പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്

AMMAകഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ വിമണ്‍ ഇന്‍ കളക്ടീവ് സിനിമാസ് അംഗങ്ങള്‍ക്ക് മറുപടിയുമായി അമ്മ രംഗത്ത്.
പരാതികള്‍ക്ക് മറുപടി വൈകിയത് പ്രളയം കാരണമാണെന്ന വിചിത്ര മറുപടി നല്‍കിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയുമാണ് അമ്മ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവെക്കരുതെന്നും മോഹന്‍ലാലിനെ മാത്രം കുറ്റക്കാരനാക്കരുതെന്നും അമ്മ വ്യക്തമാക്കുന്നു. അമ്മയുടെ ഔദ്യോഗിക വ്യക്താവ് ജഗദീഷാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നും നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും വിശദീകരണവും നല്‍കി. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ജഗദീഷ് പറഞ്ഞു. അധികം വൈകാതെ പ്രത്യേക പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാമെന്ന് കരുതുന്നു. പ്രശ്‌നപരിഹാരത്തിനുളള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. അതോടൊപ്പം ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയില്‍ ഊന്നി തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യാശയെന്നും അമ്മ വിശദമാക്കുന്നു.

TH14KRAWCCമാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്ന് കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിർവാഹക സമിതിയിൽ ചർച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദ്യത്തെ 40 മിനിട്ട് ഞങ്ങളെ കുറ്റപ്പെടുത്തൽ മാത്രമായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദസന്ദേശം കേൾപ്പിച്ചതോടെ അവർ നിശബ്ദരായി. താൻ ആ നടിക്കൊപ്പമാണന്നും എന്നാൽ ദിലീപിന്റെ കാര്യത്തിൽ ജനറൽബോഡിക്കു മാത്രമേ തീരുമാനം എടക്കാനാവൂവെന്നുമായിരുന്നു പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്.

പിന്നീടു മാത്രമാണ് ഞങ്ങൾക്കു സംസാരിക്കാൻ അവസരം തന്നത്. ദിലീപ് വിഷയത്തിൽ മാത്രമായിരുന്നു അവർക്ക് വിയോജിപ്പ്. നിയമോപദേശം വേണമെന്ന നിലപാടെടുത്തപ്പോൾ പത്മപ്രിയ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് ഉടൻ നിയമോപദേശം തേടിക്കൊടുത്തു.എന്നാൽ യോഗ വേദിയിൽ നിന്നു മാധ്യമങ്ങൾ മടങ്ങിയതോടെ ഭാരവാഹികളുടെ ഭാവം മാറി. യോഗ തീരുമാനങ്ങളൊന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും 10 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് യോജിച്ച് പ്രഖ്യാപിക്കാം എന്നുമായിരുന്നു പറഞ്ഞത്.

പക്ഷേ, ആവശ്യങ്ങളിൽ ഒന്നു പോലും അംഗീകരിക്കാതെയാണ് മറുപടി നൽകിയത്. ദിലീപിനെതിരായ നടപടി തീരുമാനിക്കാൻ തങ്ങൾക്കു അധികാരമില്ലെന്ന നിർവാഹക സമിതി നിലപാട് കുറ്റാരോപിതനെ സംരക്ഷിക്കുന്നതാണ്. വനിതാ കൂട്ടായ്മ സമർപ്പിച്ച മൂന്ന് നിയമോപദേശവും തള്ളിയാണ് അവർക്കു ലഭിച്ചെന്നു പറയുന്ന നിയമോപദേശത്തിന്റെ പേരിൽ ഈ തീരുമാനം എടുത്തത്. മുൻപ് തിലകനെതിരെ നടപടിയെടുത്തത് നിർവാഹക സമിതിയാണ്.ആ അധികാരം ദിലീപിന്റെ കാര്യത്തിൽ മാത്രം ഇല്ലാതാവുന്നതെങ്ങനെ? സംഘടനയുടെ നിയമാവലിയിൽ തന്നെ നിർവാഹക സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുണ്ട്.- ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ പക്ഷപാതകരമായ നിലപാട് കാണിക്കുന്നതിനെ ന്യായീകരിച്ച് നടന്‍ മഹേഷ് രംഗത്തു വന്നു. സംഘടനക്കെതിരേ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തില്‍ പങ്കാളികള്‍ ആകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. ‘ഈ പറയുന്ന നടിമാരൊന്നും സംഘടനയ്‌ക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു സിനിമ നിര്‍മിച്ച് ആ തുക സംഘടനയ്ക്ക് തന്നിട്ടുണ്ട്’ മഹേഷ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment