Flash News

ലാന സമ്മേളനത്തില്‍ കഥാ ചര്‍ച്ച

October 13, 2018 , സാംസി കൊടുമണ്‍

Newsimg2_94967667കഥ – കഥാകൃത്ത് – അവതാരകന്‍.: താങ്ക്‌സ് ഗീവിംഗ് എന്ന അനിലാലിന്റെ കഥ അവലോകനം ചെയ്തത്, നാടകകൃത്ത്, നടന്‍, ചെറുകഥാകൃത്ത്, ആനുകാലിക വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ പ്രതികരിയ്ക്കുന്ന പ്രഭാഷകന്‍ കൂടിയായ പി.റ്റി. പൗലോസാണ്. അമേരിക്കന്‍ മലയാളികളുടെ പരുക്കന്‍ ജിവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും ഉരിത്തിരിഞ്ഞ ഒരു സാധാരണ ഇതിവൃത്തത്തെ, ഹൃദയസ്പര്‍ശിയായി മനോഹരമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.. ഭാര്യമരിച്ചതിനു ശേഷം ഒറ്റക്കായ വൃദ്ധനും രോഗിയുമായ , പാലച്ചോട്ടില്‍ ഇട്ടി എന്ന അപ്പനെ ജോസുകുട്ടി എന്ന മകന്‍ അമേരിയ്ക്കയിലേക്ക് കൊണ്ടുവരുന്നതും തുടര്‍ന്നുള്ള ചില ജീവിത മുഹൂര്‍ത്ഥങ്ങളുമാണ് കഥയില്‍. അമേരിക്കന്‍ ജിവിതം യാന്ത്രികവും വിരസവും ആയി മാറിയ ഇട്ടിക്ക് കൂട്ട് മരിച്ചുപോയ ഭാര്യയോടൊത്തുള്ള നല്ല നാളുകളുടെ ഓര്‍മ്മകളായിരുന്നു. അങ്ങനെ ഇട്ടി മകനോടൊരാഗ്രഹം പറയുകയാണ്, താന്‍ മരിച്ചാല്‍ നാട്ടില്‍ ഭാര്യയെ അടക്കിയതിനടുത്തായി അടക്കണം. മകന്‍ ജോസുകുട്ടി ഭാര്യയും ഒത്ത് ആലോചിക്കുന്നു. ഒരു ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനേക്കാള്‍ അയ്യായിരം ഡോളറെങ്കിലും കുറവില്‍ അതിവിടെ അടക്കാം എന്ന കണ്ടെത്തല്‍ നടത്തിയ ജോസുട്ടിയുടെ ഭാര്യ എലിനായോടുള്ള വിദേയത്തത്താല്‍, മരിച്ചു കഴിഞ്ഞ് അപ്പനെന്തറിയാന്‍ എന്ന ഉറപ്പിനാലും, അപ്പനു വാക്കുകൊടുക്കുന്നു. ഒടുവില്‍ തങ്ക്‌സ്ഗിവിംഗിന് അപ്പന്‍ മരിക്കയും, മരിച്ചടക്കിനു മിച്ചം പിടിച്ച അയ്യായിരം കൊണ്ട് വീടിന് പുറകില്‍ പാര്‍ട്ടികളും മറ്റും നടത്താന്‍ ഒരു ഡെക്ക് പണിയുകയും ചെയ്യ്ത് കഥ അവസാനിക്കുന്നു. ഈ കഥ അനിലാല്‍ അതിന്റെ ഭാവം ചോര്‍ന്നു പോകാതെ, ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു. ധാരാളം രസമുഹുര്‍ത്തങ്ങള്‍ കൂട്ടിയിണക്കിയിരിക്കുന്നു. ഒരു ന്യൂനത ചൂണ്ടിക്കാണിക്കാനുള്ളത് ചില വാക്കുകളുടെ അര്‍ത്ഥം ബ്രാക്കറ്റില്‍ വിവരിക്കുന്നത് കഥയുടെ വായനാ സുഖത്തെ ബാധിക്കുന്നു

Newsimg1_393276192). സായം സന്ധ്യയില്‍ – നീനാപനയ്ക്കല്‍: അമേരിയ്ക്കന്‍ പശ്ചാത്തലത്തില്‍, ഇണങ്ങിയും പിണങ്ങിയും ജീവിതം ആഘോഷിക്കുന്ന വൃദ്ധദമ്പതികളുടെ ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ച്ച. ഒരു ദിവസം അസുഖമായ വൃദ്ധയെ ആശ്യുപത്രിയില്‍ കൊണ്ട ുപോകാനായി ആംബുലന്‍സു വരുന്നതും വൃദ്ധന്‍ സ്വന്തം അവശതകള്‍ മറന്ന്, ഭാര്യയെ ശുശ്രൂഷിക്കാന്‍ ഇറങ്ങിത്തിരിയ്ക്കുന്നതും, സ്വയം ചെറുപ്പക്കാരനായി മാറാന്‍ ശ്രമിക്കുന്ന വൃദ്ധനോടുള്ള കരുതലാലും, ഉല്‍കണ്ഠയാലും, ആ കിടപ്പിലും വൃദ്ധനെ ശകാരിക്കുന്ന വൃദ്ധ. ഇവരുടെ കരുതലും സ്‌നേഹവും മനോഹരമായി ചിത്രികരിച്ചിരിയ്ക്കുന്ന കഥ. ആ ആശുപത്രി യാത്രയില്‍, ഒരിക്കല്‍ സുന്ദരനായിരുന്ന തന്റെ ഭര്‍ത്താവുമൊത്ത് നടത്തിയ അനേകം യാത്രകളുടെ ഓര്‍മ്മകളിലേക്ക് അവര്‍ നടന്നിറങ്ങുന്നു. വൈറല്‍ ഇന്‍ഫക്ഷനായി ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന വൃദ്ധക്ക് ഭര്‍ത്താവ് വീട്ടില്‍ ഒറ്റക്കാണന്ന ചിന്തയാല്‍ സൈ്വര്യത നഷ്ടപ്പെടുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ പറഞ്ഞാല്‍ വൃദ്ധന് ഭാര്യയുടെ ഓര്‍മ്മകളുള്ള വിട്ടില്‍ നിന്നും മാറാന്‍ കഴിയുന്നതും ഇല്ല. എല്ലാ ദിവസവും അതിരാവിലെ വൃദ്ധന്‍ ആശുപത്രില്‍ എത്തും. അഞ്ചു ദിവസത്തിനു ശേഷം അവര്‍ തിരികെ വീട്ടിലെത്തുന്നു. ഭാര്യയെ വിശ്രമിക്കാന്‍ വിട്ട് വൃദ്ധന്‍ മുകളിലെ ബാത്തുറൂമിലേക്ക് പോയി. അവിടെ വൃദ്ധന്റെ ഛര്‍ദില്‍കേട്ട് വൃദ്ധ ഞെട്ടുന്നു. കഥ ഇവിടെ തീരുന്നു. ഏറെക്കാലം ഒന്നിച്ചു ജീവിച്ച രണ്ടുപേരുടെ ആത്മബന്ധത്തിന്റെ കഥയാണിത്. കഥ മനോഹരവും സുന്ദരവുമാണെങ്കിലും കഥയുടെ അവസാനം, വൃദ്ധയുടെ ഞെട്ടലിന്റെ കാരണം യുക്തിസഹമായി അവതരിപ്പിക്കാന്‍ കഴിഞ്ഞോ,,? കഥ അപൂര്‍ണ്ണമായി അവസാനിക്കുന്നതുപോലെ. കൂടാതെ വൃദ്ധന്‍ വീട്ടില്‍ തലേദിവസം കണ്ട ടി. വി പരിപാടികളുടെ വിവരണം നല്ലവായനാ സുഖമുള്ള കഥയുടെ ഒഴുക്കിനെ തടയുന്നപോലെ തോന്നി.

Newsimg3_627102473). സ്വപ്നത്തില്‍ കണ്ട താടിക്കാരന്‍ – അബ്ദുള്‍ പുന്നിയുര്‍ക്കുളം: സ്വപ്നത്തില്‍ കുഷ്ഠരോഗാശുപത്രിയില്‍ അംഗവിഹിനനായി അയാള്‍ കിടക്കുകയായിരുന്നു. പെട്ടന്നയാള്‍ ഞെട്ടിയുണരുന്നു. എന്നിട്ട് ശരീര ഭാഗങ്ങള്‍ എല്ലാം യഥാസ്ഥനത്തുണ്ട ന്ന് ഉറപ്പു വരുത്തുമ്പോഴും അയാള്‍ കിതയ്ക്കുന്നുണ്ട ായിരുന്നു. സ്വപ്നത്തില്‍ പള്ളിലച്ചനേപ്പോലെ താടിവെച്ച് വെള്ളവസ്ത്രം ധരിച്ച ഒരാള്‍ വന്നു പറയുന്നു, ആഴ്ച്ചയില്‍ രണ്ട ു മൂന്ന് മണിക്കൂര്‍ ആതുരസേവനത്തിനായി മാറ്റിവെയ്ക്കാന്‍. വിവശനായ ആയാള്‍ സ്വപ്ന സാരാംശം ഭാര്യയുമായി പങ്കുവെയ്ക്കുന്നു. സ്വപ്നത്തിലെ താടിക്കാരന് അയാള്‍ വക്കുകൊടുത്തതിനാല്‍ ജോലി രാജിവെയ്ക്കാന്‍ ആലോചിക്കുന്നു. ഭാര്യ അയാളെ എതിര്‍ക്കുന്നു. മോര്‍ഗേജ്, കുട്ടികളുടെ ഫീസ്, രണ്ട റ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴാ, ഏതൊ പേക്കിനാവു കണ്ടെ ന്നു പറഞ്ഞു ജോലി രാജിവെയ്ക്കാന്‍ പോകുന്നത്. ഭാര്യയുടെ ഉറഞ്ഞാട്ടം കണ്ട ് അയാള്‍ ജോലിക്കു പോകാന്‍ തുടങ്ങുന്നതോട് കഥ അവസാനിയ്ക്കുന്നു. ഇതില്‍ കഥ ഇനിയും ഉണ്ട ാകേണ്ട ിയിരിയ്ക്കുന്നു. ഇതൊരു മുഖവുരമാത്രമേയാകുന്നുള്ളു, കഥാകൃത്തിന്റെ സര്‍ക്ഷ ഭാവനയില്‍ ഇതിന്റെ തുടര്‍ച്ചയെന്നപോലെ മനോഹരമായ ഒരു കഥ രൂപാന്തരപ്പെടും എന്നു നമുക്ക് ആശിക്കാം.

കഥ – കഥാകൃത്ത് – അവതാരകന്‍: കെ. കെ. ജോണ്‍സണ്‍. ലാനായുടെ ജോന്റ് സെക്രട്ടറി. അമേരിയ്ക്കയില്‍ അറിയപ്പെടുന്ന ചിന്തകനും, നിരൂപകനും, പ്രഭാഷകനുമായ ജോണ്‍സന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ്. അദ്ദേഹം പഠനവിധേയമാക്കിയ കഥകള്‍:

1) അന്തകവിത്ത്- ജോണ്‍ മാത്യു: ഓനാച്ചന്‍ എന്ന വൃദ്ധന്റെ ഉണര്‍വിലും; ഉറക്കത്തിലൂടയും പറയുന്ന ഈ കഥ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ കഥയും, ഒപ്പം കുടിയേറ്റങ്ങളിലൂടെ ശിഥിലമായിക്കൊണ്ട ിരിയ്ക്കുന്ന മനുഷ്യ ബന്ധങ്ങളുടെയും കഥയാണ്. അമേരിയ്ക്കയിലുള്ള മകന്റെ മകന്‍ റോബിന്‍ കല്ല്യാണം കഴിച്ച് ഇവിടെ താമസിച്ച് കുടുംബം അന്ന്യം നില്‍ക്കാതെ നോക്കണം എന്നുള്ളതാണീപ്പോഴത്തെ ആഗ്രഹം. ഇടയിലെ ഓര്‍മ്മയില്‍ നാട്ടില്‍ വിതയ്ക്കാനും നടാനും നല്ല വിത്തുകിട്ടാനില്ല. എല്ലാം അന്തക വിത്തുകളാണ്. ഒന്നും മുളയ്ക്കത്തില്ല. തന്റെ കാലത്തെ കൃഷിയെക്കുറിച്ചുള്ള മധുര സ്വപ്നങ്ങള്‍ കണ്ട ുറങ്ങുന്നു. വീടിനു മുന്നില്‍ അമേരിയ്ക്കയിലുള്ള മകനുവേണ്ട ി ഒരു രണ്ട ുനില കെട്ടിടം ഉയരുന്നു. പക്ഷേ അവര്‍ക്ക് കുട്ടികളുണ്ട ാകത്തില്ലാന്ന്. മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അങ്ങനാ റോബിന്‍ ഉണ്ട ായത്. റോബിനെ നാട്ടില്‍ കൊണ്ട ുവന്ന് കല്ല്യാണം കഴിപ്പിക്കണം. അതു ആഘോഷമായിട്ട്. അവന്റെ ഫോട്ടോ കണ്ട ിട്ട് കഴുത്തേല്‍ കുരിശുമാലയും, കാതില്‍ കടുക്കനുമൊക്കെയുണ്ട ്. വല്ല്യ പരിഷ്‌കാരമായിരിയ്ക്കും. ചെറുക്കനെ ആരും ഇഷ്ടപ്പെടും. ആലോചിക്കണം. ഇപ്പോ ശൊശാക്കുട്ടി അമേരിയ്ക്കയില്‍ റോബിന്റെ അമ്മ എഴുതിയിരിയ്ക്കുന്നു. റോബിന്റെ കെട്ടിയോള്‍ ജമെക്കക്കാരന്‍ കിംഗ്‌സിലിയാണന്ന്. അതും അന്തക വിത്താണന്ന തിരിച്ചറിവില്‍ കഥ അവസാനിയ്ക്കുന്നു. ഈ കഥ അവതരണത്തിലും ആസ്വാദനത്തിലും വേറിട്ടു നില്‍ക്കുന്നു.

Newsimg4_781453412). ആ യാത്രയില്‍ – തമ്പി ആന്റണി: ഒരു ട്രെയിന്‍ യാത്രയില്‍ കണ്ട ുമുട്ടുന്ന സഹയാത്രികയോട്, ജോമോന്‍ കുഴിവേലില്‍ എന്ന കോളേജദ്ധ്യാപനു കൗതുകം തോന്നുകയും അതു പിന്നെ ഹൃദയബന്ധമായി വളരുകയും ചെയ്യുന്നു. അയാള്‍ സാധാരണ ആണുങ്ങള്‍ ഇറക്കുന്ന ഒരു നമ്പര്‍ മാതിരി പറഞ്ഞു. ”എവിടെയോ കണ്ട ുമറന്നതുപോലെ, കഴിഞ്ഞ ജന്മത്തിലാകാം.” അപ്പോല്‍ അവള്‍ പറഞ്ഞു, ”എന്തിനാ നമ്മള്‍ക്കിടയില്‍ ഈ ഒളിച്ചു കളി. അയാള്‍ അവളെ കൂടുതല്‍ അറിയുകയായിരുന്നു. സുനിത എമ്പ്രാന്തിരി അവളുടെ സംസാരിത്തിലൂടെ, പെരുമാറ്റത്തിലൂടെ അയാളുടെ മനസ്സിനെ കിഴ്‌പ്പെടുത്തുന്നു. ഇത്രനാളും വിവാഹം കഴിക്കാതിരുന്നതില്‍ അയാള്‍ക്കപ്പോള്‍ ദുഃഖം തോന്നിയില്ല. അവള്‍ വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണന്നവള്‍ പറഞ്ഞു. എങ്കിലും അവളോടുള്ള അടുപ്പം കുറഞ്ഞില്ല. യാത്രയുടെ അന്ത്യത്തോടക്കുമ്പോള്‍ അയാള്‍ അറിഞ്ഞു അവള്‍ ഒരു വികലാംഗയാണന്ന്. അപ്പോള്‍ അവളോടുള്ള അടുപ്പം ഒന്നു കൂടി മുറുകിയതേയുള്ളു. ഇനിയുള്ള യാത്രയില്‍ ഇവള്‍ എന്നും ഒപ്പം ഉണ്ട ാകണമെന്നയാള്‍ തീരുമാനിച്ചു. എല്ലാവരും അവരവര്‍ എടുക്കുന്ന തീരുമാനത്തില്‍ കുടുങ്ങിക്കിടക്കും എന്ന തിരിച്ചറിവില്‍ കഥ അവസാനിക്കുന്നു. ഈ കഥ വളരെ ഒതുക്കത്തോട് കഥകൃത്ത് അവതരിപ്പിക്കുന്നു.

3). മനുഷ്യനിലേക്കുള്ള ദൂരം – ജയ്ന്‍ ജോസഫ്: കോരസാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. നാട്ടിലാകെ അതു ചര്‍ച്ചാ വിഷയമാകുന്നു. ഇത്രനാളും നിസ്വാര്‍ത്ഥനായി പാര്‍ട്ടി പ്രവൃത്തനം നടത്തിയ കോരസാറിന്റെ ഈ മനം മാറ്റത്തിന്റെ കാരണം അന്വേഷിച്ച്, നാട്ടുകാരും കൂട്ടുകാരും അവരവരുടെ കഥകള്‍ മിനയുന്നു. അപ്പോഴാണറിയുന്നത് കോരസാര്‍ കത്തോലിക്ക സഭയും വിടുകയാണന്ന്. നാട്ടുകാര്‍ക്ക കാര്യം അറിഞ്ഞേമതിയാവു. ഒടുവില്‍ കോരസാറുതന്നെ വിശദീകരണവുമായി വന്നു. ”എനുക്കു മടുത്തു. എന്നില്‍ ചാര്‍ത്തിയിരിക്കുന്ന എല്ലാതലക്കെട്ടുകളില്‍നിന്നും ഞാന്‍ മോചിതനാകുകയാണ്. അതുവഴി എന്റെ വരും തലമുറയേയും ഞാന്‍ മോചിതനാക്കുന്നു. നിങ്ങളുടെ കോരസാര്‍ ഇന്നു മുതല്‍ കോണ്‍ഗ്രസുകരനല്ല, ഒരു കത്തോലിക്കനുമല്ല. ഒരു മനുഷ്യന്‍ മാത്രമാണ്. മനുഷ്യത്വമുള്ള ഒരു മനുഷ്യന്‍.’ ഉയര്‍ന്ന് ശിരസ്സോടെ, തീളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ ശാന്തതയോടെ കോരസാര്‍ നടന്നു..മുന്നോട്. കഥ ഇവിടെ തീരുകയാണ്. സമകാലിന രാഷ്ട്രിയ സാമുദായിക പ്രവര്‍ത്തനങ്ങളീലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്ന പ്രതിബദ്ധതയുള്ള ഒരു അദ്ധ്യാപകന്റെ പ്രതിഷേതം ശക്തമായി പ്രതിഫലിക്കുന്ന കഥയാണീത്.

4). ഗലീല കടലില്‍ ഒരു സൂര്യോദയം – ബാബു പാറയ്ക്കല്‍: കഥാകൃത്തിന്റെ യിസ്രയേല്‍ യാത്രയില്‍ താമസിച്ച ഹോട്ടല്‍ വാതിനു വെളിയില്‍ റൊട്ടിക്കച്ചവടം നടത്തുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടിയുമായി ചെങ്ങാത്തം കൂടുന്നു. അവര്‍ പരസ്പരം തങ്ങളുടെ കഥകള്‍ പറഞ്ഞ് ചെങ്ങാത്തം ഉറപ്പിക്കുന്നു. ഒരു യെഹൂദാ കുടുംബത്തിലെ മൂത്തമകള്‍ രാവിലെ സ്‌കുളില്‍ പോകുന്നതിനു മുമ്പ് അമ്മ ചുട്ടെടുക്കുന്ന റൊട്ടി വില്‍ക്കാന്‍വേണ്ട ി വന്നതാണ്. ഈ റൊട്ടികള്‍ ഇന്നും ക്രിസ്തുവിനു മുമ്പുള്ള അതെ അടുപ്പുകളിലാണു ചുട്ടെടുക്കുന്നതറിഞ്ഞപ്പോള്‍, അതൊന്നു കാണാന്‍ അവളോടൊപ്പം ഒരു കൊച്ചു വള്ളത്തില്‍ അവളുടെ വീട്ടിലേക്കു പോകുന്നു. യാത്രയില്‍ ക്രിസ്തു അഞ്ചപ്പം അയ്യായിരം പേര്‍ക്ക് കൊടുത്ത കഥ അവളോട് പറഞ്ഞു. അവള്‍ അയാളെ അത്ഭുതത്തോട് നോക്കി. നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്നമട്ടില്‍. അവളൂടെ വീട്ടിലമ്മയുണ്ട ാക്കിയ റൊട്ടിയും രുചിച്ച്, തിരിച്ച് ഹോട്ടല്‍ മുന്നില്‍ തയ്യാറായിക്കിടന്ന ബസ്സില്‍ മുന്നോട്ടുപോകുമ്പോള്‍ താന്‍ അല്പം മുമ്പ് സഞ്ചരിച്ചിരുന്ന തടാകവും പെണ്‍കുട്ടിയും അവളുടെ വീടും ഒന്നും അവിടെ ഇല്ലായിരുന്നു. വളരെ സുന്ദരമായ ഈ ഭാവകാവ്യം അത്ര പെട്ടന്നൊന്നും മനസ്സില്‍ നിന്നു മാഞ്ഞു പോകയില്ല.
കഥ – കഥാകൃത്ത് – അവതാരിക: ഡോ. എന്‍. പി. ഷീല. ദീര്‍ഘകാലം കോളേജദ്ധ്യാപികയായിരുന്ന ഡോ. ഷീല ഒരു എഴുത്തുകാരിയും പ്രഭാഷകയുമാണ്. സാഹിത്യമിമാംസയെക്കുറിച്ച് നന്നായറിയാവുന്ന ഡോ. ഷീല മൂന്നു കഥകള്‍ വിശകലനം ചെയ്ത് വിലയിരുത്തി.

