Flash News

മീ ടൂ ‘അമ്മ’യിലെ പുരുഷാധിപത്യത്തിനു നേരെ ആഞ്ഞടിച്ചു; നടിമാരെ ‘വെറും’ നടിമാര്‍ എന്ന് മോഹന്‍‌ലാല്‍ സംബോധന ചെയ്തത് മനഃപ്പൂര്‍‌വ്വമുള്ള അധിക്ഷേപമായിരുന്നുവെന്ന് പ്രമുഖ നടിമാര്‍

October 13, 2018

TH14KRAWCCനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെതിരെ നടിമാരുടെ സംഘടന ഡബ്ല്യുസിസി ആഞ്ഞടിച്ചു. ‘അമ്മ’യിലെ പുരുഷാധിപത്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദിലീപിനെതിരെ മൗനം പാലിക്കുന്ന നടന്മാരുടെ പക്ഷത്തുനിന്നുണ്ടായതെന്നും അവര്‍ പ്രതികരിച്ചു. ആക്രമക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. വളരെയധികം അപമാനം നേരിട്ടുവെന്നും ഡബ്ല്യുസിസി പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വെറും നടിമാര്‍ എന്നുവിളിച്ച് അധിക്ഷേപിച്ചെന്ന് രേവതി പറഞ്ഞു. നടിക്കേറ്റ അപമാനത്തെ മോഹന്‍ലാല്‍ നിസ്സാരവത്കരിച്ചു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്നത്. ഇനിയും നിശബ്ദരായിരുന്നിട്ട് കാര്യമില്ല. പ്രതിഷേധം അമ്മയോടല്ലെന്നും നീതികേടിനെതിരെയാണെന്നും രേവതി പറഞ്ഞു. 17 വയസുള്ള പെണ്‍കുട്ടി അര്‍ദ്ധ രാത്രിയില്‍ രക്ഷതേടി തന്നെ സമീപിച്ചെന്ന് രേവതി പറഞ്ഞു. ഇനി ഇത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സംവിധാനം വേണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് നടിമാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

ആക്രമിക്കപ്പെട്ട നടിയെ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വതി പറഞ്ഞു. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന ബാബുരാജിന്റെ പരമാര്‍ശം വളരെ ഹീനമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഇനിയും എല്ലാം കേട്ട് കണ്ണടച്ചിരിക്കില്ലെന്നും പാര്‍വതി പറഞ്ഞു.നേരത്തെ സംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതിന് രാജിക്കത്ത് തയ്യാറാക്കിയിരുന്നു. അമ്മയുടെ നാടകങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. ലൈംഗിക കുറ്റവാളിയെ അമ്മ സംരക്ഷിക്കരുതെന്ന് ബീനപോള്‍ പറഞ്ഞു. അമ്മയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണു രാജി വച്ചതെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ നിയമങ്ങള്‍ അവര്‍ എഴുതും. പലതും അവര്‍ ഒഴിവാക്കും. അംഗങ്ങളെ പോലും പറ്റിക്കുകയാണ്. പച്ചയായിട്ടു പറഞ്ഞാല്‍ നാടകങ്ങളാണു നടക്കുന്നത്. ഇനി അങ്ങനെയൊരു സ്ഥലം വേണ്ടെന്നും രമ്യ പറഞ്ഞു.

amma-759സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് അമ്മയുടെ ഉദ്ദേശമെന്ന് പത്മപ്രിയ ചോദിച്ചു.

പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയില്‍ നിന്ന് പുറത്തും പീഡിപ്പിച്ചയാള്‍ സംഘടനയില്‍ തുടരുന്നതും വിവേചനമാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചു. ആരോപണ വിധേയനെ സംഘടന സംരക്ഷിക്കുന്നത് എന്തിനെന്നും ഡബ്ല്യുസിസി ചോദിച്ചു. അമ്മയുമായുള്ള ചാര്‍ച്ചയില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. സംസാരിക്കാനുള്ള സാവകാശം പോലും നല്‍കിയില്ല. ആക്രമിക്കപ്പെട്ട നടിയെ ചര്‍ച്ചയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നടിയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ച ശേഷമാണ് സംസാരിക്കാനായത്. സ്ത്രീകള്‍ക്ക് ജോലി ചെയ്യനുള്ള അവസരം അമ്മ നിഷേധിക്കുകയാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെയല്ല അമ്മ ഭാരവാഹികള്‍ കാണിക്കുന്ന നീതി നിഷേധത്തിന് എതിരെയാണ് പ്രതിഷേധമെന്നും ഡബ്ല്യുസിസി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. എന്നാല്‍, കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

AMMA-ppl-collage-with-dileep-1അതേസമയം, വാര്‍ത്താ സമ്മേളനത്തില്‍ മീ ടൂ വെളിപ്പെടുത്തലുമായി അഭിനേത്രിയും രംഗത്തുവന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തി ല്‍ വെച്ച് ലൈഗികാതിക്രമം നേരിടേണ്ടി വന്നു. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സാങ്കേതിക പ്രവര്‍ത്തകനായി ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയാണ് നടി അര്‍ച്ചന പത്മിനി പരാതി നല്‍കിയത്. തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും എന്നാല്‍, ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞു.

മീ ടൂവില്‍ എന്താണു നടക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലും അതിനെതിരെ നടപടികളും ഉണ്ടാകുകയാണ്. ഫെഫ്കയുടെ ചെയര്‍മാന്‍ ബി.ഉണ്ണികൃഷ്ണന്‍, നടിയെ ആക്രമിച്ച കേസിലെ പ്രതിയെ വച്ച് സിനിമ പ്രഖ്യാപിച്ചു. ഒരു നാട് മുഴുവന്‍ നടിയുടെ കൂടെ നിന്നിട്ട് അമ്മയുടെ പ്രസിഡന്റ് നമുക്ക് നോക്കാം എന്നാണു പറഞ്ഞതെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് ന്യായമായ സമീപനം ഉണ്ടവുമെന്ന് പ്രതീക്ഷിച്ചു. ചലച്ചിത്ര മേഖലയില്‍ ഇനിയും കൂടുതല്‍ പിന്തുണ കിട്ടേണ്ടതുണ്ട്. പ്രതിസന്ധി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനയ്ക്കായില്ല. ഇത്രയും നാള്‍ സംഘടനയെ വിശ്വസിക്കുകയായിരുന്നു. ഇനിയെങ്കിലും പ്രതിഷേധിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

mohanlal-7592ദിലീപിന്റെ സംഘടനയിലുള്ള പ്രാതിനിധ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സംഘടനാ ഭാരവാഹികള്‍ നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂസിസി പറഞ്ഞു. പരാതി ലഭിച്ചിട്ടും ഒരു നടപടിയും സംഘചനാ നേതൃത്വം സ്വീകരിച്ചില്ല. അമ്മയിലെ ചര്‍ച്ചകള്‍ നടന്നത് ഇരയായ നടിക്കെതിരെയാണെന്നും ഡബ്ല്യുസിസി പറഞ്ഞു. കൂടാതെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അപമാനിച്ചു. മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ആവശ്യപ്പെട്ടു. മാത്രമല്ല ചര്‍ച്ച പുരോഗമിക്കുകയാണെന്നും പറയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. നിയമ സാഹായം തേടാമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, അത് വെറും പാഴ്‌വാക്കായി മാറുകയായിരുന്നു.

മലയാള സിനിമയില്‍ ചില നടന്‍മാരും അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും ഡബ്ല്യസിസി പറഞ്ഞു. തുടര്‍ന്നും അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. എന്നാല്‍ കണ്ണടച്ച് ഇനി ആരേയും വിശ്വസിക്കില്ലെന്നും പറഞ്ഞു. അമ്മ ഒരു സന്തോഷകരമായ കുടുംബമല്ലെന്നും ഡബ്ല്യുസിസി പറഞ്ഞു.

മുറിവേറ്റു, അപമാനിക്കപ്പെട്ടു, തോല്‍പ്പിക്കപ്പെട്ടുവെന്നും ഡബ്ല്യുസിസി പറഞ്ഞു. വെളിപ്പെടുത്തലുകളോ രാജിയോ അല്ല ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. ആര് പിന്തുണച്ചില്ലെങ്കിലും നിശബ്ദരായിരിക്കില്ല. അംഗങ്ങളുടെ ക്ഷേമത്തിനായില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ് അമ്മ. ആ മുഖംമൂടി പുറത്തെറിയാനുള്ള പ്രതിഷേധമാണ് തങ്ങളുടേതെന്നും ഡബ്ല്യുസിസി പറഞ്ഞു.

ഈ ഊളകളുടെ പിറകെ നടന്നിട്ടെന്തിന്?’; ബി ഉണ്ണികൃഷ്ണനും സിബി മലയിലും തന്റെ പരാതി തള്ളിയെന്ന് നടി അര്‍ച്ചന; നിയമനടപടിയ്‌ക്കെന്ന് ഫെഫ്ക

archanaമമ്മൂട്ടിച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഫെഫ്ക നടപടിയെടുത്തില്ലെന്ന് നടി അര്‍ച്ചന പത്മിനി. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ചിത്രീകരിക്കുന്നതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനേക്കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും ബി ഉണ്ണികൃഷ്ണനില്‍ നിന്നോ സിബി മലയിലില്‍ നിന്നോ യാതൊരു വിധത്തിലുമുള്ള നടപടിയും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ സഹായിയായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ഉപദ്രവം ഉണ്ടായതിന് ശേഷം ഫെഫ്കയുടെ ഓഫീസില്‍ നേരിട്ട് ചെന്ന് വരെ താന്‍ പരാതി കൊടുത്തതാണ്. രണ്ട് തവണ ഇ മെയില്‍ അയച്ചു. പല പ്രാവശ്യം പുറകെ നടന്നു. പക്ഷെ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമാരംഗത്ത് ജോലി ചെയ്യുകയാണ്. ഇനി വയ്യെന്നും ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അര്‍ച്ചന പറഞ്ഞു.

“ബി ഉണ്ണികൃഷ്ണനാണ് പരാതി കൊടുത്തത്. ഇതുവരെ മറുപടി പോലും ലഭിച്ചിട്ടില്ല. എനിക്ക് ജീവിതത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. ഈ ഊളകളുടെ പുറകെ നടക്കാന്‍ സമയമില്ല.” അര്‍ച്ചന പറഞ്ഞു.

ഈ ഇന്‍ഡസ്ട്രിയിലെ രീതികള്‍ തനിക്ക് അറിയില്ല. അധിക്ഷേപം ഭയന്നാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നത്. സ്വതന്ത്ര സിനിമകളുടെ ഭാഗമാണ് താന്‍. ബി ഉണ്ണികൃഷ്ണന്‍ പിന്നീട് നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതന് വേണ്ടി സിനിമ പിടിയ്ക്കുന്നു എന്നാണ് അറിഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു.

ഡബ്ലിയുസിസിയ്ക്കും അര്‍ച്ചനയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമാണ് നടപടി. അര്‍ച്ചന പത്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ മാറ്റിയിരുന്നെന്ന് ഫെഫ്ക നേതാവ് ആരോപിച്ചു. ദിലീപിനെ നായകനാക്കി ചിത്രം എടുക്കുന്നതില്‍ തെറ്റില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബൈലോ ഉണ്ടാക്കിയവര്‍ തന്നെയാണ് പ്രതിയെ സം‌രക്ഷിക്കുന്നത്: പത്മപ്രിയ

newsrupt2018-10c9883b40-6ca2-4601-99ac-15b1a906a18fdb4826b3_de1c_427c_a7e0_45d647f0e211കുറ്റാരോപിതനായ നടനെ സംരക്ഷിക്കാനാണ് അമ്മയുടെ നേതൃത്വം ബൈലോ ഉപയോഗിക്കുന്നതെന്ന് ഡബ്ല്യു സി സി അംഗം പത്മപ്രിയ. ഇത്രയും വലിയ വിഷയം ഉണ്ടായിട്ടും രാജ്യത്തെ നടുക്കുന്ന ഒരു ക്രൂരത നടന്നിട്ടും അമ്മയുടെ ബൈലോ നിലകൊള്ളുന്നത് ഇരയ്‌ക്കൊപ്പമല്ലെന്നും അമ്മയും അതിന്റെ നേതൃത്വവും ശ്രമിക്കുന്നത് എന്തെല്ലാമോ ഒളിക്കാനാണെന്നും പത്മപ്രിയ പറഞ്ഞു.

പത്മപ്രിയ പറഞ്ഞത്

അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഇരയായ പെണ്‍കുട്ടിക്ക് പറയാനുള്ളത് ശബ്ദ സന്ദേശമായി കേള്‍പ്പിച്ചു. അത് കേട്ടു കഴിഞ്ഞ ആദ്യത്തെ പ്രതികരണം പ്രസിഡന്റ് മോഹന്‍ലാലിന്റെ ആയിരുന്നു. മോഹന്‍ലാല്‍ പറഞ്ഞത് ‘ഞാന്‍ പേഴ്സണല്‍ ആയി ഇരയായ കുട്ടിയെ പിന്തുണയ്ക്കാം. പക്ഷെ ജനറല്‍ ബോഡി എടുത്ത ഒരു തീരുമാനം ഞാന്‍ എങ്ങനെ തിരുത്തും?’ എന്നാണ്. അവിടെ ഞങ്ങള്‍ എല്ലാവര്‍ക്കും, ഞങ്ങള്‍ക്ക് മാത്രമല്ല ഈ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും മനസ്സിലായി അവര്‍ ഞങ്ങളെ ചതിക്കാന്‍ ശ്രമിക്കുകയാണെന്ന്.

സാധാരണ ഒരു അംഗത്തിനെതിരെ ഒരു ക്രിമിനല്‍ ചാര്‍ജ് ഷീറ്റ് എടുത്തുകഴിഞ്ഞാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യാനാണ് പതിവ്. കാരണം ഒരു ചായ്‌വ്‌ ഇല്ലാതിരിക്കാന്‍ അയാളെ മാറ്റി നിര്‍ത്തണം.  പക്ഷെ ഇവിടെ അങ്ങനെ അല്ല ചെയ്തത്. ഇവിടെ ബൈലോയുടെ പേര് പറഞ്ഞ അയാളെ സംരക്ഷിച്ച് സംഘടനയ്ക്ക് അകത്തു തന്നെ നിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്.  എന്തിനാണ് ആ കുറ്റാരോപിതനായ ഒരു അംഗത്തെ അകത്ത് നിര്‍ത്തുന്നത്. ?സംഘടനാനേതൃത്വം ഞങ്ങളോട് നുണ പറയുകയാണ് എന്നത് അതില്‍ തന്നെ വ്യക്തമാണ്.  ‘അമ്മ’ തുടങ്ങിയ വ്യക്തികളാണ് ബൈലോ ഉണ്ടാക്കിയത്.  അവര്‍ തന്നെയാണ് ഇപ്പോഴും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കുന്നതും. ഗണേഷ് കുമാറാണ് ബൈലോ ഉണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്.  ഇത്രയും വലിയ ഒരു വിഷയത്തില്‍ പോലും ഇരയ്‌ക്കൊപ്പം നില്‍ക്കാത്ത ഇത്, ഇനി അമ്മയിലേക്ക് വരുന്ന സ്ത്രീകളുടെയും അവസരം കളയുന്ന ഒന്നായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

ഇനി ആരെങ്കിലും എന്തെങ്കിലും പരാതിയുമായി അമ്മയുടെ അകത്ത് വന്നാല്‍ എന്താണ് അമ്മ ചെയ്യുക ? എന്താണ് അമ്മയുടെ പ്രശ്‌നപരിഹാരത്തിനുള്ള ഉള്ള സമീപനം?  ഞങ്ങള്‍ അമ്മയുടെ ജനറല്‍ ബോഡിയെ അല്ല കുറ്റം പറയുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ആണ്. ഞങ്ങള്‍ അമ്മയുടെ നേതൃത്വത്തിനെയാണ് പറയുന്നത്. അവര്‍ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.  ഞങ്ങള്‍ നിയമ വിദഗ്ദരായ ആളുകളോട് ചോദിച്ചു എല്ലാവരും പറയുന്നത് ബൈലോയ്ക്ക് കുഴപ്പം ഇല്ലെന്നാണ്.  നിങ്ങള്‍ക്കുമത് വായിച്ചു നോക്കാം.  പിന്നെ ഇവര്‍ നമ്മളെ എന്തിനാണ് ചതിക്കാന്‍ ശ്രമിക്കുന്നത്?

ഇരയായ പെണ്‍കുട്ടിയെ തിരിച്ചെടുക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അവര്‍ ചോദിച്ചത് ‘നമ്മള്‍ അവരോട് പോയി ചോദിച്ചിട്ട് അവര്‍ അത് സ്വീകരിച്ചില്ലെങ്കില്‍ നമുക്ക് അത് നാണക്കേടാകില്ലേ?’ എന്നാണ്.  എന്ത് തമാശയാണിത്. രാജി വച്ചവര്‍ക്ക് തിരിച്ചു വരണം എങ്കില്‍ അവര്‍ ഒരു അപേക്ഷ നല്‍കണം, എന്നിട്ട് അത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അത് പരിഗണിച്ചിട്ട് അത് ജനറല്‍ ബോഡിയില്‍ വെക്കാം. അതാണ് ബൈലോ.  ഇത്രയും ബൈലോയുടെ കാര്യം പറയുന്നവര്‍ക്ക് കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ബൈലോ വിഷയമല്ലായിരുന്നു.  അയാള്‍ രാജിവച്ചു എന്ന് പറയുന്നു പക്ഷെ അങ്ങനെയുമല്ല. രണ്ടു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ഒന്ന് അവര്‍ കൂറ്റോരോപിതനായ ആളെ സംരക്ഷിക്കുന്നു. രണ്ട് അവര്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്നുമില്ലെന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top