Flash News

നടിമാരുടെ സംഘടന ഡബ്ല്യുസിസിയെ അവഗണിക്കാന്‍ താര സംഘടനയായ ‘അമ്മ’യുടെ നീക്കം; വേണ്ടിവന്നാല്‍ ഇടപെടുമെന്നും മോഹന്‍ലാല്‍ വാക്കു പാലിക്കണമെന്നും മന്ത്രി എ.കെ. ബാലന്‍

October 14, 2018

AMMAവിമന്‍ ഇന്‍ കളക്ടീവ് സിനിമാസ് (ഡബ്ല്യു.സി.സി) അംഗങ്ങളുടെ പത്രസമ്മേളനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആരോപണങ്ങളില്‍ പ്രതികരിക്കാതെ മൗനം തുടരുകയാണ് താരസംഘടനയായ അമ്മ. വനിതാ കൂട്ടായ്മയെ അവഗണിക്കാനാണ് അമ്മ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയിലെ അനൗപചാരിക ധാരണ. കേസ് കഴിയും വരെ ദിലീപിന്റെ കാര്യത്തിലും നടപടികളുണ്ടാവില്ല. ഇതിനിടെ ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണ് വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ഇന്നലെ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവര്‍ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി.

‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങള്‍ക്കു മുറിവേറ്റു. വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ‘ദിലീപിനെതിരെ നടപടിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്മയ്ക്കു കത്തു നല്‍കിയ അംഗങ്ങളായ രേവതി, പാര്‍വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ പറഞ്ഞു. തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവര്‍ അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാര്‍ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും വ്യക്തമാക്കി.

ദീലിപിനെതിരായ നടപടി ജനറല്‍ബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂയെന്ന അമ്മ നിര്‍വാഹക സമിതി യോഗ നിലപാടിനെ തുടര്‍ന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയില്‍ നിന്നു രാജിവച്ച റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായിക അഞ്ജലി മേനോന്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സജിത മഠത്തില്‍, ദിദീ ദാമോദരന്‍ തുടങ്ങിയവരും പങ്കെടുത്തു. ഏറെപ്പേരും കറുത്ത വസ്ത്രങ്ങളണിഞ്ഞാണെത്തിയത്.

ഡബ്ല്യൂസിസിയുടെ ആവശ്യങ്ങള്‍ അമ്മ പരിഗണിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍; ഡബ്ല്യൂസിസിക്ക് നല്‍കിയ ഉറപ്പുകള്‍ മോഹന്‍ലാല്‍ പാലിക്കണം

ak-balanതിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ ആവശ്യങ്ങള്‍ താരസംഘടനയായ അമ്മ പരിഗണിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. ഡബ്ല്യൂസിസി ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഡബ്ല്യൂസിസിക്ക് നല്‍കിയ ഉറപ്പുകള്‍ മോഹന്‍ലാല്‍ പാലിക്കണം. വനിതാകൂട്ടായ്മ ഉയര്‍ത്തിയ ആരോപണങ്ങളും ആശങ്കയും ‘അമ്മ’ ഗൗരവമായി പരിശോധിക്കണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കക്ഷിയല്ല. ഡബ്ല്യൂസിസിക്കും അമ്മയ്ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയും. തെറ്റിദ്ധാരണകള്‍ നീക്കണം. ഏത് വിഭാഗം ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ ഇടപെടും. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഏത് ഭാഗത്ത് നിന്നായാലും യോജിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top