Flash News

മോഹന്‍‌ലാല്‍ തങ്ങളെ അപമാനിച്ചതായി രേവതി; പ്രകോപനമുണ്ടാക്കി ഞങ്ങളെ അമ്മയില്‍ നിന്ന് രാജിവെപ്പിക്കാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പ്

October 13, 2018

amma-759താര സംഘടന ‘അമ്മ’യ്ക്കെതിരെയും പ്രസിഡന്റ് മോഹന്‍‌ലാലിനെതിരെയും ആഞ്ഞടിച്ച് നടിമാരുടെ സംഘടന ഡബ്ല്യുസിസി പത്രസമ്മേളനത്തില്‍. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട ഒരു സപ്പോര്‍ട്ട് മലയാള സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന കടുത്ത വിമര്‍ശനവുമായാണ് രേവതിയും പാര്‍വ്വതിയുമടക്കം ഡബ്ല്യൂസിസി അംഗങ്ങള്‍ പത്രസമ്മേളനത്തിനെത്തിയത്. സ്വയം പരിചയപ്പെടുത്തി പ്രതിഷേധിച്ചാണ് ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മലയാളത്തിലെ മൂന്ന് നടിമാരുടെ പേര് പറയാന്‍ വയ്യാതെ പരാതി നല്‍കിയ നടിമാര്‍ എന്ന് പറഞ്ഞ് പ്രസിഡന്റ് മോഹലാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടതിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്വയം പരിചയപ്പെടുത്തി നടിമാര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് ഞങ്ങളെ പരാതി പറഞ്ഞ നടിമാര്‍ എന്നുവിളിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഞങ്ങള്‍ മൂന്ന് പേരുടെ പേര്, പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നീ പേര് അയാള്‍ക്ക് പറയാന്‍ ഓര്‍മ്മയില്ലേ. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടിമാര്‍ നേരിടുന്നത്. അതാണ് ഞങ്ങള്‍ സിനിമയില്‍ എന്താണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്തും ഡബ്ല്യൂസിസി അംഗങ്ങള്‍ വായിച്ചു. അമ്മയില്‍ നിന്നും ഇനി ആരും രാജിവെക്കില്ലെന്നും പക്ഷേ മീറ്റിങിന് പോകുമെന്നും അവിടെ നടക്കുന്നതെന്തെന്ന് അറിയുമെന്നും അംഗങ്ങള്‍ പറഞ്ഞു. ഇനി കണ്ണടച്ച് വിശ്വസിച്ച് മിണ്ടാതിരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പാര്‍വ്വതി. അവിടെ നിന്നുകൊണ്ട് തന്നെ പോരാടും. അമ്മ എന്ന സംഘടനയോടുള്ള വിശ്വാസമല്ല നഷ്ടപ്പെട്ടത്, നേതൃത്വത്തിലുള്ള വിശ്വാസമാണ് നഷ്ടപ്പെട്ടത്. നയിക്കുന്നവരുടെ തീരുമാനമാണ് സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും വനിത കൂട്ടായ്മ.

amma-meetingഅമ്മ നീതികേട് കാട്ടി. നിയമങ്ങള്‍ അവര്‍ തന്നെ എഴുതുന്നു, അവര്‍ തന്നെ മാറ്റുന്നു. അമ്മയുടെ നാടകങ്ങള്‍ക്ക് ഇനി നിന്നു കൊടുക്കാനില്ലെന്ന് രമ്യാ നമ്പീശന്‍.

അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിളിച്ചു. അതിജീവിച്ചവളുടെ ശബ്ദസന്ദേശം കേട്ട ശേഷമാണ് അവര്‍ യോഗത്തില്‍ വിഷയം അവതരിപ്പാക്കാന്‍ അനുവദിച്ചത്. നിങ്ങള്‍ മീഡിയയോട് ഒന്നും പറയരുതെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോള്‍ അമ്മ നേതൃത്വം പറഞ്ഞു. പക്ഷേ മാധ്യമങ്ങള്‍ പോയതോടെ വിഷയം മാറി. അമ്മയുടെ ചര്‍ച്ചയില്‍ പരാതി പരസ്യമായി പറഞ്ഞതിന് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. മുറിവേറ്റു, അപമാനിക്കപ്പെട്ടു, തോല്‍പ്പിക്കപ്പെട്ടുവെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും പ്രതിഷേധമറിയിച്ച് രാജിവെച്ചവരും തിരിച്ചുവരണമെങ്കില്‍ ആദ്യം മുതല്‍ അപേക്ഷ അയച്ച് നടപടികളിലൂടെ കടക്കണമെന്നാണ് ഞങ്ങള്‍ക്ക് തന്ന കത്തില്‍ പറയുന്നത്.

17 വയസുള്ള ഒരു പെണ്‍കുട്ടി തന്റെ വാതിലില്‍ മുട്ടിയിട്ട് ചേച്ചി എന്നെ രക്ഷിക്കു എന്ന് പറഞ്ഞുവെന്ന് രേവതിയുടെ വെളിപ്പെടുത്തല്‍. ആ അവസ്ഥ വേറൊരാള്‍ക്ക് ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു. ആ പെണ്‍കുട്ടി അത് വെളിപ്പെടുത്താന്‍ തയ്യാറായാല്‍ അത് പറയട്ടേയെന്നും രേവതി. വ്യക്തിപരമായ കാര്യമായതിനാല്‍ തനിക്ക് അത് പറയാനാവില്ല.

ഇവിടെ പരാതി കൊടുത്ത പെണ്‍കുട്ടിയെ നമ്മള്‍ ഒരു ഇരുട്ടറയിലേക്ക് മാറ്റുകയാണ്. അവളുടെ ഒരു ഫോട്ടോഗ്രാഫോ മറ്റെന്തിങ്കിലും നിങ്ങള്‍ പ്രസിദ്ധീകരിക്കാനാവുമോ. അതാണ് നമ്മുടെ സമൂഹമെന്നും അവര്‍ പറഞ്ഞു.

നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍ എന്നീര്‍ക്കൊപ്പം സംവിധായിക അഞ്ജലി മേനോന്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍, ബീന പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യ മുഴുവന്‍ ഒരു മൂവ്‌മെന്റ് നടക്കുന്ന സമയമാണ്. ഗവണ്‍മെന്റ് അടക്കം നടപടികള്‍ സ്വീകരിക്കുന്ന സമയമാണ്. പക്ഷേ കേരളത്തിലെ സിനിമ മേഖലയില്‍ അങ്ങനെ ഒരു അവസ്ഥയല്ലയുള്ളതെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതിക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അമ്മയ്ക്ക് ഇപ്പോള്‍ പുതിയതായി പരാതിയുയര്‍ന്ന വന്ന അഭിനേതാവായ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സമയമുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് റിമാ കല്ലിങ്കല്‍ പരിഹസിച്ചു.ഇത് മീടുവിന്റെ ഒപ്പം പോവേണ്ട ഒരു യാത്രയാണ്. ഇതും അതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞങ്ങള്‍ക്കാര്‍ക്കും തോന്നുന്നില്ലെന്ന് പാര്‍വ്വതി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top