സ്വദേശിവത്ക്കരണം; കുവൈറ്റിലേക്ക് അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവേശനമില്ല; ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി

uae-workersകുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായും ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായും കുവൈറ്റില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നിയമം വരുന്നു. വിദേശത്തു നിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. പാര്‍ലമെന്റിലെ റീപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ സാലെയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. സ്വദേശിവല്‍കരണം സംബന്ധിച്ച കമ്മിറ്റി തയാറാക്കിയ കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യം ജനസംഖ്യാ അസന്തുലനത്തിനു പ്രധാന കാരണമായി അധികൃതര്‍ വിലയിരുത്തുന്നുണ്ട്. അവിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണു വിദേശികളില്‍ അധികവും എന്നതാണു വസ്തുത. തൊഴില്‍ വിപണിയില്‍ യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടണം എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. തൊഴില്‍ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു.

റിപ്പോര്‍ട്ട് ഈ ആഴ്ച കമ്മിറ്റി പരിഗണിക്കും. തുടര്‍ന്നു പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും. സ്വദേശികളുടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനു സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്കു സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും തൊഴില്‍ ലഭ്യതയിലെ വളര്‍ച്ചയ്ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ക്രമീകരിക്കാനും ആവശ്യമായ നിയമനിര്‍മാണവും വേണം. പൊതുമേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത തസ്തികകളില്‍ വിദേശികളെ പരിഗണിക്കേണ്ടതില്ല.

അത്തരം തസ്തികകള്‍ സ്വദേശികള്‍ക്ക് ഉറപ്പാക്കിയാല്‍ ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകും. കണ്‍സള്‍ട്ടന്റുമാരായും മറ്റും സ്വദേശികളെ തന്നെ നിയമിക്കണം. സ്വദേശിവല്‍കരണ നയം സര്‍ക്കാര്‍ ഏജന്‍സികള്‍ എത്രയും പെട്ടെന്നു പൂര്‍ണമായും നടപ്പാക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വദേശികള്‍ തൊഴിലിനായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment