Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ – 7): എച്മുക്കുട്ടി

October 12, 2018

part 7യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അയാള്‍ പലവട്ടം അവളെ തെറി വിളിച്ചു. അവളുടെ മൊബൈല്‍ ഫോണ്‍ അനേകം തവണ പരിശോധിച്ചു. അവളുണ്ടാക്കിയ ചായയും ഭക്ഷണവും തൊട്ടു നോക്കിയില്ല. തെറിവിളിക്കു ശേഷം പതിവുള്ള മൌനവ്രതവും ഉണ്ണാവ്രതവും അയാള്‍ പാലിച്ചു.

അവള്‍ മാപ്പു പറയാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഈ ബന്ധം പൊട്ടിപ്പോക്കോട്ടെ എന്ന് അവളുടെ മനസ്സ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ മകന്‍ ഓഫീസിലേക്ക് കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. അതും ഇടയ്‌ക്കൊക്കെ പതിവാണ്. അവന്‍ അവിടെയുള്ള അവളുടെ എല്ലാ ജൂനിയര്‍മാരുമായും വലിയ കൂട്ടാണ്. വീഡിയോ ഗെയിം കളിച്ച് രസിക്കും. മൊബൈലില്‍ സിനിമ കണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കും. അച്ഛന്‍ വാങ്ങിച്ചു കൊടുക്കാത്ത പിറ്റ്‌സ വാങ്ങിക്കഴിക്കും. എന്നിട്ട് അത് തിന്ന ആഹ്ലാദം താങ്ങാന്‍ പറ്റാതെ വീട്ടില്‍ വന്ന് ‘അമ്മ പിറ്റ്‌സ വാങ്ങിത്തന്നല്ലോ’ എന്ന് അച്ഛനോട് പറയും.

ഉടനെ തുടങ്ങുകയായി വഴക്ക്… ഒടുവില്‍ അവനു തന്നെ വിഷമമാവും..

പിന്നെപ്പിന്നെ അവള്‍ അവനെ വിലക്കുമായിരുന്നു.. ‘പിറ്റ്‌സ വാങ്ങിത്തരില്ല.. എനിക്ക് വയ്യ വഴക്ക് താങ്ങാന്‍.. ‘

അവന്‍ ചിരിച്ചു മയക്കും.. വാഗ്ദാനം ചെയ്യും. ഒടുവില്‍ അവള്‍ വഴങ്ങും.

അന്നും അതൊക്കെ തന്നെയുണ്ടായി .

Echmu 2018പക്ഷേ, വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവളെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ‘ ‘അമ്മയെ ആരൊക്കെ ആണുങ്ങള്‍ നോക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട് അച്ഛാ..’ അവന്റെ ആ പ്രത്യേക കണ്ടുപിടുത്തത്തിലെ ത്രില്ലില്‍ കഴിച്ച പിറ്റ്‌സയുടെ കാര്യവും അവന്‍ വെളിപ്പെടുത്തി.

അവള്‍ സ്തംഭിച്ച് നിന്നു പോയി. അവന്‍ അയാളുടെ ചാരനായിട്ടാണ് കൂടെ വന്നത്. അവളുടെ മകനായിട്ടല്ല.

അവള്‍ക്ക് മരിയ്ക്കണമെന്ന് തോന്നി. ആരും വേണ്ട.. ഭര്‍ത്താവും മകനും കുടുംബവും ജോലിയും സ്വത്തും ഈ ലോകവുമൊന്നും വേണ്ട.

മരിയ്ക്കണം.. എട്ടാം നിലയില്‍ നിന്ന് ചാടിയാലും വേണ്ടില്ല. അയാളുടെ അലര്‍ച്ചകള്‍ക്കും വഴക്കുകള്‍ക്കും ശേഷവും അവള്‍ ഒന്നും സംസാരിച്ചില്ല. ‘ഈ മകന്‍ നിന്റെ വ്യഭിചാരത്തിനു സാക്ഷിയാണെടീ വേശ്യേ ‘എന്നയാള്‍ അലറീട്ടും അവളുടെ ഉടയാത്ത മൌനം ഒടുവില്‍ മകനെ വേദനിപ്പിച്ചു.

അവന്‍ അടുത്തു വന്നിരുന്നു കെഞ്ചി . ‘ അമ്മ എന്നോട് ദേഷ്യപ്പെടൂ , എന്നെ തല്ലൂ പക്ഷെ, എന്നെ മൈന്‍ഡ് ചെയ്യാതിരിക്കരുത്..പ്ലീസ്. ‘

അവള്‍ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

അവള്‍ക്ക് ഭയങ്കര വാശി തോന്നുകയായിരുന്നു പിന്നീട്. ഇനി എന്തായാലെന്ത് എന്നൊരു വിചാരം. ഏതെങ്കിലും കൊള്ളാവുന്ന മറ്റൊരു പുരുഷനുമായി മാനസികവും ശാരീരികവുമായി അടുക്കണമെന്നും ഭര്‍ത്താവായ അയാളെ വഞ്ചിക്കണമെന്നും അവള്‍ക്ക് തോന്നി. അങ്ങനെ ആലോചിക്കുമ്പോള്‍ ഒരു പ്രതികാരം ചെയ്യുന്ന ആനന്ദം അവള്‍ക്കനുഭവപ്പെട്ടു. അപ്പോഴാണ് രണ്ടാമത്തെ യാത്ര വന്നത്..

അതൊരു ഓഫീസ് ട്രിപ്പായിരുന്നു. അവളുടെ ടീമിലെ പന്ത്രണ്ട് എന്‍ജിനീയര്‍മാരുമൊന്നിച്ച് , അതില്‍ പത്തുപേരും പുരുഷന്മാരായിരുന്നു. അവളുടെ ജൂനിയര്‍മാര്‍.. പത്തും പന്ത്രണ്ടും വയസ്സിനിളപ്പമുള്ളവര്‍ , അവളുടെ മുന്നില്‍ ഇരിയ്ക്കാത്തവര്‍, ഒരോ പുതിയ പ്രോജക്ട് ആരംഭിക്കുമ്പോഴും അവളുടെ കാല്‍ തൊട്ട് തലയില്‍ വെയ്ക്കുന്നവര്‍ അവര്‍ക്കൊപ്പമാണ് അവള്‍ വ്യഭിചരിക്കുന്നതെന്നായിരുന്നല്ലോ അയാളുടെ കണ്ടെത്തല്‍… അതിലൊരു ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആ കുട്ടി യാത്ര പോകാന്‍ മോഹിച്ചതുകൊണ്ടാണ് അവളും അതിനിറങ്ങിത്തിരിച്ചത്. അല്ലെങ്കില്‍ അവള്‍ ഒരിയ്ക്കലും ആ ട്രിപ്പിനു പോകുമായിരുന്നില്ല.

മകനെ കാവലായി കൂടെക്കൊണ്ടുപോകണമെന്ന് അയാള്‍ ശാഠ്യം പിടിച്ചു. അവള്‍ ഒട്ടും തന്നെ എതിര്‍ത്തില്ല. അവള്‍ ചേട്ടത്തിയമ്മയേയും ട്രിപ്പിനു ക്ഷണിച്ചിരുന്നു. അതയാള്‍ക്ക് അറിയാമായിരുന്നില്ല. ചേട്ടത്തിയമ്മ അവളുടെ അനിയത്തിയുടെ മകളുമൊത്താണ് വന്നത് . ആ ദിവസങ്ങളില്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. മകനെ അവളുടെ ജൂനിയര്‍മാര്‍ ഒരു യുവരാജാവിനെപ്പോലെയാണ് കൊണ്ടുനടന്നത്. അവനും ആഹ്ലാദഭരിതനായിരുന്നു. അയാള്‍ അവനു വിലക്കിയിരുന്ന എല്ലാ ഭക്ഷണവും പിറ്റ്‌സയും വേഫര്‍ ബിസ്‌ക്കറ്റുകളും ഉള്‍പ്പടെ അവള്‍ വാങ്ങിച്ചുകൊടുത്തു. ടീഷര്‍ട്ടുകളും ട്രൌസറുകളും അവനു പിടിച്ച ബെല്‍റ്റുകളും സിഡികളും വാങ്ങി. അവളും ഇഷ്ടമുള്ള ആഹാരമെല്ലാം വയറു നിറയെ വാങ്ങിക്കഴിച്ചു. ബാത് ടബ്ബില്‍ ഫോമും പുരട്ടി പതപ്പിച്ച് വിശ്രമിച്ച് സ്വന്തം നഗ്‌നതയെ പാവം പാവം എന്ന് പറഞ്ഞു സ്വയം താലോലിച്ചു. മകനെ കെട്ടിപ്പിടിച്ചു കട്ടിലില്‍ കിടന്ന് കിഷോര്‍ കുമാറിന്റെ പാട്ടു കേട്ടു.. ഷാറൂഖ് ഖാന്റെ സിനിമകള്‍ കണ്ടു. താമസിച്ച ഹോട്ടലിലെ ബ്യൂട്ടി സലൂണില്‍ പോയി ഫേഷ്യലും ഹെയര്‍ മസ്സാജും ഒക്കെ ചെയ്ത് ആഹ്ലാദിച്ചു.അയാള്‍ വിലക്കുന്നതെല്ലാം ഒരോന്നാരോന്നായി ചെയ്യുമ്പോള്‍ അവള്‍ക്ക് രതിമൂര്‍ച്ഛയോളം പോന്ന ആനന്ദമുണ്ടായി. ഇടയ്‌ക്കെല്ലാം കണ്ണില്‍ പൊട്ടി വന്ന അനാഥത്വത്തെ അവള്‍ പുറത്തുവരരുതെന്ന് കര്‍ശനമായി താക്കീതുചെയ്തു അകറ്റി നിറുത്തി.

അയാള്‍ ഫ്‌ലാറ്റിലിരുന്ന് വെന്തുരുകി. അവളുടെ ചേട്ടത്തിയമ്മയും അനിയത്തിയുടെ മകളും ട്രിപ്പിനു വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. മകനെ ഇടയ്ക്കിടെ വിളിച്ച് അമ്മ എവിടെയാണ് കിടക്കുന്നത് ? നീ എവിടെയാണ് കിടക്കുന്നത് എന്നൊക്കെ അയാള്‍ ചോദിച്ചുകൊണ്ടിരുന്നു. അമ്മയുടെ വലതു വശത്ത് അവനും ഇടതു വശത്ത് പിങ്കിചേച്ചിയും കിടക്കുമെന്നും വേറാരും മുറിയില്‍ കിടക്കാറില്ലെന്നും അവന്‍ എന്നും ഉത്തരം നല്‍കി. അവന്റെ അമ്മായിയും അമ്മയുടെ കൂട്ടുകാരിയും വേറൊരു മുറിയിലാണ് ഉറങ്ങുന്നതെന്നും അയാള്‍ ചോദിച്ചറിഞ്ഞു.

കുട്ടിയായതുകൊണ്ട് എന്ത് എവിടെ എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു. അച്ഛന്‍ അവനെ അയച്ചിരിക്കുന്നത് അമ്മയോട് ആരൊക്കെ സംസാരിക്കുന്നു അമ്മയെ ആരൊക്കെ നോക്കുന്നുവെന്നറിയാനാണെന്നും അച്ഛന് അവന്‍ എന്നും കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അവന്‍ പരസ്യമായി പറഞ്ഞു. അവളുടെ സഹപ്രവര്‍ത്തകര്‍ അന്തംവിട്ട് പരസ്പരം നോക്കി. അവര്‍ ഒറ്റയക്ഷരം പിന്നീട് ശബ്ദിച്ചില്ല. മാഡം ജീവിക്കുന്ന ദൈന്യവും നിന്ദയും അപമാനവുമെല്ലാം ഒരു മറയുമില്ലാതെ അവരുടെ മുന്നില്‍ പൊടുന്നനെ അനാവൃതമായി. അവനെ പഴയതു പോലെ നിഷ്‌ക്കളങ്കമായി കൊഞ്ചിക്കാന്‍ കൂടി അവരില്‍ പലരും മടിച്ചു. എവിടെയാണ് അബദ്ധം പിണഞ്ഞതെന്ന് അവനും മനസ്സിലായില്ല. കുഞ്ഞല്ലേ അവന്‍.

ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ എന്നും വഴക്കായിരുന്നു വീട്ടില്‍. ഇത്ര സന്തോഷകരമായ ഒരു ട്രിപ്പ് കഴിഞ്ഞുവന്നിട്ട് എന്തു മണ്ണാങ്കട്ടയ്ക്കാണ് ഈ വഴക്കെന്ന് മകനു മനസ്സിലായില്ല. അച്ഛന്‍ പറഞ്ഞതു പോലെ അവന്‍ അമ്മയെ കൃത്യമായി വാച്ച് ചെയ്തിട്ടുണ്ട്. അതും അവന്‍ അച്ഛനോട് പറഞ്ഞിരുന്നു. അവന്‍ രാത്രി ഉറങ്ങാതെയും ഭയന്നും കരഞ്ഞും എല്ലാം ഭയങ്കരമായി മടുത്തു. ‘അമ്മേ നമുക്ക് ഈ വീടു വിട്ടു എവിടെങ്കിലും പോകാം, അമ്മ എന്നേം കൊണ്ട് പോകൂ, എന്നെ കൂട്ടാതെ അമ്മ തനിച്ച് എങ്ങും പോകരുത് എനിക്ക് പഠിക്കണ്ട. എവിടെയെങ്കിലും പോയി അമ്മേം കെട്ടിപ്പിടിച്ച് ഉറങ്ങിയാല്‍ മതി’ എന്ന് അവന്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍, അവള്‍ പുറത്തിറങ്ങിയേക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ വീടിന്റെ വാതിലടച്ച് അവരെ വെല്ലുവിളിച്ചു. ‘ തള്ളേം മോനും കൂടി ഇറങ്ങുന്നതൊന്നു കാണട്ടേ’ എന്നായിരുന്നു അയാളുടെ വാശി. അവള്‍ തോല്‍വി സമ്മതിച്ച ആ നിമിഷം അയാള്‍ കലിയടക്കാന്‍ കഴിയാതെ ഒരു ബക്കറ്റ് തണുത്ത വെള്ളം കൊണ്ടുവന്ന് അവളുടെ തല വഴിയെ കമഴ്ത്തി.

പിറ്റെ ദിവസം രാവിലെ അയാള്‍ അവളേയും മകനേയും വിട്ടിട്ട് ദൂരെ ഒരു ആശ്രമത്തില്‍ ചേരാന്‍ പോയി. അവള്‍ ഒരു തനി തേവിടിശ്ശിയാണെന്നും അവള്‍ക്കൊപ്പം ഇനി അയാള്‍ പാര്‍ക്കില്ലെന്നുമായിരുന്നു അയാളുടെ നിലപാട്. പോകും മുമ്പ് കാറു കഴുകുന്ന പയ്യനോടും തേപ്പുകാരിയോടും ഗേറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റികളോടും അവള്‍ വേശ്യയാണെന്ന് അറിയിക്കാന്‍ അയാള്‍ മറന്നില്ല.

അവള്‍ എല്ലാ ബന്ധുക്കളേയും വിളിച്ചറിയിച്ചു. എന്‍ജിനീയറിംഗ് കോളേജില്‍ അയാള്‍ക്കൊപ്പം പഠിച്ച രണ്ട് സുഹൃത്തുക്കളേയും വിവരമറിയിച്ചു. അയാള്‍ ഒരിയ്ക്കലും തിരിച്ചു വരരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ഥന, ചേട്ടത്തിയമ്മയോട് അതിനായി പ്രാര്‍ഥിക്കാനും വഴിപാട് കഴിക്കാനും അവള്‍ പറയാതിരുന്നില്ല.

ഉച്ചയായപ്പോഴേക്കും അയാള്‍ എവിടേക്കു പോകുന്നുവെന്ന് അയാളുടെ സുഹൃത്തുക്കള്‍ കണ്ടെത്തി .അവര്‍ അവളെ സമാധാനിപ്പിച്ചു. അവര്‍ പോയി അയാളെ കാണാമെന്നും സംസാരിക്കാമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും വാക്കു കൊടുത്തു.

അവര്‍ നിരന്തരമായി അയാളോട് സംസാരിച്ചു. ആദ്യമെല്ലാം താനാണ് ശരി എന്ന് വാദിച്ച് പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും ഒരു സുഹൃത്ത് അയാള്‍ക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അയാള്‍ ഒതുങ്ങി. അയാള്‍ തെറ്റ് ചെയ്തുവെന്നും ചെയ്യുന്നത് തെറ്റാണെന്ന് അയാളോട് ആരും പറഞ്ഞു കൊടുത്തില്ലെന്നുമായിരുന്നു ന്യായമായി പറഞ്ഞത്.

ഭാര്യയായിരുന്നതുകൊണ്ട് അവള്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അയാളുടെ വിചാരം എന്നും ഒരു ന്യായം അയാള്‍ പറഞ്ഞു നോക്കി. അവസാനം ഒത്തിരി പണിപ്പെട്ട് കാര്യങ്ങളില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന് ഒരു ഓഫീസ് ശരിയാക്കി അതില്‍ ജോലി ചെയ്തു തുടങ്ങും. അതിനു കുറച്ച് സ്ഥലം അവള്‍ അയാള്‍ക്കായി വാങ്ങിക്കൊടുക്കണം. അതില്‍ പലതരം കെട്ടിടനിര്‍മ്മാണരീതികളുടെ സ്ഥിരം പ്രദര്‍ശനവും അതു കാണുവാന്‍ വരുന്ന ആള്‍ക്കാരുടെ കെട്ടിടനിര്‍മ്മാണ പ്രോജക്റ്റുകളും അവര്‍ ഏറ്റെടുത്ത് ചെയ്യും. അയാള്‍ക്ക് ഒരു മുഴുവന്‍ സമയ എന്‍ഗേജ്‌മെന്റ് ഉണ്ടാവും. അയാള്‍ അവളെ നിരീക്ഷിക്കുന്ന, എന്നിട്ട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്ന ചീത്തസ്വഭാവം ഉപേക്ഷിക്കും. മകനെ അമ്മയ്‌ക്കെതിരേ ഉപദേശിക്കുകയോ അമ്മയെ തല്ലാനോ ഉപദ്രവിക്കാനോ പ്രേരിപ്പിക്കുകയോ ഇല്ല. മകന്‍ കേള്‍ക്കെ തെറി പറയില്ല….അങ്ങനെ എല്ലാം അയാള്‍ അക്കമിട്ട് സമ്മതിച്ചു.

കൂട്ടുകാര്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. കുറെ ഏറെ അവിശ്വാസം രേഖപ്പെടുത്തിയെങ്കിലും കഴിയുന്നത്ര പ്രതിഷേധം പ്രകടിപ്പിച്ചുവെങ്കിലും മുന്‍ പരിശ്രമങ്ങളിലെ പരാജയങ്ങളെ അവര്‍ക്ക് മുന്നില്‍ നിരത്തിവെച്ചുവെങ്കിലും ഒടുവില്‍ അവള്‍ വഴങ്ങി.

അങ്ങനെ അയാളുടേയും ഒരു കൂട്ടുകാരന്റേയും പേരില്‍ ഭൂമി വാങ്ങാന്‍ അവള്‍ പണം മുടക്കി. കൂട്ടുകാരനെ വിശ്വസിച്ചാണ് അവള്‍ അതിനു തയാറായത്. അതോടെ അവളുടെ ബാങ്കില്‍ പണത്തിന്റെ തൂക്കം നന്നേ ശോഷിച്ചു.

മകന്‍ അച്ഛനോട് ചോദിയ്ക്കാതിരുന്നില്ല. ‘ ഇതൊക്കെ എല്ലാവരുടേയും മുന്നില്‍ സമ്മതിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ അച്ഛന്‍ മാറുമോ? പിന്നേം വഴക്കു തുടങ്ങുമോ? ‘

അയാള്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.

പിന്നെ അയാള്‍ ജോലി കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നുവെന്ന് തന്നെയാണ് അവള്‍ക്ക് തോന്നിയത്.

അയാള്‍ നിരീക്ഷണം കുറച്ചിരുന്നു. അവള്‍ അല്‍പം നേരം വൈകിയാലും അയാള്‍ കാരണം ചോദിച്ചില്ല. എന്നും രാവിലെയും വൈകുന്നേരവും വഴക്കില്ലാതെ അവളെ ഓഫീസില്‍ കൊണ്ടുവിട്ടിരുന്നു.

അവന്റെ അമ്മ മിടുക്കിയാണെന്ന് പറയുന്ന ആന്റിയുടെ വീട്ടില്‍ ട്യൂഷനു പോകുന്നത് അയാള്‍ കര്‍ശനമായി വിലക്കിയിരുന്നെങ്കിലും അവരുടെ കുട്ടികളുമൊത്ത് അവന്‍ കളിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ അത് കണ്ടില്ലെന്ന് വെച്ചു. അവളെ മാളില്‍ കൊണ്ടുപോയി , അവള്‍ക്ക് ഒരു നല്ല ഹെയര്‍ കട്ട് ചെയ്യിച്ചു. വീടിനടുത്ത ചില ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ അവര്‍ മൂന്നുപേരും ഒന്നിച്ചു പോയി. അച്ഛനു കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മകന്‍ അവളോട് പറഞ്ഞു.

വീട്ടില്‍ കൃത്രിമമായ ഒരു സമാധാനം കൊടുങ്കാറ്റു വീശുന്നതിനു മുന്‍പുള്ള ഒരു ശാന്തത പോലെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു പോകുമെന്ന് അവള്‍ സദാ ഭയന്ന ഒരു സമാധാനം കളിയാടി.

അതൊരു സാധാരണ ദിവസമായിരുന്നു. രാവിലെ അവളെ ഓഫീസില്‍കൊണ്ട് വിടുവാന്‍ അയാള്‍ക്ക് പഴയതുപോലെ മടി വന്നുതുടങ്ങിയിരുന്നു. അവള്‍ക്കാണെങ്കില്‍ അയാളുടെ എല്ലാ മാറ്റങ്ങളും മനസ്സിലാകുന്നുമുണ്ടായിരുന്നു. പക്ഷെ, അവളായിട്ട് വഴക്കുണ്ടാക്കുകയില്ലെന്നത് അവളുടെ ഭീഷ്മപ്രതിജ്ഞയായിരുന്നുവല്ലോ.

എത്ര ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചാലും ചില സത്യങ്ങള്‍ക്ക് ചില സ്വഭാവങ്ങള്‍ക്ക് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല, ചെയ്ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവനായി അയാള്‍ പെരുമാറിയത് വളരെ കഷ്ടപ്പെട്ടായിരുന്നു. അയാള്‍ക്ക് സത്യമായും പശ്ചാത്താപമൊന്നുമുണ്ടായിരുന്നില്ല. അയാളാണ് ശരി എന്നു തന്നെയായിരുന്നു അയാള്‍ മനസ്സില്‍ കരുതിയിരുന്നത്.

ജോലി അന്വേഷിക്കാനുള്ള താല്‍പര്യം ദിവസം ചെല്ലുംതോറും അയാളില്‍ കുറഞ്ഞു വന്നു. കൂടുകാര്‍ വിളിക്കുമ്പോള്‍ നോക്കുന്നു നോക്കുന്നു എന്ന് പറയുന്നതല്ലാതെ ശരിക്കും അയാള്‍ ഒന്നും നോക്കീരുന്നില്ല.

എന്തിനാണ് അയാള്‍ ജോലിക്ക് പോകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവള്‍ക്ക് നല്ല വരുമാനമുണ്ട്. അവര്‍ക്ക് മൂന്നു പേര്‍ക്കും കഴിയാന്‍ അതു ഇഷ്ടം പോലെ മതി. അപ്പോള്‍ അയാള്‍ ജോലിക്ക് പോകണമെന്നും ദുബായില്‍ പോകണമെന്നും മറ്റും പറയുന്നത് അവള്‍ക്കിവിടെ തോന്ന്യാസമായി ജീവിക്കാനും പണത്തിനോട് ആര്‍ത്തി പെരുത്തിട്ടും തന്നെയല്ലേ? അതയാള്‍ സമ്മതിക്കില്ല, കൊക്കില്‍ ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല. മകനോട് അക്കാര്യം അയാള്‍ പലപ്പോഴും പറഞ്ഞു കൊടുത്തിട്ടുണ്ട്. പന്ത്രണ്ട് വയസ്സായെങ്കിലും അവനൊരു മന്തനാണെന്ന്, മൊണ്ണയാണെന്ന് ,മന്ദബുദ്ധിയാണെന്ന് അയാള്‍ക്ക് തോന്നീട്ടുണ്ട്. അതിനു കാരണം അവളാണെന്നും അവളോടുള്ള അവന്റെ ഇഷ്ടമാണെന്നും.. അവനെ എങ്ങനെയാണ് പെണ്ണിനെ നിലക്ക് നിറുത്താന്‍ പോന്ന ഒരു ആണാക്കി മാറ്റേണ്ടതെന്ന് അയാള്‍ക്ക് എന്നും ഉല്‍ക്കണ്ഠയുണ്ടായിരുന്നു.

അവള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കുറച്ചു കാലമായി ഇല്ലാതിരുന്ന ആ ഘനം മടങ്ങി വന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. എന്നാലും ഒന്നും ഭാവിക്കാതെ അവള്‍ ചായ ഉണ്ടാക്കുകയായിരുന്നു.

അപ്പോഴാണ് അയാള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി അവളുടെ അടുത്ത് വന്നത്, അവളുടെ മുടിക്ക് പിടിച്ച് കറക്കിക്കൊണ്ട് അയാള്‍ അലറി..

‘ഈ പൈസ നീ നിന്റെ അമ്മയ്ക്ക് എന്ന് കൊടുത്തു നായിന്റെ മോളേ? നിന്റെ വേശ്യത്തള്ളയ്ക്കും അറുവാണിച്ചി അനിയത്തിയ്ക്കും കാലകത്തി കെടന്ന് വ്യഭിചരിച്ചാ പോരേ? എന്തിനാടീ നീ കാശ് കൊടുക്കണേ തേവിടിശ്ശീ..’

അവള്‍ക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി.. അവള്‍ അലറി..

‘നീയാരെടാ പട്ടിക്കഴുവേറീ അത് ചോദിക്കാന്‍..? നീയാരെടാ അവരെ തെറി വിളിയ്ക്കാന്‍ ?’

അയാള്‍ ഇരുപതു പ്രാവശ്യം എണ്ണിക്കൊണ്ട് അവളുടെ മുഖത്തടിച്ചു. വായില്‍ നിന്ന് പൂക്കുല പോലെ ചോര ചീറ്റി. മോന്‍ വലിയ വായിലേ കരഞ്ഞുകൊണ്ട് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. ‘അമ്മാ, സോറി പറയൂ, സോറി പറയൂ അല്ലെങ്കില്‍ അമ്മയെ തല്ലിക്കൊന്നാലോ’

അവള്‍ ഒടുങ്ങാത്ത വൈരാഗ്യത്തോടെ അലറി

‘ഇല്ല. ഇയാളോട് ഞാന്‍ ഇനി സോറി പറയില്ല. എന്നെ കൊന്ന് അയാള്‍ ജയിലിലാകട്ടെ.’

അയാള്‍ അവളെ അടിച്ചു വീഴ്ത്തി, ഒരു തലയിണ കൊണ്ട് വന്ന് മുഖത്ത് വെച്ച് അമര്‍ത്തി ‘ചാകടീ ചാക് ‘എന്ന് അട്ടഹസിച്ചു.

മോന്‍ ഉറക്കെ കരഞ്ഞുകൊണ്ട് അയാളെ പിടിച്ചു വലിച്ചു. ‘അമ്മയെ കൊല്ലല്ലേ, അച്ഛാ’ എന്ന് വിമ്മിവിമ്മി ഏങ്ങലടിച്ചു.

അയാള്‍ ഒരു നിമിഷം നിന്നപ്പോള്‍ അവള്‍ പിടഞ്ഞെണീറ്റു. അവള്‍ സോറി പറയുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു അടി കൂടി അവള്‍ക്ക് കൊടുത്തിട്ട് , കാലില്‍ കിടന്ന ചെരിപ്പൂരി മകന്റെ കൈയിലേല്‍പ്പിച്ചു.
എന്നിട്ട് രാക്ഷസനെപ്പോലെ അലറി.

‘ഞാനീ തേവിടിശ്ശിയെ അടിക്കാന്‍ പാടില്ലെങ്കില്‍, നീയടിക്കടാ.. ചെരിപ്പുകൊണ്ട് അടിക്ക് .. ‘

അവന്‍ ഭയന്നു വിളറി, വിറച്ചു.. മടിച്ചു.

അപ്പോള്‍ മൂര്‍ച്ചയുള്ള പിച്ചാത്തി കാണിച്ച് അയാള്‍ അവനെ വിരട്ടി .

‘നീയടിച്ചില്ലെങ്കില്‍ ഞാന്‍ നിന്നെ ശരിപ്പെടുത്തും.’

അവന്‍ ഒരു നിയന്ത്രണവുമില്ലാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പെറ്റമ്മയുടെ കാലിലും പുറത്തും അച്ഛന്റെ ചെരിപ്പുകൊണ്ട് പതുക്കെ അടിച്ചു.

അപ്പോള്‍ അയാള്‍ ഉഗ്രമൂര്‍ത്തിയായി കല്‍പ്പിച്ചു.

‘പുറത്തും കാലിലുമൊന്നുമല്ല, ഈ വേശ്യയുടെ മുഖത്തടിക്കടാ നായേ! ‘

ഇപ്പോള്‍ അവന്‍ സ്വന്തം അമ്മയുടെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിക്കുകയാണ്.. അടിച്ചുകൊണ്ടിരിക്കുകയാണ്.. അവന്റെ അച്ഛന്‍ മതി എന്ന് പറയുന്നത് വരെ.

പിന്നെ അവന്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞ് കരഞ്ഞ്..ഏങ്ങലടിച്ച് …ഏങ്ങലടിച്ച്.. ഏങ്ങലടിച്ച്..

അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. ഒന്നും ചെയ്തില്ല.

അയാള്‍ മതിയാകുവോളം അസഭ്യം പറഞ്ഞു. അവളുടെ എഴുപത്തഞ്ചു വയസ്സായ അമ്മയെ, അവളുടെ അനിയത്തിയെ , അനിയത്തിയുടെ പതിനഞ്ചുകാരിയായ മകളെ, ചേട്ടത്തിയമ്മയെ, അവരുടെ മകളെ..

ചേട്ടനെ പിമ്പെന്ന് വിളിക്കാനും അയാള്‍ക്ക് മടിയുണ്ടായില്ല.

അവള്‍ ശബ്ദിച്ചില്ല. മൌനത്തെ തന്നെ കവചമായി അവള്‍ ധരിച്ചു.

ആരും ഭക്ഷണം കഴിച്ചില്ല.. അയാള്‍ രാവിലെ നാലു മണിയാകുന്നതുവരെ അവളെയും അവളുടെ വീട്ടുകാരേയും തെറി പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാള്‍ക്ക് തൃപ്തിയാകുന്നുണ്ടായിരുന്നില്ല. മകന്‍ തേങ്ങിത്തേങ്ങി ഒടുവില്‍ തറയില്‍ തന്നെ കിടന്നുറങ്ങി. അവള്‍ അടുക്കളയില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

രാവിലെ മോനെ എണീപ്പിച്ച് അവള്‍ സ്‌ക്കൂളിലേക്ക് പറഞ്ഞയച്ചു. കുളിച്ച് തയാറായി ഓഫീസിലേക്ക് ഇറങ്ങി. അയാള്‍ അവള്‍ക്കൊപ്പം വന്നു. ബാങ്കിലേക്കാണ് അയാള്‍ കാറോടിച്ചത്. ബാങ്കില്‍ ചെന്ന് അവളുടെ സാലറി എക്കൌണ്ട് ജോയിന്റ് എക്കൌണ്ട് ആക്കണമെന്ന് അയാള്‍ അപേക്ഷ എഴുതി, അവളുടേയും അയാളുടേയും ഫോട്ടൊ പതിച്ച് അവളെക്കൊണ്ട് ഒപ്പും വെപ്പിച്ചശേഷം അയാള്‍ അവളെ ഓഫീസില്‍ ഇറക്കിവിട്ടു.

അവള്‍ മൌനമായി ഓഫീസിനുള്ളിലേക്ക് നടന്നു.

സ്വന്തം ക്യാബിനില്‍ ചെന്ന് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരെ ഫോണില്‍ വിളിച്ച് ആ അപേക്ഷ ഒരു കാരണവശാലും പരിഗണിക്കരുതെന്ന് കരച്ചില്‍ മുട്ടിത്തിരിയുന്ന തൊണ്ടയോടെ അവള്‍ അപേക്ഷിച്ചു.

ക്യാബിനിലേക്ക് കടന്നുവന്ന അവളുടെ ജൂനിയര്‍മാര്‍, അടിയേറ്റ് വീങ്ങിയ ആ മുഖം നോക്കി, അമ്പരന്നു നില്‍ക്കുകയായിരുന്നു അപ്പോള്‍ .

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top