Flash News

ശബരിമല സ്ത്രീ പ്രവേശനം; എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യ അവസരം ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയം: മുഖ്യ മന്ത്രി പിണറായി വിജയന്റെ പത്ര സമ്മേളനം

October 9, 2018

pin_32കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ ഉടലെടുത്ത സൗഹാര്‍ദ്ദത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും മൂല്യതയെ ബോധപൂര്‍‌വ്വം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിനിടയാക്കിയത് കേരളത്തിന്റെ സെക്യൂലര്‍ മനസ് ആണ്. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ആ ആപത്തിനെ നേരിട്ടു. ഇത്തരം സെക്ര്യുലര്‍ മനസ്സ് സംസ്ഥാനത്ത് രൂപപ്പെട്ടത് തന്നെ കേരളത്തില്‍ ഉയര്‍ന്നുവന്ന നവോഥാന പ്രസ്ഥാനമാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പോരാടി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റായ ആചാരങ്ങള്‍ക്കെതിരെ എല്ലാ കാലത്തും പ്രക്ഷോഭമുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഈ വാദം ഹൈക്കോടതിയിലെ കേസില്‍ ഉയര്‍ന്നിരുന്നു. യുവതീപ്രവേശനം വിലക്കുന്ന കോടതി ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാരുകളും പാലിച്ചു.

നവോത്ഥാന പ്രസ്ഥാനത്തിന് മുമ്പുള്ള നാടിന്റെ സാഹചര്യം ഓര്‍ക്കേണ്ടതാണ്. അതാണ് സ്വാമി വിവേകാനന്ദന്‍ ഇവിടെ വന്നപ്പോള്‍ ഭ്രാന്താലയമാണോ എന്ന് ചോദിക്കുന്ന നിലയുണ്ടാക്കിയത്. അത്രമാത്രം അധഃപ്പതിച്ച ദുരാചാരങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നു. പിന്നീട് കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനം ഇതിന്റെ തുടര്‍ച്ചാണ്. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അടക്കമുള്ള നിരവധി മഹാന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന നവോത്ഥാന പ്രസ്ഥാനത്തിന് തുടര്‍ച്ചയുണ്ടായി. ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളും അത് ഏറ്റെടുക്കുന്ന നിലയുണ്ടായി. ഇതിന്റെ ഭാഗമായി അന്ന് നിലനിന്നിരുന്ന ജന്മിത്ത ആചാര ക്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിരവിധി മുന്നേറ്റങ്ങളുണ്ടായി. ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ ഇത്തരമൊരു വിപ്ലവകരമായ സമൂഹിക മാറ്റത്തിന് അടിസ്ഥാനമായി മാറി.

വില്ലുവണ്ടിയിലൂടെ സവര്‍ണര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അവകാശപ്പെട്ട വഴികളിലൂടെ അയ്യന്‍കാളി നടത്തിയ യാത്ര, ഇത് നവോത്ഥാന പ്രസ്ഥാനത്തെ ജനാധിപത്യപോരാട്ടവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്. ചട്ടമ്പി സ്വാമികളെ പോലുള്ളവര്‍, നിലനില്‍ക്കുന്ന ആചാരണങ്ങളിലെ പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടി പൊതുവെ സമൂഹത്തെ നവീകരിക്കുന്നതിന് നേതൃത്വം നല്‍കുകുയും ചെയ്തു. കേരളത്തിലെ നവോത്ഥാന പ്രസ്ഥനങ്ങളുടെ സവിശേഷത, യോഗക്ഷേമസഭയടക്കം, ഇത്തരത്തിലുള്ള മാറ്റത്തില്‍ ഇടപെട്ടു എന്നാണ്. അടിസ്ഥാന വിഭാഗങ്ങളില്‍നിന്ന ഉയര്‍ന്നുവന്ന മുന്നേറ്റം മറ്റെല്ലാം വിഭാഗങ്ങളിലേക്കും പടര്‍ന്നു. ദേശീയ പ്രസ്ഥാനങ്ങളും ഇതിനെ സ്വാംശീകരിച്ചു. അന്ന് ഓര്‍ക്കേണ്ടകാര്യം അന്നത്തെ നാട്ടുരാജ്യങ്ങളില്‍ നിലനിന്ന ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നു. ഇതില്‍ ഇടപേടേണ്ടതില്ല എന്ന ധാരണ നിലനിലനിന്നിരുന്നു. അത് തിരുത്തിയാണ് അത്തരം പ്രശ്‌നങ്ങളിലും ഇടപടെണം എന്ന കാഴ്ചപ്പാട് ദേശീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് വൈക്കം സത്യാഗ്രഹം. രാജ്യത്തിന് തന്നെ വഴികാട്ടിയായി ഇത്തരം പ്രക്ഷോഭത്തിലൂടെ കേരളം മാറി. 1924ലെ വൈക്കം സത്യാഗ്രഹത്തില്‍ ടികെ മാധവന്‍, സിവി കുഞ്ഞുരാമന്‍ എന്നിവര്‍ക്ക് പുറമെ മന്നത്ത് പത്മനാഭനെ പോലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും സജീവമായി പങ്കെടുത്തു. വൈക്കം സത്യാഗ്രഹം ഹുന്ദുക്കളിലെ അവര്‍ണവിഭാഗത്തിന് പ്രവേശനം നിഷേധിച്ച രീതിക്കെതിരെയായിരുന്നു ആ പോരാട്ടം ഗാന്ധിജിയടമക്കമുള്ളവര്‍ ആ പോരാട്ടത്തെ പിന്തുണച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ആ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നുപങ്കെടുത്തു. അതില്‍ ഏറ്റവും പ്രധാനം മന്നത്ത് പത്മാനാഭന്റെ നേതൃത്വിലുള്ള ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് കാല്‍നടയായി പുറപ്പെട്ടതായിരുന്നു. അത് സത്യാഗ്രഹികള്‍ക്ക് അനുകൂലമായ പൊതുവികാരം ഉണ്ടാക്കാനായിരുന്നു. അത് നല്ല ഫലം ചെയ്ത ജാഥയായിരുന്നു.

നിലവിലിരുന്ന ഒരു ആചാരത്തിന് എതിരായ സമരത്തിന് മുന്നില്‍നിന്നാണ് മന്നത്ത് പത്മനാഭന്‍ കേരളത്തിന്റെ സമൂഹികപരിഷ്‌കരണ പ്രസ്ഥാനത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന നലിയിലേക്ക് ഉയര്‍ന്നത്. ഇതില്‍ കാണേണ്ടത് തന്റെ ചുറ്റുപാടും നിലനില്‍ക്കുന്ന മനുഷ്യത്ത രഹിതമായ കാര്യങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ടാണ് മന്നത്ത് പത്മനാഭന്‍ മുന്നോട്ടുപോയയത് എന്നാണ്. ഇത് ഈ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാമുദായികമായ പരിഷ്‌കാരം മാത്രമല്ല, അതിനപ്പുറം മനുഷ്യരുടെയെല്ലാം പ്രശ്‌നങ്ങളിലേക്ക് ഇടപെടുന്ന രീതി ഇവിടെയുണ്ടായിരുന്നു. സമുദായത്തിലെ തെറ്റായ ആചാരങ്ങള്‍ക്കെതിരെ പോരാടുന്നതിനൊപ്പം പൊതുധാരയിലേക്ക് എത്തുക എന്ന സമീപവനും അവര്‍ക്കുണ്ടായിരുന്നു. ഇത്തരം സത്യാഗ്രങ്ങളുടെ തുടര്‍ച്ചയില്‍ പിന്നീട് സമരങ്ങളുണ്ടായി. ഗുരുവായൂര്‍ സത്യാഗഹ്രം, പാലിയം സമരം എന്നിവയെല്ലാം നാട്ടില്‍ നടന്നു. ഇത്തരം പ്രക്ഷോഭങ്ങള്‍ ക്ഷേത്ര പ്രവേശനത്തിനും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ജനാധിപത്യബോധത്തന്റെ അലകള്‍ നാടാകെ പ്രസരിപ്പിച്ചു. യാഥാസ്ഥിതിക ചിന്താധാരകള്‍ പ്രകടിപ്പിച്ച എതിര്‍പ്പുകളെ മറികടന്ന് സമൂഹത്തിന് മുന്നേറാന്‍ കഴിഞ്ഞത് ഇതിന്റെ ഭാഗമാണ്. ഇതില്‍ കാണേണ്ട പ്രത്യേകത സ്ത്രീ ജീവിതത്തില്‍ വന്ന മാറ്റമാണ്. ജാതീയമായ അടിച്ചമര്‍ത്തലിന് വിധേയരായ കീഴാള വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെ പ്രശന്ങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തിലും പുതിയ വഴി വെട്ടിത്തുറന്നു. എല്ലാ വിഭാഗം ജനങ്ങളിലും മാറ്റത്തിന്റെ കാറ്റ് വിതയ്ക്കുവാന്‍ കേരളീയ സമൂഹത്തിലായി. പല ദുരാചാരങ്ങളും കേരളത്തിലുണ്ടായിരുന്നു. മാറിടം മറക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയെല്ലാം ഇത്തരത്തിലുള്ള ഇടപടെലിലൂടെ നേടിയതാണ്. ഇതെല്ലാം സ്ത്രീകളെ നല്ല രീതിയില്‍ രംഗത്തേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു.

യഥാര്‍ത്ഥത്തില്‍ ജന്മിത്തം മുന്നോട്ടുവെച്ച സ്ത്രീവിരുദ്ധമായ ആശയമായിരുന്നു ഇതൊക്കെ. സ്ത്രീ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ല എന്ന രീതികള്‍ കേരളത്തിലുമുണ്ടായിരുന്നു. ഇത്തരം ആശയങ്ങള്‍ വകഞ്ഞുമാറ്റുന്ന സ്ഥിതിയുണ്ടായി. അതൊടോപ്പം ദോഷാ ബഹിഷ്‌കരണം പോലുള്ള സമരങ്ങളിലേക്കും അത് പടര്‍ന്നുകയറി. ഇവിടെ രണ്ടാംകിട പൗരന്മാരായി മാറ്റി നിര്‍ത്തിയ, ജാതീയമായി അടിച്ചര്‍ത്തപ്പെട്ട വിഭാഗങ്ങളുണ്ടായിരുന്നു. പ്രത്യേകമായ അവശത അനുഭവിച്ച സ്ത്രീകളുണ്ടായിരുന്നു. ഇവരെ മുന്നോട്ടു നയിക്കുന്നിതിന് എല്ലാ വിഭാഗങ്ങളിലും ജനാധിപത്യമായജീവിത ക്രമങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഈ പ്രക്ഷോഭങ്ങള്‍ ഇടയാക്കി. സ്ത്രീകളുടെ ആവശ്യങ്ങള്‍, ജാതീയമായി അടിച്ചര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ ഇതെല്ലാം ഇതിന്റെ തുടര്‍ച്ചയായി മുന്നോട്ടുവന്നിട്ടുണ്ട്. അപ്പോള്‍ ജീവിതത്തിന്റെ സൂക്ഷമതലങ്ങളില്‍ തന്നെ വലിയ മാറ്റം സംഭവിക്കുന്ന ഒരു മുന്നേറ്റമായി ഇത് മാറുകയാണ് ഉണ്ടായത്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് പിന്നീട് ഭൂപരിഷ്‌കരണം കൂടി നടപ്പാക്കുന്നത്. അത് വന്നതോടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് മാത്രമല്ല, സാമ്പത്തിക രംഗത്തും ജന്മിത്തതിന്റെ്അടിസ്ഥാന ഘടകകങ്ങളെ പിഴുതുമാറ്റപ്പെടുന്ന നിലയുണ്ടായി. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നമ്മുടെ നാട് ആധുനിക കേരളം എന്ന നിലയിലേക്ക് വളര്‍ന്നുവന്നത്. ഇതിന്റെ ഭാഗമായി ജീവിതത്തിലും ആചാരങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും പദവികളിലും വലിയ മാറ്റങ്ങളുണ്ടായി. ആധുനിക വിദ്യാഭ്യാസായത്തിന്റെയും തൊഴിലിന്റെയും ലോകത്ത് സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ മുന്നോട്ടുപോകാനായി. ഇന്ന് എല്ലാ മേഖലയിലും ലോകത്ത് സ്ത്രീകളുടെ മുന്നേറ്റം നല്ല തോതിലാണ് നടക്കുന്നത്.

സ്ത്രീകളുടെ സൂക്ഷമജീവിതത്തിലും ഇതിന് സമാനമായ മുന്നറ്റങ്ങളുണ്ടായി. ഇതില്‍ കാണേണ്ട വസ്തുത പഴയകാലങ്ങളില്‍ പെണ്‍കുട്ടകളള്‍ക്ക് ആദ്യ ആര്‍ത്തവമുണ്ടായാല്‍ അത് വലിയ തോതില്‍ ആഘോഷിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. ആര്‍ത്തവുമായി ബന്ധപ്പെട്ട് വീടുകളില്‍ പാലിച്ചുപോന്ന രീതികളിലും വലിയ മാറ്റങ്ങളുണ്ടായി. അക്കാലത്ത് സ്തീകളെ വീട്ടില്‍നിന്ന് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. വീട്ടില്‍ താമസച്ചില്‍ അശുദ്ധി എന്നായിരുന്നു സങ്കല്‍പം. അടുക്കളയില്‍ പോലും കയറാന്‍ പാടില്ല എന്നായിരുന്നു വ്യവസ്ഥ. ഇതിലെല്ലാം മാറ്റം സംഭവിച്ചു. അതോടൊപ്പം സമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് വ്യക്തിജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടായ മാറ്റം നമ്മുടെ നാടിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തുല്യാവകശാമെന്ന കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം ഇടപടെലിലൂടെ നമുക്ക് സാധ്യമായത്. ഇതെല്ലാം പരിശോധിച്ചാല്‍ മനസ്സിലാവുക ഒരോ വിഭാഗത്തിലും അന്ന് നിലനിന്നിരുന്ന ആചാരങ്ങള്‍ക്കെതെരെ തീക്ഷമായ സംഘര്‍ഷം ഉടലെടുത്തു എന്നാണ്. അതിനെ പൊതുമസൂഹം ഏറ്റെടുത്തു. അത് പുരോഗമന ധാരയ്ക്ക് ഒപ്പം നിന്നു. അങ്ങനെയാണ് മാറ്റം ഉണ്ടായത്. നലിവിലള്ള ആചാരമങ്ങളയെും സമ്പ്രദായങ്ങളെയും മാറ്റിയത് അങ്ങനെയാണ്. നേരത്തെ മരുമക്കത്തായം ഉണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് മക്കത്തായം ഉണ്ടായത്. എല്ലാ ക്ഷേത്രങ്ങളും ഹിന്ദുമതത്തില്‍പെട്ടയാളുകള്‍ക്ക പ്രവേശനം നല്‍കുകയെന്ന ക്ഷേത്രപ്രവേശം ഒരു നിയമമായി തന്നെ വന്നു. ഇങ്ങനെയുള്ള മാറ്റങ്ങളിലാണ് ജീവിത്തില്‍ തന്നെ മാറ്റം ഉണ്ടായത്. ഇത്തരം പുരോഗനമായ കാര്യങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പന്തുണച്ചയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതാണ് കേരളത്തിന്റെ മന്നേറ്റത്തില്‍ സുപ്രധാന പങ്കുവഹിച്ചത്.

ഇപ്പോള്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ഈ സമൂഹിക മുന്നേറ്റത്തിന്റെ ചരിത്രം കൂടി നാം ഉള്‍ക്കെള്ളേണ്ടതുണ്ട്. ഇത്തരം പശ്ചാത്തലില്‍നിന്ന് വേണം ഇപ്പോള്‍ വന്ന കോടതി വിധിയെയും സര്‍ക്കാറിന്റെ നിലപാടുകളെയും കാണാന്‍. അടുത്തകാലത്തുതന്നെ ഉണ്ടായതാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടത്തിയ ഇടപടെല്‍. അത്തരം വ്യവഹാരങ്ങള്‍ക്ക് ഇടയാക്കിയത് സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനങ്ങളായിരുന്നില്ല. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവോ അല്ലെങ്കില്‍ കോടതിയില്‍ നല്‍കിയ കേസോ അതല്ലെങ്കില്‍ നിയമനിര്‍മാണമോ അല്ല 1991ലെ ഹൈക്കോടതി വിധിയിലേക്ക് എത്തിച്ചത്. ഇപ്പോഴത്തെ സുപ്രിം കോടതി വിധിയിലേക്കും ഇതൊന്നുമല്ല ഇടയാക്കിയത്.

ഇപ്പോഴത്തെ സുപ്രിം കോടതിവിധിയെ കുറിച്ച് പരിശോധിക്കുമ്പോള്‍ കേരള ഹൈക്കോടതയിലുണ്ടായ പൊതുതാല്‍പര്യ ഹര്‍ജിയെ കൂടി മനസ്സിലാക്കണം. 1990ല്‍ എസ് മഹേന്ദ്രന്‍ എന്ന വ്യക്തി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയായി കോടതി പരിഗണിച്ചു. അതാണ് വലിയ തോതിലുള്ള കേരളത്തില്‍ സജീവമായ ഒരു വിഷയമായി മാറിയത്. ശബരിമലയില്‍ യുവതികള്‍ കയറുന്നു, യുവതികള്‍ പ്രാര്‍ഥന നടത്തുന്നു എന്നാണ് മഹേന്ദ്രന്‍ കത്തിലൂടെ ഉന്നയിച്ച പരാതി. വിഐപികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്, മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയുടെ പേരക്കുട്ടിക്ക് ചോറൂണ് നല്‍കിയിട്ടുണ്ട് എന്നതെല്ലാം ഉദാഹരണായി ആദ്ദേഹം എടുത്തുകാണിച്ചു. ഇത് സാക്ഷ്യപ്പെടുത്തുന്നത് ചന്ദ്രികയും അവരുടെ മകളും സ്ത്രീകളടക്കം ബന്ധുജനങ്ങളും ക്ഷേത്രത്തില്‍ കയറിയെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോ 18/ 8/ 1990ല്‍ ജന്മഭൂമിയില്‍ വന്നത് അദ്ദേഹം സമര്‍പ്പിച്ചു. ബന്ധപ്പെട്ടവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കോടതി നോട്ടീസ് അയച്ച് കേസ് ആരംഭിച്ചു. 1991ലെ ഹൈക്കോടതി വിധിയില്‍ ഇതുസംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. അതില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്:

‘പരാതിക്കാരനായ മഹേന്ദ്രന്‍, ചന്ദ്രിക, ദേവസ്വം ബോര്‍ിഡിന്റെ അഭിഭാഷകന്‍ എന്നിവരുടെ വിശദീകരണം കേട്ടപ്പോള്‍ ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസത്തെ കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണ് പരിഗണിക്കായി ഉയര്‍ന്നുവരുന്നത് എന്ന് തോന്നി. അതിനാല്‍ പരാതി ഇന്ത്യന്‍ ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം പൊതുതാല്‍പര്യ ഹര്‍ജിയെന്ന ഒപി 915/ 1990 ആയി പരിവര്‍ത്തിപ്പിക്കുന്നു.’ ഇങ്ങനെ ജന്മഭൂമിയില്‍ ചോറൂണ് സംബന്ധിച്ച് സ്ത്രീകള്‍ പങ്കെടുക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചാണ് കേസ് കോടതിയല്‍ വന്നത്. കേസ് എങ്ങനെ വന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ഭാഗം പറഞ്ഞത്. അല്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായല്ല ഈ പ്രശ്നം ഉയര്‍ന്നുവന്നത്. ഈ കേസില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ കേരള ഘടകം, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് വിഎം ഗോപാലകൃഷ്ണന്‍ എന്നിവര്‍ കക്ഷിചേരാന്‍ അനുമതി തേടി. ഹൈക്കോടതി 152-2 ചട്ടം അനുസരിച്ച അനുവദിച്ചു. പലവിധ വാദങ്ങള്‍ ഉയര്‍ന്നുവന്നു. 1991ലെ കോടതി വിധിയില്‍ ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ വിശദീകരിച്ചുണ്ട്. ആവിധിയുടെ ഭാഗമായി കോടതി പരിശോധിച്ച കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കും.

കൊല്ലവര്‍ഷം 1115ല്‍ തിരുവിതാകംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിപ്പോള്‍ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നു എന്ന വാദവും ഉയര്‍ന്നുവന്നു. അടുത്ത വര്‍ഷങ്ങളില്‍ നിരവധി ഭക്തര്‍ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയ കാര്യവും പരാമര്‍ശിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വഴിപാടിന് ബോര്‍ഡ് രസീത് നല്‍കിയ കാര്യങ്ങളും ബോധിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാര ക്രമങ്ങളില്‍ വന്ന മാറ്റവും കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെയായി പ്രായഭേദമില്ലാതെ സ്ത്രീകള്‍ അമ്പലം തുറക്കുമ്പോള്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായി എന്നും എന്നും വവാദത്തില്‍നിടയില്‍ ഉയര്‍ന്നവന്നിട്ടുണെന്ന് രേഖപ്പെടുത്തുന്നുണ്ട്. മണ്ഡല, മകരവിളക്ക്, വിഷുക്കാലങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുവാദമില്ലാതിരുന്നത് എന്ന വാദവും ഉയര്‍ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളെയും മതവികാരങ്ങളുയം പരിഗണിച്ച ചെയ്യേണ്ടതാണെന്നും പരാതിക്കാരന്റെ മൗലികാവകാശങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും അതുകൊണ്ട് ഹര്‍ജി പിന്‍വലിക്കണം എന്നുമായ വാദമാണ് ദേവസ്വം ബോര്‍ഡ് ഉന്നയിച്ചത്.

മഹേന്ദ്രന്റെ പരാതിക്ക് ആധാരമായ കാര്യങ്ങള്‍ ചന്ദ്രിക ചോറൂണ് നടത്തിയെന്നതാണല്ലോ. 1166 ചങ്ങം ഒന്നിന് ക്ഷേതത്തില്‍ സന്ദര്‍ശിച്ച കാര്യം ചന്ദ്രിക കോടതിയല്‍ പറഞ്ഞു. 10 മതുല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശന നിരോധനം മണ്ഡല, മകര, വിഷുവിളക്ക് സമയത്ത് മാത്രമാണെന്നും മറ്റ് സമങ്ങളില്‍ നിയന്ത്രണമില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കിയതായി ഹൈക്കോടതി വിധിയല്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ പൂജകള്‍ നടത്തുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും പ്രവേശിക്കാറുണ്ട്. പ്രതിമാസ പൂജ സമയത്ത് സ്ത്രീ പ്രവേശനം നടത്തുന്നത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായല്ല എന്ന അവര്‍ സ്വീകരിച്ചതായും വിധിയിലുണ്ട്. ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍ സത്യവാങാമൂലം ക്ഷേത്രപ്രവേശന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നു. ശബരലി മല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള വനികളടെ പ്രവേശനം മണ്ഡല, മകര, വിഷുവിളക്ക് സമയത്ത് നിരോധിച്ചുകൊണ്ട് എല്ലാവര്‍ഷവും ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പ്രതിപാദിച്ച് പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടികള്‍ 226 പ്രകാരം നിലനില്‍ക്കുന്നതല്ലെന്നും പരാതി തള്ളിക്കളയമെന്നും ചീഫ് സെക്രട്ടറി പറഞ്ഞതും ഈ കേസില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാലത്തെ ഹിന്ദുമുന്നണിയുടെ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരന് ഒരു കത്തയച്ചു. കോടതി വിധിയിലൂടെ ഇതിന്റെ വിശദാംശവും പുറത്തുവന്നു. ശബരിമലയില്‍ വിവാഹ ചടങ്ങുകളും വനികളുടെ ഡാന്‍സും സിനിമാ ഷൂട്ടിങും നടന്നു എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതിന് തന്ത്രി കണ്ഠര മഹേശ്വര് അയച്ച മറുപടി കൂടി കോടതിയുടെ മുന്നിലെത്തി. ഇത് കാണിക്കുന്നത് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവും അവര്‍ പങ്കെടുക്കുന്ന ചടങ്ങുകളും നടക്കാറുണ്ട് എന്നാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി ഹൈക്കോടതി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ശബരിമല കയറുന്നതിന് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരില തീര്‍ത്ഥാനട കേന്ദ്രത്തിലെ കാലാതിവര്‍ത്തിയായ ആചാരമാണ് എന്ന് വിധയില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആ നിയന്ത്രണം നടപ്പിലാക്കുകയെന്ന തീരുമാനമെടുത്തത്. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയും സംസ്ഥാന സര്‍ക്കാരിനോട് പൊലീസ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ നേരത്ത നിലനിന്നിരുന്ന സ്ത്രീപ്രവേശനത്തിന് അറുതിവരുത്തുകയാണ 1991 ഏപ്രില്‍ 5നുള്ള വിധിയില്‍ ഹൈക്കോടതി ചെയ്തത്.

1991ന് ശേഷം ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല തീര്‍ഥാടകരുടെ പ്രവേശനം നടന്നിട്ടുള്ളത്. ഇതിനെ സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായ സമീപനം ഇതുവരെ സര്‍ക്കാര്‍ ചെയ്തിട്ടില്ല. 2006ല്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ഒരു റിട്ടായി വന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവരുമായിരുന്നു റിട്ട് നല്‍കിയത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെയും കക്ഷിയായി ചേര്‍ത്തു. അതില്‍ സുപ്രിംകോടതി സര്‍ക്കാരിനോട് അഭിപ്രായം തേടി. 13.11.2007ല്‍ അധികാരത്തിലുണ്ടായിരുന്ന വിഎസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ അത് പിന്‍വലിച്ച് 5.5.2016ല്‍ മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ അഫിഡവിറ്റില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്താണ് സത്യവാങ് മൂലം നല്‍കിയത്. വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ 2007ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവങാമൂലത്തില്‍ എന്താണ് കോടതിയില്‍ വ്യക്തമാക്കിയത്. അപ്പോഴാണ് എന്തുകൊണ്ട് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നില്ല എന്ന് വ്യക്തമാവുക. സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റില്‍ പറയുന്നത് സ്ത്രീകള്‍ക്കോ ഏതെങ്കിലും വിഭാഗത്തിനോ എതിരെ വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ് എന്നാണ്. സാമൂഹിക നീതി ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ നയം അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേതം സന്ദര്‍ശിച്ചിട്ടുണ്ട് എന്നകാര്യവും ഇതില്‍ വ്യക്തമാക്കുന്നു. മഹാരാജാവിനൊപ്പം മാഹാറാണിയും സന്ദര്‍ശിച്ച കാര്യം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുമതാചാരങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നവരെ ശബരില ക്ഷേത്രത്തില്‍ പ്രവശിക്കുന്നതിന് പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാട് സ്വീകരിച്ചു. ഈ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ടത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളുമായി ബന്ധപ്പെടുത്തി ജനങ്ങള്‍ സ്വീകരിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുമുണ്ട് എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. അതിന്റെ അടിസ്താനത്തില്‍ ഒരു അപേക്ഷ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കി. ഹിന്ദുമത ധര്‍മ്മ ശാസ്ത്രത്തിലുള്ള ആധികാരിക പരിജ്ഞാനമുള്ളവരും പ്രമുഖ പണ്ഡിതന്മാരും അഴിമതയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷനെ നിയോഗിച്ച് അവരോട് പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും ക്ഷേത്രപ്രവേശനം അനുവദിക്കാമോ എന്ന അഭിപ്രായം ആരായണം എന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രശ്‌നവും ഉണ്ടാകുമെന്ന പേടി ഭക്തര്‍ക്കുണ്ടെങ്കില്‍ അതിന് സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിച്ച് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തിലൊരു പേടി സര്‍ക്കാരിന് ഇല്ലെന്നും എടുത്തു പറഞ്ഞു. ആചാരങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചു. എല്ലാ മാസവും ആദ്യത്തെ അഞ്ച് ദിവസം നട തുറക്കാറുണ്ട്. ഇത് തിരക്കൊഴിവാക്കാനാണ്. ഇത് മുമ്പില്ലാത്തതാണ്. മുമ്പില്ലാതിരുന്ന തുലാഭാരം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്ന കാര്യവും സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.

ഈ സത്യവങാമൂലം നല്‍കാനിടയായത് കോടതി സര്‍ക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് എന്നും വ്യക്തമാക്കി. അതോടൊപ്പം ചില കാര്യങ്ങള്‍ പ്രത്യേകമായി എടുത്തുപറഞ്ഞു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിന് സാധ്യമായത് നിലവിലെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനപ്പുറം സുപ്രധാന നിലപാടും സര്‍ക്കാര്‍ സുപ്രിം കോടതയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. വിധി പ്രകാരം പ്രവര്‍ത്തിക്കും.

അപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് വ്യക്തമാണ്. കോടതി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് സത്യവാങ്മൂലം നല്‍കിയത്. എല്ലാവര്‍ക്കും പ്രവേശനം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ, ആചാരപരമായതുകൊണ്ട് ആ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിക്കണം എന്നും സര്‍ക്കാര്‍ സുപ്രിം കോടതിയുടെ പരിഗണനയില്‍ വെച്ചു. ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും പറഞ്ഞു. കമ്മിഷനനെ നിയോഗിക്കണമെന്നും അതിന് ശേഷമേ അന്തിമ വിധിയെടുക്കാവൂ എന്നും വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്നതാണ്, അവരുട അഭിപ്രായം അറിയാതെ അന്തിമ തീരുമാനം എടുക്കരുത് എന്നും തന്നെയാണ് കോടയില്‍ ചൂണ്ടിക്കാണിച്ചത്. ഇപ്പോള്‍ ചിലര്‍ പുനപ്പരിശോധനാ ഹര്‍ജിയെ കുറിച്ച് പറയുന്നുണ്ട്. സര്‍ക്കാര്‍ പറഞ്ഞ നിലപാടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയില്‍ എങ്ങനെയാണഅ പുനപരിശോധന ഹര്‍ജി സാധ്യമവാകു. ഏത് വിധിയായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സ്ത്രീ പ്രവേശനത്തിന് എതിരായാലും അനുകൂലമായാലും നടപ്പാക്കും എന്നാണ് കോടതിയില്‍ പറഞ്ഞത്. ആ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വിധി വന്നതിന് ശേഷം പുനപരിശോധന ഹര്‍ജി നല്‍കുന്നത് എങ്ങനെയാണ് ശരിയാവുക. അത് സര്‍ക്കാര്‍ സുപ്രിം കോടതയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ്. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ആരെങ്കിലും റിവ്യൂ ഹര്‍ജി നല്‍കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ അറിയേണ്ട കാര്യമില്ല.

വിധി വന്നപ്പോള്‍ അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം വിധിയെ സ്വാഗതം ചെയ്തു. ‘ We welcome the historic Supreme Court judgement allowing entry of women of all ages into the Sabarimala temple’ , ചരിത്രപരമായി സ്വാഗതം ചെയ്യുന്നുവെന്നാണ് ട്വീറ്റ് ചെയ്തത്. ഇങ്ങനെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്തു. വിധി എല്ലാവര്‍ക്കും ബാധകമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധി എല്ലാവര്‍ക്കും ബാധകമാണെന്നും അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്നുമാണ് ആദ്യം പറഞ്ഞത്. യുഡിഎഫ് നല്‍കിയ സത്യവാങ്മൂലം എന്തായാലും ഇനി പ്രസക്തമല്ല എന്നും പറഞ്ഞു. ഇത്തരത്തില്‍ വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് പിന്നീടുള്ള ദിവസങ്ങളില്‍ മറിച്ചുള്ള നിലപാട് സ്വീകരിച്ചത് വിസ്മയകരമാണ്. പ്രതിപക്ഷ നേതാവിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് എന്ന കാര്യം അദ്ദേഹം ആലോചിക്കുന്നത് നന്നാവും. കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാരമ്പര്യം ഒന്നിനു പുറകേ ഒന്നായി കൈയ്യൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാട് എടുക്കുന്നതാണ് കാണുന്നത്. ഇന്നിപ്പോള്‍ ആര്‍എസ്എസും ബിജെപിയും അല്ല, ഞങ്ങളാണ് മുന്‍പന്തിയില്‍ എന്ന് കാണിക്കാനാണ് പ്രതിപക്ഷ നേതാവ് വല്ലാതെ ശ്രമിക്കുന്നത്. ഇപ്പോള്‍ രണ്ട് കൂട്ടര്‍ക്കും ആരാണ് നേതൃത്വം എന്ന തര്‍ക്കമാണ് കാണിക്കുന്നത്. ഈ സമീപനമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കിയത്. ഇക്കാര്യം മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിസ്മരിക്കാതിരിക്കണം.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിനും കാഴ്ചപ്പാടിനും വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടതോടെ സാമൂഹ്യ നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തുക്കൊണ്ടാണ് അക്കാലത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദേശീയ നേതൃത്വം പറഞ്ഞപ്പോഴാണ് കേരളത്തിലെ നേതാക്കള്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തത്. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിലെ ആദ്യകാല നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു. ആ പാരമ്പര്യം തകര്‍ക്കുന്ന നിലയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ദേശീയ നേതൃത്വത്തിന് അപ്പുറം നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് ഇപ്പോള്‍ കൈയ്യൊഴിയുന്നത്. അത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഭാവിയില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം വലുതായിരിക്കും എന്നത് ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്ന കാര്യമാണ്.

ബിജെപിയെ നയിക്കുന്ന ആര്‍എസ്എസിന്റെ അഖിലേന്ത്യ നേതൃത്വവും വിധിയെ സ്വാഗതം ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് വിധിക്കെതിരായി രംഗത്ത് വരികയും തെരുവില്‍ കലാപം സൃഷ്ടിക്കുകയും ചെയ്തത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ ഒരുപാട് നിയമങ്ങളും ചട്ടങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞതതിന്റെ ഫലമായാണ് നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി മാറ്റങ്ങളുണ്ടായത്. എന്നാല്‍ അത്തരം മാറ്റങ്ങളിലൊന്നും ഇക്കൂട്ടര്‍ പങ്കെടുക്കാതെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്ത്രീ പ്രവേശനത്തില്‍ ഇരട്ടത്താപ്പാണ് ബിജെപി സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. അത് നടപ്പാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ബിജെപി സര്‍ക്കാരോ അവരുടെ പാര്‍ട്ടിയോ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല.

മഹാരാഷ്ട്രയില്‍ തന്നെ മറ്റൊരു സുപ്രാധാന വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായി. മുംബൈയിലെ ഹാജി അലി ദര്‍ഘയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് എടുത്തു കളഞ്ഞു. പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം അനുവദിച്ചു. ഇത്തരത്തില്‍ എല്ലാ മതത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആരാധനാലയത്തില്‍ തുല്യ അവകാശമാണ് കോടതി അനുവദിച്ചിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങളില്‍ രാജ്യത്താകെ ഒരേ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രവേശനമാകാം എന്നാല്‍ കേരളത്തില്‍ പാടില്ല എന്നത് ബിജെപി നിലപാടിന്റെ പരിഹാസ്യത്മകത വ്യക്തമാക്കുന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ നിലപാട് സ്പഷ്ടമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യ അവസരം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. സ്ത്രീകളെ ഇത്തരത്തില്‍ ഉയര്‍ത്തി കൊണ്ടുവരുകയെന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമാണ് ജന്‍ഡര്‍ ബജറ്റിങ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പും 16 ശതമാനം ബജറ്റ് വിഹിതവും മാറ്റിവെച്ചു. പൊലീസില്‍ പ്രത്യേക ബറ്റാലിയന്‍, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തല്‍, സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട്, ട്രാന്‍സ്ജന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും സവിശേഷമായി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് അബ്രാഹ്മണരെ പൂജാരിമാരായി കൊണ്ടുവന്നത്.ദേവസ്വം ബോര്‍ഡ് നിയമത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, സവര്‍ണ തോത് വര്‍ദ്ധിപ്പിച്ചതും ഈ നിലപാടിന്റെ മുന്നോടിയാണ്. നവോത്ഥാന പാരമ്പര്യത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top