Newsimg5_254892861). വാസു- സി. എം. സി: സമൂഹം പുറമ്പോക്കിലേക്കു മാറ്റി നിര്‍ത്തപ്പെട്ടവരുടെ വേദനയും കണ്ണുനീരുമാണ് സി .എം. സി കഥകളുടെ ഭൂമിക. വാസു എന്ന ഈ കഥയും വേദനയുടേയും ത്യാഗത്തിന്റേയും കഥയാണ്,. കഥയിങ്ങനെ. വക്കച്ചന്‍ മുതലാളിയുടെ മകളുടെ ഭര്‍ത്തൃഗൃഹ പ്രവേശനത്തിനൊപ്പം, പതിനാലുകാരനായ വാസുവും പുതിയ വീട്ടിലെ വേലക്കാരനായി. വിസ്വസ്തയോട് നിസ്വാര്‍ത്ഥമായ സേവനം കൊണ്ട ് വാസു ആ വീട്ടിലെ എല്ലാമായി. വാസു അറിയാതെ ആ വീട്ടില്‍ ഒന്നും നടന്നിരുന്നില്ല. വാസുവിന് ഒരു ദുഃഖമേയുണ്ട ായിരുന്നുള്ളു. മറ്റാരുമില്ലാത്ത തന്നെ കൊച്ചമ്മയുടെ കൊച്ചുമക്കളെങ്കിലും അമ്മാവാ എന്നു വിളിച്ചിരുന്നെങ്കില്‍. ആ സ്വ്പ്നവും പേറി വാസു അമ്പതു കൊല്ലം അവിടെ ജോലി നോക്കി. ഒരുനാള്‍ കൊച്ചമ്മയും ജഡ്ജി അദ്ദേഹവും കൂടി അവനോടു ചോദിച്ചു; ഇത്ര നാളത്തെ നിന്റെ സേവനത്തിന് ഞങ്ങള്‍ എന്തു പ്രതിഭലമാണു നിനക്കു തരേണ്ട ത്. വാസുവിന് മറ്റൊന്നും ആലോചിക്കനുണ്ട ായിരുന്നില്ല. അവന്‍ പറഞ്ഞു ഇവിടുത്തെ കൊച്ചുമക്കളെങ്കിലും എന്നെ അമ്മാവ എന്നൊന്നു വിളിച്ചാല്‍ മതി. അവര്‍ അവനെ അത്ഭുതത്തോടേയും സ്‌നേഹത്തോടയും നോക്കി. തന്റെ യൗവ്വനവും, ആരോഗ്യവും നിവേദിച്ച ഈ വീട്ടില്‍ വാസു തന്റെ അസ്തിത്വം അന്വേഷിക്കയായിരുന്നു. എന്നാല്‍ കുട്ടികളുടെ കളിയാക്കല്‍ കൂടിയതെയുള്ളു. ”മുത്തശ്ശന്‍ പറഞ്ഞെന്നു വെച്ച് നിന്നെയാരും അങ്കിളെന്നു വിളിയ്ക്കാന്‍ പോകുന്നില്ല”. വാസുവിനതു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്‍ ചാറുന്ന മഴയില്‍ പുറത്തേക്ക് നടന്നു. അവന്റെ കണ്ണൂകള്‍ നിറഞ്ഞിരുന്നു. അവന്റെ മനസ്സ് നന്നായി അറിയാവുന്ന കൊച്ചമ്മ അവനെ പുറകില്‍ വിളിച്ചു. ‘പോട്ട് വാസു. പിള്ളാരല്ലെ.” കൊച്ചമ്മയുടെ വാക്കുകളെ ധിക്കരിയ്ക്കാന്‍ അവനു കഴിയുമായിരുന്നില്ല. തിരിച്ചുവന്ന അവനെ, ‘സോറി അങ്കിള്‍” എന്നു പറഞ്ഞ് കുട്ടികള്‍ സ്വീകരിക്കുമ്പോള്‍ അഥ അവസാനിക്കുന്നു. രക്തബന്ധങ്ങളല്ല, ആളുകളും സംഭവങ്ങളുമാണ് സ്‌നേഹിപ്പിക്കുന്നത്. സ്‌നേഹത്തില്‍ വാങ്ങലില്ല, കൊടുക്കലേയുള്ളു എന്ന് കഥാകൃത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത്യന്തലളിതമായ ഭാഷയിലുടെ മഹാസമുദ്രം ചിമിഴിലൊതുക്കുന്ന ചെപ്പടിവിദ്യയാണ് സി. എം. സി. യുടെ എല്ലാ കഥകളുടെയും രചനാതന്ത്രം. നൂനതകള്‍ ചൂണ്ട ിക്കാണിക്കാനില്ലാത്ത ഒരു കഥയാണിത്.

2). കാലന്‍കോഴികള്‍ – സാംസി കൊടുമണ്‍: സഭകള്‍ തമ്മിലുള്ള കേവലം അധികാരത്തിന്റേയും, സ്വത്ത് തര്‍ക്കങ്ങളുടെയും (ദൈവികത ഒട്ടുമേയില്ല) ഇരയായ ഒരു കുടുംബത്തിന്റെ കഥയാണിത്. ആലീസ് എന്ന വിധവയുടെ ഓര്‍മ്മകളിലുടെ വിടരുന്ന ഈ കഥ, ക്രിസ്തുവിന്റെ പേരില്‍ ഭൂമിയില്‍ സമാധാനത്തിനു പകരം അശാന്തിപകരുന്ന പുരോഹിതവര്‍ക്ഷത്തൊടുള്ള ഒരു വലിയ ചോദ്യചിഹ്നമാണ്. അധികാരവും സ്വത്തും നഷ്ടപ്പെടാതിരിയ്ക്കാന്‍ സാധാരണക്കാരായ വിശ്വാസികളെ തമ്മിലടുപ്പുക്കുന്ന സഭാനേതൃത്തത്തിനുള്ള ഒരു താക്കിതുകൂടിയാണിക്കഥ. ഈര്‍ച്ചവാളീന്റെ മൂര്‍ച്ചയും, കൂടത്തിന്റെ ശക്തിയുമുള്ള വാക്കുകളാല്‍ ഈ കഥ കൂടുതല്‍ പ്രഹരശേഷിയുള്ളതായിമാറി. ഈ കഥയുടെ ഭാഷയും ശൈലിയും കാലിക പ്രാധാന്യവും കഥയെ ശ്രദ്ധേയമാക്കുന്നു. നീണ്ട കാലത്തെ പ്രണയത്തിലൂടെ വിവാഹിതരായ ആലീസും സണ്ണിയും തങ്ങളുടെ വീട് സന്തോഷങ്ങളുടെ പറുദീസയാക്കി മാറ്റുന്നു. എന്നാല്‍ പെട്ടന്നൊരു ദിവസം പ്രശ്‌നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അവരിലേക്ക് ഓടിയിറങ്ങുകയായിരുന്നു. അവര്‍ക്കതില്‍ ഒരു പങ്കുമില്ലാതിരുന്നിട്ടും അവര്‍ ഇരയായി. സണ്ണിയുടെ അമ്മ ഒരുദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിക്കുന്നടത്തുനിന്നും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. ഒരേപള്ളിയിലെ രണ്ട ു വിഭാഗങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ ആ അമ്മയുടെ ജഡം മൂന്നു ദിവസം വീട്ടുമുറ്റത്ത് തീര്‍പ്പിനായി കാത്തു. സണ്ണി വയ്യാത്ത അപ്പന്റെ നിസഹായമായ കണ്ണികളിലെ വേദനകണ്ട ് സിംഹാസനങ്ങളും അരമനകളും കയറിയിറങ്ങി, നീതി കിട്ടാതെ അവന്‍ സെമിത്തേരിയുടെ പൂട്ടുതകര്‍ത്ത് ഏതാനം മനുഷ്യസ്‌നേഹികളുടെ സഹായത്താല്‍ അമ്മയെ സംസ്‌കരിയ്ക്കുന്നു. എന്നാല്‍ അധികം താമസിക്കാതെ സണ്ണി സഭയെ വെല്ലുവിളിച്ചതിന് പ്രതികാരത്തിന്റെ ഇരയായി. എട്ടുവയസുള്ള തന്റെ മകനും, വൃദ്ധനും രോഗിയുമായ സണ്ണിയുടെ അപ്പച്ചനും അടക്കം മൂന്ന് അനാഥര്‍. ആലീസ് സ്വയം ചോദിക്കുന്നു, ആ അമ്മച്ചി എന്തു തെറ്റു ചെയ്തു. നാലു മക്കളെ സഭാവിശ്വാസികളായി വളര്‍ത്തിയതോ?… ആ അപ്പന്‍ പറയുന്നു എനിക്കിനി ഒരു വിശ്വാസി ആകേണ്ട . എനിക്ക് മതം വേണ്ട . എന്നെ ഈ പറമ്പിലെങ്ങാനം അടക്കിയാല്‍മതി. ഉറക്കം നഷ്ടപ്പെട്ട ആലിസ്. ആരൊക്കയോ രാത്രികാലങ്ങളില്‍ അവളുടെ പുരക്കുചുറ്റും കറങ്ങി നടക്കുന്നു. ഇനി അവര്‍ക്കുവേണ്ട ത് തന്റെ യൗവ്വനമാണ്. വവ്വാലിനെപ്പോലെ ഞാന്നുകിടക്കുന്ന കറുത്ത നീളന്‍ കോട്ടില്‍ കാലന്‍ കോഴിയെപ്പോലെ പുരോഹിതന്‍ കൂകുന്നു, ആലിസ് തലയണക്കിഴില്‍നിന്നും മൂര്‍ച്ചയുള്ള വെട്ടുകത്തിയില്‍ പിടിമുറുക്കി. കഥ അവിടെ അവസാനിക്കുമ്പോള്‍ നമ്മളും ആലിസിനൊപ്പം ആ വെട്ടുകത്തിയില്‍ പിടിമുറുക്കുന്നു.

3). നൈജല്‍ – മാലിനി: പ്രേമത്തിന്റെ ബലിവേദിയില്‍ ജീവാര്‍പ്പണം ചെയ്ത നൈജല്‍ എന്ന കടല്‍ പക്ഷിയെ പ്രതീകമായികണ്ട രചിച്ച ഒരു പ്രേമകഥ. സാവന്തെന്ന തമിഴ്പയ്യനിലൂടെ അനാവരണം ചെയ്യുകയ്യുന്നത് സ്‌കോട്ട്‌ലന്റുകാരനായ ഡേവിഡിന്റെയും ഇംഗ്ലണ്ട ുകാരിയായ റൂത്തിന്റെയും പ്രേമകഥയാണ്. മാതാപിതാക്കളുടെ വേര്‍പാടിനുശേഷം സ്വന്തം നാട്ടിലേക്ക് പോകാതെ ഇവിടെത്തന്നെ ഏകനായി. ഇവിടെ അദ്ധ്യാപകനായി കാലം കഴിക്കവേയാണ്, റൂത്തെന്ന ബ്രിട്ടീഷ് യുവതിയുമായി പരിചയപ്പെടുന്നതും, അതൊരു പ്രേമബന്ധമായി വളരുന്നതും. ആഹ്ലാദകരമായ ദിനങ്ങള്‍ പിന്നിടവെ ഒരുനാള്‍, ‘വില്‍ യു മാരി മി’ എന്ന ഡേവിഡിന്റെ ചോദ്യത്തിന് ഉത്തരം നള്‍കാതെ റൂത്ത് സ്വന്തം നാട്ടിലേക്ക് പോകുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ തന്നെ വിട്ടു പോയ റൂത്തിന്റെ ഓര്‍മ്മകളുമായി ഡേവിഡ് അവിവാഹിതനായി കഴിയുന്നു. റൂത്ത് ഒരുനാള്‍ തിരികെ വന്ന് ‘യെസ് എന്നൊരു മറുപടി തരുമെന്നയാള്‍ പ്രതീക്ഷിക്കുന്നു. പ്രണയം നഷ്ടപ്പെട്ട നൈജല്‍ പക്ഷി, പക്ഷിയുടെ രൂപത്തിലുള്ള ഒരു കോണ്‍ക്രിറ്റ് പ്രതിമയുടെ സമീപം കൂടൊരുക്കി അതിന്റെ മുന്നില്‍ തപസിരുന്ന് ജീവന്‍ വെടിഞ്ഞ. മാലിനി ഒട്ടേറെ നല്ല കഥകള്‍ രചിച്ചിട്ടുള്ള ആളാണ്. എന്നാല്‍ ഈ കഥയുടെ യുക്തിരാഹിത്യത്താലോ, എന്റെ ബുദ്ധിയുടെ കാലപ്പഴക്കത്താലോ, ഈ കഥയുമായി എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല, ജീവിതം പാഴാക്കാനുള്ളതല്ലന്നു ഞാന്‍ വിശ്വസിക്കുന്നു. വ്യകതികളും അഭിരുചികളും ഭിന്നമാണല്ലോ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top