Flash News

മൂന്നു വയസ്സു മുതല്‍ വയലിന്‍ കമ്പികളില്‍ നാദമുതിര്‍ത്ത് ജനലക്ഷങ്ങളുടെ മനസ്സിലിടം പിടിച്ച ബാലഭാസ്കര്‍ നല്ലൊരു അഭിനേതാവു കൂടിയായിരുന്നു; ആകസ്മികമായി മരണം തട്ടിയെടുത്ത ആ കലാകാരന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് വീഡിയോകള്‍ പ്രചരിക്കുന്നു

October 8, 2018

balabha-2മൂന്നു വയസ്സു മുതല്‍ വയലിന്‍ കമ്പികളില്‍ നാദമുതിര്‍ത്ത് പിന്നീട് ജനലക്ഷങ്ങളുടെ ആരാധനാപാത്രമായി അവരുടെ മനസ്സിലിടം പിടിച്ച ബാലഭാസ്കര്‍ വയലിനില്‍ മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അദ്ദേഹം സംഗീതമിട്ട വീഡിയോ ഗാനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരസ്യങ്ങളും ബാലഭാസ്‌കര്‍ ചെയ്തിട്ടുണ്ട്. ചില വീഡിയോകള്‍ ഇപ്പോഴാണ് കാണുന്നതെന്നും കണ്ട ചിലര്‍ ഓര്‍മ പുതുക്കുകയും ചെയ്യുകയാണ്. നോ ടെന്‍ഷന്‍ പ്ലീസ് എന്ന വീഡിയോ ഗാനത്തില്‍ ഫ്രീക്കന്‍ ലുക്കിലാണ് ബാലഭാസ്‌കര്‍ എത്തുന്നത്. ശരിക്കും ന്യൂജെന്‍ പാട്ടിന് തുടക്കം കുറിച്ചത് ബാലുവാണെന്നാണ് ചിലര്‍ പറയുന്നത്.

തലമുറകള്‍ കൈമാറിയ സംഗീതത്തറവാട്ടിലാണു ബാലഭാസ്‌കര്‍ പിറന്നുവീണത്. മറ്റു കുട്ടികള്‍ കാറും വിമാനവും കളിപ്പാട്ടങ്ങളാക്കിയപ്പോള്‍ മൂന്നു വയസ്സുകാരന്‍ ബാലഭാസ്‌കറിന്റെ വിരലുകള്‍ വയലിന്‍ കമ്പികളില്‍ നാദമുതിര്‍ത്തു. ബാലുവിന്റെ കുഞ്ഞിക്കൈകളുടെ പ്രഹരമേറ്റു പലപ്പോഴും വയലിന്‍ കമ്പികള്‍ പൊട്ടി. അതു നന്നാക്കിക്കൊടുക്കുമ്പോള്‍ എ. ഐ. ആറില്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശികുമാര്‍ പറയും. ‘നോക്കിക്കോ, അവന്‍ എന്നെക്കാളും അവന്റെ മുത്തച്ഛനെക്കാളും മിടുക്കനായ സംഗീതജ്ഞനായിത്തീരും.’ (ബാലുവിന്റെ മുത്തച്ഛന്‍ ഭാസ്‌കരപ്പണിക്കര്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാഗസ്വര വിദ്വാനായിരുന്നു)

നീണ്ട അഞ്ചു വര്‍ഷക്കാലം കേരളാ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍ വയലിന്‍ വാദനത്തില്‍ ഒന്നാമതെത്തിയ ബാലഭാസ്‌കറുടെ വിരല്‍ത്തുമ്പിലെ താളവും ഈണവും പക്ഷേ വയലിന്‍ കമ്പികളില്‍ മാത്രമായി ഒതുങ്ങിയില്ല. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കൂട്ടുകാര്‍ കുറേപ്പേര്‍ ചേര്‍ന്നു ഹിന്ദി പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തി ഒരു പരിപാടിയവതരിപ്പിച്ചു. കേട്ടുനിന്ന ബാലഭാസ്‌കര്‍ അതിനേക്കാള്‍ മനോഹരമായി പാട്ടുകള്‍ക്കു സംഗീതം നല്‍കി തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവൊരു ആവേശമായി. അങ്ങനെ 19ാം വയസ്സില്‍ ‘മംഗല്യപ്പല്ലക്ക് ‘എന്ന ചിത്രത്തിലെ അഞ്ചു പാട്ടുകളിലൂടെ ചലച്ചിത്രഗാന സംവിധാനരംഗത്തേക്ക് ആദ്യ ചുവടുവച്ചു. അടുത്തത് ‘കണ്ണാടിക്കടവത്തി’ലെ ആറു പാട്ടുകള്‍. ഒടുവില്‍ ഇനിയും റിലീസ് ചെയ്യാത്ത, കലാഭവന്‍ മണി അഭിനയിച്ച ‘കനലാട്ട’ത്തിലെ നാലു പാട്ടുകള്‍ക്കും ബാലു സംഗീതം നല്‍കി.

മാഗ്‌നാ സൗണ്ടിന്റെ പൊന്നോണ നാളില്‍, നിനക്കായ,് ആദ്യമായി തുടങ്ങിയ കസെറ്റുകള്‍ക്കു പുറമേ ഭക്തിഗാനങ്ങളായ ശരണമന്ത്രം, ഹലീലി തുടങ്ങിയ ഓഡിയോ കസെറ്റുകളുടെയും സംഗീത സംവിധാന റോളില്‍നിന്നു വിഡിയോ ആല്‍ബങ്ങളിലെ പാടി അഭിനയത്തിലേക്കു കടന്നതിനും ബാലുവിനു വിശദീകരണമുണ്ട്. ഓരോ ആല്‍ബവും അതു പാടുന്നവരുടെ പേരിലാണറിയപ്പെടുന്നത്. ഇപ്പോള്‍ ആല്‍ബത്തിന്റെ ക്രെഡിറ്റ് അതില്‍ അഭിനയിക്കുന്ന മോഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താന്‍ സംഗീതം പകര്‍ന്ന ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നു ബാലു വിശ്വസിക്കുന്നു.

യുവ സംവിധായകന്‍ തനു ബാലക്ക് ഒരു ചാനലിനു വേണ്ടി ചെയ്യുന്ന ഒരു ഫില്ലറിനു മ്യൂസിക് നല്‍കാന്‍ ബാലുവിനെ ഒരിക്കല്‍ ക്ഷണിച്ചിരുന്നു. അന്നത് നടന്നില്ലെങ്കിലും ആ ബന്ധം ഒരു ആല്‍ബത്തിന്റെ നിര്‍മാണത്തില്‍ കലാശിച്ചു. ബാലുവിനു പ്രിയപ്പെട്ട യൂണിവേഴ്‌സിറ്റി കോളജിന്റെ ചെങ്കല്ലു നിറം പശ്ചാത്തലമാക്കി ‘നയേ സമാനേ കീ ഗാന’ എന്ന ഗാനം റോഷന്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ‘ആരു നീ ഓമലേ’, ‘ഈ ഞങ്ങള്‍ പാടും ഗീതം’ എന്നു തുടങ്ങുന്ന ഗാനങ്ങളിലും ബാലു പാടി അഭിനയിച്ചു. മൂന്നും ആ ചാനലിനുവേണ്ടി. ‘ചൊല്ലു ചൊല്ലു’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനവും ബാലു നിര്‍വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top