കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവും വധവും; സിബിഐ കോടതി ഇരട്ട ജീവപര്യന്തത്തിനു വിധിച്ച ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

chekannurകൊച്ചി: തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവും തുടര്‍ന്നുള്ള വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. സിബിഐ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇതോടെ സിബിഐ അന്വേഷണത്തില്‍ പ്രതികളായിരുന്ന ഒന്‍പത് പ്രതികളും മോചിപ്പിക്കപ്പെട്ടു. മൗലവിയെ ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനാണ് വി.വി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തെളിവില്ലാത്തതിനാല്‍ നേരത്തെ തന്നെ കേസിലെ എട്ടുപ്രതികളെയും വിട്ടയച്ചിരുന്നു. 2010ലാണ് സിബിഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കോര്‍പസ് ഡെലിക്റ്റി പ്രകാരമാണ് ഹംസയെ വെറുതെ വിട്ടുകൊണ്ടുളള വിധി. കോര്‍പസ് ഡെലിക്റ്റി പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.

ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. മുസ്ലീം യാഥാസ്ഥികത്വത്തെ മതഗ്രന്ഥത്തിന്റെ തന്നെ അടിസ്ഥാനത്തില്‍ നേരിട്ട പണ്ഡിതനായിരുന്നു ചേകന്നൂര്‍ മൗലവി. അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തോട് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന ആരോപണമുണ്ട്.

1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ മതപ്രഭാഷണത്തിനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും മൃതദേഹം നശിപ്പിക്കുകയും ചെയ്തുവെന്ന് കരുതുമ്പോഴും ഇതേക്കുറിച്ച് ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചില്ല.

എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്നാണ് മൗലവിയെ രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയത്. മൗലവി വിശ്വസ്തരെന്ന് ധരിച്ച് കൂടെക്കൂട്ടിയവരായിരുന്നു ഇവര്‍. രണ്ടുദിവസമായിട്ടും തിരിച്ചെത്താത്ത മൗലവിയെ കാണാനില്ലെന്ന് ഭാര്യ ഹവ്വയും അമ്മാവന്‍ സാലിം ഹാജിയും ജൂലൈ 31ന് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആഗസ്റ്റ് 16ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ പുരോഗതിയൊന്നും കാണാത്തിനാല്‍ 1996 ആഗസ്റ്റ് രണ്ടിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

സിബിഐ അന്വേഷണത്തിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്. മൗലവിയെ വീട്ടിന്‍നിന്നും കൊണ്ടുപോയ നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയില്‍ കക്കാടുനിന്നും അഞ്ചുപേര്‍ക്കൂടി കയറി. യാത്രയ്ക്കിടെ ഇവര്‍ മൗലവിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പുളിക്കല്‍ ചുവന്ന കുന്നിന് അടുത്തുള്ള ആന്തിയൂര്‍കുന്നില്‍ നേരത്തെ തയ്യാറാക്കിവച്ചിരുന്ന സ്ഥലത്ത് കുഴിച്ചിട്ടു. മറവുചെയ്ത മൃതദേഹം പിന്നീട് അവിടെ നിന്നും എടുത്തുമാറ്റി. ഇതിനെക്കുറിച്ച് പ്രതികള്‍ പോലും അജ്ഞരാണ്. എങ്ങോട്ടാണ് മാറ്റിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതവും.

2005ല്‍ സിബിഐ കോടതി ജഡ്ജി കമാല്‍പാഷ കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ 10-ാം പ്രതിയാക്കി അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. എന്നാല്‍ പിന്നീട് 2010 ല്‍ കാന്തപുരത്തെ കേസില്‍ പ്രതിയാക്കാനുളള തെളിവുകള്‍ ഇല്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കേസിന്റെ വിചാരണവേളയില്‍ 36 സാക്ഷികളില്‍ ഭാര്യ ഹവ്വ ഉമ്മയും ജോലിക്കാരന്‍ ജബ്ബാറുമൊഴികെ എല്ലാവരും കൂറുമാറി.

കേസിന്റെ നടത്തിപ്പിലും പലരീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് വ്യക്തമായിരുന്നു. കേസ് ഡയറി കാണാനില്ലെന്ന് പറഞ്ഞും തെളിവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയും സൂചനകള്‍ പ്രയോജനപ്പെടുത്താതെയും സിബിഐയും കേസ് നീളുന്നതിന് കാരണക്കാരായി.

ഇതെല്ലാം പ്രതികള്‍ക്ക് അനുകൂലമായി. ഒന്‍പത് പ്രതികളില്‍ വി.വി ഹംസയെ മാത്രം ജീവപര്യന്തത്തിന് വിധിച്ചു.കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ കണ്ണികളെ കണ്ടെത്താനോ വിവരങ്ങള്‍ ശേഖരിക്കാനോ സിബിഐയ്ക്ക് കഴിഞ്ഞില്ല.17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. ഗൂഢാലോചന തെളിയിക്കപ്പെട്ടുമില്ല.

ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്ന സംഘം സ്ഥാപിച്ച് ഖുറാനെക്കുറിച്ച് പരമ്പരഗതമല്ലാത വ്യാഖ്യാനങ്ങള്‍ നടത്തുകയും ചെയ്തുവെന്നതാണ് മതയാഥാസ്ഥിതിക ശക്തികള്‍ക്ക് ചേകന്നൂര്‍ ശത്രുവായി മാറാന്‍ കാരാണം. ഷാബാനു കേസില്‍ സുപ്രീം കോടതിവിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത ചുരുക്കം മതപണ്ഡിതരില്‍ ഒരാളായിരുന്നു ചേകന്നൂര്‍. ഇതും യാഥാസ്ഥിതികരുടെ എതിര്‍പ്പ് വളര്‍ത്തി. ഇതേക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതി.

ലിംഗനീതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അന്വേഷണങ്ങളാണ് പല മുസ്ലീം നേതാക്കളുടെയും അദ്ദേഹത്തെ ശത്രുവായി കരുതാന്‍ കാരണം.മത ഗ്രന്ഥങ്ങളുടെ വ്യത്യസ്തമായ വ്യാഖ്യാനമാണ് ചേകനൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി നടത്തിയിരുന്നത്. ഇതിലുള്ള ആശയവ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment