിരം നീക്കം ചെയ്യാനുള്ള സര്‍ജറി അമേരിക്കയില്‍ വളരെ സുരക്ഷിതമെന്നാണ് വെപ്പ്. ഏകദേശം മൂന്നു മില്യണ്‍ സര്‍ജറി അമേരിക്കയില്‍ വര്‍ഷം തോറും നടക്കുന്നുണ്ട്. മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഭൂരിഭാഗം പേര്‍ക്കും കണ്ണിന്റെ കാഴ്ച പെട്ടെന്നുതന്നെ മടക്കി കിട്ടുന്നു. ഗവേഷകരുടെ പഠനം അനുസരിച്ച് ഏകദേശം 96 ശതമാനം രോഗികള്‍ക്കും പിന്നീടു പ്രശ്‌നങ്ങളൊന്നും ഉണ്ടാവാറില്ല. കോണ്‍ടാക്ട് (Contact) ലെന്‍സ് ഇല്ലാതെയും കണ്ണടയില്ലാതെയും ഡ്രൈവു ചെയ്യാന്‍ സാധിക്കുന്നു. രണ്ടു ശതമാനം പേര്‍ക്ക് മാത്രം ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സംഭവിക്കാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. അത്തരം പ്രശ്‌നങ്ങള്‍ പ്രമേഹ രോഗികളിലും രക്തസമ്മര്‍ദ്ദം ഉള്ളവരിലുമാണ് കൂടുതലും കാണപ്പെടുന്നത്.

a4കണ്ണിനുള്ളിലെ സ്വാഭാവിക ലെന്‍സിലുണ്ടാകുന്ന മങ്ങല്‍മൂലം സംഭവിക്കുന്ന അവസ്ഥാവിശേഷമാണ് തിമിരം അഥവാ ക്യാട്രാക്റ്റ് എന്ന് പറയുന്നത്. രാത്രിയില്‍ വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിനു ചുറ്റും വലയം കാണുക, ഡ്രൈവ് ചെയ്യാനുള്ള പ്രയാസങ്ങള്‍, വസ്തുക്കള്‍ വ്യക്തമായി കാണാന്‍ സാധിക്കാതെ വരുക എന്നിവകളെല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളാണ്. കാഴ്ച ശക്തി കുറയുമ്പോള്‍ കൂടെക്കൂടെ കണ്ണടകള്‍ മാറ്റേണ്ടി വരുന്നതും തിമിരം ബാധിച്ചവരില്‍ സാധാരണമാണ്. ഓരോ മനുഷ്യന്റെയും കണ്ണിനുള്ളില്‍ ലോലമായ കണ്ണാടിപോലുള്ള സ്വാഭാവിക ലെന്‍സുണ്ട്. കണ്ണിനുള്ളിലെ ഈ ലെന്‍സ് മങ്ങലേല്‍ക്കുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ലെന്‍സ് വെളിച്ചത്തെയും നാം കാണുന്ന വസ്തുക്കളെയും കണ്ണിന്റെ പുറകിലുള്ള ഞരമ്പുകളില്‍ എത്തിക്കുന്നു. അത് പ്രതിബിംബങ്ങളായി തലച്ചോറില്‍ എത്തുന്നു. ലെന്‍സിലുണ്ടാകുന്ന ക്ഷതങ്ങളും മങ്ങലുകളും കാഴ്ചയെ ബാധിക്കുകയും തലച്ചോറില്‍ പ്രതിബിംബങ്ങള്‍ എത്താതെ വരുകയും ചെയ്യുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. തിമിരം സാധാരണ സാവധാനമായിട്ടാണ് വളരുന്നത്. കണ്ണിനുള്ളിലെ ലെന്‍സ് മങ്ങുന്നതനുസരിച്ച് തിമിരത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും കാഴ്ച പയ്യെപ്പയ്യെ ഇല്ലാതാവുകയും ചെയ്യും.

ന്യൂയോര്‍ക്കിലെ ന്യൂറോഷല്‍ എന്ന സ്ഥലത്തുള്ള ‘120 വാറന്‍ സ്ട്രീറ്റ് ഓഫിസില്‍’ പ്രാക്ടീസ് ചെയ്യുന്ന ‘ഡോ ഡീന്‍ പോളിസ്റ്റിനാ എംഡി, പിഎച്ച്ഡി’ (Dean C. Polistina,MD.,Ph.D) യാണ് എന്റെ കണ്ണിന്റെ ഡോക്ടര്‍. അദ്ദേഹമാണ് തിമിരത്തിനുള്ള സര്‍ജറി നടത്തിയത്. ആദ്യം ഇടത്തെ കണ്ണില്‍ സര്‍ജറി ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്തു. നല്ല കാഴ്ച ലഭിച്ചതുമൂലം ഞാന്‍ തികച്ചും സംതൃപ്തനായിരുന്നു. പിന്നീട് സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി എന്റെ വലത്തെ കണ്ണിലും തിമിരത്തിനുള്ള സര്‍ജറി ചെയ്തപ്പോള്‍ ഭയമൊട്ടുമില്ലായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ വലത്തെ കണ്ണില്‍ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ മുറിയില്‍ പ്രവേശിച്ചത്. ഇടത്തെ കണ്ണിനു ലഭിച്ച വിസ്മയകരമായ കാഴ്ചയായിരുന്നു അതിനു കാരണം. ഒരു പുതിയ ലോകം ഒരു പുതിയ ആകാശം പുതിയ ഭൂമി എന്റെ കണ്ണുകളില്‍ ദൃശ്യങ്ങളായപ്പോള്‍ പ്രായമായ എന്നിലെ അവസ്ഥകളെത്തന്നെ മറന്നുപോയിരുന്നു.

a1സര്‍ജറി കഴിഞ്ഞു ഓപ്പറേഷന്‍ മുറിയില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ കണ്ണ് ഒരു ഷീല്‍ഡ് കൊണ്ട് മൂടിയിരുന്നു. ഡോക്ടര്‍ക്കു മാത്രം നീക്കാന്‍ അനുവാദമുള്ള ആ ഷീല്‍ഡ് വെച്ചായിരുന്നു അന്നു ഞാന്‍ കിടന്നുറങ്ങിയത്. ഉറങ്ങുകയോ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ടി വി കാണുകയോ ചെയ്യാമെന്നും പറഞ്ഞു. തലവേദന എനിക്കനുഭവപ്പെടാഞ്ഞതുകൊണ്ടു ടൈലിനോള്‍ ഒന്നും കഴിച്ചില്ല. നിത്യം ഉപയോഗിക്കുന്ന ‘സൊറായിസിസിനും’ ‘കൊളസ്‌ട്രോളി’നുമുള്ള ഔഷധ ഗുളികകള്‍ പതിവു മുടക്കാതെ അന്നു രാത്രിമുതല്‍ തുടരുകയും ചെയ്തു.

തിമിരം ഒരു രോഗമായിട്ടാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ തിമിരം രോഗമായിട്ട് കരുതുന്നില്ല. പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സുകള്‍ ക്ഷയിക്കുമ്പോള്‍ മൂലം ഉണ്ടാകുന്ന അവസ്ഥയാണ് തിമിരമെന്നു പറയുന്നത്. ഇവിടെ പ്രകാശം നല്‍കുന്ന ലെന്‍സിന്റെ കഴിവ് നശിക്കുകയും കാഴ്ച ലഭിക്കാതെ ഇരിക്കുകയും ചെയ്യും. തിമിരം ഒരു പകര്‍ച്ചവ്യാധിയുമല്ല. അത് ഒരു കണ്ണില്‍നിന്നും മറ്റേ കണ്ണിലേക്ക് പകരുകയുമില്ല. കണ്ണിലെ കൃഷ്ണമണിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ മങ്ങിയ വെള്ളയോ മഞ്ഞയോ കാണുന്നുണ്ടെങ്കില്‍ അത് തിമിരമെന്ന് കണക്കാക്കാം.

ഇന്ന് ലോകത്തിലുള്ള കണ്ണുരോഗങ്ങളുടെ അമ്പതു ശതമാനം കാരണവും തിമിരം മൂലമെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണിനു സ്വാഭാവികമായി ലഭിച്ചിരുന്ന കാഴ്ച്ചയ്ക്ക് മങ്ങലേല്‍ക്കുന്നതാണ് തിമരത്തില്‍ കണ്ടു വരുന്ന പ്രധാന ലക്ഷണം. അകലങ്ങളില്‍ ഉള്ള കാഴ്ച്ച ചിലപ്പോള്‍ കുറയുകയും അതേ സമയം അടുത്തു കാണുന്ന വസ്തുക്കളില്‍മേല്‍ കാഴ്ച്ച മെച്ചപ്പെടുകയും ചെയ്യാം. തിമിരം വാര്‍ധക്യത്തിലാണ് ഉണ്ടാവുന്നതെങ്കിലും പാരമ്പര്യമൂലവും പോഷകാഹാരത്തിന്റെ കുറവുമൂലവും ചെറുപ്പക്കാരിലും ദൃശ്യമാവാറുണ്ട്. ഗര്‍ഭപാത്രത്തിലെ ചില അസുഖങ്ങള്‍ മൂലം കുഞ്ഞുങ്ങളിലും കണ്ടു വരാറുണ്ട്.

‘തിമിരം’ ബാധിച്ച കണ്ണിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ അധിക സമയം എടുക്കയില്ല. പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പതിനഞ്ചു മിനിട്ടുമുതല്‍ അരമണിക്കൂറിനുള്ളില്‍ സര്‍ജറി കഴിഞ്ഞിരിക്കും. സര്‍ജറിക്ക് മുമ്പ് പ്രൈമറി ഡോക്ടറില്‍ നിന്നും ഈ.കെ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായുണ്ട്. നിലവിലുള്ള രോഗങ്ങള്‍ക്ക് ഏതെല്ലാം മെഡിസിന്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് പ്രൈമറി ഡോക്ടറില്‍ നിന്നും ശേഖരിക്കും. രോഗിയുടെ മറ്റു അസുഖങ്ങളെപ്പറ്റിയും പ്രൈമറി ഡോക്ടര്‍ കണ്ണിന്റെ സ്‌പെഷ്യലിസ്റ്റിനെ അറിയിക്കണം. ബ്ലഡ് ടെസ്റ്റ് എടുക്കണമെന്നും നിര്‍ദ്ദേശിക്കാം. കണ്ണിന്റെ ഓപ്പറേഷനു തൊട്ടുമുമ്പായി പ്രമേഹവും രക്ത സമ്മര്‍ദ്ദ അളവുകളും പരിശോധിച്ച ശേഷമേ ഓപ്പറേഷന്‍ മുറിയില്‍ കൊണ്ടുപോവുകയുള്ളൂ. ഓപ്പറേഷനു മുമ്പായി രോഗിയെ സെഡേഷന്‍ കൊടുത്തു മയക്കുന്നതുകൊണ്ട് സര്‍ജറി സമയം ഡോക്ടര്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്നുള്ള വിവരം രോഗി അറിയില്ല. ഓപ്പറേഷന്‍ സമയം കണ്ണിന്റെ കവചത്തിനുള്ളിലെ കട്ടി പിടിച്ച ലെന്‍സ് പൊടിച്ചശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് വലിച്ചെടുക്കുന്നു. അതിനുശേഷം കൃത്രിമമായ പ്ലാസ്റ്റിക്ക് ലെന്‍സ് ചുരുട്ടി അകത്തേയ്ക്ക് കുത്തിവെച്ച് ഇറക്കുന്നു. അതോടെ കൃത്രിമമായ ഒരു ലെന്‍സ് സ്വാഭാവിക ലെന്‍സിന്റെ സ്ഥലത്ത് സ്ഥാനം പിടിക്കുന്നു. അതിനെ ഇന്‌ട്രോക്ക്യൂലര്‍ ലെന്‍സ് അല്ലെങ്കില്‍ ഐഒഎല്‍ എന്നാണ് പറയുന്നത്. (itnraocular lens or IOL). അവിടെ രക്തസ്രാവം ഒന്നും അനുഭവപ്പെടാറില്ല. സര്‍ജറിയല്ലാതെ തിമിരം നീക്കം ചെയ്യാന്‍ മറ്റൊരു പോംവഴിയുമില്ല.

സര്‍ജറിക്കു ശേഷം ഭൂരിഭാഗം പേര്‍ക്കും നല്ല കാഴ്ച ലഭിക്കുന്നുവെന്നു സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു. പിന്നീട് അനസ്തീഷ്യായുടെ അനന്തരഫലമായുണ്ടായ ക്ഷീണം മാറുന്നവരെ വിശ്രമവും ആവശ്യമാണ്. സാധാരണ ശസ്ത്രക്രിയ നടത്തുന്ന ഹാളില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ വിശ്രമം ആവശ്യമായി വന്നേക്കാം. തിരിച്ചു വീട്ടില്‍ കൊണ്ടുപോകാന്‍ ഒരു സഹായിയും ആവശ്യമായിരിക്കും. എന്നെ സംബന്ധിച്ച് സര്‍ജറിയുടെ ആരംഭം മുതല്‍ അവസാനം വരെ ഭാര്യ എന്റെ സഹായിയായി കാത്തിരിപ്പുണ്ടായിരുന്നു.

സര്‍ജറി കഴിഞ്ഞു ആദ്യത്തെ ദിവസം മങ്ങലോടുകൂടി മാത്രമേ എനിക്ക് വസ്തുക്കളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ദേവിദേവന്മാരുടെ ശിരസുകളില്‍ കാണുന്ന വലയംപോലെ ഒരു വലയം കത്തുന്ന ദീപത്തെ നോക്കുമ്പോള്‍ ദൃശ്യമായിരുന്നു. എങ്കിലും മുമ്പുണ്ടായിരുന്ന കണ്ണിന്റെ കാഴ്ചയേക്കാളും പതിന്മടങ്ങു നന്നായി കാണാമായിരുന്നു. സര്‍ജറിയ്ക്കു ശേഷം വീണ്ടും ഡോക്ടറുമായി കൂടികാഴ്ചയുണ്ടായിരുന്നു. ഏതാനും ടെസ്റ്റുകള്‍ക്ക് ശേഷം എന്റെ കണ്ണുകള്‍ക്ക് പൂര്‍ണ്ണമായ കാഴ്ചയുണ്ടെന്നും കണ്ണുകള്‍ 20/20 വായിക്കുന്നതിനും ദൂരെ കാഴ്ചയ്ക്കും ശക്തിയുണ്ടെന്നും അറിയിച്ചു.

സര്‍ജറിക്കുശേഷം കണ്ണില്‍നിന്നു ഷീല്‍ഡ് നീക്കം ചെയ്യുന്ന സമയം മങ്ങലുണ്ടെങ്കില്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല. സ്വാഭാവിക ലെന്‍സ് ഇരുന്ന സ്ഥലത്ത് ഇന്‍ട്രോകഌര്‍ (itnraocular) ലെന്‍സ് പ്രവര്‍ത്തിക്കുന്ന കാരണം മാറ്റത്തിനായി കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കണം. ഈ സമയങ്ങളില്‍ കണ്ണിന് മങ്ങലുകളും കാണാം. കണ്ണിന്റെ വെള്ളയില്‍ ചുവപ്പും കണ്ടേക്കാം. അത് രക്തവാഹിനികള്‍ താല്‍ക്കാലികമായി തടസമുണ്ടാക്കുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിലെ ചുവപ്പു നിറം മാറികിട്ടുകയും ചെയ്യും. കണ്ണില്‍ നടത്തുന്ന കുത്തി വെയ്പ്പ്മൂലം കണ്ണില്‍ പാടുണ്ടായാലും ദിവസങ്ങള്‍ക്കുള്ളില്‍ അത് ഭേദമായി കൊള്ളും.

a1 (1)ശസ്ത്രക്രിയക്കുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണിലെ ബുദ്ധിമുട്ടുകള്‍ ഇല്ലാതായി രോഗം ഭേദമാകുമെങ്കിലും ഓരോരുത്തരും സുഖം പ്രാപിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലര്‍ക്ക് പരിപൂര്‍ണ്ണമായും കാഴ്ച്ചയുണ്ടാകാന്‍ ചിലപ്പോള്‍ ഒന്നുരണ്ടാഴ്ചകള്‍ എടുക്കും. സര്‍ജറിയ്ക്ക് ശേഷം ഡോക്ടറെ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും കാണണം. ചില പരിശോധനകള്‍ക്കു ശേഷം മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഉറപ്പു വരുത്തുകയും ചെയ്യും. കണ്ണിനു വേദനയോ മൂടലോ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.

സര്‍ജറിമുതല്‍ കണ്ണില്‍ ഒഴിക്കേണ്ട മരുന്നുകള്‍ ഏതെല്ലാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കും. ഡോക്ടര്‍ പറയുന്നതനുസരിച്ചുള്ള മരുന്നുകള്‍ കൃത്യമായി ഒഴിക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കണ്ണില്‍ മരുന്നൊഴിക്കുമ്പോള്‍ ശുചിത്വമാവിശ്യമാണ്. മരുന്നൊഴിക്കുന്നത് മരുന്നുകുപ്പി കുലുക്കിയ ശേഷമായിരിക്കണം.മരുന്നൊഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയാക്കിയിരിക്കണം. മരുന്നുകള്‍ കണ്ണുകളില്‍ വ്യാപിക്കാന്‍ ഏതാനും നിമിഷം കണ്ണ് അടച്ചിരിക്കണം. ഓരോ മരുന്നൊഴിക്കുമ്പോഴും ഒരു മിനിറ്റ് കാത്തിരുന്ന ശേഷമായിരിക്കണം അടുത്ത മരുന്നൊഴിക്കാന്‍. കണ്ണില്‍ ഒഴിക്കുന്ന മൂന്നു നാലു തരം മരുന്നുകളുമുണ്ട്. അതില്‍ രോഗാണുനാശകമായ ഔഷധം (ആന്റി ബയോട്ടിക്ക്) വേദനയ്ക്കുള്ളത്, കണ്ണില്‍ നീര്‍ക്കുമിളകള്‍ വരാതിരിക്കാനുള്ള ഔഷധം, എന്നിങ്ങനെ ഓരോ അളവിലും ദിവസത്തിന്റെ പല ഘട്ടങ്ങളിലായി കണ്ണിനുള്ളില്‍ താഴത്തെ കണ്‍പോളകള്‍ക്കിടയിലായി ഒഴിച്ചുകൊണ്ടിരിക്കണം. ഏതെല്ലാം സമയങ്ങളില്‍ കണ്ണില്‍ മരുന്നൊഴിക്കണമെന്നു കാണിച്ചുള്ള ഒരു ചാര്‍ട്ട് ഡോക്ടര്‍ നല്‍കും.

സര്‍ജറിയ്ക്കുശേഷം പിറ്റേദിവസം മുതല്‍ നിത്യം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ ജോലികളും ചെയ്യുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. എങ്കിലും കഠിനമായ ജോലികള്‍ ചെയ്താല്‍ കണ്ണില്‍ സമ്മര്‍ദ്ദം അനുഭവപ്പെടും. രോഗ വിമുക്തിവരെ കണ്ണില്‍ അണുബാധയോ മുറിവുകളോ മറ്റു സാംക്രമിക രോഗങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ കണ്ണില്‍ നിന്നും കണ്ണുനീര് വരാനും സാധ്യതയുണ്ട്. കണ്ണിന് ചൊറിച്ചിലും അനുഭവപ്പെടാം. ചുവപ്പു നിറവും ഉണ്ടാകാം. ഇത്തരം അസ്വസ്ഥതകള്‍ ചിലരില്‍ പെട്ടെന്നും മറ്റു ചിലരില്‍ ഒന്നുരണ്ടു ആഴ്ചകള്‍ക്കുള്ളിലും മാറിക്കിട്ടും.

ശസ്ത്രക്രിയക്കുശേഷം കണ്ണിന്റെ സുരക്ഷിതാവശ്യങ്ങള്‍ക്കുള്ള ചില പ്രസക്തങ്ങളായ കാര്യങ്ങള്‍ താഴെ വിവരിക്കുന്നു.

1. സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ കണ്ണില്‍ കൂളിംഗ് ഗ്‌ളാസ് ധരിക്കണം.

2. സര്‍ജറിയ്ക്കു ശേഷം ക്ഷീണിതമെങ്കില്‍ പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണ്. ഉറക്കവും ആവശ്യമാണ്.

3. സര്‍ജറി കഴിഞ്ഞു സുരക്ഷിതത്വത്തിനായി കണ്ണിനെ മൂടിക്കൊണ്ടു ഒരു ഷീല്‍ഡ് കാണും. പിറ്റേദിവസം അത് ഡോക്ടര്‍ എടുത്തു മാറ്റി വേണ്ട മരുന്നുകളും ഒഴിക്കുന്നു.

4. കുറച്ചു ദിവസങ്ങള്‍ ഉറങ്ങുന്ന സമയം കണ്ണിനെ സുരക്ഷിതത്വത്തിനായി ഷീല്‍ഡുകൊണ്ട് മറച്ചിരിക്കണം. ഉറക്കത്തില്‍ ചൊറിയാതിരിക്കാനാണ് കണ്ണ് ഒരു ഷീല്‍ഡുകൊണ്ടു മൂടുന്നത്.

5. സര്‍ജറി കഴിഞ്ഞു ആദ്യത്തെ ദിവസങ്ങളില്‍ ഡ്രൈവ് ചെയ്യുകയോ ഭാരമുള്ള വസ്തുക്കള്‍ എടുക്കുകയോ അരുത്.

6. കണ്ണിനു സമ്മര്‍ദ്ദം നല്‍കുന്ന വിധം കുനിയാന്‍ പാടില്ല.

7. തുമ്മുകയോ ശര്‍ദ്ദിക്കുകയോ ചെയ്യാതെ സൂക്ഷിക്കണം. അതിനായി സര്‍ജറിക്കു പത്തു മണിക്കൂര്‍ മുമ്പുമുതല്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല. നിത്യമുപയോഗിക്കുന്ന മെഡിസിനും എടുക്കരുത്.

8. നടക്കുമ്പോള്‍ സൂക്ഷിക്കണം. വാതിലുകളിലോ ഗോവണിപ്പടികളിലോ മറ്റു വസ്തുക്കളിലോ കണ്ണുകള്‍ തട്ടാതെ സൂക്ഷിക്കണം.

9. ചൂടുള്ള വെള്ളത്തില്‍ കുളിക്കുകയോ ഷവര്‍ എടുക്കാനോ നീന്താനോ പാടില്ല. ഏതാനും ദിവസത്തേക്ക് കുളിക്കുമ്പോള്‍ കണ്ണില്‍ സോപ്പു വെള്ളം വീഴാതെ സൂക്ഷിക്കണം. ദേഹം മാത്രം കഴുകാന്‍ ശ്രദ്ധിക്കണം. മുഖം കഴുകുമ്പോള്‍ കണ്ണില്‍ സോപ്പ് കലര്‍ന്ന വെള്ളം പോകാതെ സൂക്ഷിക്കണം.

10. കണ്ണ് സുഖപ്പെടുന്ന സമയങ്ങളില്‍ കണ്‍പോളകള്‍ കൂട്ടി തിരുമ്മാന്‍ പാടില്ല.

11. ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയെന്നതും വളരെ പ്രധാനമാണ്. വേണ്ടവിധമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേപ്പറുകളും ദിവസവും പരിപാലിക്കേണ്ട ചാര്‍ട്ടുകളും ഡോക്ടര്‍ തരുകയും അതനുസരിച്ച് കണ്ണിനുവേണ്ട സംരക്ഷണങ്ങള്‍ നല്‍കുകയും വേണം.

12.ഒരു മാസത്തോളം കണ്ണിലൊഴിക്കേണ്ട മരുന്നുകള്‍ കൃത്യമായി ഒഴിച്ചിരിക്കണം.

13. പ്രമേഹം ഉണ്ടെങ്കില്‍ അത് നിയന്ത്രിച്ച ശേഷം മാത്രമേ ശസ്ത്രക്രിയയ്ക്ക് തയ്യാറാകാന്‍ പാടുള്ളൂ. അതുപോലെ അമിതമായ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുകയോ മരുന്നുകള്‍ ഉപയോഗിക്കുകയോ ചെയ്യണം.

14. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരാഴ്ചക്ക് മുമ്പേ നിര്‍ത്തിയിരിക്കണം.

15.ഹൃദ്രോഗികള്‍ ഡോക്ടറുമായി ആലോചിച്ച ശേഷമേ ശസ്ത്രക്രിയക്ക് ഒരുമ്പെടാന്‍ പാടുള്ളൂ. ചുമയും കഫവും നീര്‍ക്കെട്ടും ഉള്ളവര്‍ ചീകത്സിച്ചു ഭേദമാക്കിയിട്ടേ ശസ്ത്രക്രിയക്ക് തയ്യാറാകാവൂ.

16. ശസ്ത്ര ക്രിയക്കു ശേഷം പെട്ടെന്ന് കാഴ്ച കുറയുകയോ കണ്ണിനു വേദന അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

a5‘ക്യാട്രാക്റ്റ്’ സര്‍ജറികൊണ്ട് ഒരാളിന്റെ ദൈനംദിന ജീവിതത്തിലുള്ള പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്ക് കാര്യമായ തടസങ്ങള്‍ ഉണ്ടാകാറില്ല. വളരെ കുറച്ചുമാത്രം അസൗകര്യങ്ങള്‍ ഉണ്ടാകാം. സര്‍ജറി കഴിഞ്ഞുള്ള ഏതാനും മണിക്കൂറിനുള്ളില്‍ കംപ്യൂട്ടറില്‍ വായിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നതിനു കുഴപ്പമില്ല. മിതമായി ടിവിയും കാണാം. കണ്ണില്‍ വെള്ളം തെറിപ്പിക്കാതെ കുളിക്കുന്നതിനും കുഴപ്പമില്ല. കസേരകളിലോ തുറസായ സ്ഥലങ്ങളിലോ ഇരിക്കുന്നതുകൊണ്ടു പ്രശ്‌നമില്ല. ഡ്രൈവിംഗ് ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ സാധിക്കും. എങ്കിലും പൊടി പടലങ്ങള്‍ നിറഞ്ഞ നിരത്തില്‍ക്കൂടി കാറിന്റെ ഗ്ലാസ് തുറന്നുകൊണ്ടു ഡ്രൈവ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡ്രൈവിംഗ് ചെയ്യുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുകയും വേണം.

എന്തുകൊണ്ട് തിമിരം എന്റെ കണ്ണില്‍നിന്ന് വളരെ മുമ്പുതന്നെ നീക്കം ചെയ്തില്ലെന്നു സര്‍ജറി കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ മനസ് എന്നോടായി ചോദിച്ചുകൊണ്ടിരുന്നു. അത്യധികം സുരക്ഷിതമായിരുന്ന ഈ സര്‍ജറിയെ ഞാന്‍ ഭയപ്പെട്ടിരുന്നതായിരുന്നു കാരണം. ആരെങ്കിലും ഉപദേശിച്ചിരുന്നെങ്കില്‍’ കണ്ണിന്റെ ശസ്ത്രക്രിയ നേരത്തെതന്നെ ചെയ്യുമായിരുന്നുവെന്നും തോന്നിപ്പോയി. എങ്കില്‍ എഴുതാനും വായിക്കാനും ഡ്രൈവു ചെയ്യാനും കഷ്ടപ്പെടേണ്ട ആവശ്യം വരില്ലായിരുന്നു. വെള്ളെഴുത്തുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന എന്റെ കണ്ണടകള്‍ ഇന്നും മേശപ്പുറത്തുതന്നെയുണ്ട്. ഇനിമുതല്‍ എനിക്ക് കണ്ണടകള്‍ ആവശ്യമില്ല. ഓര്‍മ്മക്കുറവുകള്‍ വന്നതുമൂലം ദിവസവും കണ്ണട അലക്ഷ്യമായി കാണുന്ന സ്ഥലങ്ങളില്‍ വെച്ചിരുന്നു. വായിക്കുന്ന സമയങ്ങളില്‍ കണ്ണട തേടേണ്ടതായും വന്നിരുന്നു. ജീവിതം എത്ര സുഗമമായിരിക്കുന്നുവെന്നും തോന്നിപ്പോവുന്നു. ഇന്ന് എവിടെയും സ്വയം കണ്ണില്‍ നീലിമ നിറഞ്ഞ പ്രകാശമയം മാത്രം! കണ്ണട വെക്കാതെ ഹൈവേയില്‍ക്കൂടി ഡ്രൈവ് ചെയ്തപ്പോഴും വിസ്മയമായിരുന്നു. സ്ട്രീറ്റുകളും ഹൈവെകളും പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടിലാണ് കാണുന്നത്. വഴികളിലുള്ള ബോര്‍ഡുകള്‍ നഗ്‌നനേത്രങ്ങളില്‍ കൂടുതല്‍ തിളക്കത്തോടെ വായിക്കുന്നു. ഡ്രൈവിങ്ങും വളരെ സുഗമമായി അനുഭവപ്പെടുന്നു.

main-qimg-9809f18ae71533e8fb646e42d476f3c7വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ച എനിക്ക് മുഖത്തെ ഓരോ ചുളിവുകളും ജരാനരകളും നഗ്‌നമായ നേത്രങ്ങള്‍ കൊണ്ട് എണ്ണാന്‍ സാധിക്കുന്നുണ്ട്. ഏതോ കലാകാരന്‍ വരകള്‍ വരച്ചപോലെ എന്റെ കവിളത്തുള്ള ചുളിവുകള്‍ അവിടെയിവിടെയായി കാണപ്പെടുന്നു. കണ്ണുകള്‍ പ്രായത്തിന്റെ കുതിച്ചു ചാട്ടത്തില്‍ ക്ഷീണിതമായും അനുഭവപ്പെടുന്നുണ്ടെങ്കിലും തിളങ്ങി നില്‍ക്കുന്നതു കാണുമ്പോള്‍ ഞാന്‍ എന്റെ യൗവ്വനകാലത്തേക്കും മടങ്ങിപ്പോവുന്നു. ഇനി കുറച്ചു ദിവസങ്ങള്‍ സൂര്യ പ്രകാശത്തെ തടയാന്‍ കണ്ണുകളില്‍ കൂളിംഗ് ഗ്‌ളാസ് ധരിക്കണം. ഇന്നു തിരിച്ചുകിട്ടിയ എന്റെ കണ്ണിന്റെ കാഴ്ച്ച മൂലം ഒരു പതിനാറുകാരന്റെ തോന്നലാണ് ഉള്ളില്‍ തട്ടുന്നത്. ഇനി എന്നിലെ യുവക്കണ്ണുകളില്‍ക്കൂടി ലോകത്തെ കാണേണ്ടതായുമുണ്ട്. കഷ്ടപ്പെടാതെ പാകതയോടെയുള്ള എഴുത്തുകളും കുറിക്കണം. കൂടുതല്‍ വായിച്ച് മനസുനിറയെ വിഞ്ജാന കോശമാക്കണമെന്ന അതിമോഹവും വന്നുകൂടുന്നു. ഇനി ബാക്കി വെച്ചിരിക്കുന്ന ഈ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍, സായംകാലത്തിലെ ഈ ദിനങ്ങളില്‍ അതെല്ലാം അസാധ്യമെന്നും അറിയാം.

ശസ്ത്രക്രിയക്കുശേഷം ജീവിതവും മാറ്റി മറിച്ചതായി തോന്നുന്നു. വ്യക്തമായി, ആയാസമായി സര്‍വ്വതും കാണുന്നതു മൂലം കണ്ണുകളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നില്ല. മുമ്പ് എന്തെങ്കിലും വായിക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം തലവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അതുണ്ടാകുന്നില്ല. കണ്ണുകള്‍ അങ്ങ് അകലെയുള്ള വസ്തുക്കളിലും വിസ്തൃതമായി തുറന്നിരിക്കുന്നു. ഒരു സൂചിക്കുഴലില്‍ക്കൂടി വളരെ എളുപ്പത്തില്‍ നൂലു കോര്‍ക്കാന്‍ സാധിക്കുന്നുണ്ട്. അകലത്തു സുഹൃത്തുക്കളെ കണ്ടാലും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഏതു ചെറിയ അക്ഷരവും വായിക്കാന്‍ സാധിക്കുന്നു. കംപ്യൂട്ടറിന്റെ കീബോര്‍ഡ് പ്രകാശമുള്ളതായി കാണുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ കാണപ്പെടാത്ത ഒരു വസ്തുവുമില്ല. എല്ലാ മനുഷ്യരും കൂടുതല്‍ സൗരഭ്യത്തോടെ സൗന്ദര്യമുള്ളവരായും കാണപ്പെടുന്നു.

എന്റെ കണ്ണുകളിലെ ക്യാട്രാക്റ്റ് സര്‍ജറികളില്‍ക്കൂടി എനിക്കു ലഭിച്ച അനുഭവജ്ഞാനങ്ങള്‍ നിറഞ്ഞ ഈ ലേഖനം വായനക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നു. സുഹൃത്തുക്കള്‍ക്കും സ്വന്തത്തില്‍പ്പെട്ടവര്‍ക്കും വിവരങ്ങള്‍ കൈമാറുന്ന വഴി സര്‍ജറിയിലുണ്ടാകുന്ന അവരുടെ ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഈ ലേഖനംമൂലം ശമനവുമുണ്ടാകാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